തിരുവായ്മൊഴി 5.8 – ആരാവമുതേ

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

കോയിൽ തിരുവായ്മൊഴി

<< 5.7

ശ്രീവരമംഗളനഗരത്തിലെ (വാനമാമലൈ) ഭഗവാന് പൂർണ്ണശരണാഗതി സമർപ്പിച്ചിട്ടും തിരുമുമ്പിൽ തനിക്ക് ഭഗവാൻ പ്രത്യക്ഷനായിട്ടില്ലല്ലോ എന്ന് ആഴ്വാർ ആകുലപ്പെടുന്നു. ഒരുപക്ഷേ, തിരുക്കുടന്തൈയിൽ (കുംഭകോണത്ത്) വെച്ച് തന്റെ ശരണാഗതി സ്വീകരിക്കപ്പെടുമെന്ന് ആഴ്വാർ പ്രത്യാശിക്കുന്നു. തന്റെ അനന്യഗതിത്വത്തിന് (മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയ്ക്ക്) അടിവരയിട്ടുകൊണ്ട് തിരുക്കുടന്തൈയിൽ പള്ളികൊള്ളുന്ന ആരാവമുദ പെരുമാളെ ആഴ്വാർ ഇപ്രകാരം ശരണം പ്രാപിക്കുന്നു.

ആദ്യപാസുരം 

ആഴ്വാർ പറയുന്നു, അവിടുന്ന് തിരുക്കുടന്തൈയിൽ ശയിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു, അത് എന്നെ അവിടുത്തെ മനോഹരരൂപത്തിലും നിരുപാധികബന്ധത്തിലും അനന്തമായി ആനന്ദിക്കുമാറ് ആർദ്രചിത്തനാക്കിയിരിക്കുന്നു. 

ആരാവമുതേ! അഡിയേനുഡലം നിൻ പാലൻപായേ*
നീരായലൈന്തുകരൈയ  ഉരുക്കുകിന്റ നെടുമാലേ!*
ചീരാർചെന്നെൽ കവരി വീചും ചെഴുനീർത്തിരുക്കുടന്തൈ*
ഏരാർ കോലം തികഴക്കിടന്തായ്! കണ്ടേൻ എമ്മാനേ! 

ആഴ്വാർ പറയുന്നു, അവിടുന്ന് തിരുക്കുടന്തൈയിൽ ശയിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു, അത് എന്നെ അവിടുത്തെ മനോഹരരൂപത്തിലും നിരുപാധികബന്ധത്തിലും അനന്തമായി ആനന്ദിക്കുമാറ് ആർദ്രചിത്തനാക്കിയിരിക്കുന്നു. പരിധിയറ്റ് ആനന്ദിച്ച ശേഷവും എനിക്ക് ദാഹം തീരാത്ത, ഞാൻ നിരുപാധികം കീഴടങ്ങിയിരിക്കുന്ന എന്റെ പ്രഭുവാണ് ഭഗവാൻ. അതിരറ്റ ആനന്ദമഹിമകളുറ്റവനേ, അങ്ങ്, അങ്ങയിലുള്ള പ്രേമഭാവത്താൽ ദൃഢതയറ്റ്, ഉടലും ഉരുകിയലിഞ്ഞ് ദ്രവത്വം പ്രാപിക്കും വിധം എന്നെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. കനമുറ്റ നെൽച്ചെടികൾ ഉലഞ്ഞ് ആലവട്ടം വീശുന്ന, മതിയാം വിധം ജലസേചനമുള്ള പാടങ്ങൾ നിറഞ്ഞ തിരുക്കുടന്തൈയിൽ അഭൗമസൗകുമാര്യവും അലങ്കാരങ്ങളുമായി ശോഭിതനായി അവിടുന്ന് ശയിക്കുന്നു. ഇവ ഞാൻ എന്റെ കണ്ണുകളാൽ കണ്ട് ആനന്ദിക്കുന്നു. ആഴ്വാർ ഭഗവാനെ ദർശിച്ചതേ ഉള്ളു, ഇടപെട്ടിട്ടില്ല എന്ന് വ്യംഗ്യം. 

രണ്ടാം പാസുരം 

ഭക്തർക്കായി അസംഖ്യം അവതാരങ്ങളെടുത്ത അങ്ങ്, എന്നെ സകരുണം കടാക്ഷിക്കുന്നില്ല, ഞാൻ എന്ത് ചെയ്യേണ്ടു എന്ന് ആഴ്വാർ ചോദിക്കുന്നു.

എമ്മാനേ! എൻ വെള്ളൈ മൂർത്തി! എന്നൈയാൾവാനേ!* 
എമ്മാവുരുവും വേണ്ടുമാറ്റാൽ ആവായ്! എഴിലേറേ!* 
ചെമ്മാ കമലം ചെഴുനീർ മിചൈക്കൺ മലരും തിരുക്കുടന്തൈ* 
അമ്മാമലർക്കൺ വളർകിന്റാനേ! എൻ നാൻ ചെയ്കേനേ? 

എനിക്ക് സത്വഗുണം (ശുദ്ധമായ സാത്വികഭാവം) നേടുന്നതിനായി എന്റെ യജമാനനായ ഭഗവാൻ ശുദ്ധഭാവത്തിൽ വർത്തിക്കുന്നു. ഞാൻ ആ ഭാവത്തെ ആസ്വദിക്കുന്നതിനും സ്വന്തം സ്വത്വത്തെ നഷ്ടപ്പെടാതിരിക്കാനുമായാണ് ആ ഭാവം പ്രകടമാക്കിയിരിക്കുന്നത്. തന്റെ ഹിതം മാത്രം ഹേതുവായി അസംഖ്യം ജന്തുവിഭാഗങ്ങളിൽ അസംഖ്യം അവതാരങ്ങളെ അവിടുന്ന് സ്വീകരിക്കുന്നു. ആ ഭാവങ്ങളിലെല്ലാം മനോഹരമായി, ഹൃദയാകർഷകമാകുംവിധം അവിടുന്ന് ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. “പുംസാം ദൃഷ്ടിചിത്താപഹാരിണാം” എന്നതുപോലെ. ജലാശയങ്ങളിലെങ്ങും ചെന്താമരകൾ പരിലസിക്കുന്ന തിരുക്കുടന്തൈയിൽ തന്റെ ദിവ്യമായ ചെന്താമരക്കണ്ണുകളുമായി ശയിക്കുന്നവനേ, ഞാൻ എന്ത് ചെയ്യേണ്ടു?

എങ്ങും ചെന്താമര വിരിഞ്ഞുനിൽക്കെ അവിടുത്തെ ചെന്താമരക്കണ്ണുകൾ എനിക്ക് നേരെ എന്തേ മിഴിതുറക്കുന്നില്ല എന്ന് സൂചന.

മൂന്നാം പാസുരം 

ആഴ്വാർ പറയുന്നു, അകിഞ്ചനനായ (നിർദ്ധനനായ) ഞാൻ അവിടുന്നല്ലാതെ ആരിൽ നിന്നും ആഗ്രഹങ്ങൾ സാധിക്കാൻ ആശിക്കുന്നില്ല. എന്നെ ഈ വിധം ചമച്ച അവിടുന്ന് തന്നെ, തൃപ്പദങ്ങളെ ഞാൻ സദാ സേവിക്കുമാറാക്കണം.

എൻ നാൻ ചെയ്കേൻ? യാരേ കളൈ കൺ? എന്നൈ എൻ ചെയ്കിന്റായ്?* 
ഉന്നാലലാൽയാവരാലും ഒന്റും കുറൈ വേണ്ടേൻ* 
കന്നാർ മതിൾ ചൂഴ്കുടന്തൈക്കിടന്തായ് അടിയേനരുവാണാൾ* 
ചെന്നാൾ എന്നാൾ? അന്നാൾ ഉന താൾ പിടിത്തേ ചെലക്കാണേ

(സ്വരക്ഷയ്ക്കായി) ഞാൻ എന്താണ് ചെയ്യേണ്ടത്? (മറ്റ്) ആരാണ് രക്ഷിതാവ്? എനിക്കായി എന്താണ് അവിടുത്തെ പദ്ധതി? എന്റെ ആഗ്രഹങ്ങൾക്കായി അവിടുന്നല്ലാതെ മറ്റാരോടും ഞാൻ പ്രാർത്ഥിക്കുന്നതല്ല. ഈടുറ്റ കോട്ടകളാൽ ചുറ്റപ്പെട്ട തിരുക്കുടന്തൈയിൽ സദയം വിശ്രമിച്ചമരുന്നവനേ, ഉയർത്തപ്പെടുവോളം, അതിന് ഇനി എത്രനാളാകിലും, അവിടുത്തെ ദാസനായ ഞാൻ അവിടുത്തെ തൃപ്പദങ്ങളെ വിടാതെ ഉറച്ചുപിടിച്ചിരിക്കുന്നുവെന്നത് ദയവോടെ ഉറപ്പിക്കേണമേ.

അരു എന്ന് കണികാസ്വഭാവം പുലർത്തുന്ന ആത്മാവിനെ ഉദ്ദേശിച്ച് പ്രയോഗിച്ചിരിക്കുന്നു. 

നാലാം പാസുരം 

അങ്ങ് സർവ്വേശ്വരനായിട്ടും, ഞാൻ അവിടുത്തെ ദർശിക്കുവാൻ ആശിക്കുന്നവനായിട്ടും, തിരുക്കുടന്തൈയിൽ ഇറങ്ങിവന്ന് വിശ്രമിക്കുന്ന അവിടുത്തെ കാണാൻ കഴിയാതെ ഞാൻ ഇതാ ക്ലേശിക്കുന്നു — എന്ന് ആഴ്വാർ പറയുന്നു.

ചെലക്കാൺ കിറ്പാർ കാണുമളവും ചെല്ലും കീർത്തിയായ്!* 
ഉലപ്പിലാനേ! എല്ലാവുലകുമുടൈയ ഒരു മൂർത്തി!* 
നലത്താൽ മിക്കാർ കുടന്തൈക്കിടന്തായ്! ഉനൈക്കാൺപാൻ നാൻ
അലപ്പായ്* ആകാചത്തൈ നോക്കി അഴുവൻ തൊഴുവനേ

പരിധിയില്ലാത്ത ഗുണങ്ങളും ധനവുമുള്ളവനായ ഭഗവാൻ ദീർഘദർശികൾക്കും കണ്ണെത്താത്തത്ര നിസ്സീമമഹിമയൊത്തവനാണ്. ഉലകമെല്ലാം അവന്റെ സേവനത്തിലാണ്. വിശ്രുതമായ അവിടുത്തെ തിരുസ്വരൂപം തന്നെയാണ് പ്രാപ്യസ്ഥാനം. അങ്ങയോട് അതിസ്നേഹമാർന്നവർ നിറഞ്ഞ തിരുക്കുടന്തൈയിൽ ശയിക്കുന്ന അങ്ങയെ കാണാനും ആശിച്ചതുപോലെ ദർശനം ആസ്വദിക്കാനും വേപഥുപൂണ്ട്, പരമഭക്തരെയും ഉപാസകരെയും പോലെ ഞാനും മാനം നോക്കി കേഴുകയാണ്. (ഇതിന് കുട്ടിയെപ്പോലെ കരയുകയും മുതിർന്ന വ്യക്തിയെപ്പോലെ ആരാധിക്കുകയും ചെയ്യുകയാണ് എന്നും വ്യാഖ്യാനമുണ്ട്.)

അഞ്ചാം പാസുരം 

ആഴ്വാർ പറയുന്നു, അങ്ങയെ ദർശിക്കാനിച്ഛിച്ച്, അവിടുത്തെ കൃപയ്ക്കായി ഞാൻ പലതും ചെയ്തു, എന്നിട്ടും എനിക്ക് അങ്ങയെ കാണാനായില്ല. ഞാൻ തൃപ്പദങ്ങളെ പ്രാപിക്കുമെന്നത് അങ്ങ് തന്നെ ഉറപ്പാക്കണേ.

അഴുവൻ തൊഴുവൻ ആടിക്കാൺപൻ പാടിയലറ്റുവൻ* 
തഴുവൽ വിനൈയാൽ പക്കം നോക്കി നാണിക്കവിഴ്ന്തിരുപ്പൻ* 
ചെഴുവൊൺ പഴനക്കുടന്തൈക്കിടന്തായ്! ചെന്താമരൈക്കണ്ണാ!* 
തൊഴുവനേനൈ ഉന താൾ ചേരും വകൈയേ ചൂഴ്കണ്ടായ്

ഞാൻ കരയുന്നു, തൊഴുന്നു, ആടുന്നു, കാണുന്നു, പാടുന്നു, അലറുന്നു, ചുറ്റുപാടും ഉറ്റുനോക്കുന്നു.. എന്നെ ബാധിച്ച ഈ ശക്തമായ പ്രേമമെന്ന പാപത്താൽ തന്നെ, വീണ്ടും നാണിച്ച് കമഴ്ന്ന് വീഴുന്നു. ചെന്താമരക്കണ്ണാ, നീരൊഴുക്കുള്ള പാടങ്ങളേറെയുള്ള തിരുക്കുടന്തൈ അമരുവോനേ, അവിടുത്തെ (രക്ഷ) അത്യാവശ്യമായി വേണ്ടുന്നവനായ ഈയുള്ളവനെ, തിരുവടിയിലെത്തിക്കാനുള്ള ഉചിത മാർഗ്ഗം അങ്ങ് തന്നെ കണ്ടെത്തണമേ. 

ആറാം പാസുരം 

ആഴ്വാർ പറയുന്നു, അങ്ങയുടെ ആസ്വാദ്യമായ സ്വഭാവത്താൽ ആകൃഷ്ടനായിപ്പോയതിനാൽ മറ്റ് ലൗകിക വിഷയങ്ങളുമായി എനിക്ക് ഒത്തുപോകാൻ കഴിയുന്നില്ല. അങ്ങ് തന്നെ, ഞാൻ പോലും അറിയാതെ, എനിക്ക് അങ്ങയിലെത്താനുള്ള വഴിയിലെ തടസ്സങ്ങളെ ദൂരീകരിച്ച്, അങ്ങയിലെത്താനുള്ള വഴി കണ്ടെത്തി അത് എനിക്ക് പ്രവർത്തനക്ഷമമായി എന്നതും ഉറപ്പാക്കേണമേ.

ചൂഴ്കണ്ടായ് എൻ തൊല്ലൈ വിനൈയൈ അറുത്ത് ഉന്നടി ചേരും 
ഊഴ്കണ്ടിരുന്തേ* തൂരാക്കുഴി തൂർത്ത് എന്നൈ നാള അകന്റിരുപ്പൻ?* 
വാഴ് തൊൽ പുകഴാർ കുടന്തൈക്കിടന്തായ്! വാനോർ കോമാനേ!* 
യാഴിനിചൈയേ! അമുതേ! അറിവിൻ പയനേ! അരിയേറേ!

സമൃദ്ധമായ (-ഭഗവദനുഭവത്താൽ) ജീവനത്താൽ സ്വാഭാവിക മഹത്വമാർജിച്ചവർ നിവസിക്കുന്ന തിരുക്കുടന്തൈയിൽ അവിടുന്ന് സദയം വിശ്രമിക്കുന്നു. അവിടുന്നാണ് നിത്യസൂരികളുടെ നിയന്താവ്. വാദ്യോപകരണമായ യാഴിന്റെ നാദം പോലെ ഇമ്പമാർന്നതാണ് അവിടുന്ന്. അവിരാമം ആസ്വാദ്യകരമായ അമൃതം പോലെയാണ് അങ്ങ്. സ്തുതികളാൽ സ്തുതിചെയ്യുന്ന നാവിന് ആനന്ദമേകുന്നവനാണ്. അറിവിന്റെ ഫലമായ അങ്ങ് മനസ്സിന് ആസ്വാദ്യനാണ്. എങ്കിലും അങ്ങ് സമുന്നതനായ സിംഹരാജനെപ്പോലെയാണ്. മഹത്വമുറ്റവനും അഗ്രാഹ്യനും. അവിടുത്തെ തൃച്ചേവടികളെ പ്രാപിക്കുന്നതിനുള്ള അതിപുരാതനമായ രീതിയെ കണ്ടറിഞ്ഞ (ഞാൻ) അവിടേക്ക് മാത്രമായി നിലകൊള്ളവെ, എത്ര നാളാണ് ഇനിയും ഈ വേർപാട് സഹിച്ച്, അനുചിത മോഹങ്ങളുടെ നിറയ്ക്കാനാകാത്ത കുഴി (അനുചിത സുഖങ്ങളാൽ) കുഴിച്ച് വർത്തിക്കേണ്ടി വരിക? കരുണയോടെ എന്റെ അനാദിയായ പാപസഞ്ചയങ്ങളെ അറുതി വരുത്തി എന്റെ യഥാർഥ പ്രകൃതത്തിന് നിരക്കുന്നതായ അവിടുത്തെ തൃച്ചേവടികളെ പ്രാപിക്കുമാറ് കനിഞ്ഞനുഗ്രഹിക്കേണമേ. 

ഏഴാം പാസുരം 

ആഴ്വാർ പറയുന്നു, അവിടുത്തെ കാരുണ്യത്താൽ മാത്രം, അവിടുന്ന് സ്വന്തം സൗന്ദര്യാദികളെ പ്രകടമാക്കി, അങ്ങയെ മാത്രം സേവിക്കും വിധം എന്റെ പ്രകൃതത്തെ ശുദ്ധമാക്കി നിലനിർത്തി. ഇപ്പോൾ എനിക്ക് അങ്ങയുടെ തിരുവടികളെക്കൂടാതെ നിലകൊള്ളാനാകാത്തതിനാൽ തൃച്ചേവടികളെ കനിഞ്ഞേകി സംസാരത്തെ (ഭൗതിക ലോകത്തോടുള്ള എന്റെ ബന്ധനത്തെ) ഇല്ലാതാക്കണമേ.

അരിയേറേ! എന്നം പൊറ്ചുടരേ! ചെങ്കൺ കരുമുകിലേ!* 
എരിയേ! പവളക്കുന്റേ! നാൽ തോളെന്തായ്! ഉനതരുളേ* 
പിരിയാ അടിമൈ എന്നൈക്കൊണ്ടായ്! കുടന്തൈത്തിരുമാലേ!* 
തരിയേൻ ഇനി ഉൻ ചരണം തന്തു എൻ ചന്മം കളൈയായേ

തന്റെ അനിയന്ത്രിതമായ സ്വാതന്ത്ര്യത്താൽ ഗാംഭീര്യത്തോടെ വർത്തിക്കുന്ന ഭഗവാൻ ചുവന്ന ദിവ്യനേത്രങ്ങളും കാർമുകിൽവർണ്ണവുമായി മുമ്പേ വർണ്ണിച്ച പ്രകാരമുള്ളതായ തേജസ്സിന്റെ ധാമമായി, നീളമുള്ള ചുവന്ന അഗ്നിസ്തംഭം പോലെ, പവിഴമല പോലെ നിലകൊള്ളുന്നു. നാല് തോളോടെയും പ്രകടമായി (ചതുർബാഹുവായി വന്ന്) എന്നെ ദാസനായി സ്വീകരിച്ചത് അപ്രകാരമുള്ള എന്റെ നാഥനാണ്. അങ്ങ് സ്വന്തം കരുണയിൽ നിന്ന് അകലാത്തവിധത്തിൽ എന്റെ വാചികാദിയായ (വാക്കുകളാലുള്ളത് പോലെയുള്ള) കൈങ്കര്യത്തെ (സേവനത്തെ) കൈക്കൊണ്ടു. ലക്ഷ്മീസമേതനായി തിരുക്കുടന്തൈയിൽ എന്റെ സേവയേറ്റ് വിരാജിക്കുന്നവനേ, ഇതിന് മേൽ ഞാൻ വിശ്രമിക്കുന്നതല്ല (അങ്ങയെ ദേവീസമേതനായി വരദനായി കണ്ട ശേഷം) ദിവ്യചരണങ്ങളെ എന്നിൽ അർപ്പിച്ച് എനിക്ക് ഈ ശരീരത്തോടുള്ള സംബന്ധത്തെ സമ്പൂർണ്ണമായി ഇല്ലാതാക്കേണമേ. 

എട്ടാം പാസുരം

താൻ തരിയേൻ (എനിക്ക് നിലകൊള്ളാവതല്ല) എന്ന് പറഞ്ഞതിന് ശേഷം പോലും ഭഗവാൻ തനിക്ക് മുമ്പാകെ പ്രത്യക്ഷനാകാത്തതിൽ നിന്നും തനിക്ക് ഭഗവാനെക്കുറിച്ച് ധ്യാനിക്കാനാകാതെ വരുന്നതായി ആഴ്വാർ പരിഭ്രമിക്കുന്നു. അദ്ദേഹം പറയുന്നു, എന്നെ അങ്ങ് രക്ഷിച്ചാലും ഇല്ലെങ്കിലും… അതെങ്ങനെയും ആകട്ടെ, പക്ഷേ, അങ്ങ് എനിക്ക് അവിടുത്തെ ദിവ്യരൂപം ധ്യാനിക്കാൻ കഴിയുമെന്നത് സദയം ഉറപ്പാക്കണം. ഇപ്പോൾ എനിക്ക് വേണ്ടത് ഇതാണ്.

കളൈവായ്തുൻപം കളൈയാതൊഴിവായ് കളൈകൺ മറ്റിലേൻ* 
വളൈവായ്നേമിപ്പടൈയായ്! കുടന്തൈക്കിടന്ത മാമായാ!* 
തളരാവുടലം എനതാവി ചരിന്തു പോം പോതു* 
ഇളൈയാതു ഉന താൾ ഒരുങ്കപ്പിടിത്തുപ് പോത ഇചൈ നീയേ

എനിക്ക് മറ്റ് രക്ഷിതാക്കളില്ല. അങ്ങ് എന്റെ ദുഃഖങ്ങളെ ഇല്ലാതാക്കിയാലും ഇല്ലെങ്കിലും. അല്ലയോ അതുല്യസൌന്ദര്യധാമമേ, തിരുക്കുടന്തൈയിൽ തുറന്നവായുള്ള തൃച്ചക്രത്തെ ആയുധമായി ഏന്തി ശയിക്കുന്നവനേ, എന്റെ ശരീരം ദുർബലമാകുമ്പോൾ പ്രാണൻ ഉലയുന്നു, ശരീരം വിടുന്ന അന്തിമനേരം ആകുന്നു. അവിടുത്തെ തൃച്ചേവടികളെ ഏകാന്തഭാവത്തിൽ മനസ്സിൽ ധ്യാനിക്കുന്നതിന് ശക്തിയേകാൻ അങ്ങ് അനുവദിച്ചാൽ മാത്രം മതി. 

ഒമ്പതാം പാസുരം 

ആഴ്വാർ പറയുന്നു, എന്നെ സ്വീകരിച്ച് തൃച്ചേവടികളെ പ്രാപ്യസ്ഥാനമായി കണ്ട് ആനന്ദിക്കാൻ അനുവദിച്ച അങ്ങ് തന്നെ, അവിടുത്തെ മനോഹരമായ നടത്തവും സുന്ദരമായ ശയനവും കാട്ടിത്തരണമേ.

ഇചൈവിത്തു എന്നൈ ഉൻ താളിണൈക്കീഴ് ഇരുത്തും അമ്മാനേ!* 
അചൈവിലമരർ തലൈവർ തലൈവാ! ആദിപ്പെരുമൂർത്തി!* 
തിചൈ വിൽ വീചും ചെഴു മാ മണികൾ ചേരും തിരുക്കുടന്തൈ* 
അചൈവിലുലകം പരവക്കിടന്തായ്! കാണവാരായേ 

നാഥനായ അവിടുന്ന്, അവ (ഭഗവദ് പാദങ്ങൾ) തന്നെ വഴിയും ലക്ഷ്യവുമാകുന്നു എന്ന അറിവ് നൽകി എന്നെ തിരുവടികളിൽ ചേർത്ത് കൈക്കൊണ്ടു. പ്രതിബന്ധരഹിതരായ നിത്യസൂരികളുടെ നാഥന്മാരായ, അനന്ത, ഗരുഡ, വിഷ്വക്സേനാദികൾക്കും നാഥനാകുന്നു അങ്ങ്. എല്ലാത്തിനും കാരണം അങ്ങാകുന്നു. എല്ലാത്തിൽ നിന്നും മഹിമാവാർന്നതാകുന്നു തിരുരൂപം. നാനാദിശയിലേക്കും ശോഭപരത്തുന്ന അമൂല്യമായ അത്യാകർഷകമായ രത്നങ്ങൾ എത്തിച്ചേരുന്ന, അങ്ങയെ പ്രാപിക്കുന്ന വിഷയത്തിൽ ഉള്ള ബുദ്ധിമുട്ടോർത്ത് സംശയത്തോടെ ലോകർ സ്തുതിച്ചുപോരുന്ന തിരുക്കുടന്തൈയിൽ പള്ളികൊള്ളുന്ന ഭഗവാനേ, അങ്ങ് അടിയനെ ദർശിക്കാനായി വരേണമേ. ദുഃഖാബ്ധിയിൽ മുഴുകിയ ഈ ലോകം അവിടുത്തെ സൗന്ദര്യം ദർശിച്ച് ആകൃഷ്ടരായി അങ്ങയെ സ്തുതിക്കുന്നു.

അചൈവിൽ ഉലകം – ഇത് ഇളക്കമില്ലാത്ത പരമപദത്തെയും ഉദ്ദേശിച്ചാകാം. അഥവാ ശയ്യാവേളയിൽ ദിവ്യശരീരത്തെ ഇടത്തോട്ടും വലത്തോട്ടും ഇളക്കുന്ന ഭഗവാനെ ലോകർ സ്തുതിക്കുന്നു എന്നും ആകാം.

പത്താം പാസുരം 

ആഴ്വാർ പറയുന്നു, അങ്ങ് എന്നുള്ളിൽ വർത്തിക്കുന്നു, അത്യന്തം ആസ്വാദ്യനും ആണ്. പക്ഷേ, എനിക്ക് അങ്ങയെ ഭൗതികമായി കാണാൻ കഴിയുന്നില്ല. എങ്കിലും അങ്ങ് വളരെ ലളിതമായി സമീപിക്കാവുന്ന അർച്ചാവതാര (വിഗ്രഹ) രൂപത്തിൽ ഇവിടെ നിലകൊള്ളുന്നു, ഞാൻ അങ്ങയെ ശരണമടഞ്ഞുമിരിക്കുന്നു. ദുഃഖങ്ങളിൽ ഇനിയും എത്രകാലം ഞാൻ ഇങ്ങനെ ഉഴറേണ്ടി വരും?

വാരാവരുവായ്വരുമെൻ മായാ! മായാമൂർത്തിയായ്!* 
ആരാവമുതായ് അടിയേനാവി അകമേ തിത്തിപ്പായ്* 
തീരാ വിനൈകൾ തീര എന്നൈയാണ്ടായ്! തിരുക്കുടന്തൈ 
ഊരാ* ഉനക്കാട്പട്ടും അടിയേൻ ഇന്നം ഉഴൽവേനോ?

നയനാഭിരാമമായ ചാരുസ്വരൂപവുമായി അടിയങ്ങളുടെ മുമ്പാകെ ആവിർഭവിക്കാതെ, അദ്ഭുതകരമായ ഗുണങ്ങൾ പ്രകടമാകാത്ത വിധം ഒരു [ഭൗതിക] രൂപമില്ലാതെ അവിടുന്ന് എന്നിൽ അന്തര്യാമിയായി നിലകൊള്ളുന്നു; [അതിനുപുറമെ] ദാസനായ അടിയന്റെ ആത്മാവിന്റെ അന്തരംഗത്തിൽ അക്ഷയവും അവിനാശിയുമായ നിത്യമംഗളസ്വരൂപത്തോടെ, ശക്തമായ ഭഗവദ് അഭിരുചിയെ ഉണർത്തുകയും ചെയ്യുന്നു; എന്റെ തീരാപ്പാപങ്ങളെ നശിപ്പിക്കാൻ വാചിക (വാക്കുകൊണ്ടുള്ള) കൈങ്കര്യം സ്വീകരിച്ച് തിരുക്കുടന്തൈയെ വിശിഷ്ട വാസസ്ഥലമായി സ്വീകരിച്ച് അവിടെ സന്നിഹിതനായിരിക്കുന്നവനേ! ദാസനാണെങ്കിലും, അങ്ങയ്ക്ക് മാത്രമായി നിലനിൽക്കുന്ന, മറ്റൊരു അഭയവുമില്ലാത്ത ഞാൻ, ഇനിയും അഭികാമ്യമായ ഭഗവദ് സംബന്ധമില്ലാതെ ക്ലേശിക്കേണ്ടതുണ്ടോ?

പതിനൊന്നാം പാസുരം 

ആഴ്വാർ പറയുന്നു, “കാമിനികൾ ഒരു കാമുകനെ ആഗ്രഹിക്കുന്നതുപോലെ, ഈ ദശകം ഒരു തെറ്റുമില്ലാതെ പഠിക്കുന്നവർ ശ്രീവൈഷ്ണവർക്ക് വളരെ പ്രീയങ്കരനായിരിക്കും”.

ഉഴലൈയെൻപിൻ പേയ്‌ച്ചി മുലയൂടു അവളൈ ഉയിരുണ്ടാൻ*
കഴൽകളവൈയേ ചരണാകക്കൊണ്ട  കുരുകൂർച്ചഠകോപൻ* 
കുഴലിൻ മലിയച്ചൊന്ന ഓരായിരത്തുൾ ഇപ്പത്തും*
മഴലൈ തീരവല്ലാർ കാമർ മാനേയ്നോക്കിയർക്കേ

മരക്കമ്പുകളുടെ കൂട്ടം പോലെയുള്ള അസ്ഥികളുള്ള രാക്ഷസസ്ത്രീയുടെ മാറിലൂടെ കൃഷ്ണൻ അവളുടെ ജീവൻ വലിച്ചെടുത്തു, ശത്രുവിനെ/പ്രതിബന്ധത്തെ ഇല്ലാതാക്കി; തിരുക്കുരുകൂറിന്റെ നേതാവായ ശഠകോപൻ, തനിക്ക് വെളിപ്പെട്ട ആ ശ്രീകൃഷ്ണന്റെ ദിവ്യപാദങ്ങൾ തന്നെ തന്റെ അഭീഷ്ടപ്രാപ്തിക്കുള്ള ഏക മാർഗമായി കണക്കാക്കി; അത്തരം ആഴ്വാർ ആയിരം പാസുരങ്ങളിൽ ശബ്ദത്തിനും രാഗത്തിനും ഉറവിടമായ ഓടക്കുഴലിനേക്കാൾ മധുരമുള്ള ഈ വിശിഷ്ട ദശകം കരുണാപൂർവ്വം ഉരചെയ്തു. ആഴ്വാറിന്റെ അതേ ഭാവത്തോടെ അജ്ഞാനമുക്തരായി ഈ ദശകം പാരായണം ചെയ്യാൻ കഴിയുന്നവരെ, മാൻമിഴിമാർ [സ്വർഗീയ കന്യകമാർ] ബ്രഹ്മാലങ്കാരം [വിമോചിത ആത്മാവിനെ അലങ്കരിക്കുന്ന രീതി] ചെയ്ത് സേവിക്കുന്നു. — കന്യകമാർ തങ്ങളുടെ പ്രിയപ്പെട്ടവരെ ആഗ്രഹിക്കുന്നതുപോലെ, ഈ ദശകം പാരായണം ചെയ്യുന്ന അത്തരം ഭക്തരെ ശ്രീവൈഷ്ണവന്മാർ ആഗ്രഹിക്കും.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-5-8-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org