ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 14 – 15

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< പാസുരം 12-13

പാസുരം 14

പതിനാലാം പാസുരം. അടുത്തതായി, ഈ ലോകത്തിലുള്ള എല്ലാവരും അറിയേണ്ടതിനായി, വേദാര്‍ത്ഥത്തെ ലളിതമായി തമിഴില്‍ വെളിപ്പെടുത്തിയതാരോ, ആരുടെ അംഗങ്ങളാണ് മറ്റെല്ലാ ആഴ്വാര്‍മാരുമെന്ന് പ്രസിദ്ധമായിരിക്കുന്നുവോ ആ നമ്മാഴ്വാര്‍ അവതരിച്ച വൈകാശി വിശാഖ നക്ഷത്രത്തിന്റെ മഹിമയെ മാമുനികള്‍ എടുത്തുപറയുന്നു. 

ഏരാര്‍വൈകാചി വിചാകത്തിനേറ്റത്തൈ*   
പാരോരറിയപ്പകര്‍കിന്റേന്‍* – ചീരാറും
വേതന്തമിഴ്ചെയ്ത മെയ്യനെഴില്‍ കുറുകൈ* 
നാഥന്‍ അവതരിത്തനാള്‍

ഓ ലോകജനങ്ങളേ! വൈകാശി വിശാഖം നാളിന്റെ മഹിമ എന്താണെന്ന് ഞാൻ പറയാം; കേൾക്കൂ. ഈ ദിനത്തിലത്രെ സത്യസ്വരൂപനും വേദാര്‍ത്ഥങ്ങളെ തമിഴില്‍ പകര്‍ന്നവനുമായ നമ്മാഴ്വാര്‍ അവതരിച്ചത്. 

മെയ്യൻ എന്നത്, ഉള്ളത് ഉള്ളതുപോലെ സത്യസന്ധമായി പറയുന്നവൻ എന്നർത്ഥം.

വേദത്തിന്റെ മഹിമയെന്നത് അവ അപൗരുഷേയമാണ്(ആരാലും എഴുതപ്പെട്ടതല്ല), അവയ്ക്ക് സ്വതഃപ്രാമാണ്യമുണ്ട് മുതലായവയാണ്. അതിന്റെ മറ്റൊരു മഹത്വമെന്നത് വേദം ശ്രീമന്നാരായണന്റെ സ്വരൂപം (അടിസ്ഥാനമായുള്ള ദൈവിക സ്വഭാവങ്ങള്‍), രൂപം (ദിവ്യമംഗള രൂപം), ഗുണങ്ങള്‍ (ഭഗവാനുള്ള ശ്രേഷ്ഠഗുണങ്ങള്‍) എന്നിവയെക്കുറിച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത് എന്നതാണ്. 

വേദത്തെ തമിഴ് ചെയ്യുക എന്നതിന്റെ അർത്ഥം, വേദ-വേദാന്തങ്ങളുടെ താത്പര്യങ്ങളെ തിരുവിരുത്തം, തിരുവാശിരിയം, പെരിയ തിരുവന്താതി, തിരുവായ്മൊഴി എന്നീ നാല് പ്രബന്ധങ്ങളിലൂടെ നമുക്കെല്ലാവർക്കും മനസ്സിലാകുന്നവിധം അരുളിച്ചെയ്തതാണ്.

തിരവിരുത്തം ഋഗ്വേദതുല്യവും, തിരുവാശിരിയം യജുര്‍വേദ തുല്യവും, പെരിയ തിരുവന്താതി അഥര്‍വ വേദ തുല്യവും, തിരുവായ്മൊഴി സാമവേദ തുല്യവുമാണു.

പാസുരം 15

പതിനഞ്ചാം പാസുരം. മാമുനികള്‍, മുൻപത്തെ പാസുരത്തിൽ പരാമർശിച്ച ആഴ്വാരുടെയും, അദ്ദേഹത്തിന്റെ അവതാരദിനത്തിന്റെയും, അവതാര സ്ഥലത്തിന്റെയും, അദ്ദേഹം അരുളിച്ചെയ്ത തിരുവായ്മൊഴിയുടെയും മഹിമയെ സ്വയം ആസ്വദിച്ചനുഭവിച്ച് അവതരിപ്പിക്കുന്നു.

ഉണ്ടോ വൈകാചി വിചാകത്തുക്കൊപ്പൊരു നാള്‍* 
ഉണ്ടോ ചടകോപർക്കൊപ്പൊരുവര്‍* – ഉണ്ടോ
തിരുവായ്മൊഴിക്കൊപ്പു തെന്‍കുരുകൈക്കുണ്ടോ* 
ഒരു പാര്‍ തനിലൊക്കുമൂര്‍

സര്‍വ്വേശ്വരനായ ശ്രീമന്നാരായണനെയും അവിടുത്തെ സകല വിഭൂതികളെയും മംഗളാശാസനം ചെയ്ത നമ്മാഴ്വാരുടെ തിരുനാളായ വൈകാശി വിശാഖത്തിന്റെ മഹിമ മറ്റേതെങ്കിലും നാളിനുണ്ടോ? ഇല്ല. നമ്മാഴ്വാരെന്നും അറിയപ്പെടുന്ന ശഠകോപരുടെ മഹിമയ്ക്ക് തുല്യര്‍ (സര്‍വ്വേശ്വരനും നിത്യരും മുക്തരും ഈ ലോകത്തുള്ളവരും ആരും) ഉണ്ടോ? ഇല്ല. വേദത്തിന്റെ സാരം വിശദമാക്കുന്ന മറ്റൊരു പ്രബന്ധം ഉണ്ടോ? ഇല്ല. അദ്ദേഹത്തെ നമുക്ക് നൽകിയ ദിവ്യസ്ഥലമായ തിരുക്കുരുകൂറിന്റെ തുല്യമായി മറ്റൊരു ദിവ്യദേശമുണ്ടോ? ഇല്ല തന്നെ.

ആദിനാഥര്‍ പെരുമാളുടെയും നമ്മാഴ്വാരുടെയും പേരില്‍ പ്രസിദ്ധിപൂണ്ടതാണല്ലോ തിരുക്കുരുകൂര്‍. ഭഗവാന്റെ പരത്വം അര്‍ച്ചാവതാരം മൂലം പ്രസിദ്ധമായിട്ടുളള ഇവിടെ, ശ്രീ രാമാനുജരുടെ അവതാരത്തിനും നാലായിരം ആണ്ട് മുമ്പേ തന്നെ, ഭവിഷ്യദാചാര്യ വിഗ്രഹം എന്ന ശ്രീ രാമാനുജരുടെ അര്‍ച്ചാവതാരം, നമ്മാഴ്വാരുടെ കൃപയാല്‍ സംഭവിച്ചു. ഇവിടെത്തന്നെയാണ് എമ്പെരുമാനാരുടെ പുനരവതാരം മണവാളമാമുനികളും അവതരിച്ചത്. 

അങ്ങനെ, എമ്പെരുമാന്റെയും, ആഴ്വാരുടെയും, ആചാര്യരുടെയും മഹിമ വർധിപ്പിക്കുന്ന സ്ഥാനമായതിനാൽ, ഈ സ്ഥലം മൂന്നു മടങ്ങ് മഹിമയുള്ളതായി ആഘോഷിക്കപ്പെടുന്നു.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-14-15-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

Leave a Comment