കണ്ണിനുണ് ചിറുത്താമ്പു – ലളിത വ്യാഖ്യാനം

ശ്രീഃ ശ്രീമതേ ശഠകോപായ നമഃ  ശ്രീമതേ രാമാനുജായ നമഃ  ശ്രീമത് വരവരമുനയേ നമഃ

മുഥലായിരമ്

ശ്രീ മണവാള മാമുനികള്‍ ‘കണ്ണിനുണ്‍ ചിറുത്താമ്പു’ വിന്റെ മഹത്വത്തെ ഉപദേശ രത്നമാലയിലെ 26-മത് പാസുരത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

“വായ്ത്ത തിരുമന്തിരത്തിന്‍ മധ്ധിമമാം പദംപോൽ ചീർ‍ത്ത മധുരകവി ചെയ് കലൈയായ് ആര്‍ത്ഥ പുകഴ് ആറിയര്‍കള്‍ താങ്ങള്‍ അരുളിച്ചെയൽ‍ നടുവേ ചേര്‍ത്താര്‍ താര്‍പര്യം തേര്‍ന്തു് “

തിരുമന്ത്രം എന്നും അറിയപ്പെടുന്ന പദത്താലും അര്‍ത്ഥത്താലും പരിപൂര്‍ണ്ണമായ അഷ്ടാക്ഷരത്തില്‍ മധ്യമ പദമായ ‘നമഃ’ ശബ്ദത്തിന് പ്രത്യേക മഹിമയുണ്ട്. മധുരകവി ആഴ്വാരുടെ അതിശയകരമായ രചനയായ കണ്ണിനുണ്‍ ചിറുത്താമ്പുവിനും ഇതേ മഹത്വമുണ്ട്. ഇതിന്റെ അര്‍ത്ഥം ഗ്രഹിച്ചതിനാല്‍ നമ്മുടെ സമാദരണീയരായ (സമ്പ്രദായ പൂര്‍വ്വസൂരികള്‍) ഇതിനെ അരുളിച്ചെയലുകളുടെ (നാലായിരം ദിവ്യപ്രബന്ധ പാഠത്തിന്റെ) കൂടെ ചൊല്ലുന്നതിലേക്ക് ഉള്‍പ്പെടുത്തി.

മധുരകവി ആഴ്വാര്‍ നമ്മാഴ്വാരല്ലാതെ മറ്റൊരു ദേവതയെ അറിയാത്ത വിധം നമ്മാഴ്വാരുടെ പ്രധാന ഭക്തനും ശിഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ് കണ്ണിനുണ്‍ ചിറുത്താമ്പു എന്ന രചന. ഈ പ്രബന്ധം നമ്മുടെ സമ്പ്രദായത്തിന്റെ പ്രധാന തത്വമായ, ആചാര്യന്‍ ഈശ്വരന്‍ തന്നെ എന്നത് വ്യക്തമായി വെളിപ്പെടുത്തുന്നു.  നമ്മാഴ്വാരുടെ മഹത്വത്തെ വെളിപ്പെടുത്തുന്ന ഈ പ്രബന്ധം,  നമ്മുടെ സമ്പ്രദായത്തെ സംബന്ധിച്ച് സവിശേഷ സ്ഥാനമുള്ളതാണ്.

ഈ പ്രബന്ധത്തിന്റെ ലളിത പരിഭാഷ നമ്മുടെ പൂര്‍വ്വാചാര്യന്മാരുടെ ഭാഷ്യത്തെ അവലംബിച്ചുള്ളതാണ്. 

ധ്യാനശ്ലോകങ്ങള്‍ (തനിയന്‍)

അവിദിത വിഷ്യാന്തരഃ ശഠാരേര്‍ ഉപനിഷദാം ഉപഗാനമാത്രഭോഗഃ /  അപി ച ഗുണവശാത് തദേക ശേഷി മധുരകവൈര്‍ ഹൃദയേ മമാവിരസ്തു //

ആരാണോ നമ്മാഴ്വാരെ മാത്രം അറിയുന്നവനും, നമ്മാഴ്വാരുടെ ദിവ്യ കാവ്യങ്ങളുടെ മഹിമയെ പ്രകീർത്തിക്കുന്നതിൽ മാത്രം ആനന്ദിച്ചവനും, നമ്മാഴ്വാരുടെ ഗുണങ്ങളിൽ മുഴുകിയതിനാൽ നമ്മാഴ്വാരെ മാത്രം യജമാനൻ ആയി കണ്ടിരുന്നവനുമായിരുന്നോ, ആ മധുരകവി ആഴ്വാർ എന്റെ ഹൃദയത്തിൽ എന്നും വസിക്കട്ടെ.

വേറൊന്റും നാന്‍ അറിയേന്‍ വേദം തമിഴ് ചെയ്ത മാറന്‍ ശഠകോപന്‍ വണ്‍ കുരുകൂര്‍ ഏറു എങ്കള്‍                                      വാഴ്വാം എന്റേത്തും മധുരകവിയാര്‍ എമ്മൈ ആള്‍വാര്‍ അവരേ അരൺ

“ വേദാർത്ഥങ്ങൾ ദയാപൂര്‍വ്വം തമിഴില്‍ രചിച്ച, കുരുകൂര്‍ എന്ന മനോഹര ദേശത്തെ നായകനും നമ്മുടെ എല്ലാം ഉദ്ധാരകനുമായ നമ്മാഴ്വാരെയല്ലാതെ, ഒന്നും എനിക്ക് അറിയില്ല “എന്ന് പ്രഖ്യാപിച്ച മധുരകവി ആഴ്വാര്‍ മാത്രമാണ് പ്രപന്നരായ നമുക്ക് ശരണം.  

ആദ്യപാസുരത്തില്‍ മധുരകവി ആഴ്വാര്‍, നമ്മാഴ്വാരെക്കുറിച്ച് പാടവെ നമ്മാഴ്വാര്‍ക്ക് പ്രാണപ്രിയനായ ഭഗവാന്‍ കണ്ണന്റെ(ശ്രീകൃഷ്ണന്റെ) മഹിമയെയും സ്മരിക്കുന്നു.

1.കണ്ണിനുൺ ചിറുത്താമ്പിനാല്‍ കട്ടു ഉണ്ണപ്പണ്ണിയ പെരുമായന്‍‍ എന്‍ അപ്പനില്‍                                                                                                  നണ്ണിത്തെന്‍ കുരുകൂര്‍ നമ്പി എന്റക്കാല്‍ അണ്ണിക്കും അമുതു ഊറും എന്‍ നാവുക്കേ

കണ്ണന്‍ എന്ന എന്റെ സ്വാമിയും സര്‍വ്വേശ്വരനുമായ ഭഗവാന്‍, (ഭക്തവാത്സല്യം മൂലം) യശോദാമ്മയാല്‍ കെട്ടപ്പെടുവാന്‍ അനുവദിച്ചു, തീരെ ചെറിയ കണ്ണികളുള്ള കയറിനാല്‍! – ആ ഭഗവാന്റെ മാധുര്യലീലകളെ വര്‍ണ്ണിക്കുന്നതിന് തുല്യമാണ് ദക്ഷിണ ദിശയിലുള്ള തിരുക്കുരുകൂറിലെ നമ്മാഴ്വാരുടെ നാമം സ്മരിക്കുന്നതിലൂടെ  നാവിന് ലഭിക്കുന്ന മധുരാമൃതം. 

രണ്ടാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍, നമ്മാഴ്വാരുടെ പാസുരങ്ങള്‍ മാത്രമാണ് തനിക്ക് മധുരപ്രദം എന്നും തന്റെ നിലനില്‍പ്പുപോലും അവയുടെ ആവര്‍ത്തനത്തിലാണ് എന്നും വിശദമാക്കുന്നു.

2.നാവിനാല്‍ നവിറ്റു ഇമ്പം എയ്തിനേന്‍ മേവിനേന്‍ അവന്‍ പൊന്നടി മെയ്മ്മൈയേ                                                                                                    തേവു മറ്റു അറിയേന്‍ കുരുകൂര്‍ നമ്പി പാവിന്‍ ഇന്നിസൈ പാടിത്തിരിവനേ

ഞാന്‍ ആഴ്വാരുടെ പാസുരങ്ങളെ നാവിനാല്‍ ആലപിച്ച് തന്നെ കൃതാര്‍ത്ഥനായി. ഞാനിതാ ആഴ്വാരുടെ തൃപ്പാദങ്ങളില്‍ ശരണം പ്രാപിച്ചിരിക്കുന്നു. ആഴ്വാരല്ലാതെ ഒരു ദേവതയെ എനിക്ക് അറിവില്ല, കല്യാണ ഗുണങ്ങളാല്‍ പരിപൂര്‍ണ്ണനും തിരുക്കുരുകൂറിന്റെ നാഥനുമാണ് അവിടുന്ന്. ആഴ്വാരുടെ പാസുരങ്ങള്‍ സംഗീതാത്മകമായി ആലപിച്ച് ഞാന്‍ ദേശാടനം നടത്തും. 

മൂന്നാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍, നമ്മാഴ്വാരുടെ ദാസനെന്ന യോഗ്യതമാത്രം പരിഗണിച്ച്, ഭഗവാന്‍ തനിക്ക് എപ്രകാരം തന്റെ ദര്‍ശനം(ദിവ്യരൂപത്തില്‍) നല്കി എന്നത് ആനന്ദപൂര്‍വ്വം വര്‍ണ്ണിക്കുന്നു.

3.തിരിതന്തു ആകിലും തേവപിരാന്‍ ഉടൈ കരിയ കോലത്തിരുവുരുക്കാണ്പന്‍ നാന്‍                                                      പെരിയ വണ്‍ കുരുകൂര്‍ നഗര്‍ നമ്പിക്കു ആള്‍ ഉരിയനായ് അടിയേന്‍ പെറ്റ നന്മൈയേ

ആഴ്വാരുടെ ദാസന്‍ മാത്രമായ ഞാന്‍ ആ പദത്തില്‍ നിന്ന് ഭ്രംശനം വന്ന് ഭഗവാന്‍ ശ്രീമന്നാരായണനെ ദര്‍ശിച്ചു. ആഴ്വാരാണ് ശ്യാമവര്‍ണ്ണനും നിത്യസൂരികളുടെ നാഥനുമായ ഭഗവാനെ കാട്ടിത്തന്നത്. തിരുക്കുരുകൂറില്‍ അവതരിച്ച ദയാനിധിയായ ആഴ്വാരുടെ ദാസ്യത്താല്‍ മാത്രം എനിക്ക് ലഭിച്ച മഹാഭാഗ്യം കാണുക. 

നാലാം പാസുരത്തില്‍, നമ്മാഴ്വാര്‍ തനിക്ക് മേല്‍ ചൊരിഞ്ഞ ദയാവായ്പിനെ കണ്ടുകൊണ്ട് മധുരകവി ആഴ്വാര്‍ പറയുന്നു, താന്‍ നമ്മാഴ്വാര്‍ എന്ത് ആശിക്കുന്നുവോ അതേ ആശിക്കുന്നുള്ളൂ, തുടര്‍ന്ന്, തന്റെ നിസ്സാരതയും തന്നെ എപ്രകാരം നമ്മാഴ്വാര്‍ കൈക്കൊണ്ടു എന്നതും വെളിപ്പെടുത്തുന്നു. 

4.നന്മൈയാല്‍ മിക്ക നാന്‍മറൈയാളര്‍കള്‍ പുന്‍മൈ ആകക്കരുതുവര്‍ ആതലിന്‍                                                                                               അന്നൈയായ് അത്തനായ് എന്നൈ ആണ്ടിടും തന്മൈയാന്‍ ശഠകോപന്‍ എന്‍ നമ്പിയേ

നാലുവേദങ്ങളിലും പ്രവീണരായവര്‍ ജ്ഞാനമാര്‍ഗ്ഗികള്‍ എന്നെ ഉപേക്ഷിച്ചു, കാരണം ഞാന്‍ അങ്ങേയറ്റം താഴ്ന്നവനായിരുന്നു. എന്നാല്‍ നമ്മാഴ്വാര്‍ എന്നെ കൈക്കൊണ്ട് അഭയം നല്കി. എനിക്ക് മാതാവും പിതാവുമായി. അവിടുന്നാണ് എന്റെ സ്വാമി.

അഞ്ചാം പാസുരത്തില്‍ മുന്‍ പാസുരത്തില്‍ വെളിപ്പെടുത്തിയ തന്റെ താഴ്മയെ വിശദീകരിച്ചുകൊണ്ട് താന്‍ ഇപ്പോള്‍ എങ്ങനെ നമ്മാഴ്വാരുടെ അഹൈതുക കൃപയാല്‍ തിരുത്തപ്പെട്ടു എന്ന് വിശദീകരിച്ചുകൊണ്ട് ആഴ്വാരോടുള്ള നന്ദി പ്രദര്‍ശിപ്പിക്കുന്നു.

5.നമ്പിനേന്‍ പിറര്‍ നന്‍പൊരുള്‍ തന്നൈയും നമ്പിനേന്‍ മടവാരൈയും മുന്‍ എലാം                                                                                                ചെമ്പൊന്‍ മാടത്തിരുക്കുരുകൂര്‍ നമ്പിക്കു അന്‍പനായ് അടിയേന്‍ സതിര്‍ത്തേന്‍ ഇന്റേ

കഴിഞ്ഞ നാളുകളില്‍ ഞാന്‍ മറ്റുള്ളവരുടെ സ്വത്തിനെയും സ്ത്രീകളെയും ആശിച്ചവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മാഴ്വാരുടെ ദയയാല്‍ തിരുത്തപ്പെട്ടു, അവിടുത്തെ സേവകനായതോടെ ഞാന്‍ അവയില്‍ നിന്ന് മുക്തനായിരിക്കുന്നു. ആ നമ്മാഴ്വാരാണ് സ്വര്‍ണ്ണഗോപുരങ്ങളുള്ള തിരുക്കുരുകൂറിന്റെ നാഥന്‍.

ആറാം പാസുരത്തില്‍ എങ്ങനെ താന്‍ വിമുക്തനായി എന്നതിന്റെ ഉത്തരമായി അത് നമ്മാഴ്വാരുടെ ദയയാല്‍ മാത്രമാണെന്നും നമ്മാഴ്വാരുടെ ദയയെ ആശ്രയിച്ചു കഴിഞ്ഞാല്‍ പതനത്തിന് ഇനി സാധ്യതയേയില്ല എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.

6.ഇന്റു തൊട്ടും എഴുമൈയും എമ്പിരാന്‍ നിന്റു തന്‍ പുകഴ് ഏത്ത അരുളിനാന്‍                                                                                                      കുന്റ മാടത്തിരുക്കുരുകൂര്‍ നമ്പി എന്റും എന്നൈ ഇകഴ്വു ഇലന്‍ കാണ്മിനേ

തിരുക്കുരുകൂറിന്റെ നാഥനെന്ന നിലയില്‍ എന്റെ സ്വാമി നമ്മാഴ്വാര്‍ തന്റെ ദയ എന്നില്‍ ചൊരിഞ്ഞു, അങ്ങനെ ഞാന്‍ അവിടുത്തെ മഹത്വത്തെ വാഴ്ത്തുവാന്‍ പ്രാപ്തനായി. അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയേയില്ല എന്ന് നിങ്ങള്‍ക്കും കാണാനാകും. 

ഏഴാം പാസുരത്തില്‍, മധുരകവി ആഴ്വാര്‍ പറയുന്നു, നമ്മാഴ്വാരുടെ കൃപ ലഭിച്ചതോടെ താന്‍ ലൗകിക ദുഃഖങ്ങളില്‍ മുഴുകിയവരോടെല്ലാം നമ്മാഴ്വാരുടെ മഹിമയെ പ്രചരിപ്പിക്കുന്നതാണ്, കാരണം അവര്‍ അദ്ദേഹത്തിന്റെ മഹിമ അറിയാത്തതും അവിടുത്തെ കൃപ ലഭിക്കാത്തതുമാണ് അവരുടെ ഐശ്വര്യ ഹീനതയുടെ കാരണം.

7.കണ്ടുകൊണ്ടു എന്നൈക്കാരിമാറപ്പിരാന്‍ പണ്ടൈ വല്വിനൈ പാറ്റി അരുളിനാന്‍                                                                                                        എണ്‍ തിശൈയും അറിയ ഇയമ്പുകേന്‍ ഒണ്‍ തമിഴ്ച്ചഠകോപന്‍ അരുളൈയേ

പൊര്‍കാരിയുടെ പുത്രനാകയാല്‍ കാരിമാറന്‍ എന്നും അറിയപ്പെടുന്ന നമ്മാഴ്‌വാര്‍ എന്നില്‍ ദയ ചൊരിഞ്ഞു, എന്നെ അവിടുത്തെ ദാസനാക്കി. അദ്ദേഹം എന്റെ അനാദി കാലം മുതല്‍ക്കേയുള്ള പാപങ്ങള്‍ നീക്കി. എട്ടുദിക്കിലുമുള്ള ജനങ്ങളോട് മനോഹരമായ തമിഴ് പാസുരങ്ങളെ അരുളിയ ആ നമ്മാഴ്വാരുടെ മഹത്വം ഞാന്‍ ഉദ്ഘോഷിക്കും. 

എട്ടാം പാസുരത്തില്‍ അദ്ദേഹം ആഴ്വാരുടെ ദയ ഭഗവാന്റെ ദയയേക്കാള്‍ അധികമെന്ന് വിശദീകരിക്കുന്നു. ഭഗവാന്‍ ദയയാല്‍ അരുള്‍ ചെയ്ത് ഭഗവദ് ഗീത നല്കി. അതിലും ദയയോടെയാണ് ആഴ്വാര്‍ തിരുവായ്മൊഴി അരുളിയിട്ടുള്ളത്.

8.അരുള്‍ കൊണ്‍ടാടും അടിയവര്‍ ഇന്‍പുറ അരുളിനാന്‍ അവ് അരു മറൈയിന്‍ പൊരുള്‍                                                                                       അരുള്‍ കൊണ്ടു ആയിരം ഇന്‍ തമിഴ് പാടിനാന്‍ അരുള്‍ കണ്ടീര്‍ ഇവ്വുലകിനില്‍ മിക്കതേ

നമ്മാഴ്വാര്‍ ദയയോടെ ആയിരം പാസുരമുള്ള തിരുവായ്മൊഴി വേദസാരമായി രചിച്ചു. അങ്ങനെ ഭഗവദ് ഭക്തര്‍ക്ക് സാനന്ദം ഭഗവാനെ സ്തുതിക്കാന്‍ അത് സഹായിക്കുന്നു. നമ്മാഴ്വാരുടെ ഈ കൃപയേക്കാള്‍ മികച്ചത്  ഒന്നുമില്ല (ഗീതയില്‍ ഭഗവദ് സ്തുതികള്‍ ഇല്ലല്ലോ എന്നതാകാം)

ഒമ്പതാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍ വ്യക്തമാക്കുന്നത്, തന്റെ താഴ്മയെ പരിഗണിക്കാതെ വേദസാരമായ തത്വത്തെ, അതായത് ഭക്തരുടെ ദാസനാകുക എന്നതിനെ നമ്മാഴ്വാര്‍ തനിക്ക് വെളിപ്പെടുത്തി എന്നതാണ്. ഈ അറിവിന് താന്‍ എന്നേക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം വിശദമാക്കുന്നു.

9. മിക്ക വേദിയര്‍ വേദത്തിന്‍ ഉട്പൊരുള്‍ നിര്‍കപ്പാടി എന്‍ നെഞ്ചുള്‍ നിറുത്തിനാന്‍                                                                                                      തക്ക ചീര്‍ച്ചഠകോപന്‍ എന്‍ നമ്പിക്കു ആട്പുക്ക കാതല്‍ അടിമൈപ്പയന്‍ അന്റേ

നമ്മാഴ്വാര്‍ ദയയോടെ എനിക്ക് മഹാജ്ഞാനികള്‍  ജപിക്കുന്ന വേദത്തിന്റെ സാരതത്വം അറിയിച്ചു. ആ അറിവ് ഉള്ളില്‍ ഉറയ്ക്കും വിധം ബോധ്യപ്പെടുത്തി. അങ്ങനെ അദ്ദേഹത്തിന്റെ ദാസ്യമെന്ന മഹത്തായ പദത്തിന്റെ മഹിമ എനിക്ക് വെളിപ്പെട്ടു. 

പത്താം പാസുരത്തിൽ മധുരകവി ആഴ്വാർ, നമ്മാഴ്വാര്‍ തനിക്ക് മേല്‍ ചൊരിഞ്ഞ വരങ്ങള്‍ക്ക് തിരിച്ചൊന്നും നല്കാന്‍ താന്‍ പ്രാപ്തനല്ലെന്നത് വ്യക്തമാക്കുന്നു. നമ്മാഴ്വാരുടെ ദിവ്യപാദങ്ങളോടുള്ള ഭക്തി വെളിപ്പെടുത്തുന്നു.

10. പയന്‍ അന്റു ആകിലും പാങ്കു അല്ലര്‍ ആകിലും ചെയല്‍ നന്‍റാകത്തിരുത്തിപ്പണി കൊള്‍വാന്‍                                                     കുയില്‍ നിന്റു ആര്‍ പൊഴില്‍ ചൂഴ് കുരുകൂര്‍ നമ്പി മുയല്‍കിന്റേൻ ഉൻ തൻ മൊയ് കഴറ്കു അന്‍പൈയേ

പൂന്തോട്ടങ്ങളും കിളികളുടെ കൂജനവും നിറയുന്ന തിരുക്കുരുകൂര്‍ വാസിയായ നമ്മാഴ്വാരെ, അങ്ങ് ജനങ്ങളെ ഭഗവദ് ദാസ്യത്തിലേക്ക് നിയോഗിക്കുന്നു. അവരെ തന്റെ ജ്ഞാനത്താല്‍ തിരുത്തുകയും നേര്‍വഴികാട്ടിക്കൊടുക്കുയും ചെയ്യുന്നു. അവരില്‍ നിന്ന് അങ്ങേയ്ക്ക് തിരിച്ചൊന്നും ലഭിക്കാനില്ല. അവിടുത്തെപ്പോലുള്ള ഭഗവദ് ഭക്തരില്‍ പ്രേമം ജനിക്കുന്നതിനാണ് ഞാന്‍ പരിശ്രമിക്കുന്നത്.  

പതിനൊന്നാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍, തന്റെ ഈ പ്രബന്ധം പഠിക്കുന്നവര്‍ നമ്മാഴ്വാരുടെ(അദ്ദേഹം ഭഗവദ് ദൂതരില്‍ പ്രധാനിയായ വിഷ്വക്സേനാംശമാണല്ലോ) നിയന്ത്രണമുള്ളതായ വൈകുണ്ഠം പ്രാപിക്കുമെന്നും അവിടെ വസിക്കുമെന്നും വ്യക്തമാക്കുന്നു. ഇതിന്റെ അര്‍ത്ഥം, ആഴ്വാര്‍ തിരുനഗരിയിലെ ക്ഷേത്രത്തില്‍ ആദിനാഥരും(അവിടുത്തെ ഭഗവാന്‍‍) നമ്മാഴ്വാരും മുഖ്യന്മാരാണെങ്കിലും ശ്രീവൈകുണ്ഠത്തില്‍ (ഭക്തവത്സലനായ ഭഗവാന്റെ ഭക്താഗ്രേസരനായ) നമ്മാഴ്വാര്‍ തന്നെയായിരിക്കും നേതാവ് എന്നാണ്. 

11.അന്‍പന്‍ തന്നൈ അടൈന്തവര്‍കട്കു എല്ലാം അന്‍പന്‍ തെന്‍ കുരുകൂര്‍ നഗര്‍ നമ്പിക്കു                                                                   അന്‍പനായ് മധുരകവി ചൊന്ന ചൊല്‍ നമ്പുവാര്‍ പതി വൈകുന്തം കാണ്‍മിനേ

എല്ലാവരിലും കൃപാലുവാണ് ഭഗവാന്‍ (വിശേഷിച്ചും തന്റെ ദാസന്മാരില്‍). നമ്മാഴ്വാരാകട്ടെ, ഭഗവദ് ഭക്തന്മാരിലാണ് അധികവും പ്രേമബന്ധിതനായിട്ടുള്ളത്. ഈ ഞാനോ(മധുരകവി ആഴ്വാര്‍) ആ നമ്മാഴ്വാരിലാണ് പ്രേമബന്ധിതനായിട്ടുള്ളത്. അതിനാല്‍ ആരാണോ ഈ പാസുരങ്ങള്‍ ഭക്തിയോടെ ജപിക്കുന്നത് അവര്‍ ദിവ്യലോകമായ ശ്രീവൈകുണ്ഠം പ്രാപിക്കുക തന്നെ ചെയ്യും.

ഉറവിടം – http://divyaprabandham.koyil.org/index.php/2020/04/kanninun-chiruth-thambu-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

Leave a Comment