തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 21 മുതൽ 30 വരെ

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തിരുപ്പാവൈ

<< പാസുരം 16 – 20

ഇരുപത്തിയൊന്നാം പാസുരം. ഇവിടെ ആണ്ടാള്‍ സ്മരിക്കുന്നത് നന്ദഗോപകുലത്തിലുള്ള കണ്ണന്റെ പിറവിയെയും, അവന്റെ വേദങ്ങളാല്‍ സ്ഥാപിതമായിട്ടുള്ള മഹത്വത്തെയുമാണ്.

21.ഏറ്റകലങ്കള്‍ എതിര്‍പൊങ്കി മീതളിപ്പ മാറ്റാതേ പാല്‍ ചൊരിയും വള്ളല്‍ പെരും പശുക്കള്‍ ആറ്റ പടൈത്താന്‍ മകനേ അറിവുറായ് ഊറ്റമുടൈയായ് പെരിയായ് ഉലകിനില്‍ തോറ്റമായ് നിന്റ ചുടരേ തുയിലെഴായ് മാറ്റാര്‍ ഉനക്കു വലിതൊലൈന്തു ഉന്‍ വാസൽ കണ്‍ ആറ്റാതു വന്തു ഉന്‍ അടി പണിയുമാപോലേ പോറ്റിയാം വന്തോം പുകഴ്ന്തു ഏലോര്‍ എമ്പാവായ്

പാത്രങ്ങള്‍ നിറഞ്ഞ് കവിയും വിധം പാലു് തരുന്ന ഐശ്വര്യം നിറഞ്ഞ ധേനുക്കളുള്ള നന്ദഗോപരുടെ മകനേ, ദിവ്യനിദ്രയില്‍ നിന്ന് നീ ഉണരുക! ആധികാരികമായ വേദങ്ങളാല്‍ പരാമര്‍ശിക്കപ്പെടുന്ന പരമോന്നതമായ ശക്തിയ്ക്കു് ഉടയവനേ,  മഹാപുരുഷനായവനേ, ഏവര്‍ക്കും ദൃശ്യനായി പ്രപഞ്ചത്തില്‍ അവതരിക്കാന്‍ കഴിവുറ്റവനേ, ഉണര്‍ന്നാലും. നിന്റെ ദിവ്യസൌധത്തിന്റെ പടിവാതിലില്‍ നിന്നെ സ്തുതിച്ചുകൊണ്ട് ഞങ്ങളിതാ നില്ക്കുന്നു, നീയാല്‍ ജയിക്കപ്പെട്ട എതിരാളികള്‍ ഗതിയില്ലാതെ നിന്റെ പാദപത്മത്തില്‍ നമിക്കുന്നത് പോലെ.  

ഇരുപത്തിരണ്ടാം പാസുരം. ഇവിടെ, ആണ്ടാള്‍ ഭഗവാനോട് തനിക്കും തന്റെ തോഴിമാര്‍ക്കും മറ്റ് ഗതിയില്ലെന്ന്, വിഭീഷണന്‍ ശ്രീരാമനെയെന്ന വിധം തങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നുവെന്ന്, അറിയിക്കുന്നു. തനിക്ക് എല്ലാ ആശകളും അറ്റതായും ഭഗവദ് പ്രസാദം മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും വെളിപ്പെടുത്തുന്നു. 

22.അങ്കണ്‍ മാ ഞാലത്തു അരസര്‍ അപിമാന പങ്കമായ് വന്തു നിന്‍ പള്ളിക്കട്ടിർ കീഴേ സങ്കമിരുപ്പാര്‍ പോല്‍ വന്തു തലൈപ്പെയ്തോം കിൺകിണി വായ്ചെയ്ത താമരൈപ്പൂപ്പോലേ ചെങ്കണ്‍ ചിറുച്ചിറിതേ എമ്മേല്‍ വിഴിയാവോ തിങ്കളും ആതിത്തിയനും എഴുന്താര്‍പോല്‍ അങ്കണ്‍ ഇരണ്ടുങ്കൊണ്ടു എങ്കള്‍ മേല്‍ നോക്കുതിയേല്‍ എങ്കള്‍ മേല്‍ ശാപം ഇഴിന്തു ഏലോര്‍ എമ്പാവായ്

സുന്ദരവും വിശാലവും ബൃഹത്തുമായ രാജ്യങ്ങള്‍ പാലിച്ച രാജാക്കന്മാര്‍,  അങ്ങയുടെ സിംഹാസനത്തിന് കീഴെ തങ്ങളുടെ അഹന്തയറ്റ് ഒത്തുകൂടിയത് പോലെ ഞങ്ങളിതാ എത്തിയിരിക്കുന്നു. കരുണാപൂര്‍ണ്ണമായ, മിന്നിത്തിളങ്ങുന്ന ആഭരണം പോലെയുള്ള ആ പാതിവിടര്‍ന്ന താമരയിതള്‍ കണ്ണുകളാല്‍ നീ കടാക്ഷ‍ിക്കുകയില്ലയോ?  സൂര്യചന്ദ്രോപമമായ തിരുമിഴികളാല്‍ നീ കടാക്ഷിച്ചാല്‍ ഞങ്ങളുടെ ദുഃഖങ്ങള്‍ അറ്റുപോകും.

ഇരുപത്തിമൂന്നാം പാസുരം. ഇവിടെ നീണ്ട കാത്തിരിപ്പിന് ശേഷം ഭഗവാന്‍ കണ്ണന്‍ ആണ്ടാളോട് അവളുടെ ആഗ്രഹമെന്തെന്ന് ആരായുന്നു. ആണ്ടാളോ, ഭഗവാനോട് അങ്ങ് ശയ്യയില്‍ നിന്ന് എഴുന്നേറ്റ്, സിംഹാസനത്തിലേക്ക് നടന്ന്, അതിലമര്‍ന്ന് രാജാവിനെപ്പോലെ നിറസദസ്സില്‍ വച്ച് തന്റെ ഹിതം ആരായണമെന്ന് അപേക്ഷിക്കുന്നു. 

23.മാരിമലൈ മുഴൈഞ്ചില്‍ മന്നിക്കിടന്തു ഉറങ്കും സീരിയ സിങ്കം അറിവുറ്റുത്തീവിഴിത്തു വേരി മയിര്‍പ്പൊങ്ക എപ്പാടും പേര്‍ന്തു ഉതറി മൂരി നിമിര്‍ന്തു മുഴങ്കിപ്പുറപ്പട്ടു പോതരുമാ പോലേ നീ പൂവൈപ്പൂവണ്ണാ ഉന്‍ കോയില്‍ നിന്റു ഇങ്ങനേ പോന്തരുളി കോപ്പുടൈയ സീരിയ സിങ്കാസനത്തിരുന്തു് യാം വന്ത കാരിയം ആരായ്ന്തു അരുള്‍ ഏലോര്‍ എമ്പാവായ്

കായാമ്പൂ വര്‍ണ്ണാ! വര്‍ഷകാലത്ത് ഗുഹയില്‍ ഉറങ്ങുന്ന സിംഹം എഴുന്നേറ്റ് ഉഗ്രനേത്രത്താല്‍ ചുറ്റും നോക്കി, ശരീരം വിറപ്പിച്ച് സടകുടഞ്ഞ് എഴുന്നേല്‍ക്കും പോലെ, ഗാംഭീര്യത്തോടെ എഴുന്നേറ്റ്, തന്റെ ദിവ്യസൌധത്തിലെ മനോഹരമായ തിരു സിംഹാസനത്തിലേറി ഞങ്ങളെ കടാക്ഷിച്ചുകൊണ്ട് മുഴങ്ങുന്ന ശബ്ദത്തോടെ ഞങ്ങളുടെ ആഗമനോദ്ദേശ്യമാരായണം.

ഇരുപത്തിനാലാം പാസുരം. ഭഗവാന്‍ ഇപ്രകാരം ഇരിപ്പുറപ്പിച്ചത് ദര്‍ശിച്ച ശേഷം, ആണ്ടാള്‍ ഭഗവാന് മംഗളാശാസനം ചെയ്യുന്നു. പെരിയാഴ്വാരുടെ ദിവ്യപുത്രിയെന്ന നിലയില്‍ ആണ്ടാളുടെ ലക്ഷ്യം ഭഗവാന് മംഗളമുണ്ടാകണേ എന്ന് ആശംസിക്കുക മാത്രമാണ്.  ദണ്ഡകാരണ്യത്തില്‍ സീതാദേവിക്കൊപ്പം നടകൊണ്ട ശ്രീരാമനെ മാമുനിമാരും പിന്നീട് പെരിയാഴ്വാറും, ചെയ്തപോലെ മംഗളാശാസനം ചെയ്യുന്നു. അവര്‍, കാനനത്തില്‍ സുന്ദരദിവ്യ പാദങ്ങളുള്ള ഭഗവാന്‍ നടകൊണ്ടതില്‍ സ്വയം കാരണക്കാരായി കരുതി വേദനിച്ചു.  

24.അന്റു ഇവ്വുലകം അളന്തായ് അടിപോറ്റി സെന്റങ്കുത്തെന്നിലങ്കൈ ചെറ്റായ് തിറല്‍ പോറ്റി പൊന്‍റച്ചകടമുതൈത്തായ് പുകഴ്പോറ്റി കന്റു കുണിലാ എറിന്തായ് കഴല്‍ പോറ്റി കുന്റു കുടൈയാ വെടുത്തായ് കുണം പോറ്റി വെന്റു പകൈ കെടുക്കും നിന്‍കൈയില്‍ വേല്‍ പോറ്റി എന്റെന്റും ഉന്‍ ചേവകമേ ഏത്തിപ്പറൈ കൊള്‍വാൻ ഇന്റുയാം വന്തോം ഇരങ്കു ഏലോര്‍ എമ്പാവായ്

പോറ്റി എന്നതിന് നീണാള്‍ വാഴട്ടെ എന്നര്‍ത്ഥം. ഇത് മംഗളാശാസനമാണ്. ദേവതകള്‍ക്കായി ഇപ്പാരിനെ പണ്ട് അളര്‍ന്നവനേ! നിന്തിരുവടി നീണാള്‍ വാഴട്ടെ! രാവണന്റെ മനോഹരമായ ലങ്കാപുരിയിലെത്തി അതിനെ തകര്‍ത്തവനേ, നിന്റെ ശക്തി നീണാള്‍ വാഴട്ടെ! ശകടത്തില്‍ ആവേശിച്ചിരുന്ന അസുരനെ അതിന്റെ ചക്രത്തില്‍ തൊഴിച്ച് വധിച്ചവനേ, നിന്റെ കീര്‍ത്തി നീണാള്‍ വാഴട്ടെ! കന്നിന്റെ രൂപത്തിലെത്തിയ അസുരനെ പനയിലേക്ക് വലിച്ചെറിഞ്ഞ് അവനെയും ആ പനയിലമര്‍ന്നിരുന്ന അസുരനെയും വധിച്ചവനേ നിന്റെ തിരുവടി നീണാള്‍ വാഴട്ടെ! ഗോവര്‍ദ്ധനത്തെ മലയായി ഉയര്‍ത്തിയവനെ നിന്റെ സദ്ഗുണങ്ങള്‍ നീണാള്‍ വാഴട്ടെ! നീ കൈയിലേന്തിയ ദിവ്യമായ കുന്തം ശത്രുക്കളെ നശിപ്പിച്ചുകൊണ്ട് നീണാള്‍ വാഴട്ടെ!   ഞങ്ങളിവിടെ വന്നിരിക്കുന്നത് അങ്ങേയ്ക്ക് ഇപ്രകാരം പലകുറി മംഗളാശാസനം ചെയ്യുന്നതിനാണ്. ഇപ്രകാരം അങ്ങയുടെ ധീരോദാത്ത ചരിത്രങ്ങളെ പുകഴ്ത്തി അങ്ങയില്‍ നിന്ന് കൈങ്കര്യത്തിന് (സേവനത്തിന്) അനുമതി തേടാനും അത് നിറവേറ്റാനുമാണ്. അങ്ങ് അതിലേക്ക് അനുഗ്രഹിച്ചരുളണം. 

ഇരുപത്തിയഞ്ചാം പാസുരം. ഭഗവാന്‍ അവരോട്  നോമ്പിന് വേണ്ടതായ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കവെ, അവര്‍ ഭഗവാന് മംഗളാശാസനം ചെയ്തതോടെ ദുഃഖങ്ങളില്‍ നിന്ന് മുക്തരായതായി അറിയിക്കുന്നു. കൈങ്കര്യം മാത്രമേ ആവശ്യമുള്ളൂവെന്ന് അറിയിക്കുന്നു.

25.ഒരുത്തി മകനായ്പ്പിറന്തു ഓര്‍ ഇരവില്‍ ഒരുത്തി മകനായ് ഒളിത്തു വളരത് തരിക്കിലാനാകിത്താന്‍ തീങ്കു നിനൈന്ത കരുത്തൈപ്പിഴൈപ്പിത്തുക്കഞ്ചന്‍ വയിറ്റില്‍ നെരുപ്പെന്ന നിന്റ നെടുമാലേ ഉന്നൈ അരുത്തിത്തു വന്തോം പറൈ തരുതിയാകില്‍ തിരുത്തക്ക സെല്‍വമും സേവകമും യാംപാടി വരുത്തമും തീര്‍ന്തു മകിഴ്ന്തു ഏലോര്‍ എമ്പാവായ്

നിസ്തുലയായ ദേവകീദേവിയുടെ തിരുമകനായി അവതരിച്ച്, നിരുപമമായ ആ രാത്രി തന്നെ അങ്ങ് നിസ്തുലയായ യശോദാദേവിയുടെ മകനായി വളര്‍ന്നുതുടങ്ങി. അക്കാലത്ത് അത് സഹിക്കാനാകാതെ കംസന്‍ അങ്ങയെക്കുറിച്ച് കോപിച്ചു. അങ്ങയെ വധിക്കാന്‍ നിനച്ചു. കംസന്റെയുള്ളില്‍പോലും അഗ്നിയായി ജ്വലിക്കുന്ന അങ്ങാകട്ടെ, അവന്റെ ദുശ്ചിന്തകള്‍ക്കൊപ്പം അവനെയും നശിപ്പിച്ചു. ഞങ്ങളിവിടെ വന്നിരിക്കുന്നത്, ഞങ്ങളാഗ്രഹിക്കുന്നത് അങ്ങയില്‍ നിന്ന് തേടിയാണ്. അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന നിറവേറ്റുമെങ്കില്‍ ശ്രീദേവി പോലും ഇച്ഛിക്കുന്ന വിധം ഞങ്ങള്‍ അവിടുത്തെ ഐശ്വര്യവീര്യങ്ങളെ സ്തുതിക്കും, അങ്ങനെ അങ്ങയില്‍ നിന്നുള്ള വേര്‍പെടലിന്റെ ദുഃഖത്തില്‍ നിന്ന് മുക്തരായി ആനന്ദിക്കും.  

ഇരുപത്തിയാറാം പാസുരം. ഇവിടെ ആണ്ടാള്‍, നോമ്പിനാവശ്യമുള്ളവയെന്തെല്ലാമെന്ന് പറയുന്നു. നേരത്തെ ഒന്നും വേണ്ടതില്ല എന്ന് പറഞ്ഞുവെങ്കിലും ഇപ്പോള്‍, മംഗളാശാസനം ചെയ്യുന്നതിലേക്ക് പാഞ്ചജന്യാഴ്വാരെ(തിരുശംഖം) ആവശ്യപ്പെടുന്നു, കൂടാതെ,  തിരുമുഖം വ്യക്തമായി കാണുവാന്‍ ദീപവും, സാന്നിദ്ധ്യം ഉത്ഘോഷിക്കുന്ന പതാകയും ഭഗവാന് നിഴലിനായി മേലാപ്പു് മുതാലയവ ചോദിക്കുന്നു. കൃഷ്ണാനുഭവം പൂര്‍ണ്ണവും യോഗ്യവുമാകുന്നതിലേക്കാണ് ആണ്ടാളുടെ പ്രാര്‍ത്ഥനകളെല്ലാമെന്ന് പൂര്‍വ്വാചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു. 

26.മാലേ മണിവണ്ണാ മാര്‍കഴി നീരാടുവാന്‍ മേലൈയാര്‍ ചെയ്വനകള്‍ വേൺടുവന കേട്ടിയേല്‍ ഞാലത്തൈയെല്ലാം നടുങ്ക മുരല്‍വന പാലന്ന വണ്ണത്തുന്‍ പാഞ്ചസന്നിയമേ പോല്‍വന സങ്കങ്കള്‍ പോയ്പ്പാടു ഉടൈയനവേ സാലപ്പെരും പറൈയേ പല്ലാണ്ടു ഇസൈപ്പാരേ കോല വിളക്കേ കൊടിയേ വിതാനമേ ആലിന്‍ ഇലൈയായ് അരുള്‍ ഏലോര്‍ എമ്പാവായ്

ഭക്തവത്സലാ, നീലമണിവര്‍ണ്ണാ! പ്രളയത്തില്‍ ആലിലയില്‍ പള്ളികൊണ്ടവനേ, ഈ മാര്‍കഴി നോമ്പിനായി എന്തെല്ലാമാണ് വേണ്ടതെന്ന് അങ്ങ് ചോദിച്ചതിനാല്‍, പൂര്‍വ്വികരുടെ രീതിക്കൊത്തവണ്ണം ഞങ്ങളുടെ ആവശ്യം ഇവയാണ് എന്ന് പറയാം, നന്നായി മുഴങ്ങുന്ന, ലോകത്തെ വിറപ്പിക്കുന്ന ധവളിമയാര്‍ന്ന, പാഞ്ചജന്യസദൃശമായ ശംഖം. വിശാലവും വിസ്തൃതവുമായ തട്ട് വാദ്യങ്ങള്‍, തിരുപ്പല്ലാണ്ട് പാടുന്നവര്‍, ദീപം, കൊടി, മേലാപ്പ് ഇവയാണ് വേണ്ടത്. 

ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് പാസുരങ്ങളില്‍ ആണ്ടാള്‍, ഭഗവാന്‍ തന്നെയാണ് ഭഗവാനെ പ്രാപിക്കാനുള്ള വഴിയും ലക്ഷ്യവും(കൈങ്കര്യം) എന്ന് വ്യക്തമാക്കുന്നു. 

ഇരുപത്തിയേഴാം പാസുരം. അനുകൂലവും പ്രതികൂലവുമായവയെ തന്നിലേക്ക് ആകര്‍ഷിക്കുന്നതിലുള്ള ഭഗവാന്റെ പ്രത്യേകമായ ഗുണവിശേഷത്തെ ആണ്ടാൾ ഇവിടെ വിശദീകരിക്കുന്നു. കൂടാതെ, ഏറ്റവും ഉയര്‍ന്ന പുരുഷാര്‍ത്ഥം (ജീവിതത്തിന്റെ പരമമായ ലക്ഷ്യം) സായൂജ്യമോക്ഷ ഭഗവാനൊന്നിച്ചാകുക)ത്തോടെ നൊടിയിടയും അവിടുന്നില്‍ നിന്ന് അകലാതെ, നിരന്തരം സേവനം അനുഷ്ഠിക്കാനാകുക എന്നതാണെന്ന് പറയുന്നു. 

27.കൂടാരൈ വെല്ലും ശീര്‍ക്കോവിന്താ ഉന്‍ തന്നൈപ് പാടിപ്പറൈ കൊണ്ടു യാം പെറും സമ്മാനം നാടു പുകഴും പരിസിനാല്‍ നന്റാക ചൂടകമേ തോള്‍ വളൈയേ തോടേ സെവിപ്പൂവേ പാടകമേ എന്റനൈയ പല്‍കലനും യാം അണിവോം ആടൈ ഉടുപ്പോം അതന്‍ പിന്നേ പാൽസോറു മൂട നെയ് പെയ്തു മുഴങ്കൈ വഴിവാര കൂടിയിരുന്തു കുളിര്‍ന്തു ഏലോര്‍‌ എമ്പാവായ്

കീഴടങ്ങാത്തവരെയും നേടാനാകുന്ന കല്യാണ ഗുണവാനായ ഗോവിന്ദാ! അങ്ങയെ സ്തുതിക്കുന്നവരായ, കൈങ്കര്യം ചെയ്യുന്നവരായ ഞങ്ങള്‍‌ക്ക് ലഭിക്കുന്ന ആദരമാണ്, അങ്ങും നപ്പിന്നൈപ്പിരാട്ടിയും ദാനമായി തരുന്ന വിവിധതരം കൈവളകള്‍‍, കര്‍ണ്ണഭൂഷണങ്ങള്‍, കണ്ഠാലങ്കാരങ്ങള്‍, കാല്‍വളകള്‍ എന്നിവ ധരിക്കാനാകുക എന്നത്. അങ്ങ് കനിഞ്ഞേകുന്ന വസ്ത്രങ്ങളും ഞങ്ങളണിയും. തുടര്‍ന്ന് നെയ്യാല്‍ മൂടിയ അക്കാരവടിസില്‍(അരിയും പാലും പഞ്ചസാരയും നെയ്യും ചേര്‍ത്തുണ്ടാക്കുന്നത്) പ്രസാദം ഒരുമിച്ച് ഭുജിക്കും. അതിലെ നിറഞ്ഞിരിക്കുന്ന നെയ്യാകട്ടെ കൈകളില്‍ ഒലിച്ചിറങ്ങും.

ഇരുപത്തിയെട്ടാം പാസുരം. ഇവിടെ ആണ്ടാള്‍ ഭഗവാനും എല്ലാ ജീവാത്മാക്കളുമായുള്ള അഹൈതുകമായ ബന്ധത്തെ വിശദീകരിക്കുന്നു,  ഭഗവാന്റെ മഹിമയും, തന്റെ അദ്വേ‍ഷം(വെറുക്കില്ല) എന്ന സ്വഭാവത്താല്‍ ഏവരെയും ഉയര്‍ത്താനുള്ള, (വൃന്ദാവനത്തിലെ ഗോക്കളെപ്പോലെയുള്ള, തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതായ) ഭഗവാന്റെ ഗുണത്തെയും അതിനാല്‍ മറ്റൊരു മാര്‍ഗ്ഗത്തിലും തനിക്ക് ഇടപെടാനാകായ്കയും വിശദീകരിക്കുന്നു. 

28.കറവൈകള്‍ പിനചെന്റു കാനം സേര്‍ന്തു ഉണ്‍പോം അറിവോന്റും ഇല്ലാത ആയ്ക്കുലത്തു ഉന്‍തന്നൈപ് പിറവി പെറുന്തനൈ പുണ്ണിയം യാം ഉടൈയോം കുറൈവൊന്റും ഇല്ലാത ഗോവിന്ദാ ഉന്‍തന്നോടു ഉറവേല്‍ നമക്കു ഇങ്കു ഒഴിക്ക ഒഴിയാതു അറിയാത പിള്ളൈകളോം അന്‍പിനാല്‍ ഉന്‍തന്നൈച് ചിറുപേര്‍ അഴൈത്തനൈവും സീറി അറുളാതേ ഇറൈവാ നീ താരായ് പറൈ ഏലോര്‍ എമ്പാവായ്

കുറവുകളില്ലാത്തവനായ ഗോവിന്ദാ! ഞങ്ങള്‍ ഗോക്കളെ കാനനത്തിലേക്ക് പിന്തുടരാം, ചുറ്റി നടന്ന് ഭോജനം ഒരുമിച്ച് നടത്താം. അങ്ങ് അറിവില്ലാത്തവരായ ഈ ആയര്‍കുലത്തില്‍ പിറന്നുവെന്നത് ഞങ്ങളുടെ ഭാഗ്യമാണ്.  പ്രഭോ! അങ്ങയോട് ഞങ്ങള്‍ക്കുള്ള ബന്ധമാകട്ടെ ഞങ്ങള്‍ക്കോ അങ്ങേയ്ക്കോ മുറിച്ച് മാറ്റാനാകുന്നതേയല്ല.  ഞങ്ങള്‍ അടുപ്പം കൊണ്ട് വിളിക്കുന്ന മോശം നാമങ്ങളെ പ്രതി കോപിക്കരുതേ, ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം നല്കി അനുഗ്രഹിക്കണേ!  

ഇരുപത്തിയൊമ്പതാം പാസുരം. ഇവിടെ ആണ്ടാള്‍ വെളിപ്പെടുത്തുന്നത് പ്രധാനമായ ഒരു തത്വമാണ്. കൈങ്കര്യം ചെയ്യുന്നത് നമ്മുടെ സന്തോഷത്തിനായിട്ടല്ല, മറിച്ച് ഭഗവാന്റെ സന്തോഷം മാത്രമാണ് അതിന്റെ ലക്ഷ്യം. കൂടാതെ, കൃഷ്ണാനുഭവത്തിനുള്ള തീവ്രമായ അഭിലാഷത്താലാണ് നോമ്പ് ഒരു കാരണമാക്കിയത് എന്ന് ആണ്ടാള്‍ വെളിപ്പെടുത്തുന്നു.  

29.ചിറ്റം ചിറുകാലേ വന്ത് ഉന്നൈ സേവിത്ത് ഉന്‍ പൊറ്റാമരൈ അടിയൈ പോറ്റും പൊരുള്‍ കേളായ് പെറ്റം മേയ്ത്ത് ഉണ്ണും കുലത്തില്‍ പിറന്തു നീ കുറ്റേവല്‍ എങ്കളൈക്കൊള്ളാമല്‍ പോകാതു് ഇറ്റൈപറൈ കൊള്‍വാന്‍ അന്റു കാണ്‍ ഗോവിന്ദാ എറ്റൈക്കും ഏഴേഴ് പിറവിക്കും ഉന്‍ തന്നോട് ഉറ്റോമേ ആവോം ഉനക്കേ നാം ആട് ചെയ്വോം മറ്റൈ നം കാമങ്കള്‍ മാറ്റ് ഏലോര്‍ എമ്പാവായ്

ഈ പുലര്‍ കാലത്ത് അങ്ങയെ സേവിക്കാന്‍ എത്തിയ, അവിടുത്തെ പൊല്‍ത്താമരയടികള്‍ക്ക് മംഗളംനേരുന്ന അടിയങ്ങള്‍ക്കുള്ള സേവാഫലം കേള്‍ക്കണേ, പശുക്കളെ മേയ്ക്കുന്ന, മേച്ചുനടന്ന് ഉണ്ണുന്ന കുലത്തില്‍ പിറന്ന അവിടുന്ന് ഞങ്ങളുടെ സേവനം സ്വീകരിക്കാതെയിരിക്കരുതേ. അവിടുത്തെ കൈകളില്‍ നിന്ന് പറ എന്ന വാദ്യോപകരണം (അഥവാ എന്തെങ്കിലും) വാങ്ങാനല്ല, അടിയങ്ങള്‍ വന്നത്. ഏഴേഴ് പിറവികളായി (അനന്തമായ ജന്മാന്തരങ്ങളുടെ) വന്ന ബന്ധമാണ് അങ്ങയോടു് ഞങ്ങള്‍‌ക്ക്. തുടർന്നിനിയും അങ്ങേയ്ക്ക് മാത്രമേ ഞങ്ങള്‍ സേവ ചെയ്കയുള്ളു. അങ്ങനെ കൈങ്കര്യം അനുഷ്ഠിക്കവെ, അത് പോലും ഞങ്ങളുടെ സന്തോഷത്തിനാണ് എന്ന ചിന്ത ഞങ്ങള്‍ക്ക് ഉണ്ടാക്കരുതേ, അങ്ങയെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ് അങ്ങയെ സേവിക്കുമ്പോള്‍ അടിയങ്ങളുടെ ലക്ഷ്യമെന്ന വിധം അനുഗ്രഹിക്കണേ.

മുപ്പതാം പാസുരം. ഭഗവാന്‍ തന്റെ ആഗ്രഹങ്ങളെ നിറവേറ്റുമെന്ന് അറിയിച്ചതിനാല്‍ ഗോപികാഭാവം മാറ്റിവച്ച് താനായി തന്നെ ഈ പാസുരം പാടിയിരിക്കുന്നു. ഈ പാസുരങ്ങള്‍ ആലപിക്കുന്നവര്‍ക്ക് തനിക്ക് ലഭിച്ച അതേ കൈങ്കര്യ ഫലം സിദ്ധിക്കുമെന്ന് ഉറപ്പ് നല്കുന്നു (അവരുടെ മനശുദ്ധി ആണ്ടാളുടെയത്ര ആകണമെന്നില്ല) മറ്റൊരുവിധം പറഞ്ഞാല്‍, കണ്ണന്‍ വൃന്ദാവനത്തിലായിരുന്നപ്പോള്‍ ഗോപികമാര്‍ക്ക് അവിടുത്തോടുണ്ടായിരുന്ന അനുരാഗം ആണ് ശ്രീവില്ലിപുത്തൂരില്‍ ഇരുന്ന ആണ്ടാള്‍ക്കും അനുഭവപ്പെട്ടിരുന്നത്, അതിനാല്‍ ഈ പാസുരങ്ങളെ പാടുന്നവര്‍ക്കും എവിടെയും ഇതേ മനോഭാവം ഉണ്ടാകുന്നതാണ്. രാമാനുജാചാര്യരുടെ മുഖ്യശിഷ്യനായ കൂറത്താഴ്വാന്റെ പുത്രനായ പരാശരഭട്ടര്‍ വിശദീകരിച്ചത്, “ചത്ത പശുക്കുട്ടിയെക്കൊണ്ട് (സ്റ്റഫ് ചെയ്ത്) ഉണ്ടാക്കിയ പാവയാല്‍ പോലും പശുവിന് അകിട് ചുരക്കുന്നത് പോലെ, ഭഗവാന് പ്രീയങ്കരമായ ഈ പാസുരങ്ങള്‍ ആലപിക്കുന്നവര്‍ക്കും ഭഗവാന് പ്രീയപ്പെട്ടവര്‍ക്കു് ലഭിക്കുന്ന ഫലം സിദ്ധിക്കും” എന്നാണ്.  ആണ്ടാള്‍ പ്രബന്ധം അവസാനിപ്പിക്കുന്നത്, ഭഗവാന്റെ പാലാഴിമഥന ചരിത്രം വിശദീകരിച്ചുകൊണ്ടാണ്. കാരണം, ഗോപികമാര്‍ ഭഗവാനെ പ്രാപിക്കാനാഗ്രഹിച്ചു. ഭഗവദ്പ്രാപ്തിക്കാകട്ടെ, പിരാട്ടിയുടെ(ശ്രീദേവിയുടെ) പുരുഷകാരം (മധ്യസ്ഥശുപാര്‍ശ) ആവശ്യമാണ്.  ഭഗവാന്‍ പാലാഴി കടഞ്ഞത് ദേവിയെ അവിടെ നിന്ന് പുറത്ത് വരുത്തി വിവാഹം ചെയ്യാനായി മാത്രമാണ്. അതേ പോലെ ആണ്ടാളും പ്രബന്ധത്തില്‍ ഈ ചരിത്രം കൊണ്ടു വന്ന് അവസാനിപ്പിക്കുന്നു. ആചാര്യാഭിമാനം (ആചാര്യന് പ്രീയപ്പെട്ടതാകുക) എന്ന അവസ്ഥയില്‍ ഉറച്ചവളാണ് ആണ്ടാള്‍, ആകയാല്‍, താന്‍ ഭട്ടര്‍പിരാന്‍ കോതൈ ആണ് (ഭട്ടര്‍പിരാന്‍ എന്ന പെരിയാഴ്വാരുടെ പുത്രി) എന്ന് അറിയിക്കുന്നു. 

30.വങ്കക്കടല്‍ കടൈന്ത മാതവനൈക്കേശവനൈ
തിങ്കള്‍ തിരുമുകത്തുച്ചേയിഴൈയാര്‍ സെന്റു ഇറൈഞ്ചി
അങ്കപ്പറൈ കൊണ്ട ആറ്റൈ അണിപുതുവൈപ്
പൈങ്കമലത്തണ്‍തെരിയല്‍ പട്ടര്‍ പിരാന്‍ കോതൈ സൊന്ന
സങ്കത്തമിഴ് മാലൈ മുപ്പതും തപ്പാമേ
ഇങ്കു ഇപ്പരിസുരൈപ്പാര്‍ ഈരിരണ്ടു മാല്‍ വരൈത്തോള്‍
സെങ്കണ്‍ തിരുമുകത്തുച്ചെല്‍വത്തിരുമാലാല്‍
എങ്കും തിരുവരുള്‍ പെറ്റു ഇന്‍പുറുവര്‍ എമ്പാവായ് 

പരമപുരുഷനായ കേശവന്‍ (ഭഗവാന്‍) പാലാഴി കടഞ്ഞു. തിരുവായ്പ്പാടിയിലെ ചന്ദ്രമുഖിമാരായ, അലങ്കൃതകളായ ഗോപികമാര്‍ ചെന്ന് ആ ഭഗവാനെ ആരാധിച്ചു ഫലം നേടി. പെരിയാഴ്വാരുടെ മകളായ, കുളിര്‍ താമരമാലകളേന്തിയ ആണ്ടാള്‍ മനോഹരമായ ശ്രീവില്ലിപുത്തൂരില്‍  അവതരിച്ച്, ഗോപികമാര്‍ക്ക് ലഭിച്ച സേവാഫലത്തിന്റെ ചരിത്രം സദയം വിശദമാക്കിയിരിക്കുന്നു. ഈ മുപ്പത് പാസുരങ്ങള്‍ വലിയ കൂട്ടമായി ചൊല്ലേണ്ടവയാണ്. ഒന്ന് വിടാതെ ഈ മുപ്പത് പാസുരവും ചൊല്ലുന്നവര്‍ക്ക് അവ്വിധം ഈ ലോകത്ത് ഐശ്വര്യപൂര്‍ണ്ണനും മലകള്‍ക്കൊത്ത തോളുകളുള്ളവനുമായ ചെന്താമരമിഴികളുള്ള (ചുവന്ന കണ്ണുകള്‍ ഭക്തരോടുള്ള പ്രേമത്തിന്റെ പ്രതീകമാണ്) തിരുമുഖത്തോടെയുള്ള ആ ഭഗവാന്റെ എല്ലാ കാരുണ്യവും സിദ്ധിക്കും.  അവര്‍ എല്ലായിടത്തും ഐശ്വര്യമുള്ളവരായിരിക്കും. 

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-21-30-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

Leave a Comment