ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ശരണാഗതി തേടുമ്പോൾ ഒരുവൻ സവിശേഷമായി ഊന്നൽ നൽകേണ്ട ചില കാര്യങ്ങളാണ് — ഭഗവാന്റെ ദിവ്യമംഗളഗുണങ്ങൾ, തന്റെ അനന്യഗതിത്വം (മറ്റ് വഴിയില്ലായ്മയെ), ഉപായാന്തരത്വം (മറ്റ് മോക്ഷോപായങ്ങളെ തേടുന്നില്ല എന്നതിനെ) എന്നിവ. ഈ ബോധ്യം ഉൾക്കൊണ്ടുകൊണ്ട് ശ്രീലക്ഷ്മീപിരാട്ടിയുടെ പുരുഷാകാരത്തോടെ (മാധ്യസ്ഥതയോടെ / ശുപാർശയോടെ — നമ്മുടെ പരമ്പരയിലെ ആദിഗുരുവായ ഭഗവാൻ കഴിഞ്ഞാൽ അടുത്ത ഗുരു ശ്രീദേവി ആണല്ലോ) ഭഗവാന്റെ ദിവ്യചരണങ്ങളെ ശരണം പ്രാപിക്കണം. ഇപ്രകാരമുള്ള മനോഹരമായ ശരണാഗതിയാണ് ഇവിടെ തിരുവെങ്കടമുടയാനിൽ ആഴ്വാർ സമർപ്പിക്കുന്നത്.
ആദ്യ പാസുരം
ആഴ്വാർ പറയുന്നു, “സർവ്വപ്രപഞ്ചത്തിനും രക്ഷിതാവായ അവിടുന്ന് ഇവിടെ തിരുമലയിൽ സന്നിഹിതനാണല്ലോ, അവിടുന്ന്, പ്രകൃത്യാ തന്നെ ഭഗവദ് ദാസനായ അടിയനു സകരുണം അങ്ങയെ പ്രാപിക്കുന്നതിനുള്ള വഴിയും കാട്ടിത്തരേണമേ.
ഉലകമുണ്ട പെരുവായാ! ഉലപ്പിൽ കീർത്തിയമ്മാനേ!*
നിലവും ചുടർ ചൂഴൊളി മൂർത്തി! നെടിയായ്! അടിയേനാരുയിരേ!
തിലദമുലകുക്കായ്നിന്റ തിരുവേങ്കടത്തു എമ്പെരുമാനേ!
കുലതൊല്ലടിയേൻ ഉനപാദം കൂടുമാറു കൂറായേ
ലോകങ്ങളെ പ്രളയകാലത്ത് സംരക്ഷിക്കാൻ ഉപാധിയാക്കിയ (വിഴുങ്ങിയ) ദിവ്യാധരങ്ങളുള്ള ഭഗവാനേ, അനന്തമഹിമാവുള്ള, സ്വാഭാവിക ആധിപത്യം ആളുന്നവനേ, അലൗകിക തേജസ്സാർന്ന ദിവ്യരൂപവുമായി പ്രകൃത്യാ ഉള്ള സൗന്ദര്യാദികളായ അതിരറ്റ മഹിമകളെ വെളിപ്പെടുത്തുന്നവനേ, എന്റെ പ്രാണവായുവായവനേ, ലോകത്തിന് (ഊർദ്ധ്വപുണ്ഡ്ര) തിലകക്കുറിയായി തിരുമലയിൽ അമരുന്നവനേ, പ്രാചീനമായ പരമ്പരയിലൂടെ അവിടുത്തെ ദാസനായ അടിയനു അവിടുത്തെ തിരുവടികളെ അടയുന്നതിനുള്ള വഴി അരുളിയാലും.
രണ്ടാം പാസുരം.
ആഴ്വാർ പറയുന്നു, “വിഘ്നങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ, അവിടുന്ന് തന്നെ അവ ദൂരീകരിച്ച് തൃച്ചേവടികളിൽ എന്നെ സ്വീകരിക്കണം”.
കൂറായ്നീറായ്നിലനാകിക് ക്കൊടു വല്ലസുരർ കുലമെല്ലാം*
ചീറാ എറിയും തിരുമേനി വലവാ! തെയ്വക്കോമാനേ!*
ചേറാർ ചുനൈത്താമരൈ ചെന്തീ മലരും തിരുവേങ്കടത്താനേ!*
ആറാവൻപിലടിയേൻ ഉന്നടിചേർ വണ്ണം അരുളായേ
ക്രൂരരും അതിശക്തരുമായ അസുരന്മാരെ വെട്ടി പൊടിയാക്കി മാറ്റുന്ന, അവരെ തകർത്ത് തരിപ്പണമാക്കിയ ശേഷവും കോപം നിലയ്ക്കാത്ത, വീര്യം നിറഞ്ഞ, തിളങ്ങുന്ന ചക്രത്തെ നിയന്ത്രിക്കാൻ കഴിയുന്ന സർവ്വശക്തനായ ഭഗവാനേ! നിത്യസൂരികളുടെ അധിപനേ! ചുവന്ന തീയുടെ നിറമുള്ളതും വിരിഞ്ഞുനിൽക്കുന്നതുമായ ചുവന്ന താമരപ്പൂക്കളുള്ള ചെളി നിറഞ്ഞ കുളങ്ങൾ എമ്പാടുമുള്ള തിരുമലയിൽ വസിക്കുന്നവനേ! അവിടുന്നിൽ അളവറ്റ പ്രേമമുൾക്കൊണ്ട സേവകനായ എന്നെ തൃച്ചേവടികളെ അടയാൻ അനുഗ്രഹിക്കണമേ.
മൂന്നാമത്തെ പാസുരം
ഭഗവാൻ പറയുന്നു, “നീ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നിരിക്കെ നീ ആവശ്യപ്പെടുന്നതെന്തും എനിക്ക് എങ്ങനെ ചെയ്യാൻ കഴിയും?” ആഴ്വാർ മറുപടി പറയുന്നു, “നിന്നെ ആരാധിക്കുന്ന നിരവധി വിശിഷ്ട വ്യക്തികൾ ഉണ്ടായിരിക്കെ, നീ എന്നെ വിടാതെ പിന്തുടർന്നല്ലോ; അതുപോലെ, നിന്റെ ആ കാരുണ്യം ഒന്ന് കൊണ്ടാണ് എന്റെ ആഗ്രഹങ്ങൾ നിറവേറ്റേണ്ടതും”.
വണ്ണമരുൾ കൊൾ അണി മേഘ വണ്ണാ! മായവമ്മാനേ!*
എണ്ണം പുകുന്തു തിത്തിക്കും അമുതേ! ഇമൈയോര അതിപതിയേ!*
തെണ്ണല അരുവി മണി പൊൻ മുത്തലൈക്കും തിരുവേങ്കടത്താനേ!
അണ്ണലേ! ഉന്നടിചേര അടിയേറ്ക്കു ആവാവെന്നായേ
സർവ്വശ്രേഷ്ഠനായ ഭഗവാൻ, അദ്ഭുതകരമായ ഗുണങ്ങളുള്ള മേഘതുല്യമായ രൂപവും വിഭ്രമജനകമായ വർണ്ണമുള്ളവനുമാണ്. അവൻ ഹൃദയത്തിൽ പ്രവേശിച്ച മധുരമുള്ള അമൃതമാണ്; അവൻ നിത്യസൂരികൾക്ക് [ആ ദിവ്യ രൂപം] ആസ്വദിക്കാൻ അനുവദിക്കുന്നു; അവൻ സർവ്വത്തിനും ആധിപത്യം പുലർത്തുന്നു, മണിപ്പൊൻമുത്തുകൾ ഒഴുകുന്ന തെളിമയാർന്ന, ഹൃദയഹാരിയായ ജലപാതങ്ങളുള്ള തിരുമലയിൽ സന്നിഹിതനാണ്; ഇപ്രകാരം തിരുമലയിൽ തന്റെ അധീശത്വം അനായാസമായി പ്രകടിപ്പിക്കുന്നവനേ! ഞങ്ങളിൽ കരുണ കാണിച്ച്, ഞങ്ങൾക്ക് അനുയോജ്യമായ അവിടുത്തെ ദിവ്യപാദങ്ങളിൽ എത്താൻ നിന്റെ കാരുണ്യം പ്രകടമാക്കേണമേ!
നാലാമത്തെ പാസുരം.
ആഴ്വാർ പറയുന്നു, “അങ്ങയിൽ എത്താൻ എനിക്ക് ഒരു വഴിയും ഇല്ല; അതിനാൽ അങ്ങ് തന്നെ ഒരു വഴി കണ്ടെത്തി അത് എനിക്ക് കനിഞ്ഞേകണം”. അഥവാ, “എല്ലാവരുടെയും തടസ്സങ്ങൾ ഇല്ലാതാക്കുകയും യാതൊരു വിലക്കുമില്ലാതെ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഭവാൻ, ഞാൻ അവിടുത്തെ ദിവ്യപാദങ്ങളിൽ എത്തുന്നുവെന്നത് കരുണയോടെ ഉറപ്പാക്കണം” എന്ന് ആഴ്വാർ പറയുന്നതായും വിശദീകരിക്കാം.
ആവാ! എന്നാതു ഉലകത്തൈയലൈക്കും അസുരർ വാണാൾ മേൽ*
തീവായ്വാളി മഴൈ പൊഴിന്ത ചിലൈയാ! തിരുമാമകൾ കേൾവാ!
ദേവാ!* സുരർകൾ മുനിക്കണങ്കൾ വിരുമ്പും തിരുവേങ്കടത്താനേ!*
പൂവാർ കഴൽകൾ അരുവിനൈയേൻ പൊരുന്തുമാറു പുണരായേ
കരുണയ്ക്ക് പകരം, ലോകോപദ്രവകാരികളായ രാക്ഷസർക്ക് നേരെ അവരുടെ ഉയിരില്ലാതാക്കും വിധം അഗ്നിമുഖമുള്ള ശരങ്ങൾ മഴപോലെ വർഷിക്കുന്ന ശ്രീശാർങ്ഗവില്ലേന്തിയ ഭഗവാനെ, ശത്രുനാശനത്താൽ തിളങ്ങുന്ന അങ്ങയിൽ സന്തുഷ്ടയായി മാറിയ ധീരപത്നിയായ ശ്രീദേവിക്ക് അനുയോജ്യപതിയായവനേ! ദേവന്മാരുടെയും ഋഷികളുടെയും കൂട്ടങ്ങൾക്ക് അഭികാമ്യമാം വണ്ണം തിരുമലയിൽ വസിക്കുന്നവനേ! പുഷ്പങ്ങളാൽ അർച്ചിതമായിരിക്കുന്ന നിന്റെ ദിവ്യപാദങ്ങളിൽ എത്തുന്നതിൽ നിന്ന് എന്നെ തടയുന്ന അജയ്യമായ പാപങ്ങൾ എനിക്കുണ്ട്; തിരുവടികളിലെത്താനുള്ള മാർഗ്ഗങ്ങൾ കരുണയോടെ എനിക്ക് പഠിപ്പിച്ചു തരണമേ.
അഞ്ചാമത്തെ പാസുരം
ആഴ്വാർ പറയുന്നു, “ഭക്തത്രാണനത്തിന് വേണ്ടി അനായാസമായി പ്രവർത്തിക്കുന്ന അവിടുത്തെ ദിവ്യപാദങ്ങളിൽ ഞാൻ എപ്പോൾ എത്തിച്ചേരും?”
പുണരാനിന്റ മരമേഴ് അന്റെയ്ത ഒരു വിൽ വലവാവോ!*
പുണരേയ്നിന്റ മരമിരണ്ടിൻ നടുവേ പോന മുതൽവാവോ!
തിണരാർ മേകമെനക്കളിറു ചേരും തിരുവേങ്കടത്താനേ!*
തിണരാർ ചാർങ്കത്തു ഉന പാദം ചേർവതടിയേനെന്നാളേ?
ഭഗവാൻ അതുല്യവില്ലാളിയായതിനാൽ, അന്ന് ഏഴ് മാരാമരങ്ങളെയും അമ്പെയ്തറുത്തു; പ്രപഞ്ചത്തിന്റെ മൂലകാരണമായതിനാൽ, ഒരുമിച്ച് ചേർന്ന് നിന്ന രണ്ട് മരങ്ങൾക്കിടയിൽ ഇഴഞ്ഞു നീങ്ങുകയും ചെയ്തു; മേഘസദൃശമായി ആനകൾ ഇടതൂർന്ന് ഒരുമിച്ച് വസിക്കുന്ന തിരുമലയിൽ കുടികൊള്ളുന്നവനേ! സേവകനായ അടിയൻ എപ്പോഴാണ് ശ്രീശാർങ്ഗവില്ല് ധരിച്ചിരിക്കുന്ന അവിടുത്തെ ദിവ്യപാദങ്ങളിൽ അടിയുക?
ആറാമത്തെ പാസുരം
എംപെരുമാൻ ചോദിക്കുന്നു, “ശ്രീവൈകുണ്ഠത്തിൽ വച്ച് എനിക്ക് കൈങ്കര്യം ചെയ്യുകയല്ലേ എല്ലാവരുടെയും ലക്ഷ്യം?”
ആഴ്വാർ മറുപടി പറയുന്നു, “ശ്രീവൈകുണ്ഠത്തിൽ നിന്നുള്ളവർ പോലും അത്യാശാപൂർവ്വം തിരുമലയിലേക്ക് ഇറങ്ങിവന്ന് ഭവാനെ സേവിക്കുന്നവരല്ലേ? തിരുമലയിൽ അങ്ങയെ പൂർണ്ണമായി സേവിക്കാൻ എനിക്ക് എപ്പോഴാണ് കഴിയുക?” എന്നും ആഴ്വാർ ചോദിക്കുന്നു.
“അങ്ങയിൽ മാത്രം ഭക്തരല്ലാത്ത ദേവന്മാർ പോലും സേവിക്കാൻ തക്ക ആകർഷകമായ ദിവ്യചരണങ്ങൾ എനിക്ക് എപ്പോഴാണ് ലഭിക്കുക?” എന്നും ഇത് വിശദീകരിക്കാം.
എന്നാളേ? നാം മണ്ണളന്ത ഇണൈത്താമരൈകൾ കാൺപതറ്ക്കെന്റ്*
എന്നാളും നിന്റ് ഇമൈയോർകളേത്തി ഇറൈഞ്ചി ഇനമിനമായ്*
മെയ് ന്നാ മനത്താൽ വഴിപാടു ചെയ്യും തിരുവേങ്കടത്താനേ!*
മെയ്ന്നാനെയ്തി എന്നാൾ ഉന്നടിക്കൺ അടിയേൻ മേവുവതേ
“ഭൂമിയെന്ന് സൂചിതമായ എല്ലാ ലോകങ്ങളെയും അളന്ന്, എല്ലാത്തിലും ലയിച്ച്, അതിമനോഹരമായ ലാളിത്യം പുലർത്തുന്ന അവിടുത്തെ ദിവ്യപാദയുഗളങ്ങൾ അടിയങ്ങൾ എപ്പോൾ കാണും?” എന്നിങ്ങനെ നിത്യസൂരിമാരുടെ ഗണം, സദാ ഭഗവാനെ സ്തുതിച്ച് നിലകൊള്ളുന്നു.
ഇപ്രകാരം ആരാധിതനായി, സേവിതനായി തിരുമലയിൽ അമരുവോനേ! ഏകാന്തസേവകനായ (മറ്റാരെയും സേവിക്കാത്ത) അടിയൻ എപ്പോഴാണ് സ്വപ്നസദൃശമായി [വ്യക്തമായി] കാണുന്ന ഭഗവദ്ചരണങ്ങളെ അടയുക, അവിടെ യോജിക്കുന്നവനാകുക?
ഏഴാം പാസുരം
ആഴ്വാർ പറയുന്നു, “നിന്നിലെത്താൻ ഞാൻ ഒരു മാർഗവും തേടിയിട്ടില്ലെങ്കിലും, നിന്റെ ആനന്ദം അനുഭവിക്കാതെ ഒരു നിമിഷം പോലും എനിക്ക് നിലനിൽക്കാൻ കഴിയില്ല.”
അടിയേൻ മേവി അമർകിന്റ അമുതേ! ഇമൈയോരതിപതിയേ!*
കൊടിയാ അടു പുള്ളുടൈയാനേ! കോലക്കനിവായ്‌പ്പെരുമാനേ!*
ചെടിയാർ വിനൈകൾ തീർ മരുന്തേ! തിരുവേങ്കടത്തെമ്പെരുമാനേ!*
നൊടിയാർ പൊഴുതും ഉന പാദം കാണ നോലാതാറ്റേനേ
ഭഗവാനെ സമീപിക്കുന്നതും അനുഭവിക്കുന്നതും നിത്യാനന്ദകരമാണ്; നിത്യസൂരികളെ നിയന്ത്രിക്കുന്ന പരമാധികാരിയാണ്, ഭക്തരുടെ ശത്രുക്കളെ ഇല്ലാതാക്കുന്ന ഗരുഡാഴ്വാൻ തന്റെ പതാകയായി ഉള്ളവനുമാണ്; ചുവപ്പുനിറമുള്ള പഴുത്ത പഴങ്ങൾ പോലുള്ള മനോഹരമായ ചുണ്ടുകളും വർധിതമായ ആനന്ദത്തിന്റെ മഹത്വവും ഉള്ളവനുമാണ് ഭഗവാൻ. തിരുമലയിൽ വസിക്കുന്നവനും, ഇടതൂർന്ന കുറ്റിച്ചെടികളെപ്പോലെയുള്ള എന്റെ പാപങ്ങൾ ഇല്ലാതാക്കാൻ ഉചിതമായ ഔഷധവുമായിരിക്കുന്നവനും, അടിയനെ തന്റെ ദാസനായി സ്വീകരിച്ചവനുമായ ഭഗവാനേ! ഭവാന്റെ ദിവ്യ പാദങ്ങൾ ദർശിക്കാൻ യോഗ്യനാകാൻ ഇവൻ ഒരു ശ്രമവും നടത്തിയിട്ടില്ലെങ്കിലും, ഒരു നിമിഷത്തിന്റെ അംശം പോലും [അവ കാണാതെ] എനിക്ക് സഹിക്കാൻ ആവതില്ല.
എട്ടാമത്തെ പാസുരം
ഭഗവാൻ ചോദിക്കുന്നു, “നീ ഒരു ശ്രമവും നടത്താതെ ‘എനിക്ക് സഹിക്കാൻ കഴിയില്ല’ എന്ന് പറയുമ്പോൾ, ഫലം ലഭിക്കുമോ?” ഇതിന് ആഴ്വാർ മറുപടി പറയുന്നു, “പരിമിതമായ കഴിവുള്ള ബ്രഹ്മാവ് ഉൾപ്പെടെയുള്ളവർ അവരുടെ ആകിഞ്ചന്യം (തങ്ങളിൽ ഒന്നുമില്ലായ്മ) ചൂണ്ടിക്കാട്ടി അവരുടെ ആഗ്രഹങ്ങൾ സാധിച്ചില്ലേ? അതിനാൽ, ദയവായി വന്ന് എന്റെ ദുഃഖം ഇല്ലാതാക്കണേ.”
നോലാതാറ്റേൻ ഉന പാദം കാണവെന്റ് നുണ്ണുണർവിൻ*
നീലാർ കണ്ടത്തമ്മാനും നിറൈ നാൻമുകനും ഇന്തിരനും*
ചേലേയ്കണ്ണാർ പലർ ചൂഴവിരുമ്പും തിരുവേങ്കടത്താനേ!*
മാലായ്മയക്കി അടിയേൻപാൽ വന്തായ്പോലേ വാരായേ
കറുത്ത നിറമുള്ള തൊണ്ടയുള്ളവനായ രുദ്രൻ സർവജ്ഞനും സൂക്ഷ്മവസ്തുക്കൾ കാണാൻ കഴിവുള്ളവനും അങ്ങനെ പ്രപഞ്ചത്തിൽ പ്രധാനിയുമായിത്തീർന്നു; അത്തരം രുദ്രന്റെ പിതാവായ നാന്മുഖനായ ബ്രഹ്മാവും സൃഷ്ടി കർമാദികൾക്ക് പൂർണമായ അറിവുള്ളവനായി; അതേപോലെ മൂന്ന് ലോകങ്ങളുടെയും സമ്പത്തുള്ളവനായി മാറി ഇന്ദ്രൻ. (ഇവർ) [ഭഗവാനോട്] “അവിടുത്തെ തിരുവടികളെ കാണ്മാനാവാതെ (ഒരു വഴിയും തേടാഞ്ഞിട്ടും), എനിക്ക് സഹിക്കാൻ കഴിയുന്നില്ല” എന്ന വിധം പ്രാർത്ഥിച്ച് ശരണം തേടുന്നു. ഈ ദേവന്മാരുടെയും അവരോട് ചേർന്നതിനാൽ ഐശ്വര്യം നേടിയ അവരുടെ പത്നിമാരായ ഉമ (പാർവതി), സരസ്വതി, മീനാക്ഷിയായ ശചി തുടങ്ങിയവരുടെയും അത്തരം പ്രാർത്ഥനകൾ സമർപ്പിക്കപ്പെടുന്ന തിരുമലനിവാസനേ, ഇരുണ്ട നിറത്തോടെ, ഗുണങ്ങളാലും പ്രവർത്തനങ്ങളാലും എല്ലാവരെയും മയക്കുന്നതുപോലെ, നിന്നിൽ മാത്രം അർപ്പണബോധമുള്ളവനും നീയല്ലാതെ നിലനിൽപ്പില്ലാത്തവനുമായ എന്നിലേക്ക് എത്തേണമേ!
ഒൻപതാം പാസുരം
ആഴ്വാർ പറയുന്നു, “അനുപമ സൗന്ദര്യമുള്ള ഭവാന്റെ ദിവ്യ പാദങ്ങൾ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല.
വന്തായ്പോലേ വാരാതായ് വാരാതായ്പോൽ വരുവാനേ!*
ചെന്താമരൈക്കൺ ചെങ്കനിവായ് നാറ്റോളമുതേ! എനതുയിരേ!*
ചിന്താമണികൾ പകരല്ലൈപ് പകൽചെയ് തിരുവേങ്കടത്താനേ!*
അന്തോ! അടിയേൻ ഉന പാദം അകലകില്ലേൻ ഇറൈയുമേ
പ്രത്യക്ഷനായി സമീപത്തിൽ പ്രകടമായാലും അപ്രാപ്യനാണ് അങ്ങ്. ആകിഞ്ചന്യത്താൽ (ഒന്നുമില്ലായ്കയാൽ) അവൻ എത്തുകയില്ല എന്ന് ചിന്തിക്കവേ, അങ്ങ് എത്തുകയും വിധേയനാകുകയും ചെയ്യുന്നു.
ചെന്താമരക്കണ്ണോടെയും, ദിവ്യഫലോപമമായ ചെഞ്ചുണ്ടോടെയും, “മാമേകം ശരണം വ്രജ” എന്ന് പ്രഖ്യാപിക്കുന്ന, “സുഗാഢം പരിഷസ്വജേ” എന്ന വിധം ഭക്തരെ ആലിംഗനം ചെയ്യുന്ന, ഭക്തർക്ക് നിത്യം ആസ്വാദ്യകരമായ നാല് ദിവ്യ തോളുകളോടെയും, എന്നെ നിലനിർത്തുന്ന ശക്തിയായി അങ്ങയുടെ മനോഹര രൂപം അങ്ങ് എനിക്ക് വെളിപ്പെടുത്തുന്നു.
അമൂല്യമായ ചിന്താമണികളുടെ (ആഗ്രഹങ്ങൾ നിറവേറ്റുന്ന രത്നങ്ങളുടെ) ദ്യുതിയാൽ രാവിനെ പകലാക്കുന്ന തിരുമലയിൽ വസിക്കുന്നവനേ! അയ്യോ! മറ്റൊരു അഭയവുമില്ലാതെ, അങ്ങയ്ക്ക് പൂർണമായും കീഴടങ്ങിയ എനിക്ക്, ഒരു നിമിഷം പോലും അങ്ങയുടെ ദിവ്യ പാദങ്ങളെ ഉപേക്ഷിക്കാൻ വയ്യ!
വേർപാടിനാൽ ഇത്രയധികം ദുഃഖം അനുഭവിച്ചിട്ടും, വിരഹവേദന പ്രത്യേകമായി പറയേണ്ടി വരുന്നല്ലോ എന്ന് ആഴ്വാർ ആശ്ചര്യപ്പെടുന്നു.
പത്താം പാസുരം
ആഴ്വാർ തിരുവേങ്കടമുടയാനോട് യഥാവിധി ശരണമടയുന്നു: “മറ്റൊരു അഭയവുമില്ലാതെ, ദേവിയുടെ പുരുഷകാരത്തോടെ (ശുപാർശയോടെ) സമുചിതഗുണവാനായ അങ്ങയുടെ തൃപ്പാദങ്ങളിൽ ഞാൻ ശരണം തേടുന്നു” എന്ന് പറയുന്നു.
അകലകില്ലേൻ ഇറൈയുമെന്റ് അലർമേൽ മങ്കൈയുറൈ മാർപാ!*
നികരിൽ പുകഴായ്! ഉലകം മൂന്റുടൈയായ്! എന്നൈയാൾവാനേ!*
നികരിലമരർ മുനിക്കണങ്കൾ വിരുമ്പും തിരുവേങ്കടത്താനേ!*
പുകലൊന്റില്ലാ അടിയേൻ ഉന്നടിക്കീഴഅമർന്തു പുകുന്തേനേ
(സദാ ശ്രീവിലസുകയാൽ) അത്യധികം ആനന്ദകരവും ദിവ്യവുമായ തിരുമാറിൽ ലക്ഷ്മീസമേതനും, നവയൗവനവും പുഷ്പത്തിൽ ജനിച്ചതിന്റെ മൃദുത്വവും ആനന്ദവും ഉള്ളവളും “ഒരു നിമിഷം പോലും വേർപിരിയാൻ തയ്യാറല്ല” എന്ന് പറയുന്നവളുമായ ലക്ഷ്മീദേവിയോട് അതിപ്രേമത്തോടെ വർത്തിക്കുന്നവനും, അതുല്യവും മഹത്തായതുമായ വാത്സല്യമുള്ളവനും, പ്രമാണങ്ങളിൽനിന്ന് സുപരിചിതമായ മൂന്നുതരം ചേതനകൾക്കും അചേതനങ്ങൾക്കും സ്വാമിത്വമുള്ളവനും, നിരവധി തെറ്റുകളുള്ള എന്നെയും അംഗീകരിക്കാൻ/സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന സൗശീല്യമുള്ളവനും, സേവനത്തിൽ ഏകാഗ്രചിത്തരായ അമരന്മാരും ധ്യാനിക്കുന്ന ഋഷിഗണവും അത്യാഗ്രഹത്തോടെ ആരാധിക്കാൻ ആഗ്രഹിക്കുന്ന പൂർണസൗലഭ്യത്തോടെ തിരുമലയിൽ സന്നിഹിതനുമായ ഭഗവാനേ! ഉപായാന്തരം പോലുള്ള മറ്റു രക്ഷകളെ ആശ്രയിക്കാത്ത ഒരു അനന്യശരണനായ ഞാൻ, അവിടുത്തെ ദിവ്യപാദങ്ങളിൽ സ്വയം സമർപ്പിച്ച്, കൈങ്കര്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച്, മറ്റൊന്നും പ്രതീക്ഷിക്കാതെ, അവയുടെ കീഴിൽ ഇതാ ഇരിക്കുന്നു.
പതിനൊന്നാം പാസുരം.
ആഴ്വാർ പറയുന്നു, “ഈ ദശകം പഠിക്കുന്നവരെല്ലാം പരമപദത്തിൽ എത്തുകയും ദാസ്യകിരീടം ധരിക്കുകയും സേവനത്തിൽ ഏർപ്പെടുകയും ചെയ്യും.
അടികീഴമർന്തു പുകുന്തു അടിയീർ വാഴ്മിനെന്റെന്റരുൾ കൊടുക്കും*
പടിക്കേഴില്ലാപ്പെരുമാനൈപ് പഴനക്കുരുകൂർച്ചഠകോപൻ*
മുടിപ്പാൻ ചൊന്ന ആയിരത്തുത് തിരുവേങ്കടത്തുക്കിവൈപത്തും*
പിടിത്താർ പിടിത്താർ വീറ്റിരുന്ത് പെരിയ വാനുൾ നിലാവുവരേ
എല്ലാവരിലും ശ്രേഷ്ഠനായ ഭഗവാൻ, “അല്ലയോ സേവകരേ! എന്റെ ദിവ്യപാദങ്ങളിൽ പ്രവേശിച്ച് അനന്യസാധനരും അനന്യപ്രയോജനരുമായിരിക്കുന്നതിൽ നിത്യമായി ആനന്ദിക്കൂ” എന്ന് അതുല്യമായ കാരുണ്യം ചൊരിയുന്നു.
ഉന്മേഷദായകമായ ജലാശയങ്ങളുള്ള കുരുകൂറിന്റെ നായകനായ ശഠകോപൻ, ആയിരം പാസുരങ്ങളിൽനിന്ന് ഈ പത്തു പാസുരങ്ങളിലൂടെ തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി അങ്ങനെയുള്ള ഭഗവാനെക്കുറിച്ച് സദയം അരുളിച്ചെയ്തു; ഈ പാസുരങ്ങളെയും അവയുടെ അർഥങ്ങളെയും മുറുകെ പിടിക്കുന്നവർ “പരമവ്യോമ” എന്ന പദത്താൽ സൂചിപ്പിക്കുന്ന അനന്തമായ മഹത്തായ പരമപദത്തിൽ സവിശേഷമായ രീതിയിൽ സന്നിഹിതരാകുകയും അവിടെ നിത്യാനന്ദത്തോടെ വസിക്കുകയും ചെയ്യും.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-6-10-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org