ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
പാസുരം 27
ഇരുപത്തിയേഴാം പാസുരം. അടുത്ത മൂന്ന് പാസുരങ്ങളിൽ, ആഴ്വാർമാർക്കൊത്ത മഹിമയുള്ളവനും, അവർക്ക് ശേഷഭൂതനും മറ്റെല്ലാവർക്കും നാഥനുമായ എമ്പെരുമാനാരുടെ തിരുനക്ഷത്രത്തിന്റെ വൈഭവം മാമുനികൾ അനുഭവിക്കുന്നു. ഈ പാസുരത്തിൽ, എമ്പെരുമാനാർ അവതരിച്ച ചിത്തിര മാസത്തിലെ തിരുവാതിര തിരുനാളിന്റെ മഹിമ ലോകർക്ക് വ്യക്തമായി അറിയിച്ചുതരുന്നു.
ഇന്റുലകീർ! ചിത്തിരൈയിലേയന്ത തിരുവാതിരൈനാൾ *
എന്റൈയിനുമിന്റിതനുക് കേറ്റമെന്താൻ * — എന്റവർക്കുച്
ചാറ്റുകിന്റേൻകേൺമി നെതിരാചർ തം പിറപ്പാൽ *
നാറ്റിചൈയും കൊണ്ടാടും നാൾ.
ലോകത്തുള്ളവരേ! ഇന്ന് ചിത്തിര മാസത്തിലെ ശ്രേഷ്ഠമായ തിരുവാതിര തിരുനാളാണ്. മറ്റു ദിവസങ്ങളെക്കാൾ ഈ ദിവസത്തിനുള്ള മഹിമ എന്താണെന്ന് ചോദിക്കുന്നവരോട് ഞാൻ പറയാം; കേൾക്കുവിൻ. യതികൾക്ക് നാഥനായ എമ്പെരുമാനാരുടെ തിരുവവതാരം നിമിത്തം നാലു ദിക്കുകളിലുമുള്ള ജനങ്ങൾ ആഘോഷിക്കുന്ന മഹിമ നേടിയ നാളാണ് ഇന്ന്.
മണവാള മാമുനികൾ തന്റെ ആർത്തിപ്രബന്ധത്തിൽ, “അനൈത്തുലകും വാഴപ്പിറന്ത എതിരാസ മാമുനിവാ” — ലോകമെല്ലാം ഉജ്ജീവിക്കാനായി അവതരിച്ച എതിരാജ മഹാമുനേ — എന്ന് എമ്പെരുമാനാരെ വിളിക്കുന്നു. എമ്പെരുമാനാരുടെ അവതാരത്താൽ, ലോകത്തിലുള്ള എല്ലാവർക്കും എമ്പെരുമാനാരിലൂടെ എമ്പെരുമാനെ പ്രാപിച്ച് ഉജ്ജീവനം നേടാമെന്നത് ഉറപ്പായി. ഇത്തരമൊരു മഹിമയുള്ളതിനാൽ, അവിടുന്ന് അവതരിച്ച ദിവസം ഇന്നും ലോകത്തിലുള്ള എല്ലാവരും അതിവിശേഷമായി ആഘോഷിക്കുന്നു.
പാസുരം 28
ഇരുപത്തിയെട്ടാം പാസുരം. ചിത്തിരമാസത്തിലെ ഈ ശുഭമായ തിരുവാതിരനാൾ, ആഴ്വാർമാരുടെ തിരുനക്ഷത്രദിനങ്ങളെക്കാൾ നമുക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവരും അറിയുന്നതിനായി മാമുനികൾ അരുളിച്ചെയ്യുന്നു.
ആഴ്വാർകൾതാങ്കൾ അവരിത്തനാൾകളിലും *
വാഴ്വാനനാൾ നമക്കു മണ്ണുലകീർ! * — ഏഴ്പാരും
ഉയ്യ എതിരാചരുതിത്തരുളും * ചിത്തിരൈയിൽ
ചെയ്യ തിരുവാതിരൈ.
ലോകത്തിലുള്ളവരേ! ആഴ്വാർമാരുടെ തിരുനക്ഷത്രദിനങ്ങളെക്കാൾ ചിത്തിരമാസത്തിലെ തിരുവാതിരനാൾ നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്തെന്നാൽ, ഏഴുലോകങ്ങളിലുള്ളവരും ഉജ്ജീവിക്കേണ്ടതിനായി ഈ ശ്രേഷ്ഠമായ തിരുവാതിരനാളിലാണ് എതിരാജർ അവതരിച്ചരുളിയത്.
ആഴ്വാർമാർക്ക് എമ്പെരുമാൻ മയക്കമറ്റ ജ്ഞാനഭക്തികൾ അരുളിയിരുന്നു. ലോകത്തിലുള്ളവരുടെ ഉജ്ജീവനത്തിനായി അവർ പാസുരങ്ങൾ അരുളിച്ചെയ്തു. അവർ അരുളിച്ചെയ്തവയെ അടിസ്ഥാനമാക്കി, ലോകത്തിലുള്ള എല്ലാവർക്കും നന്മയുണ്ടാകുന്നവിധം എമ്പെരുമാനാർ സമ്പ്രദായത്തെ നല്ലവണ്ണം നടത്തിപ്പോന്നു.
അമുദനാർ രാമാനുജ നൂറ്റന്താതിയിൽ, “ഉലകോർകൾ എല്ലാം അന്നൽ ഇരാമാനുചൻ വന്തു തോന്രിയ അപ്പൊഴുതേ നണ്ണരു ജ്ഞാനം തലൈക്കൊണ്ടു നാരണർക്കായിനരേ” എന്ന് അരുളിച്ചെയ്യുന്നു. അതിന് വ്യാഖ്യാനം അരുളിച്ചെയ്ത മാമുനികളും ഇതേ ആശയം അവിടെ അനുഭവിച്ചിരിക്കുന്നു.
മഹാപുരുഷനും ആദിശേഷന്റെ അവതാരവുമായ എമ്പെരുമാനാർ അവതരിച്ച ആ കാലത്തുതന്നെ അവിടെയുണ്ടായിരുന്നവർ നന്മ പ്രാപിച്ചു എന്നതാണ് ഒരു വിശദീകരണം. ശ്രീഭാഷ്യം മുതലായ ഗ്രന്ഥങ്ങൾ അരുളിച്ചെയ്ത് ജനങ്ങളുടെ ജ്ഞാനം വളർത്തുകയും അവരെ നേർവഴിയിലാക്കുകയും ചെയ്തു എന്നതാണ് മറ്റൊരു വിശദീകരണം.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-27-28-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള് – https://pillai.koyil.org