ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 1 – 3

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< തനിയൻ 

പാസുരം 1

ആദ്യ പാസുരം: ഈ പാസുരത്തില്‍, മാമുനികള്‍ തന്റെ ആചാര്യനെ വന്ദിച്ച്,  പ്രബന്ധം അരുളിച്ചെയ്യുന്നതിനുള്ള തന്റെ ലക്ഷ്യവും വ്യക്തമായി വെളിപ്പെടുത്തുന്നു. 

എന്തെതിരുവായ്മൊഴിപ്പിള്ളൈ ഇന്നരുളാല്‍* 
വന്ത വുപദേചമാർക്കത്തൈച് – ചിന്തൈചെയ്തു
പിന്നവരുംകറ്ക ഉപദേചമായ്പ്പേചുകിന്റേന്‍* 
മന്നിയചീര്‍വെണ്‍പാവില്‍ വൈത്തു

എന്റെ സ്വാമിയും ജ്ഞാനപിതാവുമായ തിരുവായ്മൊഴിപ്പിള്ളയുടെ മധുരാനുഗ്രഹത്താൽ എനിക്ക് ലഭിച്ച ഉപദേശക്രമത്തെ നന്നായി വിചിന്തനം ചെയ്ത്, എനിക്കുശേഷം വരുന്നവർക്കും അത് നന്നായി പഠിച്ച് വ്യക്തത പ്രാപിക്കേണ്ടതിനായി, മഹത്വമേറിയ വെൺപാ എന്ന തമിഴ് കവിതാരൂപത്തിൽ ഉപദേശമായി അവതരിപ്പിക്കുന്നു.

പാസുരം 2

രണ്ടാം പാസുരം. താന്‍ സ്വയം ചോദ്യം ചെയ്യുന്നതായി സങ്കല്പിച്ച്, ഈ ഉദ്യമത്തെ ഇഷ്ടപ്പെടാത്തവര്‍ ഇതിനെ തള്ളിക്കളയുമോ എന്ന് ചോദിച്ച് അതിന് സമാധാനമായി അത്തരക്കാരുടെ അഭിപ്രായം തനിക്ക് കുറവൊന്നും വരുത്തുകയില്ല എന്ന് അദ്ദേഹം സ്വയം പറയുന്നു. 

കറ്റോര്‍ഗള്‍ തം ഉഗപ്പര്‍ കല്വി തന്നില്‍ ആശൈ
ഉള്ളോര്‍ പെറ്റോമെന ഉകന്തു പിമ്പു കര്‍പര്‍ – മറ്റോര്‍‍ഗള്‍
മാച്ചരിയാത്തായാല്‍ ഇകഴില്‍ വന്തതു എന്‍ നെഞ്ചേ ഇകഴ്കൈ
ആച്ചരിയമോ താന്‍ അവര്‍ക്ക്

നമ്മുടെ ദര്‍ശനത്തില്‍ പരിജ്ഞാനമുള്ളവര്‍ ഈ ഉദ്യമത്തെ അമൂല്യവും മനോഹരവുമായി കരുതി സന്തോഷിക്കും. മുതിര്‍ന്നവരില്‍ നിന്ന് നല്ല മൂല്യങ്ങളെ ഉള്‍ക്കൊള്ളാന്‍ താല്പര്യമുള്ളവരും ഇതിനെ അഭിനന്ദിക്കും. ഈ രണ്ട് കൂട്ടത്തിലും ഉള്‍പ്പെടാത്തവരാകട്ടെ ഇതിനെ അസൂയാപൂര്‍വ്വം തള്ളിക്കളയും, അത് അവരുടെ സ്വാഭാവഗുണമാണ്, അതില്‍ അതിശയിക്കേണ്ടതില്ല. അതിനെപ്രതി നാം വിഷമിക്കേണ്ടതുമില്ല.

പാസുരം 3

മൂന്നാം പാസുരം. തന്റെ മനസ്സിനെ ആശ്വസിപ്പിച്ച ശേഷം, പാസുരം രചിച്ചരുളുന്നതിന് തീരുമാനിച്ചുകൊണ്ട് ഇതില്‍ സര്‍വാമംഗളങ്ങളും ഒഴിയുന്നതിനായുള്ള മംഗളാശാസനത്തോടെ പാസുരം ആരംഭിക്കുന്നു.

ആഴ്വാര്‍കള്‍ വാഴി അരുളിച്ചെയല്‍ വാഴി*
താഴ്വാതുമില്‍ കുരവര്‍ താംവാഴി* – എഴ്പാരും
ഉയ്യ അവര്‍കളുരൈത്തവൈകള്‍ താംവാഴി
ചെയ്യമറൈ തന്നുടനേ ചേര്‍ന്തു

ആഴ്വാര്‍മാര്‍ വാഴട്ടെ, അവര്‍ സദയം പ്രദാനം ചെയ്ത ദിവ്യപ്രബന്ധം (അരുളിച്ചെയലുകള്‍)‍ വാഴട്ടെ, ആഴ്വാര്‍മാരുടെ പാതയില്‍ വന്നിട്ടുള്ള നമ്മുടെ ആചാര്യന്മാര്‍ ലോകത്തെ സമുദ്ധരിക്കുന്ന വിധം നല്കിയ സദ് വചനങ്ങളും‍ വാഴട്ടെ, എല്ലാവര്‍ക്കും അടിത്തറയായുള്ള, സ്വയം പ്രമാണമായ വേദങ്ങളും വാഴട്ടെ.‍

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-1-3-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org