ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
<< 3.3

ഐശ്വര്യം (ധർമം, അർത്ഥം, കാമം മുതലായ ഭൗതിക ഐശ്വര്യങ്ങൾ), കൈവല്യം (ശാശ്വതമായ ആത്മീയ അസ്തിത്വത്തെ ആസ്വദിക്കുന്നത്), ഭഗവദ് കൈങ്കര്യം (ഭഗവാന് ശാശ്വതമായി സേവനം നടത്തൽ) എന്നീ മൂന്ന് പുരുഷാർത്ഥങ്ങളിൽ (ലക്ഷ്യങ്ങളിൽ) ഐശ്വര്യവും കൈവല്യവും ആത്മാവിന്റെ യഥാർത്ഥ പ്രകൃതിയോട് ചേരാത്തതും കുറഞ്ഞവയും ആണ് എന്ന് ആഴ്വാർ ഊന്നിപ്പറയുന്നു. തന്റെ അപാര കരുണയാൽ സംസാരികളോട് സർവ്വേശ്വരനായ ശ്രീയഃപതിയുടെ (ശ്രീലക്ഷ്മീപതിയായ ശ്രീമന്നാരായണന്റെ) കൈങ്കര്യം പിന്തുടരുവാൻ ആഴ്വാർ നിർദ്ദേശിക്കുന്നു. (മേൽക്കോട്ട്, കർണ്ണാടകത്തിലുള്ള) തിരുനാരായണപുരത്തെ ‘തിരുനാരണൻ’ (ശ്രീനാരായണ) ഭഗവാന് ഈ ദശകത്തെ രാമാനുജാചാര്യർ സമർപ്പിച്ചിരിക്കുന്നു.
ആദ്യപാസുരം
ചക്രവർത്തികൾക്ക് ഒരുനാൾ അവരുടെ രാജ്യം നഷ്ടപ്പെട്ട് ഭിക്ഷതേടി ജീവിക്കേണ്ടി വരും. അങ്ങനെയുള്ള സാഹചര്യത്തിൽ, ശാശ്വതമായി സമ്പത്തുള്ളവനായ ശ്രീമന്നാരായണന്റെ ദിവ്യപാദങ്ങളെ സമീപിച്ച് ഉയരുക.
ഒരുനായകമായ് ഓടവുലകുടനാണ്ടവർ*
കരുനായ്കവർന്ത കാലർ ചിതൈകിയ പാനൈയർ*
പെരു നാടു കാണ ഇമ്മൈയിലേ പിച്ചൈ താം കൊൾവർ*
തിരുനാരണൻ താൾ കാലം പെറച്ചിന്തിത്തുയ്മ്മിനോ
വളരെ ഉറച്ച നിലയിൽ ഈ ലോകത്ത് സ്വതന്ത്രവും ശക്തവുമായ രാജ്യങ്ങളെ സംരക്ഷിച്ച് ഭരിച്ചിരുന്ന ചക്രവർത്തിമാർ കറുത്ത നായയാൽ കാലിന് കടികിട്ടി (സമ്പത്തും ശക്തിയും തകർന്ന്) ഉപേക്ഷിക്കപ്പെട്ട തകർന്ന പിച്ചച്ചട്ടി (ഭിക്ഷാപാത്രം) കയ്യിലേന്തി ദാനം ഇരക്കുന്നത് (അവർ ഒരിക്കൽ വാണിരുന്ന) ഈ മഹാലോകത്ത് പലരും കണ്ടിരിക്കുന്നതാണ്. ഐശ്വര്യം (ഭൗതിക സമ്പത്ത്) ക്ഷണികമാകയാൽ ശാശ്വതമായ സമ്പത്തിന് ഉടയവനായ ഈശ്വരനായ നാരായണന്റെ ദിവ്യപാദങ്ങളെ ഒട്ടും താമസം ഇല്ലാതെ വേഗം ധ്യാനിച്ച് ഉയരുക.
രണ്ടാം പാസുരം
നിങ്ങൾക്ക് സമ്പത്ത് നഷ്ടപ്പെടുന്നതിന് പുറമേ പത്നിയും നഷ്ടപ്പെടാമെന്നതിനാൽ ശ്രീമഹാലക്ഷ്മിയുടെ പതിയായ സർവ്വർക്കും നാഥനായ ഭഗവാനെ ശരണം അടയുക എന്ന് ആഴ്വാർ പറയുന്നു.
ഉയ്മ്മിൻ തിറൈകൊണർന്ത് എന്റുഉലകാണ്ടവർ* ഇമ്മൈയേ
തമ്മിൽ ചുവൈ മടവാരൈപ് പിറർകൊള്ളത്താം വിട്ടു*
വെമ്മിനൊളിവെയിൽ കാനകം പോയ്ക്കുമൈ തിമ്പർകൾ*
ചെമ്മിൻ മുടിത്തിരുമാലൈ വിരൈന്തടി ചേർമിനോ
നിങ്ങൾ കരം നല്കി വാഴുക എന്ന് നാടുവാഴികളോട് കല്പിച്ച് ലോകം വാണിരുന്ന അരചന്മാർ തന്നെ അതേ ജീവിതത്തിൽ, അവർക്ക് മാത്രമായ പ്രിയപ്പെട്ട ആനന്ദദായകരായ പത്നിമാരെ മറ്റുള്ളവർക്ക് വിട്ടുകൊടുത്ത്, സ്വന്തം നാട്ടിൽ വാഴാനാകാതെ, വീണ്ടും (അന്യരാജാക്കന്മാരാൽ) പിന്തുടർന്ന് പീഡിതരാകാൻ വേണ്ടി മാത്രം കൊടുംകാട്ടിലേക്ക് പ്രവേശിക്കുന്നു, വെയിലേറ്റ് തളരുന്നു. അതിനാൽ നിങ്ങൾ നല്ല മനസ്സോടെ തടസ്സമില്ലാതെ തിളങ്ങുന്ന കിരീടമണിഞ്ഞ, ശ്രീമഹാലക്ഷ്മിയുടെ ദിവ്യപതിയുടെ ദിവ്യപാദങ്ങളെ ശരണം പ്രാപിക്കുക.
മൂന്നാം പാസുരം
ആഴ്വാർ പറയുകയാണ്: തനിക്ക് കീഴ്പ്പെട്ട ഇതര അരചന്മാരോട് പരിഗണന പോലും നല്കാതെ വാണിരുന്ന ചക്രവർത്തിമാർക്ക് അവരുടെ ധനമെല്ലാം നഷ്ടമായി അന്യരുടെ ആദരവും നഷ്ടമാകുന്നു. അതിനാൽ ആസ്വാദ്യകരമായ ശ്രീകൃഷ്ണദിവ്യചരണങ്ങളെ ശരണമടയുക.
അടി ചേർ മുടിയിനരാകി അരചർകൾ താം തൊഴ*
ഇടി ചേർ മുരചങ്ങൾ മുറ്റത്തിയമ്പ ഇരുന്തവർ*
പൊടി ചേർ തുകളായ്പ്പോവർകൾ ആതലിൽ നൊക്കെന
കടി ചേർ തുഴായ്മുടിക് ക്കണ്ണൻ കഴൽകൾ നിനൈമിനോ
മറ്റ് രാജാക്കന്മാർ സ്വയം വണങ്ങിയിരുന്ന പാദങ്ങളുള്ളവരും പുറത്ത് മുഴങ്ങുന്ന ഭേരീനാദത്തിന്റെ ഇടിയൊച്ചയിൽ ആനന്ദിച്ചിരുന്നവരും (കീഴടങ്ങിയവരുടെ സ്ഥിതിയെ തീരെ അവഗണിച്ചിരുന്നവരുമായ) ചക്രവർത്തിമാർ ഒരു നിസ്സാര വസ്തുവിന്റെ പൊടിയോളം പോലും വിലയില്ലാത്തവരായി മാറുന്നു. അതിനാൽ സുഗന്ധതുളസിയാൽ അലങ്കൃതമായ മൗലിയണിഞ്ഞ ശ്രീകൃഷ്ണന്റെ ദിവ്യചരണങ്ങളെ ധ്യാനിക്കുക.
നാലാം പാസുരം
ആഴ്വാർ പറയുന്നു: ജീവിതകാലവും ഹ്രസ്വം (താല്ക്കാലികം) ആകയാൽ വിഘ്നങ്ങളകറ്റുന്ന ശ്രീകൃഷ്ണചരണങ്ങളെ നിങ്ങൾ ആരാധിക്കുക.
നിനൈപ്പാൻ പുകിൽ കടലെക്കലിൻ നുൺ മണലിൻ പലർ*
എനൈത്തോരുകങ്കളും ഇവ്വുലകാണ്ടു കഴിന്തവർ*
മനൈപ്പാൽ മരുങ്കറ മായ്തലല്ലാൽ മറ്റുക്കണ്ടിലം*
പനൈത്താൾ മത കളിറട്ടവൻ പാദം പണിമിനോ
(ഭഗവദനുഭവം ത്യജിച്ച് മണ്ണടിഞ്ഞ രാജാക്കന്മാരെക്കുറിച്ച്) നാം പറഞ്ഞ് തുടങ്ങിയാൽ, സാഗരത്തിലെ മണൽത്തിട്ടകളിലുള്ള നിരവധി മൺതരികളേക്കാൾ അധികമാണ്. പലയുഗങ്ങളിലായി മണ്ണടിഞ്ഞവർ എത്രയോ, അവരുടെ കൊട്ടാരങ്ങളും ഓർമ്മിക്കാൻ പോലും ഒന്നും അവശേഷിപ്പിക്കാത്ത വിധം മണ്ണോട് ചേർന്ന് നിലംപൊത്തിക്കഴിഞ്ഞു. പനയൊത്ത ഉരുണ്ട പാദങ്ങളുണ്ടായിരുന്ന ആ മദഗജത്തെ (കുവലയാപീഡത്തെ) നശിപ്പിച്ചവന്റെ (ശ്രീകൃഷ്ണന്റെ) ദിവ്യപാദങ്ങളെ ഏവരും ആരാധിക്കുക.
അഞ്ചാം പാസുരം
ആഴ്വാർ പറയുന്നു, ധനം എന്നത് പോലെ കാമിനീ സംഗമവും ക്ഷണഭംഗുരമാണ്.
പണിമിൻ തിരുവരുളെന്നും അം ചീതപ്പൈം പൂം പള്ളി*
അണി മെൻ കുഴലാർ ഇമ്പക്കലവിയമുതുണ്ടാർ*
തുണി മുൻപു നാലപ് പല്ലേഴൈയർ താം ഇഴിപ്പച്ചെൽവർ*
മണി മിന്നു മേനി നം മായവൻ പേർ ചൊല്ലി വാഴ്മിനോ
അലങ്കരിച്ച് ആകർഷകമാക്കിയ മുടിക്കെട്ടുകളുള്ള കാമിനിമാരുമായി ശീതളപുഷ്പതല്പങ്ങളിലുള്ള ആനന്ദസംഗമത്തെ ആസ്വദിച്ചവർ (രാജാക്കളും ധനികരും) തന്നെ, പിന്നീട് അവരാൽ നിന്ദിതരായിട്ടും വീണ്ടും അവരിലേക്ക് തന്നെ മുഖം തുണിയിട്ട് മറച്ച് (ധനം നഷ്ടമായി) പോകുന്നു. അതിനാൽ, നീലരത്നത്തിന്റെ ശോഭയേറിയ ദിവ്യരൂപിയായ, തന്നെ ആനന്ദിപ്പിക്കുന്നതിന് നമ്മെ (ഭക്തരെ) അനുവദിക്കുന്ന ഭഗവാന്റെ ദിവ്യനാമങ്ങൾ ആലപിച്ച് സാനന്ദം മേവുക.
ആറാം പാസുരം
ആഴ്വാർ പറയുന്നു: സൃഷ്ടിമുതൽ ഇന്നോളം, സദാ ധനികനായി അതിജീവിച്ച് നില്ക്കുന്ന ഒരുവനെയും ഞാൻ കണ്ടിട്ടില്ല. അതിനാൽ ക്ഷീരാബ്ധിനാഥന്റെ സേവകനാകുക.
വാഴ്ന്താർകൾ വാഴ്ന്തത് മാ മഴൈ മൊക്കുളിൻ മായ്ന്തു മായ്ന്തു*
ആഴ്ന്താരെന്റല്ലാൽ അന്റ്മുതലിന്ററുതിയാ*
വാഴ്ന്താർകൾ വാഴ്ന്തേ നിറ്പ൪ എൻപതില്ലൈ നിറ്കുറിൽ*
ആഴ്ന്താർ കടറ്പള്ളി അണ്ണലടിയവരാമിനോ
ജീവിക്കുന്നു എന്ന് കരുതുന്നവരുടെ ജീവിതം പെരുമഴയിലെ കുമിള പോലെയാണ്. അത് വീണ്ടും വീണ്ടും ചിതറിത്തെറിച്ച് പതിക്കുന്നു. അതല്ലാതെ ഒരേ നിലയിൽ (എക്കാലവും) വാഴുകയെന്നത് സൃഷ്ടിമുതൽ ഇന്നോളം സംഭവിക്കാത്തതാകുന്നു. അതിനാൽ അഗാധഗംഭീരമായ സാഗരം തന്നെ ശയ്യയാക്കിയ നാഥന് നിങ്ങൾ ഭക്തരാകുക.
ഏഴാം പാസുരം
ഭക്ഷണം, ലഹരികൾ ആദികളായ സുഖങ്ങളുടെ നശ്വരത ആഴ്വാർ വെളിപ്പെടുത്തുന്നു.
ആമിൻ ചുവൈയവൈ ആറോടടിചിലുണ്ടാർന്ത പിൻ*
തൂ മെൻ മൊഴി മടവാരിരക്കപ് പിന്നും തുറ്റുവാർ*
ഈമിനെമക്കൊരു തുറ്റെന്റ് ഇടറുവരാതലിൻ*
കോമിൻ തൂഴായ്മുടി ആദിയഞ്ചോതി ഗുണങ്കളേ
(ധനികജനം) സ്വന്തം സ്വഭാവത്തിന് ചേർന്ന ആറ് രസങ്ങളുള്ള സുഖദമായ ലോകവിശ്രുതമായ (വിശേഷ) ഭക്ഷണങ്ങളെ ഭുജിച്ച ശേഷം, നിറഞ്ഞ് കഴിഞ്ഞിട്ട് വീണ്ടും അവരോട് ശുദ്ധമായും മൃദുവായും വർത്തിക്കുന്ന കാമിനിമാരുടെ ആശ നിറവേറ്റാൻ കഷ്ടപ്പെട്ട് ഭുജിക്കുന്നു. അപ്രകാരമുള്ളവർ, ധനം നഷ്ടമായ ശേഷം അതേ കാമിനിമാരുടെ സൗധങ്ങളിലെത്തി ചുറ്റും മുട്ടിവിളിച്ച്, തങ്ങൾക്ക് കൈനിറയെ ഭക്ഷണം തരാൻ യാചിക്കുകയും ചെയ്യുന്നു. നിങ്ങൾ അതിനാൽ തേജോരൂപിയായ സുന്ദരനായ സർവ്വേശ്വരഗുണങ്ങളെ ഒന്നിച്ച് ആസ്വദിക്കുക. പരമകാരണമായ അവിടുന്ന്, തുളസീഹാരത്താൽ അലങ്കൃതമായ കിരീടം ധരിച്ച നാഥൻ, ആസ്വാദ്യനായിരിക്കുന്നു.
എട്ടാം പാസുരം
ആഴ്വാർ പറയുന്നു, ഭഗവാന്റെ കൃപകൂടാതെ, ഈ ആർജ്ജിച്ച രാജ്യങ്ങളേതും നീണ്ടകാലം ഉണ്ടാകില്ലെന്നറിഞ്ഞ് അനന്തശായിയുടെ (ആദിശേഷനെ തല്പമാക്കിയ ഭഗവാന്റെ) ദിവ്യനാമങ്ങളെ ജപിക്കുക.
ഗുണങ്കൊൾ നിറൈ പുകഴ് മന്നർ കൊടൈക്കടൻ പൂണ്ടിരുന്തു
ഇണങ്ങിയുലകുടനാക്കിലും ആങ്ങവനൈയില്ലാർ
മണങ്കൊണ്ട ഭോഗത്തു മന്നിയും മീളവർകൾ മീൾവില്ലൈ
പണങ്കൊളരവണൈയാൻ തിരുനാമം പടിമിനോ
(ലാളിത്യാദി) ശീലങ്ങളുള്ള, പ്രസിദ്ധരും കിരീടാവകാശികളും ഔദാര്യത്തിന്റെ കാര്യത്തിൽ (മറ്റുള്ളവരുടെ ക്ഷേമത്തിനായി സമ്പത്ത് പ്രദാനം ചെയ്യുന്നതിൽ) ലബ്ധപ്രതിഷ്ഠരും ലോകരോട് ഏറെ ചേർന്നവിധത്തിൽ സമത്വത്തോടെ അവരെ സംരക്ഷിച്ചാലും, പ്രതിദിനം സമ്പത്തിൽ ആഘോഷിച്ച് ആനന്ദിച്ചാലും സർവ്വേശന്റെ സമ്പത്തിന് കീഴ്പ്പെടാത്ത രാജാക്കന്മാർ, ഒരിക്കൽ നിർദ്ധനരായി മാറും. വിടർന്ന ഫണങ്ങളുള്ള ആദിശേഷനെ ശയ്യയാക്കിയ ഭക്തവത്സലനായ ഭഗവാന്റെ ദിവ്യനാമങ്ങളെ ജപിച്ച് ശീലിച്ചാൽ പുനരാവൃത്തിയില്ലാത്ത ലക്ഷ്യം നിങ്ങൾ നേടും.
ഒമ്പതാം പാസുരം
ആഴ്വാർ പറയുന്നു, സ്വർഗ്ഗാദികളിലെ അന്യലോകങ്ങളുടെ ആസ്വാദനങ്ങളും താല്ക്കാലികമായതിനാൽ, ശാശ്വതഫലം പ്രദാനം ചെയ്യുന്ന ഈശ്വരനെ ശരണം പ്രാപിക്കുക.
പടി മന്നു പൽകലൻ പറ്റോടറുത്തു ഐംപുലൻ വെന്റ്*
ചെടി മന്നു കായം ചെറ്റാർകളും ആങ്കവനൈയില്ലാർ*
കുടി മന്നുമിൻ ചുവർക്കമെയ്തിയും മീൾവർകൾ മീൾവില്ലൈ*
കൊടി മന്നു പുള്ളുടൈ അണ്ണൽ കഴൽകൾ കുറുകുമിനോ
അവർ, വളരെ ആസ്വാദ്യമായ വിഭവങ്ങളുള്ള സ്വർഗ്ഗം പ്രാപിച്ച് അതിൽ ശാശ്വതവാസികളായാലും (കൂടിയ കാലമുള്ളതിനാൽ ശാശ്വതമെന്ന അവസ്ഥ തോന്നിയാലും), അവർ സദാ ധരിക്കുന്ന (അനുയോജ്യമായ) ആഭരണങ്ങൾ ഒഴിവാക്കി, ഇന്ദ്രിയങ്ങളെ ജയിച്ച്, ശരീരത്തെ തപിപ്പിച്ച് (തപസ്സ് ചെയ്ത്) ചുറ്റും കാട് പടർത്തിയാലും, ഭഗവാനെ ശരണം പ്രാപിക്കാതെ വന്നാൽ, ആ സ്വർഗ്ഗീയ ജീവിതം നഷ്ടമാകും. അതിനാൽ, ശാശ്വതഫലത്തെ നേടുന്നതിനായി, ഗരുഡധ്വജനായ സർവ്വേശ്വരന്റെ ദിവ്യപദങ്ങളെ തേടണം.
പത്താം പാസുരം
ആഴ്വാർ അരുളുന്നു, കൈവല്യം (താത്കാലിക ലൗകിക സുഖങ്ങളോടുപമിച്ചാൽ) താല്ക്കാലികമല്ലെന്നിരിക്കിലും, (ഭഗവാനെ ശാശ്വതമായി സേവിക്കുക എന്ന) പരമപുരുഷാർത്ഥത്തോളം ആസ്വാദ്യമാകുന്നില്ല. സർവ്വനിയന്താവായ പരമേശ്വരനെ പ്രാപിക്കുന്നത് തന്നെയാണ് ഏറ്റവും അതിശയകരമായ പുരുഷാർത്ഥം.
(കുറിപ്പ് — കൈവല്യം എന്നാൽ ആത്മജ്ഞാനം നേടി ആത്മീയ അസ്തിത്വത്തിൽ നിലനിൽക്കുന്ന അവസ്ഥ, ഇതാണ് അദ്വൈതികളുടെ ലക്ഷ്യമായത്. മറ്റൊരു കാര്യം, പുരുഷാർത്ഥങ്ങളെക്കുറിച്ച് വൈഷ്ണവ കാഴ്ചപ്പാടിൽ അത് ഐശ്വര്യം, കൈവല്യം, കൈങ്കര്യം ഇങ്ങനെ മൂന്നാണ് എന്ന് കാണുന്നു. ഐശ്വര്യത്തിൽ സാധാരണ നാം വിവക്ഷിക്കാറുള്ള ധർമ്മാർത്ഥകാമങ്ങൾ ഉൾക്കൊള്ളും. മോക്ഷം രണ്ട് തരം ഉണ്ട് — കൈവല്യവും ഭഗവദ് കൈങ്കര്യവും. അതിൽ, കൈവല്യം എന്നത് അദ്വൈതികളുടെ ഗതിയായ ബ്രഹ്മസാക്ഷാത്കാരം. കൈങ്കര്യം എന്നത് വൈഷ്ണവരുടെ ലക്ഷ്യമായ ഭഗവദ് സേവനത്തിൽ സദാ മുഴുകുന്ന അവസ്ഥ.)
കുറുക മികവുണർവ്വത്തൊടു നോക്കി എല്ലാം വിട്ട*
ഇറുകലിറപ്പെന്നും ജ്ഞാനിക്കും അപ്പയനില്ലൈയേൽ*
ചിറുക നിനൈവതോർ പാചമുണ്ടാം പിന്നും വീടില്ലൈ*
മറുകലിലീചനൈപ്പറ്റി വിടാ വിടിൽ വീട:തേ
(ആത്മസാക്ഷാത്കാരം അല്ലാത്ത) എല്ലാ ലക്ഷ്യവും വിട്ട ജ്ഞാനി (ബുദ്ധിമാൻ), തന്റെ ജ്ഞാനത്താൽ തീവ്രമായി ധ്യാനിച്ച്, ആത്മീയ അസ്തിത്വത്തോട് ഒത്തു ചേർന്ന് ഇപ്രകാരമുള്ള ആത്മസാക്ഷാത്കാരം തന്നെ മോക്ഷമെന്ന ലക്ഷ്യമായി കണ്ടെന്നിരിക്കിലും, ഭഗവാനെ വഴിയായി (വൈഷ്ണവർ ഭഗവാനെ തന്നെ വഴിയും ലക്ഷ്യവുമായി കാണുന്നു, കൈവല്യാർത്ഥിക്ക് ഭഗവാൻ വഴി മാത്രമാണ്) സ്വീകരിക്കാത്ത പക്ഷം, താഴ്ന്ന അഭിലാഷങ്ങളും ലക്ഷ്യങ്ങളും നിലനിൽക്കും. പിന്നീട് മോക്ഷവും (അവരെ സംബന്ധിച്ച് ആത്മസാക്ഷാത്കാരം) നേടാനുമാകില്ല. കാര്യം ഇതായിരിക്കെ, കുറവുകൾക്കെല്ലാം എതിരായ പരിപൂർണ്ണനായ പരമകല്യാണഗുണനിധിയായ പരമനിയന്താവായ ഭഗവാനെ ഒരിക്കലും വിടാതെ ഇരിക്കൽ (വഴിയും ലക്ഷ്യവും ഭഗവാൻ തന്നെ) എന്നതാണ് പരമപുരുഷാർത്ഥം (അന്തിമ ലക്ഷ്യം).
പതിനൊന്നാം പാസുരം
എല്ലാ ദുഃഖങ്ങളിൽ നിന്നും ആത്മാവിനെ ഉയർത്തിക്കൊണ്ട് വരിക എന്നതാണ് ഈ ദശകത്തിന്റെ ഫലമെന്ന് ആഴ്വാർ വിശദമാക്കുന്നു.
അഃതേ ഉയ്യപ്പുകുമാറെന്റ് കണ്ണൻ കഴൽകൾ മേൽ*
കൊയ്പൂം പൊഴിൽ ചൂഴ് കുരുകൂർച്ചഠകോപൻ കുറ്റേവൽ*
ചെയ്കോലത്തായിരം ചീർത്തൊടൈപ്പാടലിവൈ പത്തും
അഃകാമൽ കറ്പവർ ആഴ്തുയർ പോയ്ഉയ്യറ്പാലരേ
ഇറുക്കാൻ തക്ക പൂക്കൾ ധാരാളമായുള്ള ഉദ്യാനങ്ങൾ നിറഞ്ഞ കുരുകൂറിന്റെ നായകനായ ശഠകോപൻ, ശീരും തൊടൈയും ചേർത്ത് പാടിയ ആയിരം പാസുരത്തിൽ, ആത്മാവിന്റെ ഉജ്ജീവനത്തിന് (ഉയർച്ചയ്ക്ക്) ഏക വഴിയാകുന്നത് ശ്രീകൃഷ്ണദിവ്യചരണങ്ങളുടെ വിശ്വസ്തസേവനമെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്നു. ആയിരത്തിലെ ഈ പത്തും (ഒന്ന് വിടാതെ) പഠിക്കുന്നവർക്ക് ലൗകിക ഭോഗത്തിലും ആത്മാസ്വാദനത്തിലും മുഴുകുകയെന്ന ദുഃഖം നശിക്കുകയും അവർ (ഭഗവദ് ഭക്തിയിലേക്ക് നയിക്കുന്ന) ആത്മോജ്ജീവനത്തിൽ ഏർപ്പെടുകയും ചെയ്യും.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-4-1-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org