ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
<< പാസുരം 21-22
പാസുരം 23
ഇരുപത്തിമൂന്നാമത്തെ പാസുരം. ആണ്ടാൾ അവതരിച്ച തിരുവാടിപ്പൂരത്തിന് മറ്റൊന്നും തുല്യമല്ല എന്നതുകൊണ്ടുണ്ടായ അതിന്റെ മഹത്വത്തെക്കുറിച്ച് മാമുനികൾ തന്റെ മനസ്സിനോട് അരുളിച്ചെയ്യുന്നു.
പെരിയാഴ്വാർ പെൺപിള്ളൈയായ്* ആണ്ടാൾപിറന്ത
തിരുവാടിപ്പൂരത്തിൻ ചീർമൈ* — ഒരുനാളൈക്
കുണ്ടോമനമേ! ഉണർന്തുപാർ* ആണ്ടാൾക്
കുണ്ടാകിൽ ഒപ്പിതറ്ക്കുമുണ്ടു
മനസ്സേ! പെരിയാഴ്വാരുടെ തിരുമകളായി ആണ്ടാൾ അവതരിച്ച തിരുവാടിപ്പൂരത്തിന് തുല്യമായ മറ്റൊരു നാൾ ഉണ്ടോ എന്ന് ആലോചിച്ചുനോക്കൂ. ആണ്ടാൾ നാച്ചിയാർക്ക് തുല്യയായി ഒരാളുണ്ടെങ്കിൽ മാത്രമേ ഈ നാളിനും തുല്യമായ മറ്റൊരു നാൾ ഉണ്ടാകൂ.
ആണ്ടാൾ നാച്ചിയാർ ഭൂമിപ്പിരാട്ടിയുടെ അവതാരമാണ്. ആത്മാക്കളോട് അതിയായ കാരുണ്യം തോന്നി, എമ്പെരുമാനെ അനുഭവിക്കുന്ന ആനന്ദം ഉപേക്ഷിച്ച് അവൾ ഈ ലോകത്തിൽ വന്ന് അവതരിച്ചു.
ആഴ്വാർമാരാകട്ടെ, ഈ ലോകത്തിൽത്തന്നെ ഉണ്ടായിരുന്നവരാണ്. എമ്പെരുമാന്റെ നിർഹേതുക കൃപയാൽ അവർ കുറ്റമറ്റ ജ്ഞാനവും ഭക്തിയും നേടി, എമ്പെരുമാനെ പൂർണ്ണമായി അനുഭവിച്ചു.
മറ്റുള്ളവർക്കുവേണ്ടി താൻ ഉണ്ടായിരുന്ന ഉന്നതനില ത്യജിച്ച ആണ്ടാൾക്ക് തുല്യയായി മറ്റാരെയും പറയാനാവില്ല. ഇങ്ങനെ തുല്യരില്ലാത്ത ആഴ്വാർമാർപോലും ആണ്ടാൾക്ക് തുല്യരല്ലെങ്കിൽ, മറ്റാർക്കാണ് അവൾക്ക് തുല്യരാകാൻ കഴിയുക?
അതുകൊണ്ടുതന്നെ ആണ്ടാളുടെ തിരുനക്ഷത്രത്തിനും തുല്യമായി മറ്റൊന്നില്ല.
പാസുരം 24
ഇരുപത്തിനാലാം പാസുരം. മറ്റ് ആഴ്വാർമാരെക്കാളും മഹത്ത്വമുള്ള ആണ്ടാളെ കൊണ്ടാടുവാൻ അദ്ദേഹം തന്റെ തിരുമനസ്സിനോട് അരുളിച്ചെയ്യുന്നു.
അഞ്ചുകുടിക് കൊരുചന്തതിയായ് * ആഴ്വാർകൾ
തഞ്ചെയലൈ വിഞ്ചിനിറ്കുന്തന്മൈയളായ് * — പിഞ്ചായ്പ്
പഴുത്താളൈയാണ്ടാലൈപ് പത്തിയുടന്നാളും *
വഴുത്തായ് മനമേ!മകിഴ്ന്തു.
ആണ്ടാൾ ആഴ്വാർമാരുടെ കുലത്തിന് ഏക അവകാശിയായി അവതരിച്ചു. ‘അഞ്ചു’ എന്നതിന് ‘അഞ്ച്’ എന്ന സംഖ്യ എന്നും ‘ഭയപ്പെടുന്നവർ’ എന്നും രണ്ട് അർത്ഥങ്ങളുണ്ട്. പഞ്ചപാണ്ഡവരുടെ ഏക അവകാശിയായി പരീക്ഷിത്ത് ഉണ്ടായിരുന്നതുപോലെ, പത്ത് ആഴ്വാർമാർക്കും ഏക അവകാശിയാണ് ആണ്ടാൾ. ഇതാണ് ആദ്യത്തെ അർത്ഥം. ഭഗവാന് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന് ഭയപ്പെടുന്ന ആഴ്വാർമാരുടെ ഏക അവകാശിയാണ് ആണ്ടാൾ എന്നതാണ് രണ്ടാമത്തെ അർത്ഥം.
പെരിയാഴ്വാർ പൂർണ്ണമായി മംഗളാശാസനം ചെയ്തു. മറ്റ് ആഴ്വാർമാർ പരമഭക്തിയുടെ അവസ്ഥയിലെത്തി. ആണ്ടാളാകട്ടെ, പെരിയാഴ്വാരെപ്പോലെ മംഗളാശാസനം ചെയ്യുകയും മറ്റ് ആഴ്വാർമാരെപ്പോലെ ഭക്തിയിൽ ഉന്നതയായി വിളങ്ങുകയും ചെയ്തു.
‘പിഞ്ചായ്പ് പഴുത്താൾ’ എന്നതിന്റെ അർത്ഥം ഇതാണ്: സാധാരണ ഒരു ചെടി ആദ്യം പൂക്കുകയും പിന്നീട് കായായി, അതിനുശേഷം പഴമായി പാകമാകുകയും ചെയ്യുന്നു. എന്നാൽ, “തിരുത്തുഴായ് മുളയ്ക്കുമ്പോഴേ സുഗന്ധം പരത്തുന്നതുപോലെ”, ആണ്ടാൾ തുടക്കത്തിൽത്തന്നെ പാകമായ ഫലംപോലെ വിളങ്ങി. അതായത്, വളരെ ചെറുപ്പത്തിൽത്തന്നെ ഉന്നതമായ ഭക്തിനിലയിൽ അവിടുന്ന് നിലകൊണ്ടു. അഞ്ചാം വയസ്സിൽത്തന്നെ ആണ്ടാൾ നാച്ചിയാർ തിരുപ്പാവൈ പാടി. നാച്ചിയാർ തിരുമൊഴിയിൽ ഭഗവാനെ പ്രാപിക്കാനുള്ള ആഗ്രഹത്താൽ അത്യന്തം ഉരുകുകയും ചെയ്തു.
മനസ്സേ! ഇങ്ങനെയുള്ള ആണ്ടാളെ ഭക്തിയോടെ എന്നും സന്തോഷപൂർവ്വം കൊണ്ടാടുക.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-23-24-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org