തിരുവായ്മൊഴി 3.3 – ഒഴിവിൽകാലം 

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

കോയിൽ തിരുവായ്മൊഴി

<< 2.10

ആഴ്വാർ ഭഗവാനോട് പ്രാർത്ഥിച്ചു, “ദയവായി അങ്ങയെ സേവിക്കുന്നതിന് വിഘാതമായി ഈ ശരീരത്തെ ഇല്ലായ്മ ചെയ്താലും” എന്ന്. അതിന് പ്രത്യുത്തരമായി ഭഗവാൻ അരുളിയത്,  “നിനക്ക് ഈ ശരീരത്തോടെ തന്നെ സേവിക്കുമാറ്, വടക്കൻ തിരുമലയിൽ(തിരുവെങ്കടം മല)നാം സന്നിഹിതനാണ്. അതിനാൽ അവിടെ വന്ന് ആസ്വദിക്കുക”. ആഴ്വാർ സന്തുഷ്ടനാകുകയും തനിക്ക് ശാശ്വതമായ കൈങ്കര്യം അരുളണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ആദ്യ പാസുരം 

സർവ്വോത്കൃഷ്ടനായ, സർവ്വാധിപനായ തിരുവേങ്കടമുടയാനെ എല്ലാവിധവും സേവിക്കുന്നതിനായി ആഴ്വാർ തന്റെ സംബന്ധികളുമായി കാത്തിരിക്കുന്നു.

ഒഴിവിൽ കാലമെല്ലാം ഉടനായ്മന്നി* 
വഴുവിലാ അടിമൈ ചെയ്യവേണ്ടുംനാം* 
തെഴികുരലരുവിത് തിരുവേങ്കടത്തു* 
എഴിൽകൊൾചോതി എന്തൈ തന്തൈ തന്തൈക്കേ

മഹാനാദം മുഴക്കുന്ന ജലപാതങ്ങളോടുകൂടിയ തിരുവേങ്കടമെന്ന തിരുമലയിൽ വസിക്കുന്നതിനാൽ സൗന്ദര്യമാർന്ന തേജോമയമായ തിരുമേനിയുള്ള നമ്മുടെ കുലനാഥന്, നാം ഇടവിടാതെ എക്കാലവും എല്ലായിടത്തും കൂടെയിരുന്ന്, എല്ലാ അവസ്ഥകളിലും വേർപിരിയാതെ നിന്ന്, ഒന്നും വിട്ടുപോകാതെ സകല കൈങ്കര്യങ്ങളും അനുഷ്ഠിക്കേണ്ടതാകുന്നു.

രണ്ടാം പാസുരം 

സർവ്വോത്കൃഷ്ടനായ ആ നാഥന്റെ സവിശേഷ ഗുണരൂപങ്ങളെ ആഴ്വാർ കരുണാപൂർവ്വം പ്രതിപാദിക്കുന്നു.

എന്തൈ തന്തൈ തന്തൈ തന്തൈ തന്തൈക്കും
മുന്തൈ* വാനവർ വാനവർകോനൊടും* 
ചിന്തുപൂ മകിഴും തിരുവേങ്കടത്ത്* 
അന്തമിൽ പുകഴ്ക് കാറെഴിലണ്ണലേ

സർവ്വോപരിയായ (ഏവരിലും ഉന്നതനായ), അനന്തകല്യാണഗുണനിധിയും കാറൊളിവർണ്ണനുമായ ഭഗവാന്റെ സാന്നിധ്യത്താൽ തിരുമല ശോഭിക്കുന്നു. അവിടുത്തെയാണ് നിത്യസൂരികൾ, അവരുടെ നായകനായ സേനൈമുതലിയാരുമൊത്ത് (വിഷ്വക്സേനർ), പൂക്കളുമായി ആരാധിക്കുന്നത്.

മൂന്നാം പാസുരം

ആഴ്വാർ പറയുന്നു: അപ്രകാരമുള്ള വിശേഷ രൂപഗുണങ്ങളുള്ള ഭഗവാൻ നിത്യസൂരികളാൽ (പരമപദ വാസികളായ ശാശ്വത മുക്താത്മാക്കളാൽ) സേവിക്കപ്പെടുന്നു.

അണ്ണൽ മായൻ അണി കൊൾ ചെന്താമരൈക് 
കണ്ണൻ* ചെങ്കനിവായ്ക് കരുമാണിക്കം* 
തെണ്ണിറൈച്ചുനൈനീർത് തിരുവേങ്കടത്തു*  
എണ്ണിൽ തൊൽ പുകഴ് വാനവറീചനേ

(തന്റെ ദിവ്യാംഗങ്ങളെ ആസ്വദിക്കുന്നവരെ ആകർഷിക്കുമാറ്) ഘനനീലനിറമാർന്ന തേജോരാശിയായ ഭഗവാൻ, തന്റെ മഹിമയെ (അതിനൊത്ത) അതിശയിപ്പിക്കുന്ന ഗുണങ്ങളാൽ പ്രകടമാക്കുന്നു. (സമ്പത്തും നിയന്ത്രണശേഷിയും പ്രകടമാക്കുന്നവിധമുള്ള) തന്റെ സൗന്ദര്യത്തെ പ്രദർശിപ്പിച്ച് പുണ്ഡരീകാക്ഷനായും ചെന്തൊണ്ടിപ്പഴമൊത്ത ചുണ്ടുകളുള്ളവനായും അവിടുന്ന് വിരാജിക്കുന്നു. തെളിച്ചത്തോടെ തിളങ്ങുന്ന ജലരാശികളുള്ള തിരുമലയിലെ തടാകങ്ങളുടെ സാമീപ്യത്താൽ (ഭഗവാന്റെ നിറത്തോട് തുല്യമായതാകയാൽ) ആ ഭഗവാന് അസംഖ്യം സ്വാഭാവിക മംഗളഗുണങ്ങളുമുണ്ട്. കൂടാതെ, അവിടുന്ന് (അപ്രകാരമുള്ള ഗുണങ്ങളെ ആസ്വദിക്കാനെത്തുന്ന) നിത്യസൂരികൾക്ക് (അവർക്ക് ആനന്ദം ഏകുകയെന്ന മഹിമയാൽ) അവരുടെ നാഥനായി നിലകൊള്ളുകയും ചെയ്യുന്നു.

നാലാം പാസുരം

ആഴ്വാർ ചോദിക്കുന്നു, “ഏറ്റവും താഴ്ന്നവനായ എന്നോട് ചേർന്ന ഭഗവാന്, മഹത്തായ ജ്ഞാനമുറ്റ നിത്യസൂരികൾക്കായി, തന്നെത്തന്നെ നല്കിയവനെന്നതിൽ എന്ത് ഖ്യാതിയാണ് ലഭിക്കാനുള്ളത്?”

ഈചൻ വാനവർക്കെമ്പൻ എന്റാൻ* അതു 
ദേചമോ തിരുവേങ്കടത്താനുക്കു* 
നീചനേൻ നിറൈവൊന്റുമിലേൻ* എൻകൺ 
പാചം വൈത്ത പരഞ്ചുടർച്ചോതിക്കേ

ഞാൻ പറയും, ഭഗവാൻ നിത്യസൂരികൾക്ക് നിയന്താവും നായകനുമാണ് എന്ന്. ഞാൻ അങ്ങനെ പറയുന്നത് എന്തെങ്കിലും വലിയ കാര്യമാണോ? (അല്ല, കാരണം) അവിടുന്ന് (തന്റെ ലാളിത്യം പ്രകടിപ്പിച്ച്) തിരുമലൈയിൽ ശാശ്വതവാസിയും പൂർണ്ണ ചൈതന്യത്തോടെ തേജോരൂപം സ്വീകരിച്ചും എന്നിൽ തന്റെ അളവറ്റ പ്രേമം സമർപ്പിച്ചും ഇരിക്കുന്നുവല്ലോ. (ഞാനാകട്ടെ, എല്ലാ മംഗളഗുണവും തികഞ്ഞ ഭഗവാന് നേർവിപരീതമായി എല്ലാ തിന്മകളുടെയും മൂർത്തരൂപവും) ആകെ (അമംഗളഗുണങ്ങളാൽ) പതിതനും ആണ്. കൂടാതെ, (മംഗളഗുണങ്ങളാൽ ആർജ്ജിക്കേണ്ടുന്ന) പരിപൂർണ്ണതകളില്ലാത്തവനും ആകുന്നുവല്ലോ. 

അഞ്ചാം പാസുരം 

ആഴ്വാർ പറയുന്നു, “അവിടുന്ന് കേവലം ശീലവാൻ (സാധാരണ നിലയ്ക്ക് നല്ല ഗുണങ്ങളുള്ളവൻ) ആണോ? കേവലത്വത്തിന് മേൽ പൂർണ്ണമായും ആസ്വാദ്യനുമാണ് ഭഗവാൻ. അവിടുത്തെ, സർവ്വേശ്വരനെന്ന് (ഏവരുടെയും നാഥനെന്ന്) വാഴ്ത്തുന്നത് അവിടുത്തെ മഹിമയെ വർദ്ധിപ്പിക്കുന്നതാണോ?”

ചോതിയാകി എല്ലാവുലകും തൊഴും* 
ആതി മൂർത്തിയെന്റാൽ അളവാകുമോ?* 
വേതിയർ മുഴു വേതത്തമുതത്തൈ*
തീതിൽ ചീർത് തിരുവേങ്കടത്താനൈയേ

വൈദികരുടെ വേദഗ്രന്ഥങ്ങളിലെല്ലാം തിരുവെങ്കടമുടയാനെ (ഭഗവാനെ)ക്കുറിച്ച്  (ആനന്ദോ ബ്രഹ്മ / പരബ്രഹ്മം ആനന്ദം എന്നും, രസോ വൈ സ: / അവൻ എല്ലാ ഗുണങ്ങളാലും നിറഞ്ഞിരിക്കുന്നു എന്നും, ഐതരേയോപനിഷത്തിൽ വെളിപ്പെടുന്നത് പോലെ) എല്ലാ ആസ്വാദ്യഗുണങ്ങളും നിറഞ്ഞിരിക്കുന്നവനെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ ഭഗവാൻ (ആസ്വാദകന്റെ യോഗ്യത പരിഗണിച്ച് മാധുര്യം പകരുകയെന്ന വിധത്തിലുള്ള) യാതൊരു കുറവും കൂടാതെ, സർവ്വകാരണനായ സർവ്വേശ്വരനെന്ന നിലയ്ക്ക് ഭേദമില്ലാതെ ഏവർക്കും (അവരുടെ മഹിമയോ മറ്റോ പരിഗണിക്കാതെ) ആരാധ്യനായി കല്യാണഗുണങ്ങളോടെ (താഴ്ന്നവർക്കും കുരങ്ങുകൾക്കും വേട്ടക്കാർക്കും പോലും സന്തോഷം പകർന്ന്) പ്രത്യക്ഷമായിരിക്കുന്നു. അതിൽ പ്രത്യേകിച്ച് മഹിമയുണ്ടോ? അതായത്, അവിടുത്തെ പരമോന്നതത്വവും സർവ്വാശ്രയത്വവും അവിടുത്തെ ലാളിത്യത്തോടോ മാധുര്യത്തോടോ ചേരുന്നതേ അല്ല.

ആറാം പാസുരം 

പ്രതികൂല ഘടകങ്ങളെ നിവാരണം ചെയ്ത് കഴിഞ്ഞാൽ ആർജ്ജിക്കപ്പെടുന്ന ആനന്ദാനുഭവത്തിലേക്ക് നയിക്കുന്ന ഭഗവദ് ശരണാഗതിയുടെ എളുപ്പമായ സ്വഭാവം സകരുണം വിശദമാക്കുന്നു.

വേങ്കടങ്കൾ മെയ്മ്മേൽ വിനൈ മുറ്റവും* 
താങ്കൾ തങ്കട്കു നല്ലനവേ ചെയ്വാർ* 
വേങ്കടത്തുറൈവാർക്കു നാമവെന്നൽ
ആം കടമൈ* അതുചുമന്താർകട്കേ

തിരുമലയിൽ ശാശ്വതവാസിയായ ഭഗവാന്, “നമഃ” എന്ന ശബ്ദത്തെ ശിരസ്സിൽ ചുമന്നവർക്ക് (അത് അവരുടെ യോഗ്യതയെ കൂട്ടുകയാൽ) അവരുടെ പൂർവ്വകർമ്മങ്ങളായ പാപങ്ങളും, ഇനി വരാൻ പോകുന്ന ഭാവികർമ്മങ്ങളും, ഭസ്മമായി പോകുന്നു എന്നത് സത്യമാണ്. കാരണം, ഭഗവാനെ ശരണം പ്രാപിക്കുകയാൽ പ്രതികൂലമായവ സ്വയം ഇല്ലാതാകുന്നു. അതിനാൽ, അവർ മേലിൽ അവരുടെ യഥാർത്ഥ സത്തയ്ക്ക് (ആത്മാവെന്ന ബോധത്തിന്) നിരക്കുന്ന ഭഗവദ് അനുഭവത്തിൽ മാത്രമേ ഏർപ്പെടുകയുള്ളൂ.

ഏഴാം പാസുരം 

മുൻപാസുരത്തിൽ പരാമർശിച്ചത് പ്രകാരം തന്നെ, ശരണാഗതിയുടെ ഫലമെന്ന വിധം തിരുമലൈയിൽ വസിക്കുന്നവർക്ക് അത് തന്നെ ആത്യന്തികമായ സാമ്യാപത്തിയെ (അഷ്ടഗുണങ്ങളാലും ഭഗവാന് സാമ്യമായ അവസ്ഥ) നൽകും എന്ന് ആഴ്വാർ അരുളുന്നു.

ചുമന്തു മാമലർ നീർ ചുടർ തൂപം കൊണ്ടു*  
അമർന്തു വാനവർ വാനവർ കോനൊടും* 
നമന്റെഴും തിരുവേങ്കടം നങ്കട്ക്കു*
ചമൻ കൊൾ വീടു തരും തടങ്കുന്റമേ

സംശുദ്ധമായ ജലവും അതിദുർലഭമായ കുസുമങ്ങളും സവിശേഷ ധൂപ ദീപങ്ങളുമേന്തി നായകനായ സേനൈമുതലിയാരൊത്ത് (വിഷ്വക്സേനർ) വരുന്ന നിത്യസൂരികൾ അനന്യപ്രയോജനത്വത്തോടെ (മറ്റൊരു ഉദ്ദേശ്യമില്ലാത്ത, ഭൗതികാനുഗ്രഹ തല്പരരല്ലാത്ത വിധത്തിൽ) തിരുവേങ്കടമെന്ന വിശാലമായ (ശ്രീമഹാലക്ഷ്മിയോടൊത്ത് ഇരിക്കുകയാൽ വികാരമാറ്റം വരുത്തുന്നതായ മലയായ) തിരുമലയെ നമസ്കരിച്ച് (പൂർണ്ണ ശരണാഗതിയെ/പാരതന്ത്ര്യത്തെ സൂചിപ്പിക്കുന്നതാണ് അത്) കൃതാർത്ഥരാകുന്നു (സ്വന്തം പ്രകൃതിയെ തിരിച്ചറിയുന്നു / സാക്ഷാത്കാരം നേടുന്നു). ആ തിരുമല (ലക്ഷ്യത്തിൽ തല്പരരായ) നമുക്കും പരമസാമ്യാപത്തിയിലേക്ക് (അഷ്ടഗുണങ്ങളാലും ഭഗവദ് സമത്വം) നയിക്കുന്ന മോക്ഷാനന്ദം കനിഞ്ഞ് നല്കും.

എട്ടാം പാസുരം 

ആഴ്വാർ പറയുന്നു: ആ തിരുമലയെ അനുഭവിക്കുമ്പോൾ ലക്ഷ്യത്തിലേക്കുള്ള തടസ്സങ്ങൾ സ്വാഭാവികമായും ഇല്ലാതാകുന്നു.

കുന്റമേന്തിക് കുളിർ മഴൈ കാത്തവൻ* 
അന്റുഞാലം അളന്ത പിരാൻ* പരൻ 
ചെന്റു ചേർ തിരുവേങ്കട മാമലൈ* 
ഒന്റുമേ തൊഴ നം വിനൈ ഓയുമേ

(ഗോക്കളെയും ഗോകുലത്തെയും പ്രയാസപ്പെടുത്തിയ) വർഷപാതത്തിൽ നിന്ന് രക്ഷയേകാൻ കുന്നേന്തിയ, പണ്ട് രക്ഷിതാവായി (മഹാബലിയിൽ നിന്ന് ഭൂമിയെ തിരികെ നേടിത്തന്ന) ഭൂമിയെ അളന്ന, ആ പരമപ്രഭു, ദിവ്യമാമലയായ തിരുവേങ്കടത്ത് ചെന്നെത്തി. അതിനെ (ആ ദിവ്യമലയെ) ആസ്വദിച്ചാൽ തന്നെ (ദേശികനെ / നായകനെ സമീപിക്കുക മുതലായ മറ്റ് നിയമങ്ങളേതുമില്ലാതെ തന്നെ) നമുക്ക് പാപാദികളായ തടസ്സങ്ങൾ (നാഥനെ പ്രാപിക്കുന്നതിലുള്ളവ) സ്വാഭാവികമായി അപ്രത്യക്ഷമാകുന്നു.

ഒമ്പതാം പാസുരം 

ആഴ്വാർ പറയുന്നു: ദേശികനായ (നായകനായ) ഭഗവാന് വിഘ്നങ്ങളെ ഇല്ലാതാക്കാനുള്ള ശേഷി, അവിടുന്ന് തിരുമല എന്ന ഈ ദിവ്യദേശത്തോടുള്ള സംബന്ധം മൂലമാകുന്നു.

ഓയും മൂപ്പുപ് പിറപ്പു ഇറപ്പുപ്പിണി* 
വീയുമാറു ചെയ്വാൻ തിരുവേങ്കടത്ത് 
ആയൻ* നാൾമലരാം അടിത്താമരൈ* 
വായുള്ളും മനത്തുള്ളും വൈപ്പാർക്കട്കേ

തിരുവേങ്കട വാസനായ ശ്രീകൃഷ്ണൻ തന്നെയാണ്, തന്റെ തളിർപ്പാദങ്ങളെ (നവകുസുമസമമായവയെ) വാക്കിലും മനസ്സിലും ചേർത്തവർക്ക് അവരുടെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമായ (ശാരീരികമായ പ്രയാസമുളവാക്കുന്ന വിധമുള്ള) വാർദ്ധക്യം, പിറവി, നാശം, രോഗം എന്നിവയെ ഇല്ലാതാക്കുന്നത്.

പത്താം പാസുരം 

ആഴ്വാർ സ്വജനത്തോട് പറയുന്നു, പൂർണ്ണമായും ആസ്വാദനക്ഷമമായ തിരുമലയെ ആത്യന്തിക ലക്ഷ്യമായി സ്വീകരിക്കുക.

വൈത്ത നാൾ വരൈ എല്ലൈ കുറുകിച്ചെന്രു* 
എയ്ത്തിളൈപ്പതൻ മുന്നം അടൈമിനോ* 
പൈത്തപാമ്പണൈയാൻ തിരുവേങ്കടം* 
മൊയ്ത്ത ചോലൈ മൊയ്പൂന്തടം താഴ്വരേ

തിരുമല അതിന് വിടർന്ന ഫണങ്ങളുള്ള സർവ്വേശ്വരന്റെ തല്പമായ അനന്തനോടുള്ള (ആദിശേഷൻ) രൂപസാമ്യത്താൽ വാഴ്ത്തപ്പെടുന്നു. ആ തിരുമലയുടെ താഴ്വാരത്തിലെ മലകളും സുന്ദരസൂനങ്ങളാർന്ന ഉദ്യാനങ്ങളുള്ളതാണ്. ഇന്ദ്രിയങ്ങൾ മങ്ങുന്നതിന് മുമ്പേ, (അങ്ങനെ) ഹൃദയം മരിക്കുന്നതിന് മുമ്പേ, നിങ്ങളുടെ നിർദ്ദിഷ്ടജീവിതാവധിയുടെ അന്ത്യം സമീപിക്കുന്നതിന് മുന്നേ, ആ ദിവ്യമായ തിരുപ്പതിയുടെ പാദമലകളിലേക്ക് ചെല്ലുക.

പതിനൊന്നാം പാസുരം 

കൈങ്കര്യ സമ്പത്ത് ആർജ്ജിക്കുന്നതിനെ ഇതിന്റെ ഫലമായി ആഴ്വാർ വിശദമാക്കുന്നു.

താൾ പരപ്പി മൺ താവിയ ഈചനൈ* 
നീൾ പൊഴിൽ കുരുകൂർച്ചഠകോപൻ ചൊൽ* 
കേഴിലായിരത്തു ഇപ്പത്തും വല്ലവർ* 
വാഴ്വർവാഴ്വെയ്തി ഞാലം പുകഴവേ

തന്റെ ദിവ്യപാദങ്ങളെ പരത്തി ഭൂമിയെ അളന്ന സർവ്വേശ്വരനെക്കുറിച്ച് ഉന്നതോദ്യാനങ്ങളുള്ള ആഴ്വാർതിരുനഗരിയിലെ നായകനായ നമ്മാഴ്വാർ (കുരുകൂറിലെ ശഠകോപൻ) സദയം ഈ ആയിരം പാസുരത്തിൽ പരാമർശിക്കുന്നു. ഈ ദശകത്തെയും (അർത്ഥചിന്തനത്തോടെ) വായിക്കുന്നവർക്ക് (ആഴ്വാർ പ്രാർത്ഥിച്ച പ്രകാരമുള്ള) കൈങ്കര്യമെന്ന സ്തുത്യർഹമായ സമ്പത്ത് ആർജ്ജിക്കാം. മുഴുലോകത്താലും വാഴ്ത്തപ്പെട്ട് (ആ ദാസ്യഭാവത്തോടെ) ജീവിക്കാം.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-3-3-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org