തിരുവായ്മൊഴി 5.7 – നോറ്റനോൻപിലേൻ

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

കോയിൽ തിരുവായ്മൊഴി

<< 5.5

തന്നോട് അല്പമെങ്കിലും ആഭിമുഖ്യമുള്ളവർക്കെല്ലാം ഭഗവാൻ രക്ഷയരുളും എന്നിരിക്കെ എന്തുകൊണ്ട് ഭഗവാൻ തന്റെ രക്ഷയ്ക്കായി എത്തുന്നില്ല എന്ന് ആഴ്വാർ ആശ്ചര്യപ്പെടുന്നു. ഒരുപക്ഷേ, താൻ സ്വന്തം നിലയ്ക്ക് എന്തെങ്കിലും മാർഗ്ഗം പിന്തുടരുകയാകും എന്ന് ഭഗവാൻ കരുതുന്നുണ്ടാകാം എന്നു നിനച്ച് ആഴ്വാർ, തന്റെ തുലോം നീചമായ അവസ്ഥയെയും (ഭഗവദ്പ്രാപ്തിക്ക് തന്റേതായ രീതിയിൽ) ഗത്യന്തരമില്ലാത്ത (മറ്റുവഴി കാണാത്ത) കാര്യത്തെയും പ്രഖ്യാപിച്ചുകൊണ്ട് വാനമാമലൈ ഭഗവാനെ, ഈ ദശകത്തിൽ ശരണാഗതി തേടുന്നു.

ആദ്യപാസുരം 

ആഴ്വാർ പറയുന്നു, എനിക്ക് ശാസ്ത്രങ്ങളിൽ അങ്ങയിലെത്താൻ നിർദ്ദേശിച്ച വഴികൾ യാതൊന്നും ഇല്ല, അങ്ങയെക്കൂടാതെ നിലനിൽക്കാനും ഞാൻ അപ്രാപ്തനാണ്. സർവ്വഭക്തരേയും സദാ അനുഗ്രഹപൂർവ്വം കടാക്ഷിക്കുന്ന അങ്ങയുടെ കാരുണ്യാതിരേകത്തിന് പുറത്താണോ അടിയന്റെ സ്ഥാനം?

നോറ്റ നോൻപിലേൻ നൂണ്ണറിവിലേൻ* ആകിലും ഇനി ഉന്നൈ വിട്ടൊൻറും 
ആറ്റകിറ്കിന്റിലേൻ അരവിനണൈയമ്മാനേ!* 
ചേറ്റുത്താമരൈ ചെന്നെലൂടു മലർ ചിരീവരമംഗല നഗർ* 
വീറ്റിരുന്ത എന്തായ്! ഉനക്കുമികൈയല്ലേനങ്കേ

ഫലസിദ്ധിക്കായി ഞാൻ കർമ്മയോഗം അനുഷ്ഠിച്ചിട്ടില്ല, ആത്മജ്ഞാനവും ഈശ്വരജ്ഞാനവും കേന്ദ്രീകരിച്ചിരിക്കുന്നതായ, ഉദാത്തഭാവമുൾക്കൊള്ളുന്ന ജ്ഞാനയോഗവും ഞാൻ അനുഷ്ഠിച്ചിട്ടില്ല. ഇവ രണ്ടും ഉണ്ടായാൽ മാത്രം സാധ്യമാകുന്ന ഭക്തിയോഗവും എനിക്കില്ല. അങ്ങയുടെ ഗുണങ്ങളെ ധ്യാനിച്ചശേഷം നൊടിയിടപോലും അങ്ങയെ വിട്ട് ഒരു നിലനിൽപിന് എനിക്ക് സാധിക്കുന്നുമില്ല. ചേറ് നിറഞ്ഞ പാടത്ത് നെല്ലും ആകർഷകമായ താമരകളും ഒത്ത് വിലസുന്ന ശ്രീവരമംഗലനഗരത്തിൽ (നാങ്കുനേരിയെന്നും അറിയപ്പെടുന്ന വാനമാമലൈയിൽ / തോതാദ്രിയിൽ) വിശ്രുതമായി സാന്നിധ്യമരുളുന്ന വരപ്രദനായ എന്റെ രക്ഷിതാവേ, അവിടുത്തെ രക്ഷയ്ക്ക് യോഗ്യരായ ആത്മാക്കൾക്ക് പുറത്തല്ല അടിയന്റെയും സ്ഥാനം.

രണ്ടാം പാസുരം 

ആഴ്വാർ പറയുന്നു, അങ്ങയുടെ ദിവ്യചരണങ്ങളെ അടയുന്നതിൽ തടസ്സങ്ങളുണ്ടെങ്കിൽ ആ തടസ്സങ്ങളെ ദൂരീകരിക്കേണ്ടതും അങ്ങുതന്നെയാണ്, കാരുണ്യത്താൽ അങ്ങുതന്നെ എന്നെ രക്ഷിച്ചാലും.

അങ്കുറ്റേനല്ലേൻ ഇങ്കുറ്റേനല്ലേൻ ഉന്നൈക്കാണുമവാവിൽ വീഴന്തു* നാൻ
എങ്കുറ്റേനുമല്ലേൻ ഇലങ്കൈ ചെറ്റ അമ്മാനേ!* 
തിങ്കൾ ചേർ മണി മാട നീടു ചിറീവരമംഗല നഗരുറൈ* 
ചങ്കു ചക്കരത്തായ്! തമിയേനുക്കരുളായേ

അങ്ങയുടെ യോഗ്യമായ ധാമത്തിൽ, അങ്ങയെ തന്നെ മാർഗ്ഗമായി കണ്ട് അടിയൻ എത്തിയിട്ടില്ല. ഞാൻ എവിടെയാണോ അവിടെ ക്ഷമാപൂർവ്വം നിലകൊള്ളുന്നതുമില്ല. അങ്ങയെ ആസ്വദിക്കുന്ന പ്രേമത്താൽ ആകൃഷ്ടനായ ഞാൻ ലൗകികജനങ്ങളുടെ അവസ്ഥയിലും അല്ല. തന്റെ ഭക്തയ്ക്ക് വിഘാതമായിരുന്ന ലങ്കയെ തന്നെ നശിപ്പിച്ച് അവളെ (സീതാദേവിയെ) വീണ്ടെടുത്ത വിഖ്യാതനായ പരമപ്രഭോ, ഭക്തർക്ക് ആസ്വാദ്യവും അവരുടെ ശത്രുക്കൾക്ക് വിനാശകരവുമായ സവിശേഷായുധങ്ങളുള്ളവനേ, ചന്ദ്രനോളം ഉയരുന്ന സൗധങ്ങളുള്ള മരതകാദിരത്നങ്ങളുള്ള ശ്രീവരമംഗളനഗരത്തിൽ സ്ഥായിയായി ആണ്ടിരിക്കുന്നവനേ, അങ്ങല്ലാതെ മറ്റ് സഖാക്കളില്ലാത്ത ഏകാകിയായ എന്നെ കാരുണ്യപൂർവ്വം അനുഗ്രഹിച്ചാലും.

മൂന്നാം പാസുരം 

ആഴ്വാർ പറയുന്നു, സ്വന്തം ഔന്നത്യത്തെ വിളിച്ചോതുന്ന വിശ്രുതചിഹ്നങ്ങളുള്ള അവിടുത്തേക്ക് ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ല; ഔദാര്യപൂർവ്വം അവിടുന്ന് എന്നെ സ്വീകരിക്കുകയും സേവനത്തിൽ ഏർപ്പെടുത്തുകയും ചെയ്തു.

കരുളപ്പുട്ക്കൊടിച്ചക്കരപ്പടൈ വാന നാട! എൻ കാർ മുകിൽ വണ്ണാ!* 
പൊരുളല്ലാത എന്നൈപ്പൊരുളാക്കി അടിമൈ കൊണ്ടായ്!* 
തെരുൾ കൊൾ നാൻ മറൈ വല്ലവർ പലർ വാഴ് ചിറീവരമംഗല നഗർക്കു*  
അരുൾ ചെയ്തുഅങ്കിരുന്തായ്! അറിയേൻ ഒരുകൈമ്മാറേ

ഭഗവാന് ഗരുഡനാണ് കൊടിയടയാളം, ദിവ്യചക്രമാണ് ആയുധം, പരമപദമാണ് ദേശം. അവിടുന്ന് കാർമേഘവർണ്ണനാണ്. ഇതെല്ലാമാണ് അവിടുന്ന് എനിക്ക് കനിഞ്ഞു തന്നത്. ഒരു അസ്തിത്വമായി കരുതപ്പെടാൻ പോലുമുള്ള അവസ്ഥയില്ലാതിരുന്ന, അസന്നേവ പോലെയുള്ള (അചിത്ത് പോലെയുള്ള) എന്നെ, സ്വന്തം പ്രകൃതം അറിയുന്ന വസ്തുവാക്കി പരിവർത്തനം ചെയ്തത് അദ്ദേഹമാണ്. എന്റെ വാചികകൈങ്കര്യത്തെ അവിടുന്ന് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. നാലുവേദങ്ങളിലും അറിവാർജ്ജിച്ച ജ്ഞാനികളുള്ള ശ്രീവരമംഗളനഗരത്തിൽ സകരുണം വസിക്കുന്നവനേ, അങ്ങയുടെ ഔദാര്യത്തിന് യോഗ്യമാകുമാറ് എന്തെങ്കിലും പകരമായി ഈയുള്ളവൻ ചെയ്തതായി എനിക്കറിവില്ല.

നാലാം പാസുരം 

ആഴ്വാർ പറയുന്നു, ഭക്തരക്ഷകനായ അങ്ങയെ ആഗ്രഹം മാത്രം മാർഗ്ഗമാക്കി ഞാൻ എങ്ങനെയാണ് നേടുക?

മാറു ചേർ പടൈ നൂറ്റുവർ മങ്ക ഓരൈവർക്കായന്റുമായപ്പോർ പണ്ണി* 
നീറു ചെയ്ത എന്തായ് നിലങ്കീണ്ട അമ്മാനേ!* 
തേറു ജ്ഞാനത്തർ വേദ വേൾവി അറാച് ചിരീവരമംഗല നഗർ* 
ഏറി വീറ്റിരുന്തായ് ഉന്നൈ എങ്കെയ്തക്കൂവുവനേ

വരാഭീഷ്ടദനായ അങ്ങ്, പണ്ട്, പാണ്ഡവർക്കെതിരായി ദുര്യോധനാദികൾ നിലകൊള്ളവെ, ഏകാകികളായ പാണ്ഡവർക്കായി, അത്ഭുതകരമായ പോര് നടത്തിച്ചു. പൂർണ്ണപ്രളയത്തിൽ ഭൂമിയെയുയർത്തിയ നാഥനായ അങ്ങ് ദുര്യോധനാദികളെ വധിച്ച് ധൂളിയാക്കി. വേദമനുസരിച്ച് തെളിഞ്ഞ ജ്ഞാനമുള്ളവർ നിരന്തരം ഭഗവദുപാസന നടത്തുന്ന ശ്രീവരമംഗളനഗരത്തിൽ ഖ്യാതിയോടെ നിലകൊള്ളുന്ന അങ്ങേയ്ക്കായി എങ്ങനെയാണ് ഞാൻ വിളിച്ചെത്തിച്ചേരേണ്ടത്?

അഞ്ചാം പാസുരം 

ഭക്തരുടെ ശത്രുക്കളെ നശിപ്പിക്കുന്ന സ്വഭാവമുള്ളവനായ അങ്ങ്, ഭക്തർക്ക് ആസ്വദിക്കാവുന്ന രൂപത്തിൽ അവിടുന്ന് ഇവിടെ നിലകൊള്ളുന്നതായി ഞാൻ കാണുന്നു. അത്തരം പ്രകൃതമുള്ള അങ്ങയിൽ എത്തിച്ചേരുന്നതിന് സ്വന്തം പരിശ്രമത്തിൽ ആശ്രയിക്കുക എന്നത് എനിക്ക് ചേർന്നതാണോ?

എയ്തക്കൂവുതലാവതേ എനക്കു? എവ്വതെവ്വത്തുളായുമായ്നിന്റ്* 
കൈതവങ്ങൾ ചെയ്യും കരു മേനിയമ്മാനേ!*
ചെയ്ത വേൾവിയർ വൈയത്തേവരറാച് ചിരീവരമംഗല നഗർ* 
കൈ തൊഴ ഇരുന്തായ് അതു നാനും കണ്ടേനേ

ഞാൻ എന്റെ ആഗ്രഹത്തെ അങ്ങയിൽ എത്താനുള്ള വഴിയായി കാണുന്നത് യോഗ്യമാണോ? ബൗദ്ധാദികളായ രൂപങ്ങളെടുത്ത് എപ്രകാരവുമുള്ള ആസുര ശത്രുജനങ്ങളോടും ഇടകലർന്ന് വഞ്ചന നടത്തിയ, കറുത്ത രൂപമുള്ളവനേ, കൃതകൃത്യരായി (വേദത്തിൽ എന്താണോ ചെയ്യപ്പെടേണ്ടതെന്ന് വിധിച്ചത് അത് ചെയ്തവരായി), ഭൂമിയിലെ നിത്യസൂരികളെന്നപോലെ ദിവ്യദേശമായ ശ്രീവരമംഗളനഗരത്തിൽ ഇടവേളയില്ലാതെ വസിക്കുന്നവരുടെ നാഥനായ അങ്ങ് അവരുടെ സേവനമേൽക്കാൻ സാന്നിധ്യം കൊള്ളുന്നു. ഞാനും ആ സാന്നിധ്യം കാണുന്നു. ആഴ്വാർ അർഥമാക്കുന്നത്, അതിനാൽ തന്റെയും തടസ്സങ്ങളെ ദൂരീകരിച്ച് അങ്ങയെ സന്തോഷിപ്പിക്കുന്നതിന് ഏർപ്പെടുത്തുക അങ്ങയുടെ ധർമ്മമാകുന്നു എന്നാണ്.

ആറാം പാസുരം

ആഴ്വാർ പറയുന്നു, ഭക്തത്രാണനത്തിന്റെ മഹത്തായ ഖ്യാതിയുള്ളവനായ അങ്ങ്, അങ്ങയെ ആസ്വദിക്കാനും സേവിക്കാനുമായി എന്നിലേക്ക് സദയം വന്നാലും.

ഏനമായ്നിലംകീണ്ട എന്നപ്പനേ! കണ്ണാ! എന്റും എന്നൈയാളുടൈ* 
വാന നായകനേ! മണി മാണിക്കച്ചുടരേ! 
തേനമാം പൊഴിൽ തൺ ചിറീവരമംഗലത്തവർ കൈതൊഴവുറൈ* 
വാനമാമലൈയേ! അടിയേൻ തൊഴ വന്തരുളേ

എനിക്ക് വരദനായ ഭഗവാൻ വരാഹമായി ഭൂമിയെ കുഴിതോണ്ടി ഉയർത്തിയതും, കൃഷ്ണനായി വന്ന് പരമപദാനുഗ്രഹംപോലെ ആസ്വാദ്യമായ വാക്കുകളാലുള്ള എന്റെ സേവനം സ്വീകരിച്ച് എനിക്ക് നിലനിൽക്കാനാകുമാറാക്കിയതും എന്നെ രക്ഷിക്കാനാണ്. ആ ഭഗവാൻ ഉന്മേഷപ്രദമായ തേനൂറുന്ന മാന്തോപ്പുകളുള്ള ശ്രീവരമംഗളനഗരത്തിൽ അമൂല്യമായ മാണിക്യമണിയെന്നപോലെ ആ ദിവ്യദേശത്തെ നിവാസികൾക്ക് സേവ്യനായി അതികാന്തിയോടെ അമർന്നരുളുന്നു. പരമവ്യോമത്തിൽ (ശ്രീവൈകുണ്ഠത്തിൽ) നിവസിക്കുന്നവർക്ക് ആനന്ദപ്രദനായി ഉത്തുംഗഗിരിശൃംഗമെന്നപോലെ വർത്തിക്കുന്നവനേ, സകരുണം, ആ ഭാവത്തെ വെടിഞ്ഞ് അടിയനു സേവിക്കുമാറ് വന്നരുളണേ.

ഏഴാം പാസുരം

എന്റെ നിലനിൽപ്പിനാകെ ഏക കാരണമായ അങ്ങ്, എന്നിൽ നിന്ന് അകന്ന് എന്റെ നിലനിൽപ്പ് ഇല്ലാതാക്കരുതേ.

വന്തരുളി എൻ നെഞ്ചിടങ്കൊണ്ട വാനവർ കൊഴുന്തേ!* ഉലകുക്കോർ
മുന്തൈത്തായ്തന്തയേ! മുഴുവേഴുലകുമുണ്ടായ്!* 
ചെന്തൊഴിലവർ വേദവേൾവിയറാച് ചിറീവരമംഗലനഗർ* 
അന്തമിൽ പുകഴായ്! അടിയേനൈഅകറ്റേലേ

ഭഗവാൻ സകരുണം വന്ന് എന്റെ ഉള്ളകത്തെ അവിടുത്തെ വാസസ്ഥലമാക്കിയിരിക്കുന്നു. എന്റെ നിലനിൽപ്പ് ശ്രദ്ധിക്കുന്നതും പരമപദവാസികളുടെ അഭ്യുന്നതിയും അവിടുന്നാണ് ഉറപ്പാക്കിയിരിക്കുന്നത്. വിശ്രുതമാകും വിധം ഈ വിശ്വത്തിന് ആദി മാതാവും പിതാവും അവിടുന്നാണ്. അവിടുന്ന് മൂവേഴ് ഉലകും ഉണ്ടു, അവയെ സ്വന്തം ഉദരത്തിനുള്ളിൽ സംരക്ഷിച്ചവനാണ്. അവിടുത്തേക്കു മാത്രമായി ആത്മാർത്ഥമായി കൈങ്കര്യപൂർവ്വം വർത്തിക്കുന്നവർ വേദാഗമപ്രകാരം നിരന്തരമായി ഭഗവദ്പൂജ ചെയ്യുന്ന ശ്രീവരമംഗളനഗരത്തിൽ അമരുന്ന അനന്തസദ്ഗുണനിധിയായ ഭഗവാനേ, അടിയനെ കൈവിടല്ലേ.

എട്ടാം പാസുരം 

ഞാൻ നിന്നെ കൈവെടിഞ്ഞോ — എന്ന് ഭഗവാൻ ചോദിക്കുന്നു. അതിന് ആഴ്വാർ പറയുന്നത്, ശബ്ദാദികളായ ലൗകികവിഷയങ്ങൾ സജീവമായ ഈ സംസാരത്തിലേക്ക് അങ്ങ് എന്നെ ഇട്ടല്ലോ, ഇത് ഒരു നാടുകടത്തലല്ലേ — എന്നാണ്.

അകറ്റ നീ വൈത്ത മായ വലൈം പുലൻകളാമവൈ നൻകറിന്തനൻ* 
അകറ്റി എന്നൈയും നീ അരുഞ്ചേറ്റിൽ വീഴ്ത്തി കണ്ടായ്* 
പകറ്കതിർ മണി മാട നീടു ചിറീവരമങ്കൈ വാണനേ!* എന്റും 
പുകറ്കരിയ എന്തായ്! പുള്ളിൻ വായ്പിളന്താനേ!

അവിടുന്ന് ചമച്ചിട്ടുള്ള ഇന്ദ്രിയങ്ങളുടെ തനിസ്വഭാവം ഞാൻ അറിഞ്ഞിരിക്കുന്നു. അവയ്ക്ക് അതിശയകരമായ വ്യതിരിക്തസ്വഭാവമാണ് ഉള്ളത് (പരസ്പരം വേറിട്ട് നിലകൊള്ളുന്നതാണ്). അവ അജയ്യവുമാണ്. അവ അങ്ങയിൽ നിന്ന് അകലുന്നവരെ നാടുകടത്തുന്നവയാണ് (ഭഗവാനിൽ നിന്ന് അകറ്റുന്നത്). അവിടുന്ന് എന്നെയും ഈ പ്രയാസമേറിയ ചെളിയിൽ ഇട്ടുവല്ലോ എന്ന് ഞാൻ ഭയക്കുന്നു. അല്ലയോ മാണിക്യമണിയുടെ തേജസ്സാർന്ന ഉന്നതസൗധങ്ങളുള്ള ശ്രീവരമംഗളദിവ്യദേശത്തിൽ അമരുന്ന ഭഗവാനേ, എന്റെ നാഥനേ, ബകാസുരന്റെ കൊക്കുകളെ പിളർത്തിയവനേ, അഗമ്യനേ (എത്തിച്ചേരാനാകാത്തവനേ)!

ആഴ്വാർ അർഥമാക്കുന്നത്, ഭഗവാൻ ഇപ്രകാരം സർവ്വവ്യാപിയെന്നിരിക്കിലും എന്നെ രക്ഷിക്കുന്നില്ലല്ലോ, ദൂരത്തേക്ക് തള്ളുകയാണല്ലോ എന്നാണ്.

ഒമ്പതാം പാസുരം 

ആഴ്വാർ ഭഗവാനോട് പറയുന്നത്, തന്റെ എതിരികളെ നശിപ്പിച്ച കാരണത്താൽ അതിതേജസ്സാർന്ന അവിടുന്ന്, സകരുണം എന്നെ ഉയർത്തണം എന്നാണ്.

പുള്ളിൻ വായ്പിളന്തായ്! മരുതിടൈ പോയിനായ്! എരുതേഴടർത്ത* എൻ 
കള്ള മായവനേ! കരു മാണിക്കച്ചുടരേ!* 
തെള്ളിയാ ർതിരു നാൻ മറൈകൾ വല്ലാർ മലി തൺ ചിറീവരമങ്കൈ  
ഉൾ* ഇരുന്ത എന്തായ്! അരുളായ് ഉയ്യുമാറു എനക്കേ

ബകാസുരൻ, യാമളാർജ്ജുനന്മാർ (മരുതുവൃക്ഷങ്ങളായി നിന്നവർ), ഏഴ് കാളകൾ എന്നിവരെ വധിച്ച് രഹസ്യാത്മകതത്വങ്ങളെ വെളിവാക്കിയ അത്ഭുതരൂപിയാണ് ഭഗവാൻ. അങ്ങയുടെ രൂപം കരിമാണിക്യത്തിന്റേതുപോലെ സുന്ദരവുമാണ്. എനിക്ക് ആനന്ദമേകുമാറ്, ഭഗവാന്റെ യഥാർഥഭാവത്തെ പ്രദാനം ചെയ്യുക എന്ന ധനമുള്ള നാലുവേദങ്ങളിലും വ്യക്തമായ അറിവാർജ്ജിച്ചവർ വസിക്കുന്ന ശ്രീവരമംഗളനഗരത്തിൽ അമരുന്ന വരപ്രദനാണ് അങ്ങ്. മറ്റേത് അഭയവുമില്ലാത്ത എനിക്ക് അങ്ങയുടെ ദിവ്യചരണങ്ങൾ അടയാനുള്ള വഴി കനിഞ്ഞു നൽകി അടിയനെ ഉയർത്തണമേ.

പത്താം പാസുരം 

ഭഗവാൻ ആഴ്വാർക്ക്, തന്റെ ദിവ്യചരണങ്ങളാണ് തന്നിലെത്താനുള്ള ഉപായം എന്ന് കാണിച്ചുകൊടുക്കുന്നു. ആഴ്വാർ അതിന് മറുപടിയായി, ഈ കാരുണ്യത്തിന് പാത്രമാകുമാറ് തിരിച്ചുചെയ്യാൻ എനിക്ക് യാതൊന്നുമില്ല എന്ന് പറയുന്നു.

ആറെനക്കു നിൻ പാദമേ ചരണാകത്തന്തൊഴിന്തായ്* ഉനക്കു ഓർകൈമ് 
മാറു നാനൊന്റിലേൻ എനതാവിയും ഉനതേ* 
ചേറു കൊൾ കരുമ്പും പെരുഞ്ചെന്നെലും മലി തൺ ചിരീവരമങ്കൈ* 
നാറു പൂന്തണ്തുഴായ്മുടിയായ്! തെയ്വവ നായകനേ!

നിത്യസൂരികളുടെ നാഥനായി, കരിമ്പും വലിയ ഇനം നെല്ലും നിറഞ്ഞ ചേറുപാടങ്ങളുള്ള ശ്രീവരമംഗളദിവ്യദേശത്തിൽ, നവസുഗന്ധതുളസികളാൽ അലങ്കൃതമായ ദിവ്യകിരീടമണിഞ്ഞ് വസിക്കുന്ന ഭഗവാനേ, അവിടുന്ന്, എനിക്ക് പ്രാപ്യസ്ഥാനമായ (ലക്ഷ്യമായ) തന്റെ ദിവ്യചരണങ്ങളെ തന്നെ എനിക്കുള്ള ശരണോപായമായും (ശരണാഗതിമാർഗ്ഗമായും) കനിഞ്ഞേകിയിരിക്കുന്നു. തിരികെ നൽകാൻ എനിക്ക് യാതൊന്നുമില്ല, എന്റെ ആത്മാവ് അവിടുത്തേതാകുന്നുവല്ലോ.

പതിനൊന്നാം പാസുരം 

ആഴ്വാർ പറയുന്നു, സോദ്ദേശം, സാനന്ദം ആരാണോ ഈ പാസുരങ്ങളെ പാടുന്നത്, അവർ നിത്യസൂരികളാൽ സദാ ആസ്വദിക്കപ്പെടുന്നു.

തെയ്വവ നായകൻ നാരണൻ തിരിവിക്കിരമനടിയിണൈമിചൈ*  
കൊയ് കൊൾ പൂമ്പൊഴിൽ ചൂഴ് കുരുകൂർച്ചഠകോപൻ* 
ചെയ്ത ആയിരത്തുള്ളിവൈ തൺ ചിരീവരമങ്കൈ മേയ പത്തുടൻ* 
വൈകൽ പാട വല്ലാർ വാനോർക്കു ആരാവമുതേ

നിത്യസൂരികളുടെ നാഥനായ സർവ്വേശ്വരൻ തന്റെ നിരുപാധികമായ ബന്ധത്താൽ മാതൃസഹജമായ ക്ഷമയോടെ തന്റെ ആശ്രിതരായ അസ്തിത്വങ്ങളെ അവർക്ക് ഉടമസ്ഥതാബോധം തോന്നാത്ത വിധത്തിൽ അളന്നെടുത്തിരിക്കുന്നു. പരിപക്വമായ ധാരാളം പുഷ്പങ്ങളുള്ള തിരുക്കുരുകൂരിന്റെ നായകനായ ശഠകോപൻ സകരുണം ആ ഭഗവാന്റെ ദിവ്യചരണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു, ആയിരം പാസുരങ്ങളുള്ളതിലെ ഈ പത്ത് പാസുരങ്ങൾ, ഊർജ്ജപ്രദമായ ശ്രീവരമംഗൈദിവ്യദേശത്തെ ഉദ്ദേശിക്കുന്നവയാണ്. അർഥബോധത്തോടെ ഈ ദശകം പാടാൻ ആർക്കാണോ കഴിയുക, അവർ പരമപദവാസികൾക്ക് (നിത്യസൂരികൾക്ക് / ഭഗവദ്പാർഷദർക്ക്) മതിവരാത്ത അമൃതംപോലെ എന്നും ആസ്വാദ്യരായിരിക്കും.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-5-7-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org