ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീയഃപതിയായ സർവ്വേശ്വരൻ ആത്മാക്കളോടുള്ള തന്റെ പരമകാരുണ്യത്താൽ ഭൂമിയിൽ അർച്ചാവതാരഭാവേന (വിഗ്രഹരൂപത്തിൽ) അവതരിച്ചിരിക്കെ, ഭഗവാൻ അവർക്കായി കാത്തിരിക്കെ, ഈ ആത്മാക്കൾ ഭഗവാനാൽ നിയുക്തരായ ദേവതകളിലേക്ക് പോകുകയാണ്. ഇത് കണ്ട ആഴ്വാർ ഭഗവന്മഹിമയെ അവർക്കായി വിശദീകരിച്ചുകൊണ്ട് അവരെ ആത്മീയമായി പരിഷ്കരിച്ചുകൊണ്ട് ആനന്ദിക്കുന്നു. ആഴ്വാർ അർച്ചാവതാര (വിഗ്രഹ) രൂപത്തിലുള്ള ഭഗവാന്റെ സർവ്വോത്കൃഷ്ടതയെ ഈ ദശകത്തിൽ വെളിവാക്കുന്നു. ഈ ദിവ്യദേശം ആഴ്വാരുടെ ജന്മദേശവുമാകയാൽ, ആഴ്വാർക്ക് ഇവിടെ സന്നിധാനം കൊള്ളുന്ന ഭഗവാനോടുള്ള പ്രത്യേക അഭിനിവേശവും ഇവിടെ വെളിവാകുന്നുണ്ട്.
ആദ്യപാസുരം
ഭഗവാന്റെ പരമകാരണഭാവത്തെ സംബന്ധിച്ച പ്രസ്താവനകളോട് ഒത്തവിധം ആഴ്വാർ (ലൗകികരോട്) ചോദിക്കുന്നു, സർവ്വകാരണഭൂതനായ ഭഗവാൻ ഇവിടെ സാന്നിധ്യമരുളവെ, മറ്റേത് ദേവതകളെയാണ് നിങ്ങൾ തേടുന്നത്?
ഒന്റും തേവും ഉലകും ഉയിരും മറ്റും യാതുമില്ലാ
അന്റ്* നാൻമുഖൻതന്നൊടു ദേവരുലകോടു ഉയിർ പടൈത്താൻ*
കുന്റം പോൽ മണി മാട നീടു തിരുക്കുരുകൂരതനുൾ*
നിന്റ ആദിപ്പിരാൻ നിർക്ക മറ്റൈത്തെയ്വം നാടുതിരേ
ദേവഗണവും (സ്വർഗ്ഗവാസികൾ), അവരുടെ ലോകവും മറ്റ് വർഗ്ഗങ്ങളും, എല്ലാ അസ്തിത്വങ്ങളും (സമഷ്ടിരൂപത്തിൽ മാറിയിട്ട്, അഥവാ നാമരൂപരഹിതമായി) ഇല്ലാതാക്കപ്പെട്ട് ഭഗവാനിൽ ഒതുങ്ങിയപ്പോൾ സമഷ്ടിപുരുഷനായ ബ്രഹ്മാവിനെയും ദേവതകളെയും അവരുടെ ലോകങ്ങളെയും മറ്റ് സൃഷ്ടികളെയും ഭഗവാൻ സൃഷ്ടിച്ചു. അപ്രകാരമുള്ള ഭഗവാൻ കുന്നിനൊത്ത മാളികകളുള്ള തിരുക്കുരുകൂറിൽ (ആഴ്വാർതിരുനഗരി) സുസ്ഥാപിതനായിരിക്കെ, അവിടുന്ന് സർവ്വകാരണവും അഭ്യുദയപ്രദനും ആയിരിക്കെ, നിങ്ങൾ സൃഷ്ടിസംഹാരങ്ങളാൽ ബാധിതരായ ഈ ദേവതകളെയോ സമീപിക്കുന്നു!
രണ്ടാം പാസുരം
ഭഗവാന്റെ സൃഷ്ടികളോട് ആഴ്വാർ പറയുന്നു, നിങ്ങളും നിങ്ങളുടെ ഈ ആരാധ്യ ദേവതകളും സമന്മാരത്രേ (ഭഗവദ് സൃഷ്ടികളാണ് ഇരുകൂട്ടരുമെന്ന നിലയിൽ) അതിനാൽ നിങ്ങൾ ശാശ്വതധനമായ സർവ്വേശ്വരൻ സ്ഥിതിചെയ്യുന്ന തിരുക്കുരുകൂറിനെ അഭയം പ്രാപിക്കൂ.
നാടി നീർ വണങ്കും തെയ്വമും ഉമ്മൈയുംമുൻ പടൈത്താൻ*
വീടിൽ ചീർപ്പുകഴാദിപ്പിരാൻ അവൻ മേവിയുറൈക്കോയിൽ*
മാട മാളികൈ ചൂഴ്ന്തഴകായ തിരുക്കുരുകൂരതനൈ*
പാടിയാടിപ്പരവിച്ചെൻമിൻകൾ പല്ലുലകീർ പരന്തേ
നിങ്ങൾ (ആരാധ്യരായി) നിശ്ചയിച്ച് കീഴടങ്ങിയ ദേവതകളും നിങ്ങളും സൃഷ്ടികാലത്ത് ഭഗവാനിലേക്ക് എത്തുന്നു. സ്രഷ്ടാവായ, ആദികാരണനായ, ജ്ഞാനശക്തിമഹിമാദികൾ ഉൾച്ചേർന്ന ആ സർവ്വേശ്വരൻ തിരുക്കുരുകൂർ എന്ന, മാളികകളും സൗധങ്ങളും നിറഞ്ഞ ഈ ദിവ്യധാമത്തിൽ സാന്നിധ്യം കൊള്ളുന്നു. വിവിധ ലോകങ്ങളിലെ നിവാസികളേ, നിങ്ങൾ എവിടെയും അവിടുത്തെ പാടി ആടി വാഴ്ത്തുക.
മൂന്നാം പാസുരം
ആഴ്വാർ പറയുന്നു, ജഗദ്രക്ഷാദികളെന്ന (കാരണത്വത്തിന്റെ) ഫലങ്ങളാണ് പ്രഭുവിന്റെ പരമോന്നത്യത്തിന് സാക്ഷികളായത്.
പരന്ത ദൈവമും പല്ലുലകും പടൈത്തു അന്റു ഉടനേ വിഴുങ്കി*
കരന്തുമിഴ്ന്തു കടന്തിടന്തതു കണ്ടും തെളിയകില്ലീർ*
ചിരങ്കളാൽ അമരർ വണങ്കും തിരുക്കുരുകൂരതനുൾ*
പരൻ തിറമന്റിപ്പല്ലുലകീർ! തെയ്വം മറ്റില്ലൈ പേചുമിനേ
ഭഗവാൻ പല ദേവതകളെയും അവരുടെ ഭിന്ന വിശാല ലോകങ്ങളെയും സൃഷ്ടിച്ച്, ശേഷം അവയെ വേഗം (പ്രളയത്തിൽ) വിഴുങ്ങി (തന്നിൽ ലയിപ്പിച്ച്) പ്രളയത്തിൽ നിന്ന് അവയെ മറച്ച് വീണ്ടും (പ്രളയശേഷം) പുറത്തേക്ക് വിട്ട് അവയ്ക്ക് പൂർണ്ണ ഉടമസ്ഥനായി അവയെ രക്ഷിച്ച് നില്ക്കുന്നത് വ്യക്തമായി അറിഞ്ഞിട്ടും നിങ്ങൾക്ക് വ്യക്തതയില്ലാതായിരിക്കുന്നു. കുരുകൂർ നിലകൊള്ളുന്നവനും ദേവതകളാൽ വണങ്ങി വന്ദിക്കപ്പെടുന്നവനുമായ ആ ഭഗവാന്റെ പ്രകാരമല്ലാതെ (രൂപമല്ലാതെ) ഒരു സ്വതന്ത്ര ദേവതയും ഇവിടെ ഇല്ല. മാലോകരേ, എന്നോട് പറയൂ അങ്ങനെ ഒരു ദേവതയുണ്ടോ?
നാലാം പാസുരം.
ആഴ്വാർ ചോദിക്കുന്നു, എന്താണ് ഈ നൈയായികന്മാർ മുതലായവർക്ക് (ഈശ്വരനെ അനുമാനത്തിലൂടെ നിർണ്ണയിക്കുന്നവർക്ക് — ന്യായ മുതലായ വേദാന്തേതര ദർശനം പിന്തുടരുന്നവർ) കുറവേതുമില്ലാത്ത വേദങ്ങളാൽ വെളിപ്പെട്ട, പരമോന്നതരായി തെറ്റിദ്ധരിക്കപ്പെടുന്ന ദേവതാന്തരങ്ങളുടെ (ഇതര ദേവതകളുടെ) നാഥനായ സർവ്വേശ്വരനെ നിരാകരിച്ചിട്ട് ലഭിക്കാനുള്ള പ്രയോജനം?
പേചനിന്റചിവനുക്കുംപിരഹ്മൻതനക്കും പിറർക്കും
നായകൻഅവനേ* കപാലനൻമോക്കത്തുക് കണ്ടുകൊണ്മിൻ*
ദേചമാമതിൾചൂഴ്ന്തഴകായ തിരുക്കുരുകൂരതനുൾ*
ഈചൻപാലോരവംപറൈതൽ എന്നാവതുഇലിംഗിയർക്കേ
സർവ്വേശ്വരനായ ശ്രീമന്നാരായണനാണ് (ചിലയിടത്തെല്ലാം ഈശ്വരനെന്ന് വിളിക്കപ്പെടുന്ന) രുദ്രൻ, ബ്രഹ്മാവ്, മറ്റ് ദേവതകൾ എന്നിവർക്ക് ഏകനാഥൻ. മഹാഭാരതത്തിൽ എന്താണ് വെളിപ്പെടുന്നതെന്നത് നിങ്ങൾ തന്നെ സ്വയം നിരീക്ഷിക്കുക, എങ്ങനെയാണ് രുദ്രന്റെ കരങ്ങളിൽ നിന്ന് കപാലം (തലയോട്ടി) മോചിക്കപ്പെട്ടതെന്ന് കാണാം. സ്വാഭാവികമായും സർവ്വർക്കും നാഥനായ, തേജസ്സിനാൽ സുന്ദരമായ, വൻകോട്ടകളാൽ ചുറ്റപ്പെട്ട തിരുക്കുരുകൂർ വാസനായ ഭഗവാനെ ഈശ്വരനല്ലെന്ന വിധത്തിൽ താഴ്ന്ന തലത്തിൽ സംസാരിക്കുന്നതിൽ നിന്ന് ലിംഗപുരാണം മുതലായവയെ പ്രമാണമായി കാണുന്ന ആനുമാനികർക്ക് എന്ത് പ്രയോജനമാണ് ലഭിക്കുവാനുള്ളത്?
അഞ്ചാം പാസുരം.
ബാഹ്യന്മാരെയും (വേദത്തെ നിരാകരിക്കുന്നവരെന്ന് അർഥം), കുദൃഷ്ടികളെയും (വേദത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരെന്ന് അർഥം) തള്ളിക്കളഞ്ഞുകൊണ്ട് ആഴ്വാർ പ്രഖ്യാപിക്കുന്നു, തിരുനഗരിയിൽ വസിക്കുന്ന സർവ്വേശ്വരനാണ് പരമോന്നതൻ.
ഇലിങ്കത്തിട്ടപുരാണത്തീരും ചമണരുംചാക്കിയരും*
വലിന്തുവാതുചെയ്വീർകളും മറ്റുനുന്തെയ്വമുമാക്കിനിന്റാൻ*
മലിന്തുചെന്നെൽകവരിവീചും തിരുക്കുരുകൂരതനുൾ*
പൊലിന്തുനിന്റപിരാൻകണ്ടീർ ഒന്റുംപൊയ്യില്ലൈപോറ്റുമിനേ
താമസപുരാണങ്ങളോട് (അജ്ഞാന ഭാവത്തോട്) വിശ്വസ്തരാകയാൽ കുദൃഷ്ടികളായവരേ, ജൈനരേ, ബൗദ്ധരേ, വൈശേഷികരേ, വരട്ടുവാദക്കാരേ, നിങ്ങളാൽ ലക്ഷ്യമാക്കപ്പെടുന്ന വ്യത്യസ്ത ദേവതകളെയെല്ലാം തന്റെ വിധേയരാക്കി നിലനിർത്തിക്കൊണ്ട്, പുതുനെല്ല് നിറഞ്ഞ, ചാമരം പോലെ പൂർണ്ണതയോടെ വിളകൾ വീശുന്ന, തിരുക്കുരുകൂരിൽ ഭഗവാൻ നിലകൊള്ളുന്നു. ഈ തത്വത്തിൽ അബദ്ധമില്ല, അതിനാൽ നിങ്ങളേവരും അവിടുത്തെ സ്തുതിക്കുക.
ആറാം പാസുരം
ആഴ്വാർ പറയുന്നു, ഭഗവാന്റെ വിശേഷ ശക്തിയാണ് ഭൗതിക ലോകത്തെ ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് (പ്രവൃത്തിക്കൊത്ത വിധം) നിശ്ചയിച്ച് നിങ്ങൾക്ക് അത് വെളിപ്പെടുത്താതെ നിയന്ത്രിക്കുന്നത്.
പോറ്റിമറ്റോർതെയ്വം പേണപ്പുറത്തിട്ടു* ഉമ്മൈയിന്നേ
തേറ്റിവൈത്തതു എല്ലീരുംവീടുപെറ്റാൽഉലകില്ലൈയെന്റേ*
ചേറ്റിൽചെന്നെൽകമലമോങ്കു തിരുക്കുരുകൂരതനുൾ*
ആറ്റവല്ലവൻമായംകണ്ടീർ അതറിന്തറിന്തോടുമിനേ
എല്ലാവരും മോക്ഷം (വിമുക്തി) നേടിയാൽ ലോകത്തിന്റെ ക്രമം തന്നെ നഷ്ടമാകും എന്നതാണ് നിങ്ങളെ അവിടുന്ന് അകറ്റിനിർത്തി, മറ്റ് ദേവതകളെ വാഴ്ത്തി സേവിക്കാനായി ഇടയാക്കുന്നത്. ഓരോരുത്തരും അവരവരുടെ കർമ്മഫലം ആസ്വദിക്കാൻ കാരണമാക്കുന്ന അതീവ പ്രാപ്തനായ, ചതുപ്പുകളിൽ വിളയുന്ന പുതുനെല്ലും താമരപ്പൂക്കളുമുള്ള തിരുക്കുരുകൂരിലെ ഭഗവാന്റെ മായയെക്കുറിച്ച് (പ്രകൃതിയോടുള്ള ബന്ധം) അറിഞ്ഞ് ഭൗതിക തലത്തെ മറികടക്കാൻ ശ്രമിക്കുക.
ഏഴാം പാസുരം.
ആഴ്വാർ പറയുന്നു, നിങ്ങൾ ആർജ്ജിച്ചത് മാത്രമേ നിങ്ങൾക്ക് ആ ദേവതകളിൽ നിന്ന് നേടാൻ കഴിയുകയുള്ളൂ. അതിനാൽ, ഗരുഡധ്വജനും എല്ലാത്തിനും കാരണക്കാരനുമായ ഭഗവാന്റെ ദാസനാകുക.
ഓടിയോടിപ്പലപിറപ്പുംപിറന്ത് മറ്റോർതെയ്വം*
പാടിയാടിപ്പണിന്തു പൽപടികാൽവഴിയേറിക്കണ്ടീർ*
കൂടിവാനവരേത്തനിന്റ തിരുക്കുരുകൂരതനുൾ*
ആടുപുട്ക്കൊടിയാതിമൂർത്തിക്കു അടിമൈപുകുവതുവേ
പേരു നൽകാനാകാത്ത മറ്റൊരു ദേവതയ്ക്ക് വേണ്ടി പാടിയും ആടിയും പല തരത്തിൽ ആരാധിച്ചും ശാസ്ത്രത്തെ ആശ്രയിച്ച് കൂടുതൽ കൂടുതൽ അഭയം തേടിയും ഓടി / നീങ്ങി പല പല ജന്മങ്ങൾ നേടുന്നത് നിങ്ങൾക്ക് കാണാം. സർവ്വദേവതകളും ഒത്തൊരുമിച്ച് വാഴ്ത്തി ശരണം തേടുന്ന, തിരുക്കുരുകൂരിൽ അമരുന്ന, സർവ്വകാരണകാരണനായ സർവ്വേശ്വരന്റെ സേവകനാകുക.
എട്ടാം പാസുരം
മറ്റ് ദേവതകൾക്ക് പോലും അവരോട് പ്രാർത്ഥിക്കുന്നവരുടെ മനോരഥങ്ങൾ സഫലമാക്കാനുള്ള ശക്തി നൽകുന്നത് ഭഗവാനാണ്. രുദ്രൻ മാർക്കണ്ഡേയന്റെ ആഗ്രഹം സർവ്വേശ്വരനിലൂടെ സഫലമാക്കിയത് ഉദാഹരിച്ചുകൊണ്ട് ആഴ്വാർ വിശദീകരിക്കുന്നു.
പുക്കടിമൈയിനാൽതന്നൈക്കണ്ട മാർക്കണ്ഡേയനവനൈ*
നക്കപിരാനുംഅന്റുഉയ്യക്കൊണ്ടത് നാരായണനരുളേ*
കൊക്കലർതടന്താഴൈവേലിത് തിരുക്കുരുകൂരതനുൾ*
മിക്കആദിപിരാൻനിറ്ക്ക മറ്റൈത്തെയ്വംവിളംബുതിരേ
പ്രളയത്തിൽ ദിഗംബരഭാവം എടുക്കുകയാൽ നഗ്നൻ എന്നും വിളിക്കപ്പെടുന്ന വരപ്രദനായ രുദ്രൻ, തന്റെ ദാസനായി മാറുകയും തന്നെ ദർശിക്കുകയും ചെയ്ത പുരാണപ്രസിദ്ധനായ മാർക്കണ്ഡേയനെ, നാരായണന്റെ കാരുണ്യത്താൽ ഉയർത്തുന്നതിനായി നാരായണഭക്തനാക്കി മാറ്റി. ഇങ്ങനെയിരിക്കെ, ഹംസോപമമായ (വെളുത്ത നിറമുള്ള) നവകുസുമങ്ങളും വിശാലമായ ഇലകളും കൊണ്ട് അതിരിടപ്പെട്ട തിരുക്കുരുകൂരിൽ അമരുന്ന, പ്രകൃതികാരണനായ, സർവ്വവരദനായ, സർവ്വോത്തമനായ ഭഗവാനെ അല്ലാതെ മറ്റേത് ദേവതയെക്കുറിച്ചാണ് നിങ്ങൾ പ്രതീക്ഷയോടെ സംസാരിക്കുന്നത്?
ഒമ്പതാം പാസുരം
ആഴ്വാർ പറയുന്നു, രക്ഷ നേടണമെന്നുണ്ടെങ്കിൽ നിങ്ങൾ, വേദബാഹ്യരുടെയും കുദൃഷ്ടികളുടെയും (യഥാക്രമം വേദവിരുദ്ധരെന്നും വേദത്തെ ദുർവ്യാഖ്യാനം ചെയ്യുന്നവരെന്നും അർഥം) അബദ്ധവാദങ്ങളാൽ തകർക്കാനാകാത്ത ഐശ്വര്യം നിറഞ്ഞ ഭഗവാനെ ശരണമടയുക.
വിളമ്പുംആറുചമയമും അവൈയാകിയുംമറ്റുംതൻപാൽ*
അളന്തുകാണ്ടർക്കരിയനാകിയ ആദിപ്പിരാനമരും*
വളംകൊൾതൺപനൈചൂഴ്ന്തഴകായ തിരുക്കുരുകൂരതനൈ*
ഉളംകൊൾജ്ഞാനത്തുവൈമ്മിൻ ഉമ്മൈഉയ്യക്കൊണ്ടുപോകുറിലേ
വേദബാഹ്യരും വാക്കിലല്ലാതെ മറ്റ് കഴമ്പൊന്നുമില്ലാത്ത ആറ് സമയങ്ങളും കുദൃഷ്ടികളും, സർവ്വകാരണനും മഹാവരദനുമായ ഭഗവാന്റെ പ്രകൃതിയെയോ ഭഗവദ്വിഷയത്തെയോ മനസ്സിലാക്കാനോ നിർണ്ണയിക്കാനോ അശക്തരാണ്. സ്വയം ആത്മീയമായി ഉയരണമെങ്കിൽ, അപ്രകാരമുള്ള ഭഗവാൻ അമരുന്ന, ആകർഷണീയമായ ജലസ്രോതസ്സുകളാൽ ചുറ്റപ്പെട്ട തിരുക്കുരുകൂരിനെ (ആഴ്വാർ തിരുനഗരിയെ) നിങ്ങളുടെ അന്തഃകരണത്തിൽ നെഞ്ചേറ്റുക.
(കുറിപ്പ്: വേദബാഹ്യരായ ആറ് ദർശനങ്ങൾ ബൗദ്ധം, ജൈനം, ചാർവ്വാകം, നാസ്തിക സാംഖ്യം, നാസ്തിക ന്യായം, നാസ്തിക ഹഠയോഗം ഇവയാണ് എന്ന് കരുതപ്പെടുന്നു.)
പത്താം പാസുരം
ആഴ്വാർ പറയുന്നു, സർവ്വർക്കും ശരീരിയായ (അന്തരാത്മാവായ), യോജിക്കുന്നതിന് സുലഭമായി കഴിയുന്ന, ആകർഷണീയമായ ലീലകളാടുന്ന ഭഗവാനെ സേവിക്കുക എന്നത് ഏവർക്കും നിയതവും (നിശ്ചയിക്കപ്പെട്ട ധർമ്മം) ഉചിതവുമാണ്.
ഉറുവതാവതുഎത്തേവും എവ്വുലകങ്കളുംമറ്റുംതൻപാൽ*
മറുവിൽമൂർത്തിയോടൊത്തു ഇത്തനൈയുംനിന്റവണ്ണംനിറ്ക്കവേ*
ചെറുവിൽചെന്നെൽകരുമ്പൊടോങ്കു തിരുക്കുരുകൂരതനുൾ*
കുറിയമാണുരുവാകിയ നീൾകുടക്കൂത്തനുക്കുആട്ചെയ്വതേ
ഭഗവാന്റെ നില ഇപ്രകാരമാണ്: എല്ലാ തരം ദേവതകളും എല്ലാ ലോകവും എല്ലാ ചിത്തും അചിത്തും (ബോധരൂപങ്ങളും ബോധഹീനങ്ങളും) ഭഗവദ്സ്വരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവയെല്ലാം ഭഗവാന്റെ ദിവ്യസവിശേഷഭാവങ്ങളിൽ നിന്ന് വ്യതിരിക്തമായ അവസ്ഥയോടെ, ഭഗവാന്റെ വ്യക്തിത്വത്തിനോ സവിശേഷതയ്ക്കോ നഷ്ടം വരാത്തവിധം നിലകൊള്ളുന്നു. ആ ഭഗവാൻ തന്നെയാണ് വളക്കൂറുള്ള മണ്ണുള്ള, പുതുനെല്ലും കരിമ്പും നിറഞ്ഞ തിരുക്കുരുകൂരിൽ നിലകൊള്ളുന്നതും. ബ്രഹ്മചാരിയായ വാമനനായും കുടക്കൂത്താടിയ കൃഷ്ണനായും വന്ന് ശാശ്വതമായ ആസ്വാദനമേകിയ ആ ഭഗവാനെ സേവിക്കുക തന്നെയാണ് പുരുഷാർത്ഥവും (കൈങ്കര്യപുരുഷാർത്ഥമെന്ന ലക്ഷ്യം) നിയതവും (ആത്മാവിന് നിശ്ചയിച്ച സനാതനധർമ്മം) ഉചിതവും.
പതിനൊന്നാം പാസുരം.
ആഴ്വാർ പറയുന്നു, ഈ ദശകം പഠിക്കുന്നവർക്ക് പരമപദപ്രാപ്തി എളുപ്പമായിരിക്കും.
ആട്ചെയ്തുആഴിപ്പിരാനൈച്ചേർന്തവൻ വൺകുരുകൂർനഗരാൻ*
നാട്കമഴ്മകിഴ്മാലൈമാർപിനൻ മാരൻചഠകോപൻ*
വേട്കൈയാൽചൊന്നപാടൽ ആയിരത്തുൾഇപ്പത്തുംവല്ലാർ*
മീട്ചിഇന്റിവൈകുന്തമാനഗർ മറ്റതുകൈയതുവേ
തിരുച്ചക്രമേന്തിയ വരദാതാവായ ഭഗവാനെ തന്റെ വാക്കുകളാൽ സേവിക്കുന്നതിൽ നിരതനായിരുന്ന, തിരുക്കുരുകൂരിന് നായകനായിരുന്ന, ദിവ്യമകിഴമ്പൂക്കളാലുള്ള (ഇലഞ്ഞി) മാല ധരിച്ച, മാരൻ എന്ന് കുടുംബപ്പേരുള്ള ശഠകോപൻ എന്ന ആഴ്വാർ, ഭഗവാനെ പ്രാപിച്ചുകഴിഞ്ഞ്, തീവ്രാഭിലാഷപൂർവ്വം സദയം ആയിരത്തിലെ ഈ ദശകത്തെ പാട്ടായി അരുളിയിരിക്കുന്നു. ഈ പത്ത് പാസുരവും ചൊല്ലാൻ കഴിയുന്നവർ മറുവശത്തുള്ള വൈകുണ്ഠമെന്ന മഹാധാമത്തെ, മടക്കമില്ലാത്ത ലോകത്തെ, ഇതിന്റെ ആലാപനത്താൽ തന്നെ കരഗതമാക്കും.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-4-10-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org