ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 25 – 26

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< പാസുരം 23-24

പാസുരം 25

ഇരുപത്തിയഞ്ചാം പാസുരം. മാമുനികൾ ഈ പാസുരവും അടുത്ത പാസുരവും ചേർത്ത് മധുരകവി ആഴ്വാരുടെ വൈഭവം അരുളിച്ചെയ്യുന്നു. ഈ പാസുരത്തിൽ, മധുരകവി ആഴ്വാർ അവതരിച്ച ചിത്തിര മാസത്തിലെ ചിത്തിര നാൾ, മറ്റു ആഴ്വാർമാരുടെ തിരുവവതാര നാളുകളെക്കാൾ മഹത്വമുള്ളതാണെന്ന് തന്റെ തിരുവുള്ളത്തോട് ആരാഞ്ഞറിയാൻ പറയുന്നു.

ഏരാർ മതുരകവി ഇവ്വുലകിൽ വന്തുതിത്ത * 
ചീരാരും ചിത്തിരൈയിൽ ചിത്തിരൈ നാൾ * — പാരുലകിൽ 
മറ്റുളളവാഴ്വാർകൾ വന്തുതിത്ത നാൾകളിലും * 
ഉറ്റതെമക്കെന്റു നെഞ്ചേയോർ.

മനസ്സേ! മഹത്വം നിറഞ്ഞ മധുരകവി ആഴ്വാർ ഈ ലോകത്തിൽ അവതരിച്ച, ശ്രേഷ്ഠമായ ചിത്തിര മാസത്തിലെ ചിത്തിര നാൾ, ഈ ഭൂമിയിൽ അവതരിച്ച മറ്റു ആഴ്വാർമാരുടെ തിരുവവതാര നാളുകളെക്കാളും നമ്മുടെ സ്വരൂപത്തിന് യോജിച്ചതാണെന്ന് ആരാഞ്ഞറിയുക.

മധുരകവി ആഴ്വാരുടെ തനതായ മഹത്വത്തെ പിള്ളൈ ലോകാചാര്യർ ശ്രീവചനഭൂഷണ ദിവ്യശാസ്ത്രത്തിൽ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. മറ്റു ആഴ്വാർമാർ, എമ്പെരുമാനെ എന്ന് പ്രാപിച്ച് അനുഭവിക്കാനാകും എന്ന് ആഗ്രഹിച്ച സമയത്ത് ദുഃഖത്തോടെയും, മനസ്സുകൊണ്ട് അവനെ അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച സമയത്ത് ആനന്ദത്തോടെയും അരുളിച്ചെയ്തു.

എന്നാൽ മധുരകവി ആഴ്വാർ തന്റെ ആചാര്യനായ നമ്മാഴ്വാർ തന്നെയാണ് തനിക്ക് എല്ലാം എന്ന നിലയിൽ ആചാര്യകൈങ്കര്യത്തിൽ മുഴുകിയിരുന്നു. അതിനാൽ അദ്ദേഹം ഈ ലോകത്തിൽ എപ്പോഴും ആനന്ദത്തോടെ കഴിയുകയും, അതുതന്നെ പറഞ്ഞ് അനുഭവിക്കുകയും, മറ്റുള്ളവർക്കും ഉപദേശിക്കുകയും ചെയ്തു. ഈ മഹത്വം മറ്റാർക്കുമില്ല.

“ചീരാരും ചിത്തിരൈയിൽ ചിത്തിരൈ നാൾ” എന്നതിലെ “ചീർമൈ” ചിത്തിര മാസത്തിനും ചിത്തിര നക്ഷത്രത്തിനും ഒരുപോലെ ചേരുന്നതാണ്.

നമ്മുടെ സ്വരൂപം എന്നത് ആചാര്യന്റെ കൃപയെ പ്രതീക്ഷിച്ചിരിക്കുന്നതാണ്. അതിനോട് യോജിച്ചതാണ് മധുരകവി ആഴ്വാരുടെ ഈ നില.

പാസുരം 26

ഇരുപത്തിയാറാം പാസുരം. ആഴ്വാർമാരുടെ അരുളിച്ചെയലുകളുടെ അർത്ഥങ്ങൾ നിർണ്ണയിച്ചു നൽകിയ ആചാര്യന്മാർ, മധുരകവിയാഴ്വാരുടെ ദിവ്യപ്രബന്ധത്തിന്റെ മഹിമയെ ആരാഞ്ഞറിഞ്ഞ് അതിനെ അരുളിച്ചെയലുകളുടെ മധ്യത്തിൽ ചേർത്തുവെച്ചതിനെ ഒരു ഉദാഹരണത്തിലൂടെ മാമുനികൾ വിശദീകരിക്കുന്നു.

വായ്ത്ത തിരുമന്തിരത്തിൻ മത്തിമമാമ്പതംപോൽ * 
ചീർത്തമതുരകവി ചെയ്കലൈയൈ * — ആർത്ത പുകഴ് 
ആരിയർകൾ താങ്കൾ അരുളിച്ചെയൽ നടുവേ * 
ചേർവിത്താർ താറ്പരിയം തേർന്തു.

ശബ്ദത്തിലും അർത്ഥത്തിലും പൂർണ്ണത നിറഞ്ഞ, വലിയ തിരുമന്ത്രമെന്നു പറയപ്പെടുന്ന അഷ്ടാക്ഷരത്തിന്റെ മധ്യത്തിലുള്ള ‘നമഃ’ എന്ന പദത്തിന് എത്ര മഹിമയുണ്ടോ, അതുപോലെതന്നെ മഹിമയുള്ളതാണ് മധുരകവിയാഴ്വാർ അരുളിച്ചെയ്ത അത്ഭുതകൃതിയായ കണ്ണിനുണ്‍ ചിറുത്താമ്പ്. അതിന്റെ താത്പര്യം മനസ്സിലാക്കിയ മഹത്വമുള്ള ആചാര്യന്മാർ, ആഴ്വാർമാരുടെ അരുളിച്ചെയലുകളുടെ മധ്യത്തിൽ അതിനെ എപ്പോഴും ചേർത്ത് അനുസന്ധിക്കത്തക്കവിധം ക്രമപ്പെടുത്തി.

‘നമഃ’ എന്ന പദം ഭാഗവതശേഷത്വത്തെ, അതായത് അടിയാർക്ക് അടിയാരായി വർത്തിക്കുന്ന നിലയെ, സൂചിപ്പിക്കുന്നു. മധുരകവിയാഴ്വാർ “ദേവു മറ്ററിയേൻ” എന്നു പറഞ്ഞ് നമ്മാഴ്വാരെത്തന്നെ ദൈവമായി സ്വീകരിച്ചു. ഈ ഉന്നതമായ നിഷ്ഠയെയാണ് തന്റെ പ്രബന്ധത്തിൽ അദ്ദേഹം അരുളിച്ചെയ്തത്. ഈ താത്പര്യം മനസ്സിലാക്കിയ ആചാര്യന്മാർ അതിന് യോജിച്ച മഹത്വം നൽകി.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-25-26-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

Leave a Comment