ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
പാസുരം 16
പാസുരം പതിനാറ്. ഈ പാസുരം മുതല്‍ അടുത്ത അഞ്ച് പാസുരങ്ങളില്‍ മാമുനികള്‍ മറ്റ് ആഴ്വാര്‍മാരെക്കാള്‍ മഹിമയേറിയ പെരിയാഴ്വാരുടെ മഹിമയെ വെളിവാക്കുന്നു. ഈ പാസുരത്തില്‍, ആനി മാസത്തിലെ സ്വാതി തിരുനാളിന്റെ മഹിമ സ്വന്തം തിരുവുള്ളത്തോട് അരുളിച്ചെയ്യുന്നു.
ഇന്റൈപ്പെരുമൈയറിന്തിലൈയോ ഏഴൈ നെഞ്ചേ!*
ഇന്റൈക്കെന്നേറ്റമെനിലുരൈക്കേന്‍* – നന്റി പുനൈ
പല്ലാണ്ടു പാടിയ നംപട്ടര്‍പിരാന്‍ വന്തുതിത്ത*
നല്ലാനിയിറ് ചോതി നാള്‍
മറ്റ് ആഴ്വാര്‍മാരുടെ തിരുനാളുകളെപ്രതി ചാഞ്ചാടുന്ന അറിവില്ലാത്ത മനസ്സേ! ആനി മാസത്തിലെ സ്വാതി നക്ഷത്രത്തിന്റെ മഹിമ നിനക്കറിയുമോ? ഞാന്‍ പറയാം; കേള്‍ക്കൂ. മംഗളാശാസനം എന്ന ഉന്നത താത്പര്യം ഉള്‍ക്കൊള്ളുന്ന തിരുപ്പല്ലാണ്ട് അരുളിച്ചെയ്ത ഭട്ടര്‍പിരാന്‍ (പെരിയാഴ്വാര്‍) അവതരിച്ച ദിനമായതിനാല്‍, ഇത് ഒരു ശ്രേഷ്ഠദിനമാണ്.
പാസുരം 17
പതിനേഴാം പാസുരം. പെരിയാഴ്വാര്‍ അവതരിച്ച ആനി സ്വാതി തിരുനാൾ എന്നു കേൾക്കുമ്പോൾ ഹൃദയം ഉരുകുന്ന ജ്ഞാനികൾക്ക് ഈ ലോകത്തിൽ തുല്യരാരുമില്ലെന്ന് സ്വന്തം മനസ്സിനോട് അരുളിച്ചെയ്യുന്നു.
മാനിലത്തില്‍ മുൻ നംപെരിയാഴ്വാര്‍ വന്തുതിത്ത*
ആനിതന്നില്‍ ചോതി എന്റാലാതരിക്കും* – ജ്ഞാനിയര്‍ക്
കൊപ്പോരിലൈ ഇവ്വുലകു തനിലെന്റു നെഞ്ചേ!*
എപ്പോതും ചിന്തിത്തിരു
മനസ്സേ! പണ്ടുകാലത്ത് ഈ വിശാലമായ ഭൂമിയിൽ പെരിയാഴ്വാർ അവതരിച്ച ആനി സ്വാതി തിരുനാൾ എന്നു കേൾക്കുമ്പോൾ ഹൃദയം ഉരുകുന്ന ജ്ഞാനികൾക്ക് ഈ ലോകത്തിൽ തുല്യരാരുമില്ലെന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കൂ.
പാസുരം 18
പതിനെട്ടാം പാസുരം. എമ്പെരുമാന് മംഗളാശാസനം ചെയ്യുന്നതില്‍ ഈ ആഴ്വാരും മറ്റ് ആഴ്വാർമാരുമായുള്ള വലിയ വ്യത്യാസം കൊണ്ടാണ് ഇദ്ദേഹത്തിന് പെരിയാഴ്വാര്‍ (വലിയ ആഴ്വാര്‍) എന്ന തിരുനാമം ലഭിച്ചതെന്നു മാമുനികള്‍ സദയം അരുളിച്ചെയ്യുന്നു.
മംഗളാചാചനത്തില്‍ മറ്റുള്ളവാഴ്വാര്‍കള്‍*
തങ്കളാര്‍വത്തളവുതാനന്റി* – പൊങ്കും
പരിവാലേ വില്ലിപുത്തൂര്‍പ്പട്ടര്‍പിരാന്‍ പെറ്റാന്‍*
പെരിയാഴ്വാരെന്നും പെയര്‍
ഭഗവാന് മംഗളാശാസനം ചെയ്യുന്നതിലുള്ള അതിയായ താല്പര്യത്താലും, ഭഗവാനോടുള്ള പൊങ്ങിയൊഴുകുന്ന വാത്സല്യം കൊണ്ടും, ശ്രീവില്ലിപുത്തൂരില്‍ അവതരിച്ച ശ്രീവിഷ്ണുചിത്തര്‍ക്ക് പെരിയാഴ്വാർ എന്ന തിരുനാമം ലഭിക്കുകയും, ആ പേരില്‍ത്തന്നെ പ്രസിദ്ധനായി അറിയപ്പെടുകയും ചെയ്തു.
മംഗളാശാസനമെന്നത് മറ്റുളളവര്‍ക്ക് മംഗളം ആശംസിക്കുന്നതാണ്. ചെറുപ്പക്കാര്‍ക്ക് മുതിര്‍ന്നവരാണ് സാധാരണ മംഗളം നേരുന്നത്, അഥവാ മംഗളാശാസനം ചെയ്യാറുള്ളത്. ഇവിടെ ഒരു ചോദ്യമുയരാം, ചെറുപ്പക്കാര്‍ മുതിര്‍ന്നവര്‍ക്കും മംഗളാശാസനം ചെയ്യാമോ? ശ്രീവചന ഭൂഷണത്തില്‍ പിള്ളൈലോകാചാര്യര്‍ ഈ വിഷയം മനോഹരമായി വിശദീകരിച്ചിരിക്കുന്നു.
ഭഗവാനായ പരമാത്മാവ് തീര്‍ച്ചയായും ഏവരിലും വലിയവന്‍ തന്നെയാണല്ലോ. ആത്മാവാകട്ടെ അത്യന്തം ചെറിയ സത്തയാണ് (സത് അഥവാ അസ്തിത്വം). ഈ സാഹചര്യത്തില്‍ “നമ്മളായ ആത്മാക്കള്‍ക്ക് എമ്പെരുമാന് മംഗളാശാസനം ചെയ്യാമോ?” എന്ന ചോദ്യത്തിന്, “മംഗളാശാസനം ചെയ്യുന്നതുതന്നെയാണ് നമ്മുടെ സ്വഭാവം” എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
നമ്മുടെ ജ്ഞാനത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഭഗവാന‍്റെ പദവി വളരെ സമുന്നതമാണ്. പക്ഷേ പ്രേമത്തിന്റെ ദൃഷ്ടിയില്‍, ഈ സംസാരത്തില്‍ എമ്പെരുമാന് എന്തെങ്കിലും അനര്‍ത്ഥം സംഭവിച്ചുപോകുമോ എന്ന് ഭയപ്പെടുന്നതാണ് യഥാര്‍ത്ഥ സ്നേഹമുള്ള ഭക്തന്റെ ലക്ഷണം. ഈ സത്യം നമുക്ക് സുവ്യക്തമാക്കിത്തന്നത് പെരിയാഴ്വാരാണ്. ഇതുകൊണ്ടുതന്നെയാണ് അദ്ദേഹം മറ്റാഴ്വാര്‍മാരില്‍നിന്ന് വ്യത്യസ്തനായി നിലകൊണ്ടതും പെരിയാഴ്വാര്‍ എന്ന തിരുനാമം ലഭിച്ചതും.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-16-18-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org