ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
<< 1.2

ഭഗവാന് പ്രിയങ്കരമായ കൈങ്കര്യം (ഭഗവദ് സേവനം) ചെയ്യുന്നതിനായി ആഴ്വാർ ആഗ്രഹിച്ചു. ഭഗവാൻ, തെക്കൻ തിരുമല എന്നറിയപ്പെടുന്ന തിരുമാലിരുഞ്ചോലൈയെക്കുറിച്ച് ആലോചിച്ച് അവിടെ ആഴ്വാർക്ക് തന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും “നാം ഇവിടെ നിനക്കായി വന്നിരിക്കുന്നു, നിനക്ക് ഇവിടെ വന്ന് എനിക്കുള്ള എല്ലാ കൈങ്കര്യങ്ങളും ചെയ്യാം” എന്ന് പറയുകയും ചെയ്തു. ഇത് കേട്ട് ആഴ്വാർ തിരുമലയുടെ മഹിമ ആസ്വദിച്ച് ആനന്ദിച്ചു.
ആദ്യപാസുരം
ആഴ്വാർ അരുളുന്നു: അളവില്ലാത്ത തേജസ്സോടെയുള്ള, സർവ്വേശ്വരന്റെ തിരുമാലിരുഞ്ചോലൈ തന്നെയാണ് ലക്ഷ്യം.
കിളരൊളിയിളമൈ കെടുവതൻമുന്നം*
വളരൊളിമായോൻ മരുവിയകോയിൽ*
വളരിളംപൊഴിൽചൂഴ് മാലിരുഞ്ചോലൈ*
തളർവിലരാകിൽ ചാർവത് ചതിരേ
തിരുമാലിരുഞ്ചോലൈ എന്ന തിരുമല, വളരുന്ന നവോദ്യാനങ്ങളാൽ ചുറ്റപ്പെട്ട്, വർദ്ധിത ശോഭയുള്ള സർവ്വേശ്വരന്റെ ദിവ്യധാമമാകുന്നു. അത്ഭുതകരമായ ശേഷികളുള്ള ഭഗവാൻ (അവന്റെ ശോഭ ഇവിടെ ഭക്തർക്കായി അവതരിച്ചതോടെ വർദ്ധിതമായി) ഇവിടെ സ്ഥായിയായി നിലനിൽക്കുന്നു. അതിനാൽ, യൗവനത്തിൽത്തന്നെ ജ്ഞാനത്തിന്റെ തികവിനായും തേജസ്സിനായും ദുഃഖമുക്തിക്കായും എത്തിച്ചേരേണ്ട ഉത്തമസ്ഥാനമാകുന്നു ഈ തിരുമല.
രണ്ടാം പാസുരം
“അഴകരുടെ” തിരുമലയുള്ള ഈ ദിവ്യദേശത്തെ അനുഭവിക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യം. (അഴകർ എന്നത് ഭഗവാന്റെ വിശേഷണം)
ചതിരിളമടവാർ താഴ്ച്ചിയൈമതിയാതു*
അതിർകുരൽ ചങ്കത്ത് അഴകർതംകോയിൽ*
മതിതവഴ്കുടുമി മാലിരുഞ്ചോലൈ*
പതിയതുഏത്തി എഴുവതുപയനേ
മറ്റുള്ളവരെ മയക്കുന്ന വാക്കുകളും പ്രവർത്തികളുമുള്ള ബുദ്ധിശാലികളായ യുവ സൗന്ദര്യധാമങ്ങളാൽ ഒരുവൻ ആകൃഷ്ടനാകരുത്, പകരം, തിരുമാലിരുഞ്ചോലൈയെ വാഴ്ത്തി ഉയരുകയാകണം ഒരുവന്റെ ലക്ഷ്യം. ചന്ദ്രനെത്തൊടും വിധമുള്ള ഉന്നത ശൃംഗങ്ങളുള്ള ഈ തിരുമാലിരുഞ്ചോലൈയല്ലോ അഴകരെന്ന ഭഗവാന്റെ ദിവ്യമായ ഗിരി ധാമം. പാഞ്ചജന്യം ഊതുന്നതിനാൽ അഴകർക്ക് അതിരറ്റ അഴക് കൈവരുന്നു.
ഈ പാസുരം ആഴ്വാർ തന്റെ മനസ്സിനോട് അഥവാ ഹൃദയത്തോടായി പറഞ്ഞതാണ്.
മൂന്നാം പാസുരം
പരമോദാരനിധിയായ ഭഗവാൻ വാഴുന്ന തിരുമലയ്ക്കടുത്ത ഗിരിയെ ആശിക്കലാണ് ലക്ഷ്യം.
പയനല്ലചെയ്തു പയനില്ലൈനെഞ്ചേ!*
പുയൽമഴൈവണ്ണർ പുരിന്തുറൈക്കോയിൽ*
മയൽമികുപൊഴിൽചൂഴ് മാലിരുഞ്ചോലൈ*
അയൽമലൈയടൈവതു അതുകരുമമേ
മനമേ, നിഷ്പ്രയോജനകരമായ കർമ്മങ്ങൾ ചെയ്തിട്ട് കാര്യമില്ല. ചാറ്റലും തുള്ളികളുമായി ജലത്തെ ശേഖരിച്ച്, കരയോ കടലോ എന്ന ഭേദമില്ലാതെ വർഷിക്കുന്ന കാർമേഘം പോലെയാണ് ഭഗവാൻ. അവിടുന്ന് വളരെ സൗഹാർദ്ദ ഭാവത്തിൽ, ആകർഷണീയമായ ഉദ്യാനങ്ങളുള്ള മനോഹരമായ മാലിരുഞ്ചോലൈയിൽ ശാശ്വതധാമമാക്കി വസിക്കുന്നു. അതിനടുത്തുള്ള ഒരു മലയിലെങ്കിലും എത്തിച്ചേരുക എന്നത് (ആത്മാവിന്റെ) സ്വാഭാവിക പ്രവർത്തനം പോലെ ചെയ്യപ്പെടേണ്ടതാണ്.
നാലാം പാസുരം
ആഴ്വാർ പറയുന്നു: ബൃഹത്തായ ഉദ്യാനങ്ങളാൽ ചുറ്റപ്പെട്ട, രക്ഷകന്റെ തിരുമലൈ ധാമത്തിലെത്തുക എന്നത് (ഭക്തർക്ക്) ഉത്തമ ഗതിയാണ്.
കരുമവൻപാചം കഴിത്തുഴന്റുയ്യവേ*
പെരുമലൈയെടുത്താൻ പീടുറൈക്കോയിൽ*
വരുമഴൈതവഴും മാലിരുഞ്ചോലൈ*
തിരുമലൈയതുവേ അടൈവതുതിറമേ
ബൃഹത്തായ ഗോവർദ്ധന ഗിരിയെ ഉയർത്തി, ഗോപീ ഗോപന്മാരെ രക്ഷിച്ച ഭഗവാൻ ഇവിടെ, ഒഴുകുന്ന ഘനമേഘങ്ങളെ സ്പർശിക്കുന്നത്ര ഉന്നതവും വിശാലവുമായ ഉദ്യാനങ്ങളുള്ള ദിവ്യധാമമായ മാലിരുഞ്ചോലൈയിൽ, തന്റെ തേജസ്സ് പ്രകടമാക്കിക്കൊണ്ട്, ശാശ്വതമായി വസിക്കുന്നു. ഒഴിവാക്കാൻ പ്രയാസമേറിയ കർമബന്ധനങ്ങളെ നിവാരണം ചെയ്യാനും ജീവാത്മാക്കളുടെ സേവനം സ്വീകരിക്കാനുമാണ് അവിടുന്ന് ഇവിടെ വസിക്കുന്നത്. അതിനാൽ ആ തിരുമലയിൽ എത്തിച്ചേരുക തന്നെയാണ് (ഏവരാലും) ചെയ്യപ്പെടേണ്ടത്.
അഞ്ചാം പാസുരം
ആഴ്വാർ പറയുന്നു: ഭക്തരക്ഷയ്ക്കായി ചക്രപാണിയായി ഭഗവാൻ സ്ഥിതിചെയ്യുന്ന തിരുമലയിൽ നിന്ന് മാറി അതിന്റെ പ്രാന്തങ്ങളിലുള്ള ഏതെങ്കിലും മലയെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം.
തിറമുടൈവലത്താൽ തീവിനൈപെരുക്കാതു*
അറമുയലാഴിപ് പടൈയവൻകോയിൽ*
മറുവിൽവൺചുനൈചൂഴ് മാലിരുഞ്ചോലൈ*
പുറമലൈചാരപ് പോവതുകിറിയേ
തന്റെ പലതരം ശേഷികളാൽ (നിഷിദ്ധ കർമ്മാചരണം ആദിയായ) ഘോരമായ അകൃത്യങ്ങൾ നടത്താതെ, (ഭക്തരക്ഷ മുതലായവയ്ക്കായി) സദ് കർമ്മങ്ങൾക്കായി ദിവ്യചക്രം ധരിച്ച അഴകന്റെ സകലാർത്ഥപ്രദവും നിർമ്മല തടാകങ്ങളാൽ ശോഭിതവുമായ മാലിരുഞ്ചോലൈക്ക് വെളിയിലുള്ള ഏതെങ്കിലും മലയെ സമീപിക്കുന്നതാണ് ഉചിതം.
ആറാം പാസുരം
ആഴ്വാർ പറയുന്നു: ഭക്താധീനനായ ഭഗവാന്റെ, തിരുമലൈയിലേക്കുള്ള വഴിയെക്കുറിച്ച് നിനയ്ക്കുന്നത് പോലും, അതിൽ തന്നെ, ശ്രേഷ്ഠമത്രെ.
കിറിയെനനിനൈമിൻ കീഴ്മൈചെയ്യാതേ*
ഉറിയമർവെണ്ണെയ് ഉണ്ടവൻകോയിൽ*
മറിയൊടുപിണൈചേർ മാലിരുഞ്ചോലൈ*
നെറിപടഅതുവേ നിനൈവതുനലമേ*
സുരക്ഷിതമായി തൂക്കിയിട്ട കയറിൽ നിന്ന് വെണ്ണയുണ്ട കണ്ണന്റെ കോവിലാണ് മാലിരുഞ്ചോലൈ. കുഞ്ഞുങ്ങളുമായി ചേർന്ന മാൻപേടകളുള്ള ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ധ്യാനിക്കുന്നത് തന്നെയാണ് (ലൗകിക ഭോഗാദികളായ) താഴ്ന്ന തലങ്ങളേക്കാൾ ശുഭകരം.
ഏഴാം പാസുരം
പ്രളയകാലത്ത് അഭയമാകുന്ന ഭഗവാന്റെ ധാമമായ തിരുമലയിൽ അഭിനിവേശം ഉണ്ടാകുന്നത് തന്നെ സർവ്വോത്തമം എന്ന് ആഴ്വാർ പറയുന്നു.
നലമെനനിനൈമിൻ നരകഴുന്താതേ*
നിലമുനമിടന്താൻ നീടുറൈകോയിൽ*
മലമറുമതിചേർ മാലിരുഞ്ചോലൈ*
വലമുറൈയെയ്തി മരുവുതൽവലമേ
(ഗിരിശൃംഗങ്ങളിൽ തട്ടിയിട്ട്) കളങ്കമേശാത്ത ചന്ദ്രനെ ദർശിക്കാവുന്ന തിരുമലയിലെ ഭഗവാനോട് അനുകൂലമായ ബന്ധം നേടുകയെന്നത് തന്നെ (ശേഷ-ശേഷീ ബന്ധം അഥവാ ദാസ-യജമാന ഭാവം) ബുദ്ധിയുള്ളവർ ലക്ഷ്യമാക്കേണ്ടതാണ്. സംസാരമെന്ന (ഭൗതിക ലോകം) ഈ നരകത്തിൽ ആഴ്ന്നുപോകുന്നതിലും ഇത് നിങ്ങൾക്ക് അഭിലഷണീയം. ഈ തിരുമല പണ്ട് പ്രളയത്തിൽ ഭൂമിയെ ഉയർത്തിയ (വരാഹ അവതാരം ചെയ്ത) ഭഗവാന്റെ ശാശ്വതവാസസ്ഥലമല്ലോ.
എട്ടാം പാസുരം
തന്റെ ഭക്തർക്ക് അനുകൂലിയായി സദാവർത്തിക്കുന്ന ശ്രീകൃഷ്ണന്റെ നിവാസസ്ഥലമായ തിരുമലയിൽവച്ച്, ഭഗവദ്-അനുകൂല ഭാവമുണ്ടാകുക എന്നത് ആത്മാവിന്റെ സ്വാഭാവിക വാസനയാകുന്നു എന്ന് ആഴ്വാർ പറയുന്നു.
വലഞ്ചെയ്തുവൈകൽ വലങ്കഴിയാതേ*
വലഞ്ചെയ്യും ആയമായവൻകോയിൽ*
വലഞ്ചെയ്യും വാനോർ മാലിരുഞ്ചോലൈ*
വലഞ്ചെയ്തു നാളും മരുവുതൽ വഴക്കേ
ഭക്തപരാധീനനായിരിക്കുന്ന അത്ഭുതമൂർത്തിയായ ശ്രീകൃഷ്ണന്റെ ദിവ്യധാമമത്രേ തിരുമല. പരമപദത്തിലെ നിത്യസൂരികളാൽ ആ തിരുമല സദാ ആനുകൂല്യഭാവത്തിൽ സേവിതമായിരിക്കുന്നു. ലൗകിക വിഷയങ്ങളിൽ ശക്തിക്ഷയിപ്പിക്കാതെ, സദാ ഭഗവാനോടൊത്ത് വാഴുകയെന്നതും ആ തിരുമലയെ പ്രദക്ഷിണാദികൾ ചെയ്ത് സേവിക്കുകയെന്നതും അതിനായി ഇന്ദ്രിയങ്ങളെ നിയോഗിക്കുക എന്നതും ആത്മാവിന് യോഗ്യമായ പ്രവൃത്തിയത്രേ.
ഒമ്പതാം പാസുരം
ആഴ്വാർ പറയുന്നു: പൂതനയെ വധിച്ച ഭഗവാന്റെ ദിവ്യധാമത്തെ ഞാൻ ആരാധിക്കും എന്ന ഉറച്ച ചിന്ത തന്നെയാണ് വിജയഹേതു.
വഴക്കെനനിനൈമിൻ വൽവിനൈമൂഴ്കാതു*
അഴക്കൊടിയട്ടാൻ അമർപെരുങ്കോയിൽ*
മഴക്കളിറ്റിനംചേർ മാലിരുഞ്ചോലൈ*
തൊഴക്കരുതുവതേ തുണിവതുചൂതേ
ആനക്കുട്ടികൾ കൂട്ടമായി എത്തുന്നതായ തിരുമലയിലെ ബൃഹത്തായ ക്ഷേത്രത്തിൽ (പൂതനയെന്ന) അസുരസ്ത്രീയെ ഹനിച്ച ആ ഭഗവാന് ആരാധന ചെയ്യുക എന്ന ചിന്തതന്നെയാണ് അതിശക്തമായ പാപസഞ്ചയങ്ങളിൽ മുങ്ങാതെ (സംസാരബന്ധനത്തിൽ നിന്ന്) വിജയം തരുന്നത്.
പത്താം പാസുരം
വൈദിക ജ്ഞാനത്തിന്റെ പ്രചാരകനായ ഭഗവാന്റെ ധാമമായ തിരുമലയിലെത്തുക എന്നത് തന്നെയാണ് ശരിയായ ലക്ഷ്യം എന്നത്രെ ആഴ്വാർ ഉപസംഹരിക്കുന്നത്.
ചൂതെന്റു കളവും ചൂതും ചെയ്യാതേ*
വേദമുൻ വിരിത്താൻ വിരുമ്പിയ കോയിൽ*
മാതുറു മയിൽ ചേർ മാലിരുഞ്ചോലൈ*
പോതവിഴ് മലൈയേ പുകുവതുപൊരുളേ
(ഇര ആറിയാത്ത) മോഷണവും (കണ്മുന്നിലുള്ള) പിടിച്ചുപറിയും ആണ് ധനം ആർജ്ജിക്കാനുള്ള ലളിതമായ വഴിയെന്ന് കരുതാതെ, അത്തരം പ്രവൃത്തികളിൽ ഏർപ്പെടാതെ തിരുമല പ്രാപിക്കുകയെന്നത് തന്നെ ലക്ഷ്യമാക്കണം. പൂർവ്വകാലത്ത് വേദതത്വങ്ങളെ (ഗീതയിലൂടെയും മറ്റും) വിശദീകരിച്ച ഭഗവാന്റെ ആനന്ദധാമമാണ് തിരുമല. വിടർന്ന പൂക്കളും വിശാലവും ഉന്നതവുമായ പൂന്തോട്ടങ്ങളിൽ മൃദുവായ (മാതുറു) മയിലുകളും വിഹരിക്കുന്ന ഇടമാണ് ഇത് (മാതുറു എന്നതിന് ഇണയൊത്ത് നിൽക്കുന്ന ആൺ മയിലുകളെന്ന അർത്ഥവും ഉണ്ട്).
പതിനൊന്നാം പാസുരം
ആഴ്വാർ പറയുന്നു: ഈ തിരുവായ്മൊഴി ദശകം തന്നെ പഠിക്കുന്നവരുടെ ലൗകിക തലത്തിലുള്ള ബന്ധനങ്ങളെ ഇല്ലാതാക്കി, അവരെ അഴകരുടെ ദിവ്യചരണങ്ങളിൽ യോജിപ്പിക്കും.
പൊരുളെന്റു ഇവ്വുലകം പടൈത്തവൻ പുകഴ്മേൽ*
മരുളിൽ വൺകുരുകൂർ വൺചഠകോപൻ*
തെരുൾ കൊള്ളച്ചൊന്ന ഓരായിരത്തുൾ ഇപ്പത്തു*
അരുളുടൈയവൻതാൾ അണൈവിക്കുംമുടിത്തേ
ലോകസ്രഷ്ടാവായ ഭഗവാന്റെ (ദയ, ക്ഷമ, ഔദാര്യാദികളായ) ഭക്തസൗഹാർദ്ദപരമായ ഗുണങ്ങളെ സ്തുതിച്ചുകൊണ്ടുള്ള, ആയിരത്തിലെ ഈ ദശകത്തിൽ, അജ്ഞാനമുക്തനും, ഔദാര്യനിധിയുമായ, ശഠകോപനെന്ന ആഴ്വാർതിരുനഗരിയുടെ നായകൻ സദയം, ജീവാത്മാക്കളുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി. ഈ ദശകം തന്നെ സംസാരം (ലൗകിക ബന്ധനം) ഇല്ലാതാക്കി, കരുണാനിധിയായ അഴകരുടെ ദിവ്യപാദങ്ങളിലെത്താൻ സഹായിക്കും.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-2-10-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള് – https://pillai.koyil.org