തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 6 മുതൽ 15 വരെ

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തിരുപ്പാവൈ

<< പാസുരം 1 – 5

അടുത്തതായി ആറു് മുതല്‍ പതിനഞ്ച് വരെയുള്ള പാസുരങ്ങളില്‍ ആണ്ടാള്‍ നാച്ചിയാര്‍ തിരുവമ്പാടിയിലെ അഞ്ച് ലക്ഷം ഗോപികമാരുടെ പ്രതീകമെന്ന പോലെ പത്ത് ഗോപികമാരെ ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുന്നതായി സങ്കല്പിക്കുകയാണ്. വേദപാരംഗതരായ പത്ത് ഭക്തരെ ഉണര്‍ത്തുന്നത് പോലെയാണ് വരികള്‍ ക്രമീകരിച്ചിരിക്കുന്നത്. 

ആറാം പാസുരം. ഇവിടെ, കൃഷ്ണാനുഭവത്തില്‍ പുതുതായി വന്നവളായ ആയപ്പെണ്‍കൊടിയെയാണ് ഉണര്‍ത്തുന്നത്.  കണ്ണനെ തനിക്ക് തന്നെയായി അനുഭവിക്കുന്നതില്‍ തൃപ്തയാണ് അവള്‍. പ്രഥമ പര്‍വ്വ നിഷ്ഠയെന്നതാണ് ഭക്തിയുടെ ആദ്യഘട്ടത്തിലെ ഈ അവസ്ഥയുടെ പേര്.  മറ്റ് ഭക്തര്‍ക്കൊപ്പം ആയിരിക്കുന്നതില്‍ ആനന്ദിക്കുന്ന അവസ്ഥയാണ് ചരമപര്‍വ്വനിഷ്ഠയെന്ന, ഭഗവദ് അനുഭവത്തിന്റെ അവസാന ഘട്ടം. 

6.പുള്ളും ചിലമ്പിന കാണ്‍ പുള്ളരൈയന്‍ കോയിൽ വെള്ളൈ വിളിച്ചങ്കിന്‍ പേരരവം കേട്ടിലൈയോ പിള്ളായ് എഴുന്തിരായ് പേയ്മുലൈ നഞ്ചുണ്ട് കള്ളച്ചകടം കലക്കഴിയക്കാലോച്ചി വെള്ളത്തരവില്‍ തുയില്‍ അമര്‍ന്ത വിത്തിനൈ ഉള്ളത്തുക്കൊണ്ടു മുനിവര്‍കളും യോകികളും മെള്ള എഴുന്തു അരിയെന്റ പേരരവം ഉള്ളം പുകുന്തു കുളിര്‍ന്തു ഏലോര്‍ എമ്പാവായ്

പക്ഷികള്‍ പറക്കുന്നു, ചിലമ്പുന്നു.. നീ കാണുന്നില്ലേ? പക്ഷീന്ദ്രനായ ഗരുഡന്റെ നാഥനായ ഭഗവാന്റെ കോവിലില്‍ നിന്ന് ഉയരുന്ന ആ ധവളശംഖത്തിന്റെ ധ്വനി നീ കേള്‍ക്കുന്നില്ലേ? 

പുതുമക്കാരിയായ പെണ്‍കൊടിയേ! ഉണര്‍ന്നാട്ടെ! ഭഗവാന്‍ അമ്മയുടെ ഭാവത്തിലെത്തിയ രാക്ഷസിയായ പൂതനയുടെ ജീവനും വിഷവും ഒരുമിച്ച് കുടിച്ചവനാണ്!  ചതിയനായ ശകടാസുരനെ തകര്‍ക്കും വിധം കാലുകള്‍ അകത്തിയവനാണ്. അവന്‍ തിരുപ്പാല്‍ക്കടലില്‍ ആദിശേഷനില്‍ പള്ളിയമരുന്നു. ഈ പ്രപഞ്ചത്തിന്റെ കാരണഭൂതനാണ് ഭഗവാന്‍.  ആ ഭഗവാനെ ധ്യാനിക്കുന്ന മുനികളും സേവിക്കുന്ന യോഗികളും ഭഗവാനെ ധ്യാനിച്ചുകൊണ്ട് പ്രഭാതത്തിലുണര്‍ന്ന് തങ്ങളില്‍ അന്തര്യാമിയായ ഭഗവാന് ബുദ്ധിമുട്ടു് വരാത്ത വിധം ‘ഹരി ഹരി’ എന്ന് ജപിക്കുന്നു.  ആ ശബ്ദം നമ്മുടെ ഉള്ളിലും പ്രവേശിച്ച് ഉള്ളുതണുപ്പിക്കുന്നു. 

ഏഴാം പാസുരം. ഇവിടെ കൃഷ്ണാനുഭവത്തില്‍ പരിചിതയായ ആയപ്പെണ്‍കൊടിയെയാണ് ഉണര്‍ത്തുന്നത്. ഈ പെണ്‍കുട്ടിയാകട്ടെ, ആണ്ടാളുടെയും കൂട്ടുകാരികളുടെയും ശബ്ദം പ്രതീക്ഷിച്ച് സ്വഗൃഹത്തില്‍ ഇരിക്കുകയാണ്.  

7.കീശു കീശെന്റു എങ്കും ആനൈച്ചാത്തന്‍ കലന്തു പേശിന പേച്ചരവം കേട്ടിലൈയോ പേയ്പ്പെണ്ണേ കാശും പിറപ്പും കലകലപ്പക്കൈപേര്‍ത്തു വാസനറുങ്കുഴല്‍ ആയ്ച്ചിയര്‍ മത്തിനാല്‍ ഓസൈപ്പടുത്ത തയിരരവം കേട്ടിലൈയോ നായകപ്പെൺപിള്ളായ് നാരായണന്‍ മൂര്‍ത്തി കേശവനൈപ്പാടവും നീ കേട്ടേ കിടത്തിയോ തേസമുടൈയായ് തിറ ഏലോര്‍ എമ്പാവായ്

അറിവില്ലാത്തവളേ (കണ്ണനോട് തനിക്ക് ഭക്തിയുണ്ടെങ്കിലും അതുള്ളതായി അറിയാത്തവളേ), കീശു കീശു എന്ന് ഉച്ചത്തില്‍ പാടിപ്പറക്കുന്ന കിളിയുടെ നാദം എല്ലാ ദിക്കിലും നിനക്ക് കേള്‍ക്കാനാകുന്നില്ലയോ? മനോഹരവും സുഗന്ധം നിറഞ്ഞതുമായ ആടയലങ്കാരങ്ങളണിഞ്ഞ ഗോപാലികമാര്‍ വെണ്ണ കടയുമ്പോളുയരുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ കിലുക്കം നിനക്ക് കേള്‍ക്കാനാകുന്നില്ലേ‍? ആയപ്പെണ്‍കൊടികളുടെ നായികേ, നാരായണന്റെ അവതാരമായ കണ്ണനെക്കുറിച്ച് ഞങ്ങള്‍ പാടവെ നിനക്ക് എങ്ങനെ ഇങ്ങനെ കിടക്കാനാകും? വാതില്‍ തുറക്കുക.  

എട്ടാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്തുന്നത് കണ്ണനാല്‍ ഏറെ പ്രണയിക്കപ്പെടുന്നവളായ ഗോപികയെയാണ്, അവള്‍ അതിന്റെ പേരില്‍ അല്പം അഹന്തയുള്ളവളുമാണ്!  

8.കീഴ്വാനം വെള്ളെന്റു എരുമൈ ചിറു വീടു മേയ്വാന്‍ പരന്തന കാണ്‍ മിക്കുള്ള പിള്ളൈകളും പോവാന്‍ പോകിന്റാരൈപ്പോകാമല്‍കാത്തു ഉന്നൈക് കുവുവാന്‍ വന്തു നിന്റോം കോതുകലമുടൈയ പാവായ് എഴുന്തിരായ്പാടിപറൈ കൊണ്ടു മാവായ് പിളന്താനൈ മല്ലരൈ മാട്ടിയ ദേവാധി ദേവനൈച്ചെന്റു നാം സേവിത്താല്‍ ആവാ എന്റു ആരായ്ന്തു അരുള്‍ എലോര്‍ എമ്പാവായ്

കണ്ണന് പ്രീയപ്പെട്ടവളേ! കിഴക്കന്‍ ചക്രവാളം തെളിഞ്ഞിരിക്കുന്നു. കാളകളെ മേയാന്‍ വിട്ടുകഴിഞ്ഞു, അവ മേയല്‍ തുടങ്ങി. ഞങ്ങളിതാ നിന്റെ വീട്ടുപടിക്കലെത്തി, പരമാര്‍ത്ഥം തേടി സ്നാനത്തിനെത്തിയ പെണ്‍കുട്ടികളിതാ കാത്തുനില്‍ക്കുന്നു. എഴുന്നേല്‍ക്കുക! കേശിയെ വായകീറിവധിച്ച ആ കണ്ണനെ, കംസന്റെ ധനുര്‍യാഗത്തില്‍ മല്ലരെ പോരാടി വധിച്ചവനെ, നിത്യസൂരികളുടെ നാഥനെ, നാം പോയി ആരാധിച്ചാല്‍ അവന്‍ നമ്മുടെ കുറവുകള്‍ വിലയിരുത്തി വേഗം അനുഗ്രഹിക്കും.  

ഒമ്പതാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്താനൊരുങ്ങുന്നത് ഭഗവാന്‍ തന്നെയാണ് ഭഗവദ് പ്രാപ്തിക്കുള്ള ഉപായവും എന്ന ബോധ്യമുള്ളവളായ ഗോപികയെയാണ്. അവള്‍ ഭഗവാനൊത്ത് ആസ്വദിക്കുന്നവളുമാണ്. ഈ പെണ്‍കൊടി സീതാദേവി ഹനുമാനോട്, “ശ്രീരാമന്‍ തന്നെ വരും എന്നെ രക്ഷിക്കാനായി” എന്ന് പറഞ്ഞത് പോലെയുള്ള മനസ്ഥിതിക്കാരിയുമാണ്. 

9.തൂമണി മാടത്തുച്ചുറ്റും വിളക്കെരിയ ധൂപം കമഴത്തുയില്‍ അണൈ മേല്‍ കണ്‍ വളരും മാമാന്‍‍ മകളേ മണിക്കതവം താള്‍ തിറവായ് മാമീര്‍ അവളൈ എഴുപ്പീരോ? ഉന്മകൾ താന്‍ ഊമൈയോ അന്റിച്ചെവിടോ അനന്തലോ ഏമപ്പെരുന്തുയില്‍ മന്തിരപ്പട്ടാളോ? മാമായന്‍ മാതവന്‍ വൈകുന്തന്‍ എന്റെന്റു് നാമം പലവും നവിന്റു ഏലോര്‍ എമ്പാവായ്

മാമന്റെ മകളേ! പ്രശോഭിതരത്നങ്ങളാലും ദീപ ധൂമങ്ങളാലും അലങ്കൃതമായ കൊട്ടാരത്തില്‍ മനോഹര തല്പത്തില്‍ ശയിക്കുന്നവളെ, രത്നാലങ്കൃതമായ കമാനങ്ങളുടെ കുറ്റിമാറ്റി തുറക്കുക. അമ്മായീ, അവിടുത്തെ മകളെ ഉണര്‍ത്തണേ!  അവള്‍ എന്താ മൂകയാണോ? കേള്‍ക്കാനാകാത്തവളോ? അതോ പരിക്ഷീണയോ?  അവള്‍ സുരക്ഷിതയല്ലയോ? അതോ ബന്ധിതയായി ഉറക്കം നിന്ന് ക്ഷീണിച്ചവളോ? മാമായാ (മഹത്തായ മായയ്ക്ക് ഉയയോന്‍).. മാധവാ..വൈകുണ്ഠാ.. എന്നിങ്ങനെ ഭഗവാന്റെ പല തിരുനാമങ്ങളും ഞങ്ങള്‍ ജപിച്ചിട്ടും അവള്‍ എഴുന്നേറ്റില്ലേ?  

പത്താം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്തുന്നത് കണ്ണന് പ്രീയങ്കരിയായ ഗോപികയെയാണ്. ഭഗവാന്‍ തന്നെയാണ് ഭഗവദ് പ്രാപ്തിക്കുള്ള വഴിയെന്ന് ബോധ്യമുള്ളവളാണ് അവള്‍ അങ്ങനെ അവള്‍ ഭഗവാന് പ്രീയങ്കരി(പ്രീയം ചെയ്യുന്നവള്‍)യായിരിക്കുന്നു.

10.നോറ്റു ചുവര്‌ക്കം പുകുകിന്റ അമ്മനായ് മാറ്റമും താരാരോ വാസല്‍ തിറവാതാര്‍ നാറ്റത്തുഴായ് മുടി നാരായണന്‍ നമ്മാല്‍ പോറ്റപ്പറൈ തരും പുണ്ണിയനാല്‍ പണ്ടു ഒരു നാള്‍ കൂറ്റത്തിന്‍ വായ് വീഴ്ന്ത കുംഭകരുണനും തോറ്റു മുനക്കേ പെരുന്തുയില്‍താന്‍ തന്താനോ? ആറ്റ അനന്തലുടൈയായ് അരുങ്കലമേ തേറ്റമായ് വന്തു തിറ ഏലോര്‍ എമ്പാവായ്

സ്വര്‍ലോകപ്രാപ്തിക്കായുള്ള തപശ്ചര്യകള്‍ പാലിക്കുന്നവളേ, വാതില്‍ തുറന്നില്ലെന്ന് തന്നെയിരിക്കട്ടെ, ഉള്ളിലുള്ളവര്‍ക്ക് എന്തെങ്കിലും പറഞ്ഞുകൂടയോ? എന്ത് പറ്റി, നാം വാഴ്ത്തുന്ന നാരായണനാല്‍ മുമ്പേ തന്നെ കാലന്റെ വായിലേക്ക് വീണവനായ കുംഭകര്‍ണ്ണന്‍ നിങ്ങള്‍ക്ക് അവന്റെ ദീര്‍ഘനിദ്രപകര്‍ന്ന് തന്നോ? മനോഹരമായി ഉറങ്ങുന്നവളേ, അപൂര്‍വ്വമായ അലങ്കാരമായവളേ,  ഉറക്കം വിട്ടെണീല്‍ക്കുക, വാതില്‍ തുറക്കുക. 

പതിനൊന്നാം പാസുരം. ഇവിടെ വൃന്ദാവനത്തില്‍ കണ്ണനെയെന്ന വണ്ണം ഏവരും ഇഷ്ടപ്പെടുന്നവളായ ഗോപികയെയാണ് ഉണര്‍ത്തുന്നത്. വര്‍ണ്ണാശ്രമധര്‍മം പാലിക്കേണ്ടതിന്റെ (അവനവന്റെ അവസ്ഥയില്‍ നിലനിന്ന് ഭഗവദ്സേവനം നടത്തേണ്ടതിന്റെ) പ്രാധാന്യവും വെളിപ്പെടുത്തുന്നു. 

11.കറ്റു കറവൈക്കണങ്കള്‍‌ പല കറന്തു ചെറ്റാര്‍ തിറല്‍ അഴിയച്ചെന്റു ചെരുച്ചെയ്യും കുറ്റമൊന്റില്ലാത കോവലര്‍ തം പൊറ്‍കൊടിയേ പുറ്റു അരവു അല്‍കുല്‍ പുനമയിലേ പോതരായ് ചുറ്റത്തുത്തോഴിമാര്‍ എല്ലാരും വന്തു നിന്‍ മുറ്റം പുകുന്തു മുകില്‍ വണ്ണന്‍ പേര്‍ പാട ചിറ്റാതേ പേശാതേ ചെല്‍വപ്പെണ്‍ടാട്ടി നീ എറ്റുക്കു ഉറങ്കും പൊരുള്‍ ഏലോര്‍ എമ്പാവായ്

സുവര്‍ണ്ണലതയേപ്പോലെയുള്ള സുന്ദരീ, ധാരാളം പശുക്കളെ കറക്കുന്നവരും ശത്രുക്കളെ പരാജയപ്പെടുത്തുന്നവരും കുറവില്ലാത്തവരുമായ ഗോപന്മാരുടെ കുലത്തില്‍ പിറന്നവളേ,  സര്‍പ്പഫണം പോലെ ആകൃതിയൊത്ത അരക്കെട്ടും മയിലിന്റെ അഴകുമുറ്റവളേ, പുറത്ത് വരൂ..നിന്റെ ബന്ധുക്കളും സഖിമാരുമായ ഞങ്ങളെല്ലാം ഇതാ നിന്റെ കൊട്ടാരമുറ്റത്തുണ്ട്. ഞങ്ങള്‍ നീലമേഘവര്‍ണ്ണനായ കണ്ണന്റെ ദിവ്യനാമങ്ങള്‍ ചൊല്ലുകയാണ്, ഞങ്ങളുടെ പ്രീയത്തിന് പാത്രമായവളായിട്ടും ഉണരാത്തൂ? ഒന്നും പറയാത്തൂ? 

പന്ത്രണ്ടാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്തുന്നത്, കണ്ണന്റെ ഉറ്റതോഴനായ ഗോപന്റെ സോദരിയായ ഗോപികയെയാണ്. അവള്‍ വര്‍ണ്ണാശ്രമധര്‍മം പാലിക്കുന്നവളല്ല.  ഭഗവദ് സേവനത്തില്‍ ആണ്ടു കഴിഞ്ഞാല്‍ ഒരുവന് വര്‍ണ്ണാശ്രമധര്‍മം പ്രധാനമല്ല. എങ്കിലും ജീവസന്ധാരണത്തിനായി താല്ക്കാലികമായി ഭഗവദ് സേവനത്തില്‍ നിന്ന് മാറി നില്‍ക്കുമ്പോഴെല്ലാം അവന് വര്‍ണ്ണാശ്രമാദികളായ സ്വധര്‍മങ്ങള്‍ (സ്വന്തം ഭൌതിക കടമകള്‍) പാലിക്കേണ്ടതുണ്ട്.  

12.കനൈത്തിളം കറ്റെരുമൈ കന്റുക്കിരങ്കി നിനൈത്തു മുലൈ വഴിയേ നിന്റു പാല്‍ ചോര നനൈത്തു ഇല്ലം ചേറാക്കും നര്‍ചെല്‌വന്‍‌ തങ്കായ് പനിത്തലൈ വീഴ നിന്‍ വാസല്‍ കടൈ പറ്റി ചിനത്തിനാല്‍ തെന്നിലങ്കൈക്കോമാനൈച്ചെറ്റ മനത്തുക്കു ഇനിയാനൈപ്പാടവും നീ വായ് തിറവായ് ഇനിത്താന്‍ എഴുന്തിരായ് ഈതെന്ന പേരുറക്കം അനൈത്തു ഇല്ലത്താരും അറിന്തു ഏലോർ എമ്പാവായ്

കന്നു് കുട്ടികളുള്ളതായ എരുമകള്‍ തങ്ങളുടെ കുട്ടികളെക്കുറിച്ച് ദയതോന്നുമ്പോള്‍ അവരെക്കുറിച്ച് ചിന്തിക്കുകയും കരയുകയും അപ്പോള്‍ അവരുടെ അകിട്ടില്‍ പാല് നിറയുകയും ചെയ്യുന്നു.  അധികമായി ചുരത്തപ്പെടുന്ന പാല് വീട്ടില്‍ ചെളിയാക്കുന്നു. അപ്രകാരമുള്ള വീട്ടില്‍ കഴിയുന്നവളും ക‍ൃഷ്ണ കൈങ്കര്യമായ സമ്പത്തുള്ള ഗോപന്റെ സോദരിയുമായവളേ, ഞങ്ങളിതാ നിന്റെ വീട്ടുമുറ്റത്തെത്തിയിരിക്കുന്നു. ‍ശിരസ്സില്‍ മഞ്ഞ്പൊഴിഞ്ഞു വീഴുമ്പോഴും, സുന്ദരമായ ലങ്കാപുരിയുടെ തലവനായ രാവണനെ സകോപം വധിച്ച ഭഗവാന്‍ ശ്രീരാമനെക്കുറിച്ച് സാനന്ദം ആലപിക്കെ, നീയെന്തേ മിണ്ടാത്തൂ? ഇപ്പോഴെങ്കിലും എഴുന്നേല്‍ക്കൂ. ഇത് എന്തൊരു ദീര്‍ഘ നിദ്രയാണ്! തിരുവായ്പ്പാടിയിലെ എല്ലാവരും നിന്റെയീ ഉറക്കത്തെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞു!!  

പതിമൂന്നാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്താന്‍ പോകുന്നത് തന്റെ നയനങ്ങളുടെ സൌന്ദര്യം സ്വയം ആസ്വദിക്കുന്നവളായ ഗോപികയെയാണ്. കണ്ണുകള്‍ പൊതുവെ ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നവയാണ്. ഇതില്‍ നിന്ന് ഭഗവദ്വിഷയത്തില്‍(ഭഗവാനെ സംബന്ധിച്ച കാര്യങ്ങളില്‍) സമഗ്രമായ ജ്ഞാനമുള്ളവളാണ് ഈ ഗോപികയെന്ന് അര്‍ത്ഥമാകുന്നു. കണ്ണന്‍ സ്വയം തോന്നി, തന്നെത്തേടി വരും എന്നതാണ് അവളുടെ നിലപാട്. അരവിന്ദലോചനനായ കണ്ണന് ചേരുന്നവളാണ് അവളും.  

13.പുള്ളിന്‍ വായ് കീണ്ടാനൈപ്പൊല്ലാ അരക്കനൈ കിള്ളിക്കളൈന്താനൈക്കീർത്തിമൈ പാടിപ്പോയ് പിള്ളൈകള്‍ എല്ലാരും പാവൈക്കളം പുക്കാര്‍ വെള്ളി എഴുന്തു വിയാഴം ഉറങ്കിറ്റു പുള്ളും ചിലമ്പിന കാണ്‍ പോതു അരിക്കണ്ണിനായ് കുള്ളക്കുളിരക്കുടൈന്തു നീരാടാതേ പള്ളിക്കിടത്തിയോ പാവായ് നീ നന്നാളാല്‍ കള്ളം തവിര്‍ന്തു കലന്തു ഏലോര്‍ എമ്പാവായ്

ബകാസുരന്റെ വായ്പിളര്‍ത്തി വധിച്ചവനും സര്‍വ്വോപദ്രവകാരിയായ  രാവണനെ നി‍ഷ്‍പ്രയാസം വധിച്ചവനുമായ ഭഗവാന്റെ ധീരോദാത്ത ചരിത്രങ്ങളെപ്പാടിസ്തുതിച്ചുകൊണ്ട് നോമ്പുകാരികളായ എല്ലാ പെണ്‍കൊടികളും നിശ്ചിതസ്ഥലത്ത് എത്തിച്ചേര്‍ന്ന് കഴിഞ്ഞു. ശുക്രഗ്രഹം ആകാശത്ത് ഉദിച്ചുയര്‍ന്നു, വ്യാഴം മങ്ങിപ്പോയിരിക്കുന്നു.  പക്ഷികള്‍ പലയിടത്തേക്കായി തീറ്റതേടി ചിതറി പറന്നുകഴിഞ്ഞു. പൂച്ചയെപ്പോലെയും മാന്‍പേടയെപ്പോലെയും തിളങ്ങുന്ന കണ്ണുകളുള്ളവളേ, അഴകു് ഉടലായവളേ, ഈ ശുഭതിഥിയില്‍ നീ നിന്റെ ശയ്യയില്‍ ഉറങ്ങുകയോ! സ്വയം ഭഗവാനെ രഹസ്യമായി ധ്യാനിച്ചുകൊണ്ട് ‍ഞങ്ങളെ വഞ്ചിക്കുകയാണോ? ഞങ്ങള്‍ക്കൊപ്പം ചേരാതെ,തണുത്ത വെള്ളത്തില്‍ കുളിക്കാതെ?  

പതിനാലാം പാസുരം. ഇവിടെ എഴുന്നേല്‍പ്പിക്കാന്‍ പോകുന്നത് മറ്റെല്ലാവരെയും എഴുന്നേല്‍പ്പിക്കാമെന്ന് മുൻപു വാക്കു നൽകി സ്വയം തന്റെ ഗൃഹത്തില്‍ കിടന്ന് ഉറങ്ങുന്നവളെയാണ്! 

14.ഉങ്കള്‍ പുഴൈക്കടൈത്തോട്ടത്തു വാവിയുള്‍ സെങ്കഴുനീര്‍ വായ് നെകിഴ്ന്തു ആമ്പല്‍ വായ് കൂമ്പിന കാണ്‍‌ ചെങ്കല്‍ പൊടിക്കൂറൈ വെണ്‍പല്‍ തവത്തവര്‍ തങ്കള്‍ തിരുക്കോയില്‍ സങ്കിടുവാന്‍ പോതന്താർ എങ്കളൈ മുന്നം എഴുപ്പുവാന്‍ വായ് പേശും നങ്കായ് എഴുന്തിരായ് നാണാതായ് നാവുടൈയായ് സങ്കൊടു ചക്രം ഏന്തും തടക്കൈയന്‍ പങ്കയക്കണ്ണാനൈപ്പാടു ഏലോര്‍ എമ്പാവായ് 

ഹേ ഗുണങ്ങള്‍ നിറഞ്ഞവളേ, ഞങ്ങളെയെല്ലാം ഉണര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തവളേ, നിനക്ക് ലജ്ജയില്ലല്ലോ! ആരെക്കുറിച്ചാണ് ഇത്രയും നല്ലത് പറയാവുന്നത് എന്നിട്ടും! നിന്റെ വസതിക്ക് പിന്നിലുള്ള തടാകത്തില്‍ ചുവന്ന ആമ്പലുകള്‍ വിടര്‍ന്നു, നീലാമ്പലുകള്‍ ഇതളടഞ്ഞു (പ്രഭാതത്തിന്റെ വരവോടെ) വെളുത്ത മനോഹരമായ ദന്തങ്ങളുള്ളവരും കാവിവസ്ത്രമണിഞ്ഞവരുമായ സന്യാസിമാര്‍ ക്ഷേത്രത്തിലേക്ക് ശംഖമൂതുവാന്‍ (ക്ഷേത്രകവാടം തുറക്കുന്നതിലേക്ക്) പോകുകയാണ്. സുന്ദരമായ കരങ്ങളില്‍ ദിവ്യശംഖചക്രങ്ങളേന്തിയ ചെന്താമരക്കണ്ണനായ പരമപുരുഷനെക്കുറിച്ച് പാടുവാനായി എഴുന്നേല്‍ക്കുക.  

പതിനഞ്ചാം പാസുരം. ആണ്ടാളും സഖിമാരും തന്റെ ഗൃഹത്തിലേക്ക്   വരുന്നത് കാണുവാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന പെണ്‍കുട്ടിയെയാണ് ഇവിടെ ആണ്ടാള്‍ വിളിക്കുന്നത്. 

15.എല്ലേ ഇളങ്കിളിയേ ഇന്നം ഉറങ്കുതിയോ ചില്ലെന്റ് അഴൈയേന്‍ മിന്‍ നങ്കൈമീര്‍ പോതര്കിന്റേന്‍ വല്ലൈ ഉന്‍ കട്ടുരൈകള്‍ പണ്ടേ ഉന്‍ വായ് അറിതും വല്ലീര്കള്‍ നീങ്കളേ നാന്‍ താന്‍ ആയീടുക ഒല്ലൈ നീ പോതായ് ഉനക്കു എന്ന വേറു ഉടൈയൈ എല്ലാരും പോന്താരോ പോന്താര്‍ പോന്തു എണ്ണിക്കൊള്‍ വല്ലാനൈ കൊന്റാനൈ മാറ്റാരൈ മാറ്റു അഴിക്ക വല്ലാനൈ മായനൈപ്പാടു എലോർ എമ്പാവായ്

[ഇതിന്റെ വിശദീകരണം, വന്ന് പുറത്ത് കാത്തുനില്‍ക്കുന്നവരായ പെണ്‍കൊടിമാരും വീട്ടില്‍ പ്രതീക്ഷിച്ച് നിന്ന പെണ്‍കുട്ടിയുമായി നടത്തുന്ന ഒരു സംഭാഷണമായി നല്കുന്നു.]

പുറത്ത് നില്‍ക്കുന്ന പെണ്‍കുട്ടികള്‍ഃ ഇളംതത്തേ, നിന്റെ സംസാരം കേള്‍ക്കാന്‍ എത്ര മധുരമാണ്! ഞങ്ങളെല്ലാം വന്നിട്ടും നീ ഉറങ്ങുകയാണോ? 

അകത്തുള്ള പെണ്‍കുട്ടിഃ പരിപൂര്‍ണ്ണകളായ പെണ്‍കൊടിമാരേ, എന്നോട് ഇങ്ങനെ കോപിക്കരുതേ. ഞാനിതാ വേഗം വന്നുകഴിഞ്ഞു.  

പുറത്തുള്ളവര്‍ഃ നീ സംസാരിക്കുവാന്‍ ചാതുര്യമുള്ളവളാണ്. നിന്റെ കടുത്ത വചനങ്ങളും ഞങ്ങള്‍ക്ക് ചിരപരിചിതമാണ്.

അകത്തുള്ളവള്‍ഃ നിങ്ങള്‍ ഇങ്ങനെ സംസാരിക്കാന്‍ കഴിവുറ്റവരാണ്. ഞാന്‍ ചെയ്തത് തെറ്റാണെന്നിരിക്കട്ടെ, ഇപ്പോളെന്താണ് ഞാന്‍ ചെയ്യേണ്ടുന്നത്? 

പുറത്തുള്ളവര്‍ഃ നീ വേഗം എണീറ്റാട്ടെ, നിനക്ക് എന്തെങ്കിലും പ്രത്യേക കാര്യമുണ്ടോ‍? 

അകത്തുള്ളവള്‍ഃ അതെല്ലാം ഇരിക്കട്ടെ, ആരെല്ലാമാണ് വന്നത്? 

പുറത്തുള്ളവര്‍ഃ ഞങ്ങളെല്ലാം. നീ തന്നെ പുറത്ത് വന്ന് എണ്ണിക്കോളൂ..

അകത്തുള്ളവള്‍ഃ പുറത്ത് വന്ന് ഇപ്പോഴെന്താണ് ചെയ്യേണ്ടത്?  

പുറത്തുള്ളവര്‍ഃ പുറത്ത് വന്ന് നീ കണ്ണനെക്കുറിച്ച് പാടണം. കരുത്തനായ ഗജത്തെ വധിച്ചവനെക്കുറിച്ച്, എതിരാളികളുടെ ശക്തി ചോര്‍ത്തിക്കളയുന്നവനെക്കുറിച്ച്, അത്ഭുതകാരിയായവനെക്കുറിച്ച്..

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-6-15-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

Leave a Comment