ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ
ആണ്ടാള്‍ എന്ന ഗോദാ ദേവി, ശ്രീവൈഷ്ണവരുടെ പന്ത്രണ്ട് ആഴ്വാർമാരിലെ ഏക സ്ത്രീ രത്നം ആണ്. പെരിയാഴ്വാരുടെ വളര്‍ത്തുപുത്രി! ഭൂദേവിയുടെ അവതാരമായി ഭക്തര്‍ വിശ്വസിക്കുന്നു!
ശ്രീ വൈഷ്ണവ സമ്പ്രദായത്തിലെ പ്രമുഖ ആചാര്യന്മാരിലൊരാളായ ശ്രീ മണവാള മാമുനികൾ തന്റെ ഉപദേശ രത്നമാല പാസുരം 22- ൽ ആണ്ടാൾ നാച്ചിയാരുടെ മഹത്വം വളരെ മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു.
ഇന്റോ തിരുവാടിപ്പൂരം എമക്കാഗ
അന്റോ ഇങ്കു ആണ്ടാൾ അവതരിത്താൾ കുന്റാധ
വാഴ്വാന വൈകുണ്ഠ വാൻ ഭോഗം തന്നൈ ഇഗഴ്ന്തു
ആഴ്വാർ തിരുമകളാരായ്
ആടി മാസത്തിലെ പൂരം നാളല്ലേ ഇന്ന്? വൈകുണ്ഠത്തിലെ പരിധിയില്ലാത്ത ആനന്ദത്തെ മാറ്റിവച്ച് ആണ്ടാള്‍ നാച്ചിയാരായി പെരിയാഴ്വാരുടെ തിരുമകളായി, അവിടുന്ന് അടിയനെ രക്ഷിക്കാനായി അവതരിച്ചു. കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ കൂടെ ചാടുന്നത് പോലെയാണ് ഇത്. ശ്രീവരാഹപ്പെരുമാളുടെ വചനം കാട്ടിത്തരുന്നതിനാണ് ദേവി അവതരിച്ചത്. ഭൂമിദേവിയോട് വരാഹാവതാരത്തില്‍ ഭഗവാന്‍ പറഞ്ഞല്ലോ, ജീവാത്മാക്കള്‍ക്ക് എന്നെ സ്തുതിച്ചും ചിന്തിച്ചും പൂക്കളാല്‍ അര്‍ച്ചിച്ചും മാത്രം പ്രാപിക്കാമെന്നത്. എത്ര അതിശയകരമാണ്, ദയാപൂര്‍ണ്ണമാണ് ഈ വാഗ്ദാനം.
ആണ്ടാളുടെ കൃതികള്‍ തിരുപ്പാവൈയും നാച്ചിയാര്‍ തിരുമൊഴിയുമാണ്. തിരുപ്പാവൈ എന്ന ഈ സ്തുതി മാർകഴി മാസത്തിൽ പൊതുവെ തമിഴകത്ത് ഭക്തര്‍ ആലപിക്കുന്ന പതിവുണ്ട്. ഭക്തരുടെ നിത്യപാരായണഗ്രന്ഥങ്ങളില്‍ ഒന്നുമത്രേ ഇത്.
ധ്യാന ശ്ലോകങ്ങൾ (തനിയൻ)
നീളാ തുംഗ സ്തനഗിരി തടീസുപ്തം ഉദ്ബോദ്ധ്യ കൃഷ്ണം
പാരാർത്ഥ്യം സ്വം ശ്രുതി ശത ശിരസ്സിദ്ധമദ്ധ്യാപയന്തീ |
സ്വോച്ചിഷ്ടായാം സ്രജി നിഗളിതം യാ ബലാത് കൃത്യ ഭുംഗ്തേ
ഗോദാ തസ്യൈ നമ ഇതം ഇതം ഭൂയ ഏവ’സ്തു ഭൂയഃ ||
നീളാ ദേവിയുടെ അവതാരമായ ശ്രീമതി നപ്പിന്നൈ ദേവിയുടെ മലഞ്ചെരിവിന് സദൃശമായ വലിയ മാറിടത്തിൽ മയങ്ങുന്ന ശ്രീ കൃഷ്ണനെ ഉണർത്തി, വേദാന്തങ്ങളിൽ (വേദങ്ങളുടെ അവസാന ഭാഗം) വ്യക്തമാക്കിയിരിക്കുന്ന പാരതന്ത്ര്യം (പൂർണമായും ഭഗവാന് ആശ്രിതരായിരിക്കുക) എന്ന തത്ത്വം ഭഗവാനെ ഓർമ്മപ്പെടുത്തിയ; സ്വയം ധരിച്ച പുഷ്പഹാരത്താൽ ഭഗവാനെ ബന്ധിതനാക്കി ബലവത്തായി (അവകാശപൂർവ്വം) അനുഭവിച്ച ആണ്ടാളിന് വീണ്ടും വീണ്ടും, എന്നേക്കും പ്രണാമം.
അന്നവയൽ പുതുവൈ ആണ്ടാൾ അരംഗർക്കു
പണ്ണു തിരുപ്പാവൈപ്പൽപതിയം ഇന്നിസൈയാൽ
പാടിക്കൊടുത്താൾ നർപാമാലൈ പൂമാലൈ
സൂടി കൊടുത്താളൈച്ചൊല്ലു
അരയന്നങ്ങൾ അലയുന്ന വയലുകളാൽ ചുറ്റപ്പെട്ട ശ്രീ വില്ലിപുത്തൂരിൽ അവതരിച്ച ആണ്ടാൾ, കരുണാപൂർവ്വം മധുരമായ സ്വരത്തിൽ തിരുപ്പാവൈ എന്ന പ്രബന്ധം രചിച്ച്, ആ ശ്ലോകങ്ങളുടെ മാല ശ്രീ രംഗനാഥനായി സമർപ്പിച്ചു. പുഷ്പങ്ങളുടെ ഹാരം സ്വയം ധരിച്ച ശേഷം ഭഗവാനായ് അർപ്പിക്കുകയും ചെയ്ത ആണ്ടാളിനെ സ്തുതിക്കുവിൻ.
സൂടിക്കൊടുത്ത സുടർക്കൊടിയേ തൊൽപാവൈ
പാടി അരുള വല്ല പൽ വളൈയായ് നാടി നീ
വേങ്കടവർക്കു എന്നൈ വിധി എന്റ ഇമ്മാറ്റം
നാം കടവാ വണ്ണമേ നൽകു
സ്വയം അണിഞ്ഞ പുഷ്പഹാരങ്ങൾ ഭഗവാന് സമർപ്പിച്ച; ശോഭയുളള ലത പോലുള്ള, ദിവ്യമായ കൈകളിൽ വളകളണിഞ്ഞ് ദയാപൂർവ്വം വളരെ പുരാതനമായ പാവൈ വ്രതത്തെപ്പറ്റി പാടിയ; വെങ്കടനാഥന്റെ സേവനത്തിനായി മന്മഥനോടായി അഭ്യർത്ഥിച്ചവളായ ആണ്ടാൾ, ഭഗവാനോടായി ഒന്നും ആവശ്യപെടേണ്ടി വരാത്ത തരത്തിൽ ഞങ്ങളുടെ മേൽ ദയാപൂർവ്വം കൃപചൊരിയേണം എന്നു പ്രാർത്ഥിക്കുന്നു.
ശ്രീ വില്ലിപുത്തൂരിനെ ഗോകുലമായും, തന്നെയും തന്റെ സഖികളെയും ഗോപികമാരായും, വടപെരും കോയിൽ നന്ദഗോപരുടെ ഭവനമായും അതിൽ വിരാജിക്കുന്ന അർച്ചാ വിഗ്രഹത്തെ കണ്ണനായും കണ്ട്, ആണ്ടാൾ മാർകഴി നോമ്പ് നോറ്റു പാടിയ മുപ്പതു പാസുരങ്ങളുടെ ലഘു വ്യാഖ്യാനം ഇവിടെ ചേർക്കുന്നു. ആണ്ടാളുടെ ഈ കൃതിയിൽ വേദങ്ങളുടെയെല്ലാം സാരാംശം സംക്ഷിപ്ത രൂപത്തിൽ ഉൾകൊണ്ടിരിക്കുന്നു.
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruppavai-simple/
അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org