തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 16 മുതൽ 20 വരെ

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തിരുപ്പാവൈ

<< പാസുരം 6 – 15

പതിനാറ്, പതിനേഴ് പാസുരങ്ങളില്‍ ആണ്ടാള്‍ എഴുന്നേല്‍പ്പിക്കുന്നത് സംസാരത്തില്‍ നിത്യസൂരികളുടെ പ്രതിനിധികളായ ക്ഷേത്രപാലന്മാര്‍, ദ്വാരപാലന്മാര്‍, ആദിശേഷന്‍ എന്നിവരെയാണ്. 

പതിനാറാം പാസുരത്തില്‍, നന്ദഗോപരുടെ ദിവ്യഗ്രഹത്തിന് കാവല്ക്കാരായവരെയും മുറിക്ക് കാവലായവരെയും എഴുന്നേല്‍പ്പിക്കുന്നു.

16.നായകനായ് നിന്റ നന്ദഗോപനുടൈയ കോയില്‍ കാപ്പാനേ കൊടിത്തോന്റും തോരണ വായില്‍ കാപ്പാനേ മണിക്കതവം താള്‍ തിറവായ് ആയര്‍ സിറുമിയരോമുക്കു് അറൈപറൈ മായന്‍ മണി വണ്ണന്‍ നെന്നലേ വായ് നേര്‍ന്താന്‍ തൂയോമായ് വന്തോം തുയില്‍ എഴപ്പാടുവാന്‍ വായാല്‍ മുന്നമുന്നം മാറ്റാതേ അമ്മാ നീ നേയ നിലൈക്കതവം നീക്കു ഏലോര്‍ എമ്പാവായ്

ഞങ്ങളുടെ സ്വാമിയായ നന്ദഗോപന്റെ ദിവ്യഗ്രഹം കാക്കുന്നവരേ! അവിടുത്തെ ഗോപുരകാവല്‍ക്കാരേ! രത്നഖചിതമായ കമാനങ്ങള്‍ നിങ്ങള്‍ തുറക്കുക! ദിവ്യചരിതനായ, നീലമരതകവര്‍ണ്ണനായ കണ്ണന്‍ ഞങ്ങള്‍ക്ക് ഇന്ന് ദിവ്യമായ വാദ്യോപകരണം നല്കുന്നതാണെന്ന് ഇന്നലെ വാക്ക് തന്നതാണ്!  ഞങ്ങള്‍ മനശുദ്ധിയോടെ വന്നിരിക്കുന്നു, അവനെ ഉണര്‍ത്താനായി. ഓ പ്രഭോ, ഈ അപേക്ഷ നിരസ്സിക്കാതെ കണ്ണനെ പ്രേമിക്കുന്നവനായ അങ്ങ് ഈ വാതില്‍ തുറക്കുക. 

പതിനേഴാം പാസുരം. ഇവിടെ ആണ്ടാള്‍ വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ശ്രീനന്ദഗോപനെയും യശോദയെയും നമ്പി മൂത്തപിരാനെ (ബലരാമനെ) യുമാണ്. 

17.അമ്പരമേ തണ്ണീരേ സോറേ അറഞ്ചെയ്യും എമ്പെരുമാന്‍ നന്ദഗോപാലാ എഴുന്തിരായ് കൊമ്പനാര്ക്കെല്ലാം കൊഴുന്തേ കുല വിളക്കേ എമ്പെരുമാട്ടി യശോദായ് അറിവുറായ് അമ്പരം ഊടു അറുത്തു ഓങ്കി ഉലകളന്ത ഉമ്പര്‍ കോമാനേ ഉറങ്കാതു എഴുന്തിരായ് സെമ്പൊൻ കഴലടിച്ചെല്‍വാ ബലദേവാ ഉമ്പിയും നീയും ഉറങ്കേലോർ എമ്പാവായ്

ഞങ്ങള്‍ക്ക് വസ്ത്രവും വെള്ളവും ഭക്ഷണവും നല്കുന്ന സ്വാമിയായ നന്ദഗോപരേ എഴുന്നേറ്റാലും. കമനീയാംഗിമാരായ ഗോപികമാരുടെ നായകിയായവളേ, ഗോപാംഗനാമണീ! ഞങ്ങളുടെ നാഥയായ യശോദാ റാണീ.. ഉണരുക! ആകാശത്തെ തുളച്ച് വന്ന് ഉദിച്ച് ലോകമളന്ന നിത്യസൂരികളുടെ നായകനായവനേ നിദ്രയില്‍ നിന്ന് എഴുന്നേറ്റാലും! ദിവ്യപാദത്തില്‍ അരുണിമയുള്ള സുവര്‍ണ്ണഭൂഷണമണിഞ്ഞ ബലരാമാ!  അങ്ങും സോദരനായ കണ്ണനും നിങ്ങളുടെ ദിവ്യനിദ്രയില്‍ നിന്ന് എഴുന്നേല്‍ക്കണേ! 

പതിനെട്ട്, പത്തൊമ്പത്, ഇരുപത് പാസുരങ്ങളില്‍: ഭഗവാൻ കണ്ണനെ എഴുന്നേല്‍പ്പിക്കുന്നതില്‍ ചില കുറവ് പറ്റിയതായി ആണ്ടാള്‍ നിനയ്ക്കുന്നു. നപ്പിന്നൈപ്പിരാട്ടി ശുപാര്‍ശയ്ക്കുള്ള അധികാരം തനിക്ക് തന്നിട്ടില്ല..(നപ്പിന്നൈ ആരാണ്? ശ്രീകൃഷ്ണന്‍ പിന്നീട് വിവാഹം ചെയ്ത സത്യാദേവിയാണ് നപ്പിന്നൈ – നന്നായി മുടി പിന്നിയിട്ടവള്‍ എന്നര്‍ത്ഥം, ഗോപികമാരിലെ ഏറ്റവും ശ്രേഷ്ഠയായവള്‍, ഇത് രാധാദേവിയെന്നു് ചിലര്‍ അഭിപ്രായപ്പെടുന്നു), ഈ മൂന്ന് പാസുരത്തിലും ആണ്ടാള്‍ നപ്പിന്നൈപ്പിരാട്ടിയുടെ മഹിമയും അവള്‍ക്ക് കണ്ണനുമായുള്ള ഉറ്റബന്ധവും അവളുടെ ആസ്വാദ്യതയും ചെറുപ്പവും സുന്ദരമംഗളരൂപവും കണ്ണന്റെ പ്രീയങ്കരിയെന്ന ഗുണവും ശുപാര്‍ശചെയ്യാനുള്ള കഴിവും (മറ്റ് ജീവാത്മാക്കള്‍ക്ക്  ഭഗവാന്റെ കൃപ പകര്‍ന്ന് നല്കാനുള്ള കഴിവ്) വിവരിക്കുന്നു. നമ്മുടെ പൂര്‍വ്വാചാര്യന്മാരുടെ അഭിപ്രായത്തില്‍ ഭഗവാനെ മാത്രം ആഗ്രഹിക്കുകയും ദേവിയെ മറക്കുകയും ചെയ്യുന്നത് ശൂര്‍പ്പണഖയുടെ സ്വഭാവം ആണ്, പിരാട്ടിയെ (ദേവിയെ) മാത്രം ആഗ്രഹിക്കുകയും ഭഗവാനെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് രാവണന്റെ സ്വഭാവത്തിന് തുല്യവും.  

പതിനെട്ടാം പാസുരം. അവള്‍ എത്ര ശ്രമിച്ചിട്ടും ഭഗവാന്‍ ഉണരാത്തതിനാല്‍ താന്‍ നപ്പിന്നൈ പിരാട്ടിയുടെ പുരുഷകാരത്തിലൂടെ (ശുപാര്‍ശയോടെ) ഭഗവാനെ ഉണര്‍ത്താമെന്ന് ചിന്തിച്ച് അവ്വിധം പ്രവര്‍ത്തിക്കുന്നു. ഈ പാസുരം ഭഗവാന് ഏറെ പ്രീയങ്കരമെന്ന് കരുതപ്പെടുന്നു.   

18.ഉന്തു മത കളിറ്റന്‍ ഓടാത തോള്‍ വലിയന്‍ നന്ദഗോപാലന്‍ മരുമകളേ നപ്പിന്നായ് ഗന്തം കമഴും കുഴലീ കടൈതിറവായ് വന്തെങ്കും കോഴി അഴൈത്തന കാണ്‍ മാതവിപ് പന്തല്‍ മേല്‍ പല്‍കാല്‍ കുയിലിനങ്കള്‍ കൂവിന കാണ്‍ പന്താര്‍ വിരലി ഉന്‍ മൈത്തുനന്‍ പേര്‍ പാട സെന്താമരൈക്കൈയാല്‍ സീരാര്‍ വളൈയൊലിപ്പ വന്തു് തിറവായ് മകിഴ്ന്ത് ഏലോര്‍‌ എമ്പാവായ്

ആനയെപ്പോലെ കരുത്തുറ്റ, പോരില്‍ പിന്തിരിയേണ്ടാത്തവനായ നന്ദഗോപരുടെ മരുമകളേ, നപ്പിന്നൈപ്പിരാട്ടീ! സുഗന്ധമുള്ള മുടിക്കെട്ടുള്ളവളേ! വാതില്‍ തുറക്കൂ. കോഴികള്‍ കൊക്കിക്കൊണ്ട് നടക്കുന്നു.. വള്ളിച്ചെടികളില്‍ കൂടു് കൂട്ടിയ കുരുവികള്‍ കൂജനം നടത്തുന്നു. പൂക്കൊട്ടയേന്തിയവളേ, നിന്റെ സുന്ദരമായ കരങ്ങളിലെ കങ്കണങ്ങള്‍ കിലുക്കിക്കൊണ്ട്, ചെന്താമരക്കൈകളാല്‍ സന്തോഷപുരസ്സരം വാതില്‍ തുറക്കുക!   

പത്തൊമ്പതാം പാസുരം. ഇവിടെ കണ്ണനേയും നപ്പിന്നൈപ്പിരാട്ടിയെയും മാറിമാറി വിളിച്ചുണര്‍ത്തുകയാണ്. 

19.കുത്തുവിളക്കെരിയക്കോട്ടുക്കാല്‍ കട്ടില്‍ മേല്‍ മെത്തെന്റ പഞ്ച ശയനത്തിന്‍ മേലേറി കൊത്തു അലര്‍ പൂങ്കുഴല്‍ നപ്പിന്നൈ കൊങ്കൈമേല്‍ വൈത്തുക്കിടന്ത മലര്‍ മാര്‍പാ വായ് തിറവായ് മൈത്തടങ്കണ്ണിനായ് നീയുന്‍ മണാളനൈ എത്തനൈ പോതും തുയില്‍ എഴ ഒട്ടായ് കാൺ എത്തനൈയേലും പിരിവാറ്റുകില്ലായാല്‍ തത്തുവം അന്റു തകവു ഏലോര്‍ എമ്പാവായ്

ആനക്കൊമ്പാല്‍ തീര്‍ക്കപ്പെട്ട കാലുകളുള്ള കട്ടിലില്‍, അരികെ എരിയുന്ന ദീപത്തോടെ, ദിവ്യസുഗന്ധപുഷ്പങ്ങളാല്‍ അലങ്കൃതമായ മുടിക്കെട്ടുള്ള നപ്പിന്നൈ തമ്പുരാട്ടിയുടെ മാറില്‍ തന്റെ ദിവ്യമായ തിരുമാറ് ചേര്‍ത്ത് ശയിക്കുന്നവനേ!  തിരുവായ് തുറന്ന് ഞങ്ങളോട് ഒന്നുരിയാടിയാലും.  കരിമഷിയണിഞ്ഞ കണ്ണാളേ! നിന്റെ ഭര്‍ത്താവിനെ നീ ഒരു നിമിഷം പോലും എഴുന്നേല്‍പ്പിക്കുന്നില്ല! നീ അവനില്‍ നിന്ന് ഒരു മാത്രപോലും അകലാനാഗ്രഹിക്കുന്നില്ലല്ലോ! എന്നാല്‍ ഞങ്ങള്‍ക്കരികിലേക്ക് അവനെ വിടാന്‍ അനുവദിക്കാതിരിക്കുന്നത് നിന്റെ സ്വരൂപത്തിനോ സ്വഭാവത്തിനോ ചേര്‍ന്നതാണോ? 

ഇരുപതാം പാസുരം. ഇവിടെ, ആണ്ടാള്‍ നപ്പിന്നൈപ്പിരാട്ടിയെയും കണ്ണനെയും എഴുന്നേല്‍പ്പിക്കുന്നു. നപ്പിന്നൈയോട് അങ്ങ് തന്നെ കണ്ണനെ ഞങ്ങളോട് ചേര്‍ക്കണമെന്നും അവനെ അനുഭവിക്കാന്‍ അനുവദിക്കണമെന്നും പറയുന്നു.  

20.മുപ്പത്തുമൂവര്‍ അമരര്‍ക്കു മുന്‍ ശെന്റു കപ്പം തവിര്‍ക്കും കലിയേ തുയിലെഴായ് ചെപ്പമുടൈയായ് തിറലുടൈയായ് ചെറ്റാര്‍ക്കു വെപ്പം കൊടുക്കും വിമലാ തുയിലെഴായ് ചെപ്പന്ന മെന്‍മുലൈ ചെവ്വായ് ചിറുമരുങ്കുല്‍ നപ്പിന്നൈ നങ്കായ് തിരുവേ തുയിലെഴായ് ഉക്കമും തട്ടൊളിയും തന്തുന്‍ മണാളനൈ ഇപ്പോതേ എമ്മൈ നീരാട്ടു ഏലോര്‍ എമ്പാവായ്

മുപ്പത്തിമുക്കോടി അമരര്‍ക്കും അഭയമേകി വര്‍ത്തിക്കുന്ന ഭഗവാനേ കണ്ണാ! ഉണര്‍ന്നാലും. ഭക്തരെ രക്ഷിക്കുന്നവനേ, രക്ഷിക്കാന്‍ പ്രാപ്തനായവനേ, എതിരാളികളെ കുഴപ്പിക്കാനുള്ള ശുദ്ധിയുള്ളവനേ, ഉണര്‍ന്നാലും. സ്വര്‍ണമുകുളങ്ങളായ തിരുമാറുള്ളവളായ നപ്പിന്നൈപ്പിരാട്ടീ, ചെഞ്ചുണ്ടും അഴകുറ്റവടിവുമുള്ളവളേ, ശ്രീമഹാലക്ഷ്മിയെപ്പോലെയുള്ളവളേ, എഴുന്നേറ്റാലും!  ഞങ്ങള്‍ക്ക് വ്രതത്തിന് ആവശ്യമായവ തന്നാലും, പനയോല വിശറിയും കണ്ണാടിയും കൂടാതെ,  നിന്റെ പ്രീയനായ കണ്ണനെയും.. ഞങ്ങളെ വേഗം സ്നാനം ചെയ്യാന്‍ അനുവദിച്ചാലും..

നപ്പിന്നൈപ്പിരാട്ടി തുടര്‍ന്ന് ആണ്ടാളുടെ ഈ കൂട്ടത്തില്‍, “ഞാനും നിങ്ങള്‍ക്കൊപ്പം കണ്ണനെ ആസ്വദിക്കുന്നവളാണ്” എന്ന് പറഞ്ഞ് ചേരുന്നു. 

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-16-20-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

Leave a Comment