തിരുവയ്മൊഴി 1.2 – വിടുമിൻ

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

കോയിൽ തിരുവായ്മൊഴി

<< 1.1

ഭഗവാന്റെ പരത്വത്തെക്കുറിച്ചുള്ള പൂർണ്ണ ആസ്വാദനത്തിന് ശേഷം അപ്രകാരമുള്ള ഭഗവാനെ പ്രാപിക്കുന്നതിനുള്ള ഉപായങ്ങളെക്കുറിച്ച് ഈ ദശകത്തിൽ വിശദമാക്കിത്തുടങ്ങുന്നു. തന്റെ അനുഭൂതി വിഷയത്തിന്റെ മഹിമയാൽ, സംസാരികളെ (ഭൗതിക ലോകത്തിൽ ഉള്ളവരെ) വീക്ഷിച്ച ശേഷം, ഇത് മറ്റുള്ളവർക്കും പങ്കിടണമെന്ന് ആഴ്വാർ നിനയ്ക്കുന്നു. അവർ പൂർണ്ണമായും ലൗകിക വിഷയങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. അവരെ സഹായിക്കണമെന്ന് തന്റെ മഹത്തായ കാരുണ്യത്താൽ ആഗ്രഹിച്ച അദ്ദേഹം, ലൗകിക വിഷയങ്ങളിലുള്ള ബന്ധനം ഉപേക്ഷിച്ച് ഭഗവദ് ഭക്തി പിന്തുടരുന്നതിന് നിർദ്ദേശിക്കുന്നു.

ആദ്യ പാസുരം 

മറ്റേതിലുമുള്ള സംഗം ത്യജിക്കുക എന്ന മുൻവ്യവസ്ഥയോടെ ഭഗവാന് ആത്മസമർപ്പണം ചെയ്യുന്നതിന് നമ്മാഴ്വാർ ഏവരോടും ആവശ്യപ്പെടുന്നു.

വീടുമിന്മുറ്റവും* വീടുചെയ്ത് * ഉമ്മുയിർ 
വീടുടൈയാനിടൈ* വീടുചെയ്മ്മിനേ

ഭഗവാനെ ആരാധിക്കുന്നതിന് തടസ്സമായി മാറുന്ന സ്വകേന്ദ്രീകൃതമായ എല്ലാ മാർഗ്ഗങ്ങളും ത്യജിക്കുക. ഇപ്രകാരം ത്യജിച്ച ശേഷം നിങ്ങളെത്തന്നെ, മോക്ഷത്തിന്റെ നിയന്താവും പ്രദാതാവുമായ നാഥനു സമർപ്പിക്കുക.

രണ്ടാം പാസുരം 

തുടർന്ന് ത്യാഗത്തെ പ്രോത്സാഹിപ്പിക്കാനായി നമ്മാഴ്വാർ ത്യാജ്യവിഷയങ്ങളുടെ ക്ഷണികതയെ വ്യക്തമാക്കുന്നു.

മിന്നിന്നിലൈയില* മന്നുയിരാക്കൈകൾ* 
എന്നുമിടത്തു* ഇറൈ ഉന്നുമിന്നീരേ 

തന്റെ ആശയ്ക്കനുസരിച്ച് ഓരോ ജന്മങ്ങളിലും നിരവധി ശരീരങ്ങളെ ജീവാത്മാവ് സ്വീകരിക്കുന്നു. എന്നാൽ പെട്ടെന്ന് പ്രകാശിച്ച് ഒടുങ്ങുന്ന മിന്നലിനേക്കാൾ ക്ഷണികമാണ് ഈ ശരീരങ്ങളെല്ലാം. ഇത് മനസ്സിലാക്കി, നിങ്ങൾ യജമാനനായ പരമേശ്വരനെ ധ്യാനിക്കുക.

മൂന്നാം പാസുരം

നമ്മാഴ്വാർ സദയം, ത്യാഗത്തിന്റെ ക്രമം ചുരുക്കിപ്പറയുന്നു.

നീർനുമതെൻറിവൈ* വേർമുതൽമായ്ത്തു* ഇറൈ 
ചേർമിൻ ഉയിർക്കു* അതൻ നേർ നിറൈയില്ലേ

‘ഞാൻ’ ‘എന്റേത്’ എന്നീ ഭാവങ്ങളെ ഉപേക്ഷിച്ച് സ്വാമിയിലേക്ക് എത്തിച്ചേരുക. ജീവാത്മാവിന് ഇതിലും മികച്ച പൂർത്തീകരണമോ അനുയോജ്യ അവസ്ഥയോ ഇല്ലതന്നെ.

നാലാം പാസുരം

ലൗകിക വിഷയങ്ങളെ ത്യജിച്ച ശേഷം ആരാധിക്കപ്പെടേണ്ടുന്ന ഭഗവാന്റെ സവിശേഷതയെ നമ്മാഴ്വാർ വിശദമാക്കുന്നു.

ഇല്ലതുംഉള്ളതും* അല്ലതുഅവനുരു* 
എല്ലൈയിൽഅന്നലം* പുൽകുപറ്ററ്റേ

സ്വഭാവപരമായി തന്നെ മാറ്റത്തിന് വിധേയമാകാത്ത ചിത്തുക്കളിൽ (ബോധമുള്ളവകളിൽ) നിന്നും നിരന്തരം മറ്റ് രൂപങ്ങളിലേക്ക് ഭാവമാറ്റം സംഭവിക്കുന്ന അചിത്തുക്കളിൽ (അവബോധ ഹീനമായ വസ്തുക്കളിൽ) നിന്നും ഭഗവാൻ വ്യത്യസ്തനാണ്. അതിനാൽ മറ്റെല്ലാ വിഷയങ്ങളിലുമുള്ള സംഗം ത്യജിച്ച് ആനന്ദപരിപൂർണ്ണനായ ഭഗവാനെ ഭക്തിയോടെ സമീപിക്കുക. 

അഞ്ചാം പാസുരം 

ഏറ്റവും പ്രാപ്യയോഗ്യമായത് ആദരണീയനായ ഭഗവാൻ തന്നെയാണെന്ന് നമ്മാഴ്വാർ വിശദമാക്കുന്നു.

അറ്റതുപറ്റെനിൽ* ഉറ്റതുവീടുഉയിർ* 
ചെറ്റതുമന്നുറിൽ* അറ്റിറൈപറ്റേ

ഭഗവദ് വിഷയമല്ലാത്ത മറ്റ് വിഷയങ്ങളിലുള്ള സംഗം ത്യജിക്കുമ്പോൾ ആത്മാവ് കൈവല്യമോക്ഷത്തിന് (ലോകത്തിൽ നിന്ന് മുക്തനായി ആത്മീയ അസ്തിത്വം ആസ്വദിക്കുന്നതിന്) യോഗ്യനായി മാറുന്നു. കൈവല്യമോക്ഷത്തിനുള്ള ചിന്തയും ഉപേക്ഷിച്ച്, എല്ലാത്തിലുമുള്ള ആസക്തി വിട്ട് ഉറച്ച ഭഗവദ് ചിന്തയോടെ ഈശ്വരനെ ശരണം പ്രാപിക്കുക.

ആറാം പാസുരം

ഭഗവാന് ഏവരിലുമുള്ള സമത്വദൃഷ്ടിയെ നമ്മാഴ്വാർ വ്യക്തമാക്കുന്നു.

പറ്റിലൻഈശനും* മുറ്റവും നിന്റനൻ* 
പറ്റിലൈയായ്* അവൻ മുറ്റിലടങ്ങേ
 

തന്നെ നിലനിർത്തുന്നതായും, തന്നെ പരിപോഷിപ്പിക്കുന്നതായും, തനിക്ക് ആനന്ദം തരുന്നതായും കരുതി, തന്നിൽ ആകൃഷ്ടരായിക്കഴിഞ്ഞ തന്റെ ദിവ്യപത്നിമാരെയും നിത്യസൂരികളെയും പോലും ഉപേക്ഷിച്ച്, നമ്മോട് (പുതുതായി എത്തിയ ഭക്തരോട്) ദൃഢമായ, പൂർണ്ണമായ, അഭിനിവേശത്തോടെ സർവ്വേശ്വരനായിട്ടുകൂടി ഭഗവാൻ നിലകൊള്ളുന്നു. നിങ്ങളും ലൗകിക ആസക്തികളെ വിട്ടൊഴിഞ്ഞ് അവന്റെ ഗുണങ്ങളായ ധാരകത്വം   (നമൈ നിലനിർത്തുന്നു എന്ന ഭാവം), പോഷകത്വം (പരിപോഷിപ്പിക്കുന്നു എന്ന ഭാവം), ഭോഗ്യത്വം (ആസ്വാദ്യത എന്ന ഭാവം) എന്നിവയെ കണക്കാക്കി അവനിൽ മുഴുകുക.

ഏഴാം പാസുരം 

ഭഗവാന്റെ സ്വത്തിനെക്കുറിച്ച്  (ഉഭയവിഭൂതികളെക്കുറിച്ച്) ലജ്ജിച്ച് മാറിനിൽക്കാതെ, ഭഗവാനും അവിടുത്തെ ഉഭയവിഭൂതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധ്യാനിക്കുകയും താനും ഭഗവാന്റെ സ്വത്തിൽപ്പെട്ടതാണ് എന്ന് തിരിച്ചറിയുകയും വേണമെന്ന് നമ്മാഴ്വാർ അരുളുന്നു.

അടങ്കെഴിൽ ചമ്പത്തു* അടങ്കക്കണ്ട് ഈചൻ* 
അടങ്കെഴിൽഅഃതെന്റു* അടങ്ങുകഉള്ളേ

പൂർണ്ണസുന്ദരമായ (ഒന്നൊഴിയാതെ സർവ്വ അസ്തിത്വവും അടങ്ങിയ) ഭഗവദ് സമ്പത്തുകളെക്കുറിച്ച് ധ്യാനിച്ച് എല്ലാംതന്നെ സുന്ദരമായ വിധം അവന് കീഴടങ്ങിയതായി ഗ്രഹിച്ചും ആ ബന്ധം തിരിച്ചറിഞ്ഞും, ആ സ്വത്തിന്റെ ഭാഗമായി മാറാം. എപ്പോൾ (താനും ഈശ്വരനുമായുള്ള) യഥാർത്ഥ ബന്ധത്തെക്കുറിച്ച് അറിയുന്നുവോ അപ്പോൾ ഒരുവന് ഭഗവാന്റെ സ്വത്തായി അഥവാ വസ്തുവായി തിരിച്ചറിയാനാകും.

എട്ടാം പാസുരം 

ഭഗവാനെ ആരാധിക്കുന്ന അഥവാ സേവിക്കുന്ന വിധം നമ്മാഴ്വാർ വിശദീകരിക്കുന്നു.

ഉള്ളം ഉരൈ ചെയൽ* ഉള്ള ഇമ്മൂന്റൈയും* 
ഉള്ളിക്കെടുത്തു* ഇറൈ ഉള്ളിലൊടുങ്കേ 

ആരംഭം മുതൽകേ നമുക്ക് സുലഭമായ മനോവാക്കായങ്ങളുടെ ധർമ്മം മനസ്സിലാക്കിക്കൊണ്ട്, ലൗകിക ഭോഗങ്ങളിലുള്ള സംഗം ത്യജിക്കുകയും നമുക്ക് യോഗ്യനായ നാഥന് പൂർണ്ണമായി കീഴടങ്ങുകയും ചെയ്യുക.

ഒമ്പതാം പാസുരം 

ഭഗവദുപാസനയുടെ ഫലമായി വിഘ്നങ്ങളെല്ലാം തരണം ചെയ്യപ്പെടുന്നതിനെക്കുറിച്ച് നമ്മാഴ്വാർ വിശദമാക്കുന്നു.

ഒടുങ്ങ അവൻ കൺ* ഒടുങ്ങലും എല്ലാം* 
വിടും പിന്നും അകൈ* വിടും പൊഴുതു എണ്ണേ

എല്ലാം ഭഗവാന്റെ ഹിതത്തിലേക്ക് സമർപ്പിച്ചുകഴിഞ്ഞാൽ, അവിദ്യ (അജ്ഞാനം) മുതലായവയും ആത്മാവിന്റെ അവബോധത്തിൽ വരുന്ന ന്യൂനതയും ഇല്ലാതാക്കപ്പെടുന്നു. തദനന്തരം, ഒരുവന് ഭഗവാനെ ശരണം പ്രാപിക്കുകയും ഈ ജീവിതത്തിനൊടുവിൽത്തന്നെ ഭഗവദ് കൈങ്കര്യം പ്രതീക്ഷിക്കുകയും ചെയ്യാം.

പത്താം പാസുരം

ഭഗവാന്റെ സമഗ്രവ്യക്തിത്വത്തെ നമുക്ക് ഏറ്റവും ഉചിതമായ പ്രാപ്യസ്ഥാനമായി നമ്മാഴ്വാർ വിശദീകരിക്കുന്നു.

എൺ പെരുക്കു അന്നലത്തു* ഒൺ പൊരുൾ ഈറില* 
വൺ പുകഴ് നാരണൻ* തിൺ കഴൽ ചേരേ

ആനന്ദാദികളായ മംഗള ഗുണങ്ങളുള്ള നാരായണൻ ആണ് അസംഖ്യം ജീവാത്മാക്കൾക്ക് ഉടമ. അവന് പരിധിയില്ലാത്ത മംഗള (കല്യാണകരമായ) ഗുണങ്ങളുണ്ട്. നാഥനായ ആ നാരായണന്റെ ധ്രുവകമലപദങ്ങളിൽ ശരണമടയുക. 

പതിനൊന്നാം പാസുരം 

ഫലശ്രുതിയായി നമ്മാഴ്വാർ അരുളുന്നത്, മുഴുവൻ പ്രബന്ധങ്ങളിലും വച്ച് ഈ തിരുവായ്മൊഴിയുടെ (ഈ ദശകത്തിന്റെ) ഏറ്റവും ആരാധ്യമായ സ്വഭാവം അറിയുക എന്നതാണ്. 

ചേർത്തടത്* തെൻ കുരുകൂർച്ചഠകോപൻ ചൊൽ* 
ചീർത്തൊടൈയായിരത്തു* ഓർത്ത ഇപ്പത്തേ 

ധാരാളം തടാകങ്ങളുള്ള (അങ്ങനെ സമ്പന്നവും മനോഹരവുമായ) തിരുക്കുരുകൂറിലെ (ആഴ്വാർ തിരുനഗരിയിലെ) ശഠകോപൻ നല്ല രൂപവും അർത്ഥവുമൊത്ത കാവ്യമാതൃകയിൽ ആയിരത്തിലെ ഈ പരിശോധിക്കപ്പെട്ട ദശകത്തെ വാക്കുകളാലും ശൈലികളാലും അനുഗ്രഹീതമാക്കി.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-1-2-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org