ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ആഴ്വാർ പരാങ്കുശ നായകീ ഭാവം സ്വീകരിച്ച് മടൽ(ഉപേക്ഷിച്ച കാമുകന് വേണ്ടി കാമുകി നടത്തുന്ന ഒരു തരം സത്യഗ്രഹമാണ് സംഘകാല തമിഴകത്തുണ്ടായിരുന്ന ഈ ആചാരം) ചെയ്യാനാഗ്രഹിക്കുന്നു, നിശയിൽ ഏറെ വേപഥുപൂണ്ട ആഴ്വാർക്ക് പ്രഭാതത്തോടെ തെളിച്ചവും ലഭിക്കുന്നു. പിന്നീട്, ആഴ്വാർക്ക്(കാമുകീ ഭാവത്തിന്)അവളുടെ മാതാവും സുഹൃത്തുക്കളും ഉപദേശങ്ങൾ നല്കിത്തുടങ്ങുന്നു. അവൾ അവരുടെ വാക്കിന് ചെവിക്കൊളളുന്നില്ല, മറിച്ച് പ്രീയപ്പെട്ടവന്റെ സ്മരണയിൽ ആനന്ദിക്കുകയും ഭൌതികമായ വിരഹത്തിൽ ഖേദിക്കുകയും ചെയ്യുന്നു. ഈ ദശകം ആഴ്വാരുടെ ഇത്തരം ആനന്ദ/ശോക ഭാവങ്ങളുടെ ബഹിസ്ഫുരണമാണ്. ഈ ദശകം രൂപപ്പെടുത്തിയിരിക്കുന്നത് ഉരുവെളിപ്പാട്(ദൃശ്യവത്കരണം) എന്ന നിലയിൽ ആഴ്വാർ ഭഗവാനെ നേരിൽ കാണുന്നു എന്നത് പോലെയാണ്. ആഴ്വാർ നമ്പി ഭഗവാന്റെ സുന്ദര കളേബരത്തെ പൂർണ്ണമായി ആസ്വദിക്കുകയാണ് ഇവിടെ.
ആദ്യപാസുരം
പരാങ്കുശ നായകി പറയുന്നു, എന്റെ ഹൃദയം ആഴ്വാർമാരോട് (ഇവിടെ നിത്യസൂരികളായ ശംഖചക്രാദികളെയാണ് വിവക്ഷിക്കുന്നത്) അനുരക്തമായിരിക്കുന്നു, അവ (തിരുക്കുറുംകുടി) നമ്പിയുടെ വിശ്രുത ചിഹ്നങ്ങളും അവിടുത്തെ സർവ്വാകർഷകമായ ബാഹ്യസൗന്ദര്യവും ആകുന്നു.
എങ്ങനെയോ അന്നൈമീർകാൾ! എന്നൈ മുനിവതു നീർ*
നംകൾ കോലത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
ചങ്കിനോടും നേമിയോടും താമരൈക്കൺകളോടും*
ചെങ്കനിവായൊന്റിനോടും ചെൽകിന്റതു എൻ നെഞ്ചമേ
അമ്മമാരേ, സന്തോഷിച്ചിരിക്കേണ്ടവരായ നിങ്ങൾ നിങ്ങളുടെ സ്നേഹത്തിന് പകരം എന്നോട് കോപം പ്രകടിപ്പിക്കുന്നതെന്താണ്? ദിവ്യചക്രമായ ശ്രീസുദർശനത്തോടും ദിവ്യശംഖമായ ശ്രീപാഞ്ചജന്യത്തോടും ചേർന്ന, താമരക്കണ്ണനായ, ചെന്തൊണ്ടിപ്പഴമൊത്ത ചുണ്ടുകളുള്ള, നമ്മുടെ കുലത്തിന് ചേർന്നവനായ വിശ്രുതവരനായ, മംഗളഗുണമെല്ലാം തികഞ്ഞ തിരുക്കുറുംകുടി നമ്പിയെ കണ്ട് ആസ്വദിച്ചതോടെ എന്റെ ഹൃദയം (അവനിൽ) ആകൃഷ്ടമായിരിക്കുന്നു. കോലം (ആകൃഷ്ടമായി) എന്നത് തിരുക്കുറുംകുടിക്കും വിശേഷണമായി കാണാം.
രണ്ടാം പാസുരം
പരാങ്കുശ നായകി പറയുകയാണ്, നമ്പിയുടെ സ്വാഭാവിക സൗന്ദര്യവും അവന്റെ ദിവ്യമായ മാറിടവും ദിവ്യമായ തോളുകളും ദിവ്യാഭരണങ്ങളും എന്നെ വലയംചെയ്ത് ആകർഷിക്കുകയാണ്.
എൻ നെഞ്ചിനാൽ നോക്കി ക്കാണീർ എന്നൈ മുനിയാതേ*
തെന്നൻ ചോലൈത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
മിന്നു നൂലും കുണ്ഡലമും മാർവിൽ തിരുമറുവും*
മന്നു പൂണും നാങ്കു തോളും വന്തു എങ്കും നിന്റിടുമേ
എന്നോട് കോപിക്കുന്നതിന് പകരം, നിങ്ങളും എന്റെ ഹൃദയത്തിലൂടെ നമ്പിയെ അനുഭവിച്ച് കാണണം. തെക്കുള്ള, ദിവ്യാരാമങ്ങളുള്ള തിരുക്കുറുംകുടിയിലെ നമ്പിയെ കണ്ട ശേഷം, അവിടുത്തെ മഹിമ വെളിപ്പെടുത്തുന്ന ദിവ്യയജ്ഞോപവീതവും ദിവ്യമായ കുണ്ഡലങ്ങളും (കമ്മലുകൾ), മാറ്റാനാകാത്തവിധം തിരുനെഞ്ചിൽ വിരാജിക്കുന്ന തിരുവാഭരണമായ ശ്രീവത്സവും (മറു), സ്ഥിരമായി ധരിക്കപ്പെട്ട മറ്റനേകം ദിവ്യാഭരണങ്ങളും ദിവ്യമായ നാല് തോളുകളും എന്നെ പോകുന്നിടത്തെല്ലാം കൂടെ പിന്തുടരുകയാണ്.
മൂന്നാം പാസുരം
പരാങ്കുശ നായകി പറയുന്നു, നമ്പിയുടെ ദിവ്യായുധങ്ങളായ ശ്രീ ശാർങ്ഗം മുതലായവ (ഭഗവാന്റെ വില്ലാണ് ശാർങ്ഗം) എനിക്ക് ഉള്ളിലും പുറത്തും സദാ പ്രത്യക്ഷമാകുന്നു.
നിന്റിടും തിചൈക്കും നൈയുമെന്റ് അന്നൈയരും മുനിതിർ*
കുന്റ മാടത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
വെന്റി വില്ലും തണ്ഡും വാളും ചക്കരമും ചങ്കമും*
നിന്റു തോന്റിക്കണ്ണുൾ നീങ്കാ നെഞ്ചുൾളും നീങ്കാവേ
എനിക്ക് ഈ പ്രേമത്തിന് കാരണക്കാരായ നിങ്ങൾ അമ്മമാർ തന്നെ, ഞാൻ ആശ്ചര്യപ്പെട്ട് വെളിവില്ലാതെ നിൽക്കുന്നതായി അനുചിതവാക്കുകളും പറയുന്നുവല്ലോ. ഞാൻ പരിഭ്രാന്തയായി, ദുർബലയായി നിലകൊള്ളുകയാണ്. മലകളെപ്പോലെ വലിയ സൗധങ്ങളുള്ള തിരുക്കുറുംകുടിയിലെ നമ്പിയെ കണ്ട് ആസ്വദിച്ച ശേഷം അവിടുത്തെ വിജയികളായ വില്ലും ഗദയും വാളും ചക്രവും ശംഖും ഒത്തൊരുമിച്ച് എന്റെ കണ്ണുകളിൽ പിരിയാതെ നിലയുറപ്പിച്ചിരിക്കുന്നു. അവ എന്റെ ഉള്ളകത്തു നിന്നും വിട്ടുപിരിയുന്നുമില്ല.
നാലാം പാസുരം
പരാങ്കുശ നായകി പറയുന്നു, നമ്പിയുടെ ഔന്നത്യമഹിമയെ വെളിവാക്കുന്ന ആ വിശ്രുതമായ തിരുവുടയാടകളും എന്നോട് ചേർന്ന് നിലകൊള്ളുകയാണ്.
നീങ്ക നില്ലാ കണ്ണ നീർകളെന്റ് അന്നൈയരും മുനിതിർ*
തേൻ കൊൾ ചോലൈത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
പൂന്തൺ മാലൈത്തൺതുഴായും പൊൻ മുടിയും വടിവും*
പാങ്കു തോൻറും പട്ടും നാണും പാവിയേൻ പക്കത്തവേ
എന്നെ നമ്പിയോടുള്ള സേവയിലെത്തിച്ച നിങ്ങൾ തന്നെ എന്നെ ശകാരിക്കുന്നത്, അവളുടെ കണ്ണുനീർ തോരുന്നില്ല എന്ന് പറഞ്ഞാണ്. തേനുറ്റ തോട്ടങ്ങളുള്ള തിരുക്കുറുംകുടിയിലെ നമ്പിയുടെ ആസ്വാദ്യകരമായ നവോന്മേഷപ്രദമായ നവതുളസീമാല്യങ്ങളും ആകർഷകമായ മഹിമയാർന്ന മുകുടവും അനുരൂപമായ പട്ടുടയാടയും അരപ്പട്ടയും എല്ലാം, പാപിയായ എനിക്ക് ചാരെ വന്നനാൾ തൊട്ട് എന്നോടൊപ്പമാണ്.
അഞ്ചാം പാസുരം
പരാങ്കുശ നായകി പറയുന്നു, നമ്പിയുടെ മുഖകാന്തിമുതലായവ എന്റെ ആത്മാവിനെ സ്പർശിക്കുന്നതായി തോന്നുന്നു.
പക്കം നോക്കി നിർക്കും നൈയുമെന്റ് അന്നൈയരും മുനിതിർ*
തക്ക കീർത്തിത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
തൊക്ക ചോതിത്തൊണ്ടൈ വായും നീണ്ട പുരുവങ്ങളും*
തക്ക താമരൈക്കണ്ണും പാവിയേനാവിയിൻ മേലനവേ
നിങ്ങൾ അമ്മമാർ എന്നെ കോപത്തോടെ ശകാരിക്കുന്നത് ഞാൻ അവൻ വരുമിടം പാർത്തുനിന്ന് (കാണാൻ കഴിയാതെ) വലയുന്നത് കണ്ടാണ്. തക്കതായ മഹിമയൊത്ത തിരുക്കുറുംകുടി നമ്പിയെ കണ്ട് ആസ്വദിച്ച ശേഷം, തൊണ്ടിപ്പഴമൊത്ത ചുണ്ടും അഭൗതികജ്യോതിയും നീണ്ട ദിവ്യമായ പുരികങ്ങളും അതിനൊത്ത് ആകർഷകമായ താമരക്കണ്ണുകളും പാപിയായ എന്നെ തേടി വരികയാണ്; ആശയ്ക്ക് തക്കവണ്ണം അവനെ ആസ്വദിക്കാനാകാത്തതിന്റെ ഫലം എന്നോണം.
ആറാം പാസുരം
പരാങ്കുശ നായകി പറയുന്നു, അവിടുത്തെ വിശ്രുതശരീരത്തിന്റെയും തോളുകളുടെയും മുഖത്തിന്റെയും കാന്തി എന്റെ ഉള്ളിൽ കടന്ന് അവിടെ നിറഞ്ഞിരിക്കുന്നു.
മേലും വൻ പഴി നങ്കുടിക്കു ഇവളെന്റ് അന്നൈ കാണ കൊടാൾ*
ചോലൈചൂഴ്തൺ തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
കോല നീൾ കൊടി മൂക്കും താമരൈക്കണ്ണും കനി വായും*
നീലമേനിയും നാങ്കു തോളും എൻ നെഞ്ചം നിറൈന്തനവേ
പരാങ്കുശ നായകിയുടെ അമ്മ, നമ്പിയെ കാണാൻ അവളെ അനുവദിക്കുന്നില്ല, അവൾ എന്നെന്നേക്കും പരിഹാസ്യപാത്രമാകുമെന്ന് പറഞ്ഞുകൊണ്ടാണ് അത്. നവോന്മേഷകരമായ ആരാമങ്ങളുള്ള തിരുക്കുറുംകുടിയിലെ നമ്പിയെ കണ്ട ശേഷം, അവിടുത്തെ കല്പകവല്ലിയെപ്പോലെയുള്ള നീണ്ട സുന്ദരമായ നാസികയും താമരയ്ക്കൊത്ത അഴകാർന്ന ദിവ്യനേത്രങ്ങളും പക്വഫലസമമായ ദിവ്യാധരങ്ങളും നീലനിറമാർന്ന ദിവ്യരൂപവും ദിവ്യമായ നാല് തിരുത്തോളുകളും എന്റെ ഹൃദയത്തിൽ നിറയുന്നു.
ഏഴാം പാസുരം
പരാങ്കുശ നായകി പറയുന്നു, തന്റെ ദിവ്യചക്രം കരത്തിലേന്തിയ മനോഹരമായ ആകർഷണീയമായ അനന്തതേജോരൂപത്തോടെയുള്ള നമ്പി എന്റെ ഹൃദയത്തിൽ നിലകൊള്ളുന്നു.
നിറൈന്ത വൻ പഴി നങ്കുടിക്കു ഇവളെന്റ് അന്നൈ കാണ കൊടാൾ*
ചിറന്ത കീർത്തിത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
നിറൈന്ത ചോതി വെള്ളം ചൂഴ്ന്ത നീണ്ട പൊൻ മേനിയൊടും*
നിറൈന്തു എന്നുള്ളേ നിന്റൊഴിന്താൾ നേമിയങ്കൈയുളതേ
‘അവൾ മുഴുവൻ കുലത്തിനും സകലവിധത്തിലും പരിഹാസ്യമായി’ എന്ന് പറഞ്ഞുകൊണ്ട് നമ്പിയെ കാണാൻ പരാങ്കുശ നായകിയെ അമ്മ അനുവദിക്കുന്നില്ല. മഹിമാവാർന്ന തിരുക്കുറുംകുടി നമ്പിയെ കണ്ട ശേഷം, പ്രഭാവലിയുള്ള ആകർഷകദിവ്യരൂപത്തോടെ അവിടുന്ന് എന്റെ ഉള്ളിൽ നിലകൊള്ളുന്നു. ദിവ്യചക്രം അവിടുത്തെ തൃക്കരങ്ങളിൽ അമരുന്നു.
എട്ടാം പാസുരം
പരാങ്കുശ നായകി പറയുന്നു, സുന്ദരകേശഭാരം സ്പർശിക്കുന്ന തിരുത്തോളുകളും മറ്റ് സുന്ദരഭാവങ്ങളും എന്റെ മുന്നിൽ നിലകൊണ്ട് എന്നെ വിവശയാക്കുന്നു.
കൈയുൾ നന്മുകം വൈക്കും നൈയ്യു മെന്റ് അന്നൈയരും മുനിതിർ*
മൈകൊൾ മാടത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
ചെയ്യ താമരൈക്കണ്ണും അൽകുലും ചിറ്റിടൈയും വടിവും*
മൊയ്യ നീൾ കുഴൽ താഴ്ന്ത തോൾകളും പാവിയേൻ മുൻ നിറ്കുമേ
ഞാൻ എന്റെ സുന്ദരാനനം കരങ്ങളിൽ ചേർത്ത് വിവശയായി എന്ന് പറഞ്ഞുകൊണ്ട്, എന്നെ ഇതിലേക്ക് നയിച്ച നിങ്ങൾ അമ്മമാർ എന്നോട് കോപം പ്രകടിപ്പിക്കുന്നു. കറുത്തനിറമുള്ള മാളികകളുള്ള തിരുക്കുറുംകുടിയിലെ നമ്പിയെ കണ്ട ശേഷം, അവിടുത്തെ ചെന്താമരക്കണ്ണും വടിവൊത്ത അരക്കെട്ടും ചാരുരൂപവും തോളിലേക്ക് താഴ്ന്ന അഴകാർന്ന കേശഭാരവും പാപിയായ എന്റെ മുന്നിൽ നിലകൊള്ളുകയാണ്.
ഒമ്പതാം പാസുരം
പരാങ്കുശ നായകി പറയുന്നു, ഒരു ഞൊടിയിട പോലും മറക്കാനാകാത്ത വിധം തന്റെ അഴകെല്ലാം ചേർന്ന് നമ്പി എന്റെ ഉള്ളിൽ കടന്നിരിക്കുന്നു.
മുൻ നിന്റായെന്റ്തോഴിമാർകളും അന്നൈയരും മുനിതിർ*
മന്നു മാടത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
ചെന്നി നീൾ മുടി ആദിയായ ഉലപ്പിലണികലത്തൻ*
കന്നൽ പാലമുതാകി വന്ത് എൻ നെഞ്ചം കഴിയാനേ
സഖിമാരും അമ്മമാരും മുന്നിൽ നിൽക്കുന്ന എന്നോട് കോപിച്ച് പറയുകയാണ്. ഉന്നതസൗധങ്ങളുള്ള തിരുക്കുറുംകുടിയിലെ നമ്പിയെ കണ്ട ശേഷം, നീണ്ട ദിവ്യകിരീടമുള്ള ശിരസ്സോടും ധാരാളം ആഭരണങ്ങളോടും കൂടി, കരിമ്പും പാലും അമൃതും പോലെ അനന്തമായി ആസ്വാദ്യനായി അവിടുന്ന് എന്റെ ഹൃദയത്തിൽ കടന്ന് പിരിയാതെ നിലകൊള്ളുന്നു.
പത്താം പാസുരം
പരാങ്കുശ നായകി പറയുന്നു, നിത്യസൂരികളാൽ (പരമപദത്തിലെ നിത്യവാസികളാൽ) ആസ്വദിക്കപ്പെട്ട ദിവ്യരൂപം, അതിതേജസ്സുറ്റതും യോഗ്യമായ പ്രാപ്യസ്ഥാനവുമായത്, ആർക്കും അളക്കാനാകാത്ത വിധത്തിൽ എന്റെ ഉള്ളിൽ പ്രകാശിക്കുകയാണ്.
കഴിയ മിക്കതോർ കാതലളിവളെന്റ് അന്നൈ കാണ കൊടാൾ*
വഴുവിൽ കീർത്തിത്തിരുക്കുറുംകുടി നമ്പിയൈ നാൻ കണ്ട പിൻ*
കുഴുമിത്തേവർ കുഴാങ്കൾ കൈ തൊഴച്ചോതി വെള്ളത്തിനുള്ളേ*
എഴുവതോരുരു എൻ നെഞ്ചുൾളെഴും ആർക്കും അറിവരിതേ
എന്റെ അമ്മ നമ്പിയെ കാണാൻ എന്നെ അനുവദിക്കുന്നില്ല, അവൾക്ക് നശിപ്പിക്കാനാകാത്ത ദിവ്യപ്രേമമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഇത്. തുല്യതയില്ലാത്ത മഹിമയുള്ള തിരുക്കുറുംകുടി നമ്പിയെ കണ്ട ശേഷം, നിത്യസൂരികൾ കൂട്ടമായി ആസ്വദിക്കുന്ന യോഗ്യമായ പ്രാപ്യസ്ഥാനമായ അവിടുത്തെ തിരുരൂപം, ജ്യോതിസ്സിന്റെ പ്രളയത്തിൽ നിന്ന് ഉയർന്നുവരുന്നതുപോലെ എന്റെ ഹൃദയത്തിൽ പ്രത്യക്ഷമായിരിക്കുന്നു. ഇത് വിവേകികൾക്ക് പോലും ഗ്രഹിക്കാവുന്നതല്ല.
പതിനൊന്നാം പാസുരം
സ്വപ്രകൃതിയെ (സ്വഭാവത്തെ) അതായത് ഈശ്വരനുമായുള്ള ജീവാത്മാവിന്റെ അഭേദ്യസേവകബന്ധത്തെ ഈ ദശകം ശീലിക്കുന്നതിന്റെ ഫലശ്രുതിയായി ആഴ്വാർ വിശദമാക്കുന്നു.
അറിവരിയ പിരാനൈ ആഴിയങ്കൈയനൈയേ അലറ്റി*
നറിയ നൻമലർ നാടി നൻ കുരുകൂർച്ചഠകോപൻ ചൊന്ന*
കുറി കൊൾ ആയിരത്തുൾ ഇവൈ പത്തും തിരുക്കുറുംകുടിയതൻമേൽ*
അറിയക്കറ്റുവല്ലാർ വൈറ്റണവർ ആഴ്കടൽ ജ്ഞാലത്തുള്ളേ
തന്റെ ദിവ്യചക്രം തൃക്കരത്തിൽ അമർന്ന തിരുക്കുറുംകുടി നമ്പിയാണ് അറിയുവാനാകാത്ത പരമപ്രഭു. ഭഗവദ്പ്രാപ്തിക്കുതകുന്ന ധന്യമായ ജ്ഞാനാദികളുള്ള തിരുക്കുരുകൂർ നായകനായ ശഠകോപൻ അമൂല്യസുഗന്ധികളായ സുമങ്ങളെ അവിശ്രമം തേടുന്നതുപോലെ ആയിരത്തിലെ ഈ ദശകത്തെ അരുളിച്ചെയ്തു. ഈ ദശകത്തിന്റെ ആന്തരാർഥങ്ങൾ പഠിച്ച് ധ്യാനിച്ച് മനനം ചെയ്യുന്ന വൈറ്റണവർ, ആഴക്കടലാൽ ചുറ്റപ്പെട്ട ഈ ഊഴിയിൽ വച്ച് തന്നെ, ഭഗവദനുഭവത്തോടെ ഭഗവദ്ബന്ധുവായി തിളക്കമുള്ള അറിവോടെ ജീവിക്കും.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-5-5-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org