തിരുവയ്മൊഴി 1.1 – ഉയർവറവുയർനലം  

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

കോയിൽ തിരുവായ്മൊഴി

<< ധ്യാനം

ശ്രീയഃപതിയായ സർവ്വേശ്വരൻ എല്ലാവരിലും സമുന്നതനും സകല കല്യാണഗുണങ്ങൾക്കും ഇരിപ്പിടവും ആണല്ലോ. ഉഭയലോകങ്ങളുടെ (വൈകുണ്ഠം-സംസാരം) നായകനായ ആ ഭഗവാനെക്കുറിച്ച് വേദം വെളിപ്പെടുത്തുന്നത് ഭഗവാൻ സർവ്വവ്യാപിയും സർവ്വത്തിനും നിയന്താവും എല്ലാ ബോധമുള്ള ജീവികൾക്കും ബോധഹീനമായ വസ്തുവിനും അന്തര്യാമിയും ആയി അവകളെ ഭരിക്കുന്നവനും എന്നാണ്. ആഴ്വാർ ഈ ദശകത്തിൽ ഭഗവാന്റെ ഈ ദിവ്യഗുണങ്ങളെക്കുറിച്ച് വർണ്ണിക്കുകയും അതിന് തന്നെ സമർത്ഥനാക്കും വിധം ഭഗവാൻ നല്കിയ ദിവ്യജ്ഞാന ഭക്തികളെക്കുറിച്ച് ഭക്തിപുരസ്സരം ചിന്തിക്കുകയും ചെയ്യുന്നു.

ഈ ദശകം തിരുവായ്മൊഴിയുടെ സാരമാണ്. അതിലും ആദ്യ മൂന്ന് പാസുരങ്ങൾ ഈ ദശകത്തിന്റെ സാരവുമാണ്. ആദ്യ പാസുരം ആദ്യ മൂന്ന പാസുരത്തിന്റെ സാരവും ആദ്യ പാസുരത്തിന്റെ സാരം ആദ്യ വരിയിൽ തന്നെ അടങ്ങുന്നുമുണ്ട് എന്നാണ് പുർവ്വസൂരികൾ വ്യാഖ്യാനിച്ച് കാണുന്നത്.

ആദ്യപാസുരം 

ഇതിൽ അസംഖ്യമായ കല്യാണഗുണങ്ങളും, നിർഹേതുക കൃപയും, നിത്യസൂരികളുടെ അധീശത്വവും ശാശ്വതമായ ദിവ്യസ്വരൂപങ്ങളും ഭഗവാന്റെ പരമോന്നത ഭാവത്തെ വെളിപ്പെടുത്തുന്നതാണ് വർണ്ണ്യവിഷയം. ഇവയെക്കുറിച്ച് പ്രതിപാദിച്ച ശേഷം ഇപ്രകാരമുള്ള ഭഗവാനെ സദാ സേവിക്കുന്നതിന് നമ്മാഴ്വാർ തന്നോട് തന്നെയായി മന്ത്രിക്കുന്നു.

ഉയർവറവുയർനലം ഉടയവൻയവനവൻ* 
മയർവറമതിനലം അരുളിനൻയവനവൻ* 
അയർവമമരർകൾ അധിപതിയവനവൻ* 
തുയരറുചുടരടി തൊഴുതെഴ്എൻമനനേ!

എന്റെ മനമേ, ഭഗവാന്റെ പദകമലങ്ങളിൽ കൂപ്പുകയ്യോടെ താണുതൊഴുത് ഉയരുക. മറ്റെല്ലാ മഹിമയെയും നിഷ്പ്രഭമാക്കുന്ന പരമോന്നത മഹത്വമുറ്റവനായി ആധികാരികമായ വേദങ്ങളിൽ വാഴ്ത്തപ്പെടുന്നത് ഭഗവാനെയാണല്ലോ. അവിടുന്നല്ലോ അടിയന് സത്യജ്ഞാനവും ഭക്തിയും അനുഗ്രഹിച്ചേകിയത്, അവിടുത്തെ നിരുപാധിക കാരുണ്യത്താൽ അടിയന്റെ അജ്ഞത പാടേ നീങ്ങിയിരിക്കുന്നു. അവിടുന്ന് മാത്രമല്ലോ കുറവില്ലാത്ത സ്മൃതിപോലെയുള്ള നിഷ്കളങ്കതയുറ്റ നിത്യസൂരികൾക്ക് അനിഷേധ്യ നായകൻ.

രണ്ടാം പാസുരം

നമ്മാഴ്വാർ ഇവിടെ പറയുന്നത് മറ്റെല്ലാത്തിൽ നിന്നും വേറിട്ട് നിലകൊള്ളുന്ന ആ ഭഗവാനെക്കുറിച്ചാണ്(യവൻ എന്നത് വിശദീകരിക്കുന്നു).

മനനകമലമറ മലർമിചൈയെഴുതരും*
മനനുണർവളവിലൻ പൊറിയുണർവവൈയിലൻ*
ഇനനുണർമുഴുനലം എതിർനിഗഴ്കഴിവിനും*
ഇനനിലനെനനുയിർ മികുനരൈയിലനേ.

ആത്മബോധത്തിന് പ്രാപ്തമായവിധം കാമക്രോധാദികളറ്റ പൂർണ്ണവികസിതമായ മനസ്സിന് പോലും അളക്കാനാകാത്തവനത്രെ ഭഗവാൻ. അചിത്തുകളെ (ഭൌതിക പദാർത്ഥങ്ങളെ) തിരിച്ചറിയാൻ പ്രാപ്തമായ ബാഹ്യേന്ദ്രിയങ്ങൾക്കും അവിടുന്ന് അളക്കാനാകാത്തവനാണ്. അപ്രകാരം ചിത്തിലും അചിത്തിലും നിന്ന് വേറിട്ടതാണ് അവിടുന്ന്‌. ഭൂത-വർത്തമാന-ഭാവികളായ മൂന്ന് കാലത്തിലും തനിക്ക് തുല്യരോ തനിക്ക് മേലോ ആരുമില്ലാത്ത വിധം പൂർണ്ണജ്ഞാനവും പൂർണ്ണ ആനന്ദവും നിറഞ്ഞവനായി ഭഗവാനെ അറിയുന്നു. അവിടുന്നാണ് എന്റെ നിലനില്പിനാധാരമായ ആത്മാവ്. എല്ലാ പത്ത് പാസുരത്തിലും “അവൻ തുയരറു ചുടരടി തൊഴുതെഴ്” എന്ന് കൂട്ടിച്ചേർക്കപ്പെടുന്നു.

മൂന്നാം പാസുരം 

നമ്മാഴ്വാർ ഭഗവാന് ഭൗതിക ലോകവുമായുള്ള ബന്ധത്തെ വിശദീകരിച്ചുകൊണ്ട് അവിടുന്ന് ഏതെങ്കിലും വസ്തു-സ്ഥല-ങ്ങളാൽ പരിമിതനല്ലെന്ന് സ്ഥാപിക്കുന്നു.

ഇലനതുഉടയനിതു എനനിനൈവരിയവൻ*
നിലനിടൈവിചുമ്പിടൈ ഉരുവിനൻഅരുവിനൻ*
പുലനൊടുപുലനലൻ ഒഴിവിലൻപരന്ത* അൻ 
നലനുടൈയൊരുവനൈ നണുകിനംനാമേ.

ഭഗവാനെ ഏതെങ്കിലും വസ്തുവിനോട് പരിമിതപ്പെടുത്തി, “അവൻ അതിൽ നിന്ന് ദൂരസ്ഥനാകയാൽ അതിലില്ലാത്തവനെന്നോ” “അതിനോട് സമീപസ്ഥനാകയാൽ അതിലുള്ളവനെന്നോ” മനസ്സിലാക്കാനാകില്ല. അവിടുത്തേതാകുന്നു നീചവും ഉന്നതവുമായ എല്ലാ ലോകത്തിലുമുള്ള എല്ലാ ചിത്തും(രൂപമില്ലാത്ത ജീവാത്മാക്കൾ) അചിത്തും(രൂപമുള്ള ഭൗതിക പദാർത്ഥങ്ങൾ). തന്റെ ഗുണങ്ങളെന്ന നിലയിൽ ചിത്തും അചിത്തുമുള്ള അവൻ  അങ്ങനെ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അപ്രകാരമുള്ള കല്യാണഗുണനിധിയായ ആ ഭഗവാനെ ശരണം പ്രാപിച്ച നാം അനുഗൃഹീതരായിരിക്കുന്നു.

നാലാം പാസുരം 

സാമാനാധികരണ്യം എന്നതിലൂടെ എല്ലാ അസ്തിത്വങ്ങളും ഭഗവാന്റെ ശരീരമാണ്; ഭഗവാനുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് നമ്മാഴ്വാർ വിശദീകരിക്കുന്നു.

കുറിപ്പ് – സാമാനാധികരണ്യം എന്നാൽ ഒന്നിലേറെ ഗുണങ്ങളോ വശങ്ങളോ ഒരു പൊതു നിലയ്ക്ക് കീഴ്പ്പെട്ട അവസ്ഥയെന്ന് അർത്ഥം. അതിന് രണ്ടോ അതിലേറെയോ വാക്കുകളാൽ ഒരേ വസ്തുവിനെ വിശദീകരിക്കുന്നത് എന്നും അർത്ഥമുണ്ട്.

നാമവൻ ഇവനുവൻ അവളിവളുവളെവൾ* 
താമവരിവരുവർ അതുവിതുവുതുവെതു* 
വീമവൈയിവൈയുവൈ അവൈനലംതിങ്ങവൈ* 
ആമവൈയായവൈ ആയ്നിന്റഅവരേ.

ഭഗവാൻ തന്നെയാണ് (അന്തര്യാമിയെന്ന നിലയ്ക്ക്) അടുപ്പത്തെ (അടുത്ത്, ദൂരെ, ഇടയ്ക്ക് എന്നിങ്ങനെ) കുറിക്കുന്ന വാക്കുകളാൽ വ്യവഹരിക്കപ്പെട്ടും നല്ലതും ചീത്തയുമെന്ന് വ്യവഹരിക്കപ്പെട്ടും ഭൂത,ഭാവി, വർത്തമാന കാലങ്ങളിൽ ഉള്ള എല്ലാ അസ്തിത്വങ്ങളുമായി (ആൺ, പെൺ, നിർജ്ജീവ, താത്ക്കാലിക) നിലകൊള്ളുന്നത്.  ചുരുക്കത്തിൽ എല്ലാ വാക്കുകളും ഭഗവാനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഏതെല്ലാം വാക്ക് വിട്ടുപോയോ അതും ഇവിടെ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനർത്ഥം എല്ലാ കാലത്തുമുള്ള എല്ലാ വസ്തുക്കളും ഭഗവാന്റെ പൂർണ്ണ നിയന്ത്രണത്തിന് കീഴിലാണ് എന്നത്രെ.

അഞ്ചാം പാസുരം 

വൈയാധികരണ്യം എന്നതിലൂടെ എല്ലാ ആരാധനാ രൂപങ്ങളും ഉപാസനാ രീതികളും നിലനിർത്തുന്നത് ഭഗവാൻ തന്നെയെന്നത് വിശദമാക്കുന്നു.

കുറിപ്പ് – വൈയാധികരണ്യം എന്നാൽ രണ്ടോ അതിലധികമോ വശങ്ങൾ വ്യത്യസ്തമായവയ്ക്ക് കീഴിൽ വരുന്നത് സൂചിപ്പിക്കുന്നു. ഇതിന് രണ്ടോ അതിലേറെയോ വാക്കുകൾ വ്യത്യസ്ത സത്തകളെ വിശദമാക്കും വിധം ഉപയോഗിക്കപ്പെടുന്നതെന്നും അർത്ഥമുണ്ട്.

അവരവർതമതമതു അറിവറിവകൈവകൈ*
അവരവർഇറൈയവർ എനഅടിയടൈവർകൾ* 
അവരവർഇറൈയവർ കുറൈവിലർഇറൈയവർ* 
അവരവർവിധിവഴി അടൈയനിന്റനരേ.

വ്യത്യസ്ത അധികാരികൾ(യോഗ്യതയുള്ളവർ)അവരുടെ അറിവിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ദേവതകളെ അവരുടെ ആശകളെ സാധിക്കുന്ന യജമാനരെന്ന് കണക്കാക്കി ശരണംതേടുന്നു. ആ ആഗ്രഹങ്ങളെ അപ്രകാരമുള്ള ദേവതകൾ സാധിച്ച് നല്കേണ്ടത് അവരുടെ ബാധ്യത തന്നെയാണ്. പക്ഷേ, ആ ദേവതകൾക്കും അന്തര്യാമിയായി(ഉള്ളിൽ നിലകൊള്ളുന്ന ആത്മാവായി) നിലകൊള്ളുന്ന ഭഗവാൻ തന്നെയാണ് ഓരോരുത്തർക്കും അവരുടെ കർമ്മമനുസരിച്ചു് അവർ ആഗ്രഹിക്കുന്ന ഫലം ലഭ്യമാകുന്നത് ഉറപ്പിക്കുന്നവൻ എന്നതിനാൽ ഏവർക്കും യജമാനൻ ഭഗവാൻ തന്നെയാണ്.

ആറാം പാസുരം 

എല്ലാ കർമ്മങ്ങളും അകർമ്മങ്ങളും സാമാനാധികരണ്യത്താൽ ഭഗവാന്റെ നിയന്ത്രണത്തിലാണ് എന്നത് നമ്മാഴ്വാർ വിശദീകരിക്കുന്നു.

നിൻറനർഇരുന്തനർ കിടന്തനർതിരിന്തനർ* 
നിൻറിലർഇരുന്തിലർ കിടന്തിലർതിരിന്തിലർ* 
എന്റ്മൊരിയൽവിനർ എനനിനൈവരിയവർ* 
എന്റ്മൊരിയൽവൊടു നിൻറവെന്തിടരേ

എല്ലാ സത്തകൾക്കും അവയുടെ എല്ലാ കർമ്മങ്ങൾക്കും (നില്പ്, ഇരുപ്പ്, കിടപ്പ്, നടപ്പ് മുതലായ) അകർമ്മങ്ങൾക്കും (നില്ക്കാതിരിക്കൽ, ഇരിക്കാതിരിക്കൽ, കിടക്കാതിരിക്കൽ, നടക്കാതിരിക്കൽ) നിയന്താവ് ഭഗവാനാണ്. അപ്രകാരമുള്ള ഭഗവാൻ എല്ലാ സത്തകൾക്കും അതീതനാകയാൽ നമ്മുടെ അറിവിനും അപ്പുറത്താണ്. ശക്തവും ആധികാരികവുമായ തെളിവായ ശാസ്ത്രങ്ങളിൽ നിന്ന് ആ ഭഗവാൻ നമ്മുടെ നാഥനാണെന്നത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

ഏഴാം പാസുരം 

ശരീര-ആത്മ ബന്ധം പോലെ ഭൌതിക ലോകവും ഭഗവാനുമായുള്ള ബന്ധമാണ് സാമാനാധികരണ്യം എന്നത് വിശദമാക്കുന്നു.

തിടവിചുമ്പെരിവളി നീർനിലംഇവൈമിചൈ*  
പടർപൊരുൾമുഴുവതുമായ് അവൈയവൈതൊറും* 
ഉടൽമിചൈഉയിരെനക് കരന്തെങ്ങുംപരന്തുളൻ* 
ചുടർമികുചുരുതിയുൾ ഇവൈയുണ്ടചുരനേ

ആദ്യമായി ശക്തമായ ആകാശ, അഗ്നി, വായു, ജല, ഭൂമികളെന്ന(പഞ്ചഭൂതങ്ങളെന്ന) ഭൌതിക ലോകത്തിന്റെ സ്രോതസ്സായി സ്വയം മാറി(അവയെ രൂപപ്പെടുത്തി) എല്ലാത്തിലും വ്യാപിച്ച് ഭൌതിക ലോകമായി നിലകൊള്ളുന്ന പരമേശ്വരൻ ഭഗവാനാണ്. അവിടുന്ന് സർവ്വത്ര വ്യാപിച്ച് ശരീരത്തിൽ ആത്മാവെന്നത് പോലെ ഭൌതിക ലോകത്ത് നിലകൊള്ളുന്നു. അത് മാത്രമല്ല, അവിടുന്ന് സർവ്വത്തിനും ഉള്ളിലും അവയെ ഉൾക്കൊണ്ടു് ബാഹ്യമായും നിലകൊള്ളുന്നു. തേജസ്സുറ്റ വേദത്തിന്റെ മുഖ്യ വിഷയവും ലക്ഷ്യവും അവൻ തന്നെയാണ്. സുരനെന്ന്(ദേവൻ എന്ന്) വാഴ്ത്തപ്പെടുന്ന ആ ഭഗവാൻ തന്നെ പ്രലയത്തിൽ സർവ്വത്തിനേയും ഭുജിക്കുന്നു (തന്നിലേക്ക് ലയിപ്പിക്കുന്നു).

എട്ടാം പാസുരം 

വ്യഷ്ടി സൃഷ്ടിക്കും(വ്യത്യസ്ത രൂപങ്ങളായുള്ള സൃഷ്ടിക്കും) വ്യഷ്ടി സംഹാരത്തിനും(വ്യത്യസ്തരൂപങ്ങളെ ഇല്ലായ്മചെയ്യലിനും)ചുമതലയുള്ള ബ്രഹ്മനും രുദ്രനും ഭഗവാന്റെ പൂർണ്ണനിയന്ത്രണത്തിലാണെന്നത് നമ്മാഴ്വാർ പ്രസ്താവിക്കുന്നു.

(കുറിപ്പ്-സമഷ്ടി സൃഷ്ടിയും സംഹാരവും ഭഗവാൻ തന്നെയാണ് നിറവേറ്റുന്നത്. ദ്രവ്യങ്ങളുടെ അവസ്ഥയിൽ നാമരൂപങ്ങളില്ലാത്ത അവസ്ഥയിൽ ഉള്ള നിലനില്പിനെയാണ് സമഷ്ടി എന്ന് പറയാവുന്നത്. വ്യഷ്ടി എന്നാൽ വ്യക്തി രൂപങ്ങളെന്നും അർത്ഥം. സൃഷ്ടി ചക്രത്തിൽ സമഷ്ടി സൃഷ്ടിക്ക് ശേഷം അവയെ വ്യത്യസ്ത നാമരൂപങ്ങളായി, ഭിന്ന ഭാവങ്ങളായി രൂപപ്പെടുത്തുന്നത് ബ്രഹ്മാവും ആ വ്യത്യസ്ത നാമ രൂപങ്ങളെ ഇല്ലായ്മ ചെയ്യുന്നത് രുദ്രനുമാണ്. വീണ്ടും അവ സമഷ്ടി ഭാവം കൈക്കൊള്ളുന്നു. തുടർന്ന് അവയെ തന്നിലേക്ക് ലയിപ്പിക്കുന്നതും ഭഗവാൻ തന്നെ).

ചുരരറിവരുനിലൈ വിൺമുതൽമുഴുവതും* 
വരൻമുതലായവൈ മുഴുതുണ്ടപരപരൻ* 
പുറമൊരുമൂന്റെരിത്ത് അമരർക്കുംഅറിവിയന്ത്* 
അരനയനെന ഉലകഴിത്തമൈത്തുളനേ

ബ്രഹ്മരൂദ്രാദികൾക്ക് പോലും ഗ്രഹിക്കാനാകാത്ത മൂലപ്രകൃതി മുതലായവയ്ക്ക് കാരണമായ ഭഗവാൻ അപ്രകാരമുള്ള ദേവതകൾക്കും പരമേശ്വരനാകയാൽ ഭൌതികലോകത്തെ മുഴുവൻ രുദ്രരൂപം സ്വീകരിച്ച് ഇല്ലായ്മചെയ്തു് ത്രിപുരങ്ങളെയും നശിപ്പിച്ചു്, എല്ലാത്തിനെയും ഇല്ലാതാക്കി വീണ്ടും(ബ്രഹ്മരൂപത്തിൽ) അവയെ വ്യഷ്ടിരൂപത്തിൽ രചിച്ച് ദേവതകൾക്ക് ജ്ഞാനം പകർന്ന് നിലകൊള്ളുന്നു. ബ്രഹ്മ രൂദ്രാദികളായ ദേവതകളുടെ അന്തര്യാമിയായി വർത്തിച്ചുകൊണ്ടാണ് ഇതെല്ലാം ഭഗവാൻ നിർവ്വഹിക്കുന്നത്.

ഒമ്പതാം പാസുരം 

വേദബാഹ്യങ്ങളായ (വേദത്തെ അംഗീകരിക്കാത്ത) തത്ത്വചിന്തകളിൽ പ്രാഥമികമായി കരുതപ്പെടുന്ന മാധ്യമിക ബൌദ്ധ തത്വചിന്തകരെ(ഒരിനം ശൂന്യവാദ തത്ത്വചിന്തകരെ)നമ്മാഴ്വാർ നിരാകരിക്കുന്നു.

ഉളനെനിൽഉളൻ അവനുരുവംഇവ്വുരുവുകൾ* 
ഉളനലഎനിൽ അവനരുവംഇവ്വരുവുകൾ* 
ഉളനെനഇലനെന ഇവൈഗുണമുടൈമയിൽ* 
ഉളനിരുതകൈമൈയൊടു ഒഴിവിലൻപരന്തേ

(ആഴ്വാരുടെ വൈദിക തത്വചിന്തപ്രകാരമുള്ള) എല്ലാ അസ്തിത്വങ്ങൾക്കും (അവൈദിക തത്വചിന്ത പ്രകാരമുള്ള) എല്ലാ അസ്തിത്വരഹിതമായവയ്ക്കും ആധാരമാകുന്നത് ഭഗവാനാണ്. അതായത്, ഭഗവാനെക്കുറിച്ച് പറയുമ്പോൾ അവിടുന്ന് നിലകൊള്ളുന്നതായി തന്നെ മനസ്സിലാക്കണം/അംഗീകരിക്കണം. എല്ലായിടവും വ്യാപിച്ച്, താൻ ഇല്ലാത്ത ഒരു അവസ്ഥയേ ഇല്ലാത്ത വിധം, രൂപമുള്ളതും രൂപമില്ലാത്തതുമായ ഭാവങ്ങൾ കൈക്കൊണ്ട് ഈ ഭൌതിക ലോകത്ത് തന്നെ സ്വയം പ്രകടമാക്കുന്നതും മറയ്ക്കുന്നതുമായ രണ്ട് ഭാവത്തിലും നിലകൊള്ളുന്നതും ഭഗവാനൊരുവനത്രെ.

പത്താം പാസുരം 

ഭഗവാന്റെ സർവ്വവ്യാപിത്വത്തിന്റെ പ്രയോജനം ഇവിടെ നമ്മാഴ്വാർ വിശദീകരിക്കുന്നു.

പരന്തതൺപരവൈയുൾ നീർതൊറുമ്പരന്തുളൻ* 
പരന്തഅണ്ടമിതെന  നിലവിചുമ്പൊഴിവറ*
ക്കരന്തചിലിടന്തൊറും ഇടംതികഴ്പൊരുൾതൊറും* 
കരന്തെങ്ങുമ്പരന്തുളൻ ഇവൈയുണ്ടകരനേ

ഈ മഹാപ്രപഞ്ചത്തിൽ സൌകര്യപൂർവ്വം(എല്ലാം തന്നാൽ തന്നെ) നിലനിൽക്കുന്നത് പോലെ തന്നെ, അവൻ സ്വാഭാവികമായും ശീതമായ സമുദ്രത്തിലെ ഓരോ തുള്ളി ജലത്തിലും അതി സൂക്ഷ്മമായവിധത്തിൽ നിലകൊള്ളുന്നു. അവൻ ഏറ്റവും സൂക്ഷ്മമായ സ്ഥലങ്ങളിലും സ്വയം പ്രകാശിതമായ ജീവാത്മാക്കൾക്ക് ഉള്ളിലും തന്നാൽ വ്യാപിക്കപ്പെട്ട് നിലകൊള്ളുന്ന സൂക്ഷ്മവസ്തുക്കൾക്ക് തന്റെ സാന്നിദ്ധ്യം തിരിച്ചറിയാനാകാത്ത വിധം നിലകൊള്ളുന്നു. സർവ്വവ്യാപിയെന്ന നിലയ്ക്ക് അവൻ എല്ലാത്തിനെയും സംഹാരകാലത്ത് തന്നിലേക്ക് സംഹരിച്ച് സ്ഥിരതയോടെ നിലകൊള്ളുന്നു.

പതിനൊന്നാം പാസുരം 

ഭഗവാന്റെ പരമോന്നതത്വത്തെ സംബന്ധിച്ച മുൻ വിശദീകരണങ്ങളെ ഉപസംഹരിച്ചുകൊണ്ട്, ഈ ദശകത്തിന്റെ ഫലം (പഠനം/ പാരായണം/ മനസ്സിലാക്കൽ) മോക്ഷം ആണ് എന്ന് ആഴ്വാർ പ്രഖ്യാപിക്കുന്നു.

കര വിചുമ്പെരിവളി നീർനിലമിവൈമിചൈ* 
വരനവിൽതിറൽവലി അളിപൊറൈയായ്നിൻറ* 
പരനടിമേൽ കുരുക്കൂർച്ചഠകോപൻചൊൽ* 
നിരനിറൈയായിരത്തു ഇവൈപത്തുംവീടേ

പരമേശ്വരനും പഞ്ചഭൂതാധിവാസനും അവയുടെ ഗുണങ്ങൾക്ക്(ശബ്ദം ആകാശത്തിനും, ശക്തി വായുവിനും, താപം അഗ്നിക്കും, ശീതത്വം ജലത്തിനും, ക്ഷമ ഭൂമിക്കും ഉള്ള ഗുണങ്ങളാണ്) ആധാരവും അവയെ തന്റെ ഗുണങ്ങളുമാക്കിയ ഭഗവാന്റെ പദകമലങ്ങളിൽ (ആഴ്വാർതിരുനഗരിയെന്ന) തിരുക്കുറുകൂറിൽ പിറന്ന ശഠകോപൻ(നമ്മാഴ്വാർ) (കരുണാപുർവ്വം ഉര ചെയ്ത അർത്ഥസമ്പുഷ്ടവും സമഗ്രവുമായ-) ഈ പത്ത് പാസുരങ്ങളെയും സമർപ്പിക്കുന്നു.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-1-1-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

Leave a Comment