Category Archives: malayalam

തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 21 മുതൽ 30 വരെ

Published by:

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തിരുപ്പാവൈ

<< പാസുരം 16 – 20

ഇരുപത്തിയൊന്നാം പാസുരം. ഇവിടെ ആണ്ടാള്‍ സ്മരിക്കുന്നത് നന്ദഗോപകുലത്തിലുള്ള കണ്ണന്റെ പിറവിയെയും, അവന്റെ വേദങ്ങളാല്‍ സ്ഥാപിതമായിട്ടുള്ള മഹത്വത്തെയുമാണ്.

21.ഏറ്റകലങ്കള്‍ എതിര്‍പൊങ്കി മീതളിപ്പ മാറ്റാതേ പാല്‍ ചൊരിയും വള്ളല്‍ പെരും പശുക്കള്‍ ആറ്റ പടൈത്താന്‍ മകനേ അറിവുറായ് ഊറ്റമുടൈയായ് പെരിയായ് ഉലകിനില്‍ തോറ്റമായ് നിന്റ ചുടരേ തുയിലെഴായ് മാറ്റാര്‍ ഉനക്കു വലിതൊലൈന്തു ഉന്‍ വാസൽ കണ്‍ ആറ്റാതു വന്തു ഉന്‍ അടി പണിയുമാപോലേ പോറ്റിയാം വന്തോം പുകഴ്ന്തു ഏലോര്‍ എമ്പാവായ്

പാത്രങ്ങള്‍ നിറഞ്ഞ് കവിയും വിധം പാലു് തരുന്ന ഐശ്വര്യം നിറഞ്ഞ ധേനുക്കളുള്ള നന്ദഗോപരുടെ മകനേ, ദിവ്യനിദ്രയില്‍ നിന്ന് നീ ഉണരുക! ആധികാരികമായ വേദങ്ങളാല്‍ പരാമര്‍ശിക്കപ്പെടുന്ന പരമോന്നതമായ ശക്തിയ്ക്കു് ഉടയവനേ,  മഹാപുരുഷനായവനേ, ഏവര്‍ക്കും ദൃശ്യനായി പ്രപഞ്ചത്തില്‍ അവതരിക്കാന്‍ കഴിവുറ്റവനേ, ഉണര്‍ന്നാലും. നിന്റെ ദിവ്യസൌധത്തിന്റെ പടിവാതിലില്‍ നിന്നെ സ്തുതിച്ചുകൊണ്ട് ഞങ്ങളിതാ നില്ക്കുന്നു, നീയാല്‍ ജയിക്കപ്പെട്ട എതിരാളികള്‍ ഗതിയില്ലാതെ നിന്റെ പാദപത്മത്തില്‍ നമിക്കുന്നത് പോലെ.  

ഇരുപത്തിരണ്ടാം പാസുരം. ഇവിടെ, ആണ്ടാള്‍ ഭഗവാനോട് തനിക്കും തന്റെ തോഴിമാര്‍ക്കും മറ്റ് ഗതിയില്ലെന്ന്, വിഭീഷണന്‍ ശ്രീരാമനെയെന്ന വിധം തങ്ങള്‍ അങ്ങയെ ശരണം പ്രാപിക്കുന്നുവെന്ന്, അറിയിക്കുന്നു. തനിക്ക് എല്ലാ ആശകളും അറ്റതായും ഭഗവദ് പ്രസാദം മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും വെളിപ്പെടുത്തുന്നു. 

22.അങ്കണ്‍ മാ ഞാലത്തു അരസര്‍ അപിമാന പങ്കമായ് വന്തു നിന്‍ പള്ളിക്കട്ടിർ കീഴേ സങ്കമിരുപ്പാര്‍ പോല്‍ വന്തു തലൈപ്പെയ്തോം കിൺകിണി വായ്ചെയ്ത താമരൈപ്പൂപ്പോലേ ചെങ്കണ്‍ ചിറുച്ചിറിതേ എമ്മേല്‍ വിഴിയാവോ തിങ്കളും ആതിത്തിയനും എഴുന്താര്‍പോല്‍ അങ്കണ്‍ ഇരണ്ടുങ്കൊണ്ടു എങ്കള്‍ മേല്‍ നോക്കുതിയേല്‍ എങ്കള്‍ മേല്‍ ശാപം ഇഴിന്തു ഏലോര്‍ എമ്പാവായ്

സുന്ദരവും വിശാലവും ബൃഹത്തുമായ രാജ്യങ്ങള്‍ പാലിച്ച രാജാക്കന്മാര്‍,  അങ്ങയുടെ സിംഹാസനത്തിന് കീഴെ തങ്ങളുടെ അഹന്തയറ്റ് ഒത്തുകൂടിയത് പോലെ ഞങ്ങളിതാ എത്തിയിരിക്കുന്നു. കരുണാപൂര്‍ണ്ണമായ, മിന്നിത്തിളങ്ങുന്ന ആഭരണം പോലെയുള്ള ആ പാതിവിടര്‍ന്ന താമരയിതള്‍ കണ്ണുകളാല്‍ നീ കടാക്ഷ‍ിക്കുകയില്ലയോ?  സൂര്യചന്ദ്രോപമമായ തിരുമിഴികളാല്‍ നീ കടാക്ഷിച്ചാല്‍ ഞങ്ങളുടെ ദുഃഖങ്ങള്‍ അറ്റുപോകും.

ഇരുപത്തിമൂന്നാം പാസുരം. ഇവിടെ നീണ്ട കാത്തിരിപ്പിന് ശേഷം ഭഗവാന്‍ കണ്ണന്‍ ആണ്ടാളോട് അവളുടെ ആഗ്രഹമെന്തെന്ന് ആരായുന്നു. ആണ്ടാളോ, ഭഗവാനോട് അങ്ങ് ശയ്യയില്‍ നിന്ന് എഴുന്നേറ്റ്, സിംഹാസനത്തിലേക്ക് നടന്ന്, അതിലമര്‍ന്ന് രാജാവിനെപ്പോലെ നിറസദസ്സില്‍ വച്ച് തന്റെ ഹിതം ആരായണമെന്ന് അപേക്ഷിക്കുന്നു. 

23.മാരിമലൈ മുഴൈഞ്ചില്‍ മന്നിക്കിടന്തു ഉറങ്കും സീരിയ സിങ്കം അറിവുറ്റുത്തീവിഴിത്തു വേരി മയിര്‍പ്പൊങ്ക എപ്പാടും പേര്‍ന്തു ഉതറി മൂരി നിമിര്‍ന്തു മുഴങ്കിപ്പുറപ്പട്ടു പോതരുമാ പോലേ നീ പൂവൈപ്പൂവണ്ണാ ഉന്‍ കോയില്‍ നിന്റു ഇങ്ങനേ പോന്തരുളി കോപ്പുടൈയ സീരിയ സിങ്കാസനത്തിരുന്തു് യാം വന്ത കാരിയം ആരായ്ന്തു അരുള്‍ ഏലോര്‍ എമ്പാവായ്

കായാമ്പൂ വര്‍ണ്ണാ! വര്‍ഷകാലത്ത് ഗുഹയില്‍ ഉറങ്ങുന്ന സിംഹം എഴുന്നേറ്റ് ഉഗ്രനേത്രത്താല്‍ ചുറ്റും നോക്കി, ശരീരം വിറപ്പിച്ച് സടകുടഞ്ഞ് എഴുന്നേല്‍ക്കും പോലെ, ഗാംഭീര്യത്തോടെ എഴുന്നേറ്റ്, തന്റെ ദിവ്യസൌധത്തിലെ മനോഹരമായ തിരു സിംഹാസനത്തിലേറി ഞങ്ങളെ കടാക്ഷിച്ചുകൊണ്ട് മുഴങ്ങുന്ന ശബ്ദത്തോടെ ഞങ്ങളുടെ ആഗമനോദ്ദേശ്യമാരായണം.

ഇരുപത്തിനാലാം പാസുരം. ഭഗവാന്‍ ഇപ്രകാരം ഇരിപ്പുറപ്പിച്ചത് ദര്‍ശിച്ച ശേഷം, ആണ്ടാള്‍ ഭഗവാന് മംഗളാശാസനം ചെയ്യുന്നു. പെരിയാഴ്വാരുടെ ദിവ്യപുത്രിയെന്ന നിലയില്‍ ആണ്ടാളുടെ ലക്ഷ്യം ഭഗവാന് മംഗളമുണ്ടാകണേ എന്ന് ആശംസിക്കുക മാത്രമാണ്.  ദണ്ഡകാരണ്യത്തില്‍ സീതാദേവിക്കൊപ്പം നടകൊണ്ട ശ്രീരാമനെ മാമുനിമാരും പിന്നീട് പെരിയാഴ്വാറും, ചെയ്തപോലെ മംഗളാശാസനം ചെയ്യുന്നു. അവര്‍, കാനനത്തില്‍ സുന്ദരദിവ്യ പാദങ്ങളുള്ള ഭഗവാന്‍ നടകൊണ്ടതില്‍ സ്വയം കാരണക്കാരായി കരുതി വേദനിച്ചു.  

24.അന്റു ഇവ്വുലകം അളന്തായ് അടിപോറ്റി സെന്റങ്കുത്തെന്നിലങ്കൈ ചെറ്റായ് തിറല്‍ പോറ്റി പൊന്‍റച്ചകടമുതൈത്തായ് പുകഴ്പോറ്റി കന്റു കുണിലാ എറിന്തായ് കഴല്‍ പോറ്റി കുന്റു കുടൈയാ വെടുത്തായ് കുണം പോറ്റി വെന്റു പകൈ കെടുക്കും നിന്‍കൈയില്‍ വേല്‍ പോറ്റി എന്റെന്റും ഉന്‍ ചേവകമേ ഏത്തിപ്പറൈ കൊള്‍വാൻ ഇന്റുയാം വന്തോം ഇരങ്കു ഏലോര്‍ എമ്പാവായ്

പോറ്റി എന്നതിന് നീണാള്‍ വാഴട്ടെ എന്നര്‍ത്ഥം. ഇത് മംഗളാശാസനമാണ്. ദേവതകള്‍ക്കായി ഇപ്പാരിനെ പണ്ട് അളര്‍ന്നവനേ! നിന്തിരുവടി നീണാള്‍ വാഴട്ടെ! രാവണന്റെ മനോഹരമായ ലങ്കാപുരിയിലെത്തി അതിനെ തകര്‍ത്തവനേ, നിന്റെ ശക്തി നീണാള്‍ വാഴട്ടെ! ശകടത്തില്‍ ആവേശിച്ചിരുന്ന അസുരനെ അതിന്റെ ചക്രത്തില്‍ തൊഴിച്ച് വധിച്ചവനേ, നിന്റെ കീര്‍ത്തി നീണാള്‍ വാഴട്ടെ! കന്നിന്റെ രൂപത്തിലെത്തിയ അസുരനെ പനയിലേക്ക് വലിച്ചെറിഞ്ഞ് അവനെയും ആ പനയിലമര്‍ന്നിരുന്ന അസുരനെയും വധിച്ചവനേ നിന്റെ തിരുവടി നീണാള്‍ വാഴട്ടെ! ഗോവര്‍ദ്ധനത്തെ മലയായി ഉയര്‍ത്തിയവനെ നിന്റെ സദ്ഗുണങ്ങള്‍ നീണാള്‍ വാഴട്ടെ! നീ കൈയിലേന്തിയ ദിവ്യമായ കുന്തം ശത്രുക്കളെ നശിപ്പിച്ചുകൊണ്ട് നീണാള്‍ വാഴട്ടെ!   ഞങ്ങളിവിടെ വന്നിരിക്കുന്നത് അങ്ങേയ്ക്ക് ഇപ്രകാരം പലകുറി മംഗളാശാസനം ചെയ്യുന്നതിനാണ്. ഇപ്രകാരം അങ്ങയുടെ ധീരോദാത്ത ചരിത്രങ്ങളെ പുകഴ്ത്തി അങ്ങയില്‍ നിന്ന് കൈങ്കര്യത്തിന് (സേവനത്തിന്) അനുമതി തേടാനും അത് നിറവേറ്റാനുമാണ്. അങ്ങ് അതിലേക്ക് അനുഗ്രഹിച്ചരുളണം. 

ഇരുപത്തിയഞ്ചാം പാസുരം. ഭഗവാന്‍ അവരോട്  നോമ്പിന് വേണ്ടതായ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കവെ, അവര്‍ ഭഗവാന് മംഗളാശാസനം ചെയ്തതോടെ ദുഃഖങ്ങളില്‍ നിന്ന് മുക്തരായതായി അറിയിക്കുന്നു. കൈങ്കര്യം മാത്രമേ ആവശ്യമുള്ളൂവെന്ന് അറിയിക്കുന്നു.

25.ഒരുത്തി മകനായ്പ്പിറന്തു ഓര്‍ ഇരവില്‍ ഒരുത്തി മകനായ് ഒളിത്തു വളരത് തരിക്കിലാനാകിത്താന്‍ തീങ്കു നിനൈന്ത കരുത്തൈപ്പിഴൈപ്പിത്തുക്കഞ്ചന്‍ വയിറ്റില്‍ നെരുപ്പെന്ന നിന്റ നെടുമാലേ ഉന്നൈ അരുത്തിത്തു വന്തോം പറൈ തരുതിയാകില്‍ തിരുത്തക്ക സെല്‍വമും സേവകമും യാംപാടി വരുത്തമും തീര്‍ന്തു മകിഴ്ന്തു ഏലോര്‍ എമ്പാവായ്

നിസ്തുലയായ ദേവകീദേവിയുടെ തിരുമകനായി അവതരിച്ച്, നിരുപമമായ ആ രാത്രി തന്നെ അങ്ങ് നിസ്തുലയായ യശോദാദേവിയുടെ മകനായി വളര്‍ന്നുതുടങ്ങി. അക്കാലത്ത് അത് സഹിക്കാനാകാതെ കംസന്‍ അങ്ങയെക്കുറിച്ച് കോപിച്ചു. അങ്ങയെ വധിക്കാന്‍ നിനച്ചു. കംസന്റെയുള്ളില്‍പോലും അഗ്നിയായി ജ്വലിക്കുന്ന അങ്ങാകട്ടെ, അവന്റെ ദുശ്ചിന്തകള്‍ക്കൊപ്പം അവനെയും നശിപ്പിച്ചു. ഞങ്ങളിവിടെ വന്നിരിക്കുന്നത്, ഞങ്ങളാഗ്രഹിക്കുന്നത് അങ്ങയില്‍ നിന്ന് തേടിയാണ്. അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന നിറവേറ്റുമെങ്കില്‍ ശ്രീദേവി പോലും ഇച്ഛിക്കുന്ന വിധം ഞങ്ങള്‍ അവിടുത്തെ ഐശ്വര്യവീര്യങ്ങളെ സ്തുതിക്കും, അങ്ങനെ അങ്ങയില്‍ നിന്നുള്ള വേര്‍പെടലിന്റെ ദുഃഖത്തില്‍ നിന്ന് മുക്തരായി ആനന്ദിക്കും.  

ഇരുപത്തിയാറാം പാസുരം. ഇവിടെ ആണ്ടാള്‍, നോമ്പിനാവശ്യമുള്ളവയെന്തെല്ലാമെന്ന് പറയുന്നു. നേരത്തെ ഒന്നും വേണ്ടതില്ല എന്ന് പറഞ്ഞുവെങ്കിലും ഇപ്പോള്‍, മംഗളാശാസനം ചെയ്യുന്നതിലേക്ക് പാഞ്ചജന്യാഴ്വാരെ(തിരുശംഖം) ആവശ്യപ്പെടുന്നു, കൂടാതെ,  തിരുമുഖം വ്യക്തമായി കാണുവാന്‍ ദീപവും, സാന്നിദ്ധ്യം ഉത്ഘോഷിക്കുന്ന പതാകയും ഭഗവാന് നിഴലിനായി മേലാപ്പു് മുതാലയവ ചോദിക്കുന്നു. കൃഷ്ണാനുഭവം പൂര്‍ണ്ണവും യോഗ്യവുമാകുന്നതിലേക്കാണ് ആണ്ടാളുടെ പ്രാര്‍ത്ഥനകളെല്ലാമെന്ന് പൂര്‍വ്വാചാര്യന്മാര്‍ ചൂണ്ടിക്കാട്ടുന്നു. 

26.മാലേ മണിവണ്ണാ മാര്‍കഴി നീരാടുവാന്‍ മേലൈയാര്‍ ചെയ്വനകള്‍ വേൺടുവന കേട്ടിയേല്‍ ഞാലത്തൈയെല്ലാം നടുങ്ക മുരല്‍വന പാലന്ന വണ്ണത്തുന്‍ പാഞ്ചസന്നിയമേ പോല്‍വന സങ്കങ്കള്‍ പോയ്പ്പാടു ഉടൈയനവേ സാലപ്പെരും പറൈയേ പല്ലാണ്ടു ഇസൈപ്പാരേ കോല വിളക്കേ കൊടിയേ വിതാനമേ ആലിന്‍ ഇലൈയായ് അരുള്‍ ഏലോര്‍ എമ്പാവായ്

ഭക്തവത്സലാ, നീലമണിവര്‍ണ്ണാ! പ്രളയത്തില്‍ ആലിലയില്‍ പള്ളികൊണ്ടവനേ, ഈ മാര്‍കഴി നോമ്പിനായി എന്തെല്ലാമാണ് വേണ്ടതെന്ന് അങ്ങ് ചോദിച്ചതിനാല്‍, പൂര്‍വ്വികരുടെ രീതിക്കൊത്തവണ്ണം ഞങ്ങളുടെ ആവശ്യം ഇവയാണ് എന്ന് പറയാം, നന്നായി മുഴങ്ങുന്ന, ലോകത്തെ വിറപ്പിക്കുന്ന ധവളിമയാര്‍ന്ന, പാഞ്ചജന്യസദൃശമായ ശംഖം. വിശാലവും വിസ്തൃതവുമായ തട്ട് വാദ്യങ്ങള്‍, തിരുപ്പല്ലാണ്ട് പാടുന്നവര്‍, ദീപം, കൊടി, മേലാപ്പ് ഇവയാണ് വേണ്ടത്. 

ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് പാസുരങ്ങളില്‍ ആണ്ടാള്‍, ഭഗവാന്‍ തന്നെയാണ് ഭഗവാനെ പ്രാപിക്കാനുള്ള വഴിയും ലക്ഷ്യവും(കൈങ്കര്യം) എന്ന് വ്യക്തമാക്കുന്നു. 

ഇരുപത്തിയേഴാം പാസുരം. അനുകൂലവും പ്രതികൂലവുമായവയെ തന്നിലേക്ക് ആകര്‍ഷിക്കുന്നതിലുള്ള ഭഗവാന്റെ പ്രത്യേകമായ ഗുണവിശേഷത്തെ ആണ്ടാൾ ഇവിടെ വിശദീകരിക്കുന്നു. കൂടാതെ, ഏറ്റവും ഉയര്‍ന്ന പുരുഷാര്‍ത്ഥം (ജീവിതത്തിന്റെ പരമമായ ലക്ഷ്യം) സായൂജ്യമോക്ഷ ഭഗവാനൊന്നിച്ചാകുക)ത്തോടെ നൊടിയിടയും അവിടുന്നില്‍ നിന്ന് അകലാതെ, നിരന്തരം സേവനം അനുഷ്ഠിക്കാനാകുക എന്നതാണെന്ന് പറയുന്നു. 

27.കൂടാരൈ വെല്ലും ശീര്‍ക്കോവിന്താ ഉന്‍ തന്നൈപ് പാടിപ്പറൈ കൊണ്ടു യാം പെറും സമ്മാനം നാടു പുകഴും പരിസിനാല്‍ നന്റാക ചൂടകമേ തോള്‍ വളൈയേ തോടേ സെവിപ്പൂവേ പാടകമേ എന്റനൈയ പല്‍കലനും യാം അണിവോം ആടൈ ഉടുപ്പോം അതന്‍ പിന്നേ പാൽസോറു മൂട നെയ് പെയ്തു മുഴങ്കൈ വഴിവാര കൂടിയിരുന്തു കുളിര്‍ന്തു ഏലോര്‍‌ എമ്പാവായ്

കീഴടങ്ങാത്തവരെയും നേടാനാകുന്ന കല്യാണ ഗുണവാനായ ഗോവിന്ദാ! അങ്ങയെ സ്തുതിക്കുന്നവരായ, കൈങ്കര്യം ചെയ്യുന്നവരായ ഞങ്ങള്‍‌ക്ക് ലഭിക്കുന്ന ആദരമാണ്, അങ്ങും നപ്പിന്നൈപ്പിരാട്ടിയും ദാനമായി തരുന്ന വിവിധതരം കൈവളകള്‍‍, കര്‍ണ്ണഭൂഷണങ്ങള്‍, കണ്ഠാലങ്കാരങ്ങള്‍, കാല്‍വളകള്‍ എന്നിവ ധരിക്കാനാകുക എന്നത്. അങ്ങ് കനിഞ്ഞേകുന്ന വസ്ത്രങ്ങളും ഞങ്ങളണിയും. തുടര്‍ന്ന് നെയ്യാല്‍ മൂടിയ അക്കാരവടിസില്‍(അരിയും പാലും പഞ്ചസാരയും നെയ്യും ചേര്‍ത്തുണ്ടാക്കുന്നത്) പ്രസാദം ഒരുമിച്ച് ഭുജിക്കും. അതിലെ നിറഞ്ഞിരിക്കുന്ന നെയ്യാകട്ടെ കൈകളില്‍ ഒലിച്ചിറങ്ങും.

ഇരുപത്തിയെട്ടാം പാസുരം. ഇവിടെ ആണ്ടാള്‍ ഭഗവാനും എല്ലാ ജീവാത്മാക്കളുമായുള്ള അഹൈതുകമായ ബന്ധത്തെ വിശദീകരിക്കുന്നു,  ഭഗവാന്റെ മഹിമയും, തന്റെ അദ്വേ‍ഷം(വെറുക്കില്ല) എന്ന സ്വഭാവത്താല്‍ ഏവരെയും ഉയര്‍ത്താനുള്ള, (വൃന്ദാവനത്തിലെ ഗോക്കളെപ്പോലെയുള്ള, തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതായ) ഭഗവാന്റെ ഗുണത്തെയും അതിനാല്‍ മറ്റൊരു മാര്‍ഗ്ഗത്തിലും തനിക്ക് ഇടപെടാനാകായ്കയും വിശദീകരിക്കുന്നു. 

28.കറവൈകള്‍ പിനചെന്റു കാനം സേര്‍ന്തു ഉണ്‍പോം അറിവോന്റും ഇല്ലാത ആയ്ക്കുലത്തു ഉന്‍തന്നൈപ് പിറവി പെറുന്തനൈ പുണ്ണിയം യാം ഉടൈയോം കുറൈവൊന്റും ഇല്ലാത ഗോവിന്ദാ ഉന്‍തന്നോടു ഉറവേല്‍ നമക്കു ഇങ്കു ഒഴിക്ക ഒഴിയാതു അറിയാത പിള്ളൈകളോം അന്‍പിനാല്‍ ഉന്‍തന്നൈച് ചിറുപേര്‍ അഴൈത്തനൈവും സീറി അറുളാതേ ഇറൈവാ നീ താരായ് പറൈ ഏലോര്‍ എമ്പാവായ്

കുറവുകളില്ലാത്തവനായ ഗോവിന്ദാ! ഞങ്ങള്‍ ഗോക്കളെ കാനനത്തിലേക്ക് പിന്തുടരാം, ചുറ്റി നടന്ന് ഭോജനം ഒരുമിച്ച് നടത്താം. അങ്ങ് അറിവില്ലാത്തവരായ ഈ ആയര്‍കുലത്തില്‍ പിറന്നുവെന്നത് ഞങ്ങളുടെ ഭാഗ്യമാണ്.  പ്രഭോ! അങ്ങയോട് ഞങ്ങള്‍ക്കുള്ള ബന്ധമാകട്ടെ ഞങ്ങള്‍ക്കോ അങ്ങേയ്ക്കോ മുറിച്ച് മാറ്റാനാകുന്നതേയല്ല.  ഞങ്ങള്‍ അടുപ്പം കൊണ്ട് വിളിക്കുന്ന മോശം നാമങ്ങളെ പ്രതി കോപിക്കരുതേ, ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം നല്കി അനുഗ്രഹിക്കണേ!  

ഇരുപത്തിയൊമ്പതാം പാസുരം. ഇവിടെ ആണ്ടാള്‍ വെളിപ്പെടുത്തുന്നത് പ്രധാനമായ ഒരു തത്വമാണ്. കൈങ്കര്യം ചെയ്യുന്നത് നമ്മുടെ സന്തോഷത്തിനായിട്ടല്ല, മറിച്ച് ഭഗവാന്റെ സന്തോഷം മാത്രമാണ് അതിന്റെ ലക്ഷ്യം. കൂടാതെ, കൃഷ്ണാനുഭവത്തിനുള്ള തീവ്രമായ അഭിലാഷത്താലാണ് നോമ്പ് ഒരു കാരണമാക്കിയത് എന്ന് ആണ്ടാള്‍ വെളിപ്പെടുത്തുന്നു.  

29.ചിറ്റം ചിറുകാലേ വന്ത് ഉന്നൈ സേവിത്ത് ഉന്‍ പൊറ്റാമരൈ അടിയൈ പോറ്റും പൊരുള്‍ കേളായ് പെറ്റം മേയ്ത്ത് ഉണ്ണും കുലത്തില്‍ പിറന്തു നീ കുറ്റേവല്‍ എങ്കളൈക്കൊള്ളാമല്‍ പോകാതു് ഇറ്റൈപറൈ കൊള്‍വാന്‍ അന്റു കാണ്‍ ഗോവിന്ദാ എറ്റൈക്കും ഏഴേഴ് പിറവിക്കും ഉന്‍ തന്നോട് ഉറ്റോമേ ആവോം ഉനക്കേ നാം ആട് ചെയ്വോം മറ്റൈ നം കാമങ്കള്‍ മാറ്റ് ഏലോര്‍ എമ്പാവായ്

ഈ പുലര്‍ കാലത്ത് അങ്ങയെ സേവിക്കാന്‍ എത്തിയ, അവിടുത്തെ പൊല്‍ത്താമരയടികള്‍ക്ക് മംഗളംനേരുന്ന അടിയങ്ങള്‍ക്കുള്ള സേവാഫലം കേള്‍ക്കണേ, പശുക്കളെ മേയ്ക്കുന്ന, മേച്ചുനടന്ന് ഉണ്ണുന്ന കുലത്തില്‍ പിറന്ന അവിടുന്ന് ഞങ്ങളുടെ സേവനം സ്വീകരിക്കാതെയിരിക്കരുതേ. അവിടുത്തെ കൈകളില്‍ നിന്ന് പറ എന്ന വാദ്യോപകരണം (അഥവാ എന്തെങ്കിലും) വാങ്ങാനല്ല, അടിയങ്ങള്‍ വന്നത്. ഏഴേഴ് പിറവികളായി (അനന്തമായ ജന്മാന്തരങ്ങളുടെ) വന്ന ബന്ധമാണ് അങ്ങയോടു് ഞങ്ങള്‍‌ക്ക്. തുടർന്നിനിയും അങ്ങേയ്ക്ക് മാത്രമേ ഞങ്ങള്‍ സേവ ചെയ്കയുള്ളു. അങ്ങനെ കൈങ്കര്യം അനുഷ്ഠിക്കവെ, അത് പോലും ഞങ്ങളുടെ സന്തോഷത്തിനാണ് എന്ന ചിന്ത ഞങ്ങള്‍ക്ക് ഉണ്ടാക്കരുതേ, അങ്ങയെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ് അങ്ങയെ സേവിക്കുമ്പോള്‍ അടിയങ്ങളുടെ ലക്ഷ്യമെന്ന വിധം അനുഗ്രഹിക്കണേ.

മുപ്പതാം പാസുരം. ഭഗവാന്‍ തന്റെ ആഗ്രഹങ്ങളെ നിറവേറ്റുമെന്ന് അറിയിച്ചതിനാല്‍ ഗോപികാഭാവം മാറ്റിവച്ച് താനായി തന്നെ ഈ പാസുരം പാടിയിരിക്കുന്നു. ഈ പാസുരങ്ങള്‍ ആലപിക്കുന്നവര്‍ക്ക് തനിക്ക് ലഭിച്ച അതേ കൈങ്കര്യ ഫലം സിദ്ധിക്കുമെന്ന് ഉറപ്പ് നല്കുന്നു (അവരുടെ മനശുദ്ധി ആണ്ടാളുടെയത്ര ആകണമെന്നില്ല) മറ്റൊരുവിധം പറഞ്ഞാല്‍, കണ്ണന്‍ വൃന്ദാവനത്തിലായിരുന്നപ്പോള്‍ ഗോപികമാര്‍ക്ക് അവിടുത്തോടുണ്ടായിരുന്ന അനുരാഗം ആണ് ശ്രീവില്ലിപുത്തൂരില്‍ ഇരുന്ന ആണ്ടാള്‍ക്കും അനുഭവപ്പെട്ടിരുന്നത്, അതിനാല്‍ ഈ പാസുരങ്ങളെ പാടുന്നവര്‍ക്കും എവിടെയും ഇതേ മനോഭാവം ഉണ്ടാകുന്നതാണ്. രാമാനുജാചാര്യരുടെ മുഖ്യശിഷ്യനായ കൂറത്താഴ്വാന്റെ പുത്രനായ പരാശരഭട്ടര്‍ വിശദീകരിച്ചത്, “ചത്ത പശുക്കുട്ടിയെക്കൊണ്ട് (സ്റ്റഫ് ചെയ്ത്) ഉണ്ടാക്കിയ പാവയാല്‍ പോലും പശുവിന് അകിട് ചുരക്കുന്നത് പോലെ, ഭഗവാന് പ്രീയങ്കരമായ ഈ പാസുരങ്ങള്‍ ആലപിക്കുന്നവര്‍ക്കും ഭഗവാന് പ്രീയപ്പെട്ടവര്‍ക്കു് ലഭിക്കുന്ന ഫലം സിദ്ധിക്കും” എന്നാണ്.  ആണ്ടാള്‍ പ്രബന്ധം അവസാനിപ്പിക്കുന്നത്, ഭഗവാന്റെ പാലാഴിമഥന ചരിത്രം വിശദീകരിച്ചുകൊണ്ടാണ്. കാരണം, ഗോപികമാര്‍ ഭഗവാനെ പ്രാപിക്കാനാഗ്രഹിച്ചു. ഭഗവദ്പ്രാപ്തിക്കാകട്ടെ, പിരാട്ടിയുടെ(ശ്രീദേവിയുടെ) പുരുഷകാരം (മധ്യസ്ഥശുപാര്‍ശ) ആവശ്യമാണ്.  ഭഗവാന്‍ പാലാഴി കടഞ്ഞത് ദേവിയെ അവിടെ നിന്ന് പുറത്ത് വരുത്തി വിവാഹം ചെയ്യാനായി മാത്രമാണ്. അതേ പോലെ ആണ്ടാളും പ്രബന്ധത്തില്‍ ഈ ചരിത്രം കൊണ്ടു വന്ന് അവസാനിപ്പിക്കുന്നു. ആചാര്യാഭിമാനം (ആചാര്യന് പ്രീയപ്പെട്ടതാകുക) എന്ന അവസ്ഥയില്‍ ഉറച്ചവളാണ് ആണ്ടാള്‍, ആകയാല്‍, താന്‍ ഭട്ടര്‍പിരാന്‍ കോതൈ ആണ് (ഭട്ടര്‍പിരാന്‍ എന്ന പെരിയാഴ്വാരുടെ പുത്രി) എന്ന് അറിയിക്കുന്നു. 

30.വങ്കക്കടല്‍ കടൈന്ത മാതവനൈക്കേശവനൈ
തിങ്കള്‍ തിരുമുകത്തുച്ചേയിഴൈയാര്‍ സെന്റു ഇറൈഞ്ചി
അങ്കപ്പറൈ കൊണ്ട ആറ്റൈ അണിപുതുവൈപ്
പൈങ്കമലത്തണ്‍തെരിയല്‍ പട്ടര്‍ പിരാന്‍ കോതൈ സൊന്ന
സങ്കത്തമിഴ് മാലൈ മുപ്പതും തപ്പാമേ
ഇങ്കു ഇപ്പരിസുരൈപ്പാര്‍ ഈരിരണ്ടു മാല്‍ വരൈത്തോള്‍
സെങ്കണ്‍ തിരുമുകത്തുച്ചെല്‍വത്തിരുമാലാല്‍
എങ്കും തിരുവരുള്‍ പെറ്റു ഇന്‍പുറുവര്‍ എമ്പാവായ് 

പരമപുരുഷനായ കേശവന്‍ (ഭഗവാന്‍) പാലാഴി കടഞ്ഞു. തിരുവായ്പ്പാടിയിലെ ചന്ദ്രമുഖിമാരായ, അലങ്കൃതകളായ ഗോപികമാര്‍ ചെന്ന് ആ ഭഗവാനെ ആരാധിച്ചു ഫലം നേടി. പെരിയാഴ്വാരുടെ മകളായ, കുളിര്‍ താമരമാലകളേന്തിയ ആണ്ടാള്‍ മനോഹരമായ ശ്രീവില്ലിപുത്തൂരില്‍  അവതരിച്ച്, ഗോപികമാര്‍ക്ക് ലഭിച്ച സേവാഫലത്തിന്റെ ചരിത്രം സദയം വിശദമാക്കിയിരിക്കുന്നു. ഈ മുപ്പത് പാസുരങ്ങള്‍ വലിയ കൂട്ടമായി ചൊല്ലേണ്ടവയാണ്. ഒന്ന് വിടാതെ ഈ മുപ്പത് പാസുരവും ചൊല്ലുന്നവര്‍ക്ക് അവ്വിധം ഈ ലോകത്ത് ഐശ്വര്യപൂര്‍ണ്ണനും മലകള്‍ക്കൊത്ത തോളുകളുള്ളവനുമായ ചെന്താമരമിഴികളുള്ള (ചുവന്ന കണ്ണുകള്‍ ഭക്തരോടുള്ള പ്രേമത്തിന്റെ പ്രതീകമാണ്) തിരുമുഖത്തോടെയുള്ള ആ ഭഗവാന്റെ എല്ലാ കാരുണ്യവും സിദ്ധിക്കും.  അവര്‍ എല്ലായിടത്തും ഐശ്വര്യമുള്ളവരായിരിക്കും. 

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-21-30-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 16 മുതൽ 20 വരെ

Published by:

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തിരുപ്പാവൈ

<< പാസുരം 6 – 15

പതിനാറ്, പതിനേഴ് പാസുരങ്ങളില്‍ ആണ്ടാള്‍ എഴുന്നേല്‍പ്പിക്കുന്നത് സംസാരത്തില്‍ നിത്യസൂരികളുടെ പ്രതിനിധികളായ ക്ഷേത്രപാലന്മാര്‍, ദ്വാരപാലന്മാര്‍, ആദിശേഷന്‍ എന്നിവരെയാണ്. 

പതിനാറാം പാസുരത്തില്‍, നന്ദഗോപരുടെ ദിവ്യഗ്രഹത്തിന് കാവല്ക്കാരായവരെയും മുറിക്ക് കാവലായവരെയും എഴുന്നേല്‍പ്പിക്കുന്നു.

16.നായകനായ് നിന്റ നന്ദഗോപനുടൈയ കോയില്‍ കാപ്പാനേ കൊടിത്തോന്റും തോരണ വായില്‍ കാപ്പാനേ മണിക്കതവം താള്‍ തിറവായ് ആയര്‍ സിറുമിയരോമുക്കു് അറൈപറൈ മായന്‍ മണി വണ്ണന്‍ നെന്നലേ വായ് നേര്‍ന്താന്‍ തൂയോമായ് വന്തോം തുയില്‍ എഴപ്പാടുവാന്‍ വായാല്‍ മുന്നമുന്നം മാറ്റാതേ അമ്മാ നീ നേയ നിലൈക്കതവം നീക്കു ഏലോര്‍ എമ്പാവായ്

ഞങ്ങളുടെ സ്വാമിയായ നന്ദഗോപന്റെ ദിവ്യഗ്രഹം കാക്കുന്നവരേ! അവിടുത്തെ ഗോപുരകാവല്‍ക്കാരേ! രത്നഖചിതമായ കമാനങ്ങള്‍ നിങ്ങള്‍ തുറക്കുക! ദിവ്യചരിതനായ, നീലമരതകവര്‍ണ്ണനായ കണ്ണന്‍ ഞങ്ങള്‍ക്ക് ഇന്ന് ദിവ്യമായ വാദ്യോപകരണം നല്കുന്നതാണെന്ന് ഇന്നലെ വാക്ക് തന്നതാണ്!  ഞങ്ങള്‍ മനശുദ്ധിയോടെ വന്നിരിക്കുന്നു, അവനെ ഉണര്‍ത്താനായി. ഓ പ്രഭോ, ഈ അപേക്ഷ നിരസ്സിക്കാതെ കണ്ണനെ പ്രേമിക്കുന്നവനായ അങ്ങ് ഈ വാതില്‍ തുറക്കുക. 

പതിനേഴാം പാസുരം. ഇവിടെ ആണ്ടാള്‍ വിളിച്ചെഴുന്നേല്‍പ്പിക്കുന്നത് ശ്രീനന്ദഗോപനെയും യശോദയെയും നമ്പി മൂത്തപിരാനെ (ബലരാമനെ) യുമാണ്. 

17.അമ്പരമേ തണ്ണീരേ സോറേ അറഞ്ചെയ്യും എമ്പെരുമാന്‍ നന്ദഗോപാലാ എഴുന്തിരായ് കൊമ്പനാര്ക്കെല്ലാം കൊഴുന്തേ കുല വിളക്കേ എമ്പെരുമാട്ടി യശോദായ് അറിവുറായ് അമ്പരം ഊടു അറുത്തു ഓങ്കി ഉലകളന്ത ഉമ്പര്‍ കോമാനേ ഉറങ്കാതു എഴുന്തിരായ് സെമ്പൊൻ കഴലടിച്ചെല്‍വാ ബലദേവാ ഉമ്പിയും നീയും ഉറങ്കേലോർ എമ്പാവായ്

ഞങ്ങള്‍ക്ക് വസ്ത്രവും വെള്ളവും ഭക്ഷണവും നല്കുന്ന സ്വാമിയായ നന്ദഗോപരേ എഴുന്നേറ്റാലും. കമനീയാംഗിമാരായ ഗോപികമാരുടെ നായകിയായവളേ, ഗോപാംഗനാമണീ! ഞങ്ങളുടെ നാഥയായ യശോദാ റാണീ.. ഉണരുക! ആകാശത്തെ തുളച്ച് വന്ന് ഉദിച്ച് ലോകമളന്ന നിത്യസൂരികളുടെ നായകനായവനേ നിദ്രയില്‍ നിന്ന് എഴുന്നേറ്റാലും! ദിവ്യപാദത്തില്‍ അരുണിമയുള്ള സുവര്‍ണ്ണഭൂഷണമണിഞ്ഞ ബലരാമാ!  അങ്ങും സോദരനായ കണ്ണനും നിങ്ങളുടെ ദിവ്യനിദ്രയില്‍ നിന്ന് എഴുന്നേല്‍ക്കണേ! 

പതിനെട്ട്, പത്തൊമ്പത്, ഇരുപത് പാസുരങ്ങളില്‍: ഭഗവാൻ കണ്ണനെ എഴുന്നേല്‍പ്പിക്കുന്നതില്‍ ചില കുറവ് പറ്റിയതായി ആണ്ടാള്‍ നിനയ്ക്കുന്നു. നപ്പിന്നൈപ്പിരാട്ടി ശുപാര്‍ശയ്ക്കുള്ള അധികാരം തനിക്ക് തന്നിട്ടില്ല..(നപ്പിന്നൈ ആരാണ്? ശ്രീകൃഷ്ണന്‍ പിന്നീട് വിവാഹം ചെയ്ത സത്യാദേവിയാണ് നപ്പിന്നൈ – നന്നായി മുടി പിന്നിയിട്ടവള്‍ എന്നര്‍ത്ഥം, ഗോപികമാരിലെ ഏറ്റവും ശ്രേഷ്ഠയായവള്‍, ഇത് രാധാദേവിയെന്നു് ചിലര്‍ അഭിപ്രായപ്പെടുന്നു), ഈ മൂന്ന് പാസുരത്തിലും ആണ്ടാള്‍ നപ്പിന്നൈപ്പിരാട്ടിയുടെ മഹിമയും അവള്‍ക്ക് കണ്ണനുമായുള്ള ഉറ്റബന്ധവും അവളുടെ ആസ്വാദ്യതയും ചെറുപ്പവും സുന്ദരമംഗളരൂപവും കണ്ണന്റെ പ്രീയങ്കരിയെന്ന ഗുണവും ശുപാര്‍ശചെയ്യാനുള്ള കഴിവും (മറ്റ് ജീവാത്മാക്കള്‍ക്ക്  ഭഗവാന്റെ കൃപ പകര്‍ന്ന് നല്കാനുള്ള കഴിവ്) വിവരിക്കുന്നു. നമ്മുടെ പൂര്‍വ്വാചാര്യന്മാരുടെ അഭിപ്രായത്തില്‍ ഭഗവാനെ മാത്രം ആഗ്രഹിക്കുകയും ദേവിയെ മറക്കുകയും ചെയ്യുന്നത് ശൂര്‍പ്പണഖയുടെ സ്വഭാവം ആണ്, പിരാട്ടിയെ (ദേവിയെ) മാത്രം ആഗ്രഹിക്കുകയും ഭഗവാനെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് രാവണന്റെ സ്വഭാവത്തിന് തുല്യവും.  

പതിനെട്ടാം പാസുരം. അവള്‍ എത്ര ശ്രമിച്ചിട്ടും ഭഗവാന്‍ ഉണരാത്തതിനാല്‍ താന്‍ നപ്പിന്നൈ പിരാട്ടിയുടെ പുരുഷകാരത്തിലൂടെ (ശുപാര്‍ശയോടെ) ഭഗവാനെ ഉണര്‍ത്താമെന്ന് ചിന്തിച്ച് അവ്വിധം പ്രവര്‍ത്തിക്കുന്നു. ഈ പാസുരം ഭഗവാന് ഏറെ പ്രീയങ്കരമെന്ന് കരുതപ്പെടുന്നു.   

18.ഉന്തു മത കളിറ്റന്‍ ഓടാത തോള്‍ വലിയന്‍ നന്ദഗോപാലന്‍ മരുമകളേ നപ്പിന്നായ് ഗന്തം കമഴും കുഴലീ കടൈതിറവായ് വന്തെങ്കും കോഴി അഴൈത്തന കാണ്‍ മാതവിപ് പന്തല്‍ മേല്‍ പല്‍കാല്‍ കുയിലിനങ്കള്‍ കൂവിന കാണ്‍ പന്താര്‍ വിരലി ഉന്‍ മൈത്തുനന്‍ പേര്‍ പാട സെന്താമരൈക്കൈയാല്‍ സീരാര്‍ വളൈയൊലിപ്പ വന്തു് തിറവായ് മകിഴ്ന്ത് ഏലോര്‍‌ എമ്പാവായ്

ആനയെപ്പോലെ കരുത്തുറ്റ, പോരില്‍ പിന്തിരിയേണ്ടാത്തവനായ നന്ദഗോപരുടെ മരുമകളേ, നപ്പിന്നൈപ്പിരാട്ടീ! സുഗന്ധമുള്ള മുടിക്കെട്ടുള്ളവളേ! വാതില്‍ തുറക്കൂ. കോഴികള്‍ കൊക്കിക്കൊണ്ട് നടക്കുന്നു.. വള്ളിച്ചെടികളില്‍ കൂടു് കൂട്ടിയ കുരുവികള്‍ കൂജനം നടത്തുന്നു. പൂക്കൊട്ടയേന്തിയവളേ, നിന്റെ സുന്ദരമായ കരങ്ങളിലെ കങ്കണങ്ങള്‍ കിലുക്കിക്കൊണ്ട്, ചെന്താമരക്കൈകളാല്‍ സന്തോഷപുരസ്സരം വാതില്‍ തുറക്കുക!   

പത്തൊമ്പതാം പാസുരം. ഇവിടെ കണ്ണനേയും നപ്പിന്നൈപ്പിരാട്ടിയെയും മാറിമാറി വിളിച്ചുണര്‍ത്തുകയാണ്. 

19.കുത്തുവിളക്കെരിയക്കോട്ടുക്കാല്‍ കട്ടില്‍ മേല്‍ മെത്തെന്റ പഞ്ച ശയനത്തിന്‍ മേലേറി കൊത്തു അലര്‍ പൂങ്കുഴല്‍ നപ്പിന്നൈ കൊങ്കൈമേല്‍ വൈത്തുക്കിടന്ത മലര്‍ മാര്‍പാ വായ് തിറവായ് മൈത്തടങ്കണ്ണിനായ് നീയുന്‍ മണാളനൈ എത്തനൈ പോതും തുയില്‍ എഴ ഒട്ടായ് കാൺ എത്തനൈയേലും പിരിവാറ്റുകില്ലായാല്‍ തത്തുവം അന്റു തകവു ഏലോര്‍ എമ്പാവായ്

ആനക്കൊമ്പാല്‍ തീര്‍ക്കപ്പെട്ട കാലുകളുള്ള കട്ടിലില്‍, അരികെ എരിയുന്ന ദീപത്തോടെ, ദിവ്യസുഗന്ധപുഷ്പങ്ങളാല്‍ അലങ്കൃതമായ മുടിക്കെട്ടുള്ള നപ്പിന്നൈ തമ്പുരാട്ടിയുടെ മാറില്‍ തന്റെ ദിവ്യമായ തിരുമാറ് ചേര്‍ത്ത് ശയിക്കുന്നവനേ!  തിരുവായ് തുറന്ന് ഞങ്ങളോട് ഒന്നുരിയാടിയാലും.  കരിമഷിയണിഞ്ഞ കണ്ണാളേ! നിന്റെ ഭര്‍ത്താവിനെ നീ ഒരു നിമിഷം പോലും എഴുന്നേല്‍പ്പിക്കുന്നില്ല! നീ അവനില്‍ നിന്ന് ഒരു മാത്രപോലും അകലാനാഗ്രഹിക്കുന്നില്ലല്ലോ! എന്നാല്‍ ഞങ്ങള്‍ക്കരികിലേക്ക് അവനെ വിടാന്‍ അനുവദിക്കാതിരിക്കുന്നത് നിന്റെ സ്വരൂപത്തിനോ സ്വഭാവത്തിനോ ചേര്‍ന്നതാണോ? 

ഇരുപതാം പാസുരം. ഇവിടെ, ആണ്ടാള്‍ നപ്പിന്നൈപ്പിരാട്ടിയെയും കണ്ണനെയും എഴുന്നേല്‍പ്പിക്കുന്നു. നപ്പിന്നൈയോട് അങ്ങ് തന്നെ കണ്ണനെ ഞങ്ങളോട് ചേര്‍ക്കണമെന്നും അവനെ അനുഭവിക്കാന്‍ അനുവദിക്കണമെന്നും പറയുന്നു.  

20.മുപ്പത്തുമൂവര്‍ അമരര്‍ക്കു മുന്‍ ശെന്റു കപ്പം തവിര്‍ക്കും കലിയേ തുയിലെഴായ് ചെപ്പമുടൈയായ് തിറലുടൈയായ് ചെറ്റാര്‍ക്കു വെപ്പം കൊടുക്കും വിമലാ തുയിലെഴായ് ചെപ്പന്ന മെന്‍മുലൈ ചെവ്വായ് ചിറുമരുങ്കുല്‍ നപ്പിന്നൈ നങ്കായ് തിരുവേ തുയിലെഴായ് ഉക്കമും തട്ടൊളിയും തന്തുന്‍ മണാളനൈ ഇപ്പോതേ എമ്മൈ നീരാട്ടു ഏലോര്‍ എമ്പാവായ്

മുപ്പത്തിമുക്കോടി അമരര്‍ക്കും അഭയമേകി വര്‍ത്തിക്കുന്ന ഭഗവാനേ കണ്ണാ! ഉണര്‍ന്നാലും. ഭക്തരെ രക്ഷിക്കുന്നവനേ, രക്ഷിക്കാന്‍ പ്രാപ്തനായവനേ, എതിരാളികളെ കുഴപ്പിക്കാനുള്ള ശുദ്ധിയുള്ളവനേ, ഉണര്‍ന്നാലും. സ്വര്‍ണമുകുളങ്ങളായ തിരുമാറുള്ളവളായ നപ്പിന്നൈപ്പിരാട്ടീ, ചെഞ്ചുണ്ടും അഴകുറ്റവടിവുമുള്ളവളേ, ശ്രീമഹാലക്ഷ്മിയെപ്പോലെയുള്ളവളേ, എഴുന്നേറ്റാലും!  ഞങ്ങള്‍ക്ക് വ്രതത്തിന് ആവശ്യമായവ തന്നാലും, പനയോല വിശറിയും കണ്ണാടിയും കൂടാതെ,  നിന്റെ പ്രീയനായ കണ്ണനെയും.. ഞങ്ങളെ വേഗം സ്നാനം ചെയ്യാന്‍ അനുവദിച്ചാലും..

നപ്പിന്നൈപ്പിരാട്ടി തുടര്‍ന്ന് ആണ്ടാളുടെ ഈ കൂട്ടത്തില്‍, “ഞാനും നിങ്ങള്‍ക്കൊപ്പം കണ്ണനെ ആസ്വദിക്കുന്നവളാണ്” എന്ന് പറഞ്ഞ് ചേരുന്നു. 

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-16-20-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 6 മുതൽ 15 വരെ

Published by:

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തിരുപ്പാവൈ

<< പാസുരം 1 – 5

അടുത്തതായി ആറു് മുതല്‍ പതിനഞ്ച് വരെയുള്ള പാസുരങ്ങളില്‍ ആണ്ടാള്‍ നാച്ചിയാര്‍ തിരുവമ്പാടിയിലെ അഞ്ച് ലക്ഷം ഗോപികമാരുടെ പ്രതീകമെന്ന പോലെ പത്ത് ഗോപികമാരെ ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുന്നതായി സങ്കല്പിക്കുകയാണ്. വേദപാരംഗതരായ പത്ത് ഭക്തരെ ഉണര്‍ത്തുന്നത് പോലെയാണ് വരികള്‍ ക്രമീകരിച്ചിരിക്കുന്നത്. 

ആറാം പാസുരം. ഇവിടെ, കൃഷ്ണാനുഭവത്തില്‍ പുതുതായി വന്നവളായ ആയപ്പെണ്‍കൊടിയെയാണ് ഉണര്‍ത്തുന്നത്.  കണ്ണനെ തനിക്ക് തന്നെയായി അനുഭവിക്കുന്നതില്‍ തൃപ്തയാണ് അവള്‍. പ്രഥമ പര്‍വ്വ നിഷ്ഠയെന്നതാണ് ഭക്തിയുടെ ആദ്യഘട്ടത്തിലെ ഈ അവസ്ഥയുടെ പേര്.  മറ്റ് ഭക്തര്‍ക്കൊപ്പം ആയിരിക്കുന്നതില്‍ ആനന്ദിക്കുന്ന അവസ്ഥയാണ് ചരമപര്‍വ്വനിഷ്ഠയെന്ന, ഭഗവദ് അനുഭവത്തിന്റെ അവസാന ഘട്ടം. 

6.പുള്ളും ചിലമ്പിന കാണ്‍ പുള്ളരൈയന്‍ കോയിൽ വെള്ളൈ വിളിച്ചങ്കിന്‍ പേരരവം കേട്ടിലൈയോ പിള്ളായ് എഴുന്തിരായ് പേയ്മുലൈ നഞ്ചുണ്ട് കള്ളച്ചകടം കലക്കഴിയക്കാലോച്ചി വെള്ളത്തരവില്‍ തുയില്‍ അമര്‍ന്ത വിത്തിനൈ ഉള്ളത്തുക്കൊണ്ടു മുനിവര്‍കളും യോകികളും മെള്ള എഴുന്തു അരിയെന്റ പേരരവം ഉള്ളം പുകുന്തു കുളിര്‍ന്തു ഏലോര്‍ എമ്പാവായ്

പക്ഷികള്‍ പറക്കുന്നു, ചിലമ്പുന്നു.. നീ കാണുന്നില്ലേ? പക്ഷീന്ദ്രനായ ഗരുഡന്റെ നാഥനായ ഭഗവാന്റെ കോവിലില്‍ നിന്ന് ഉയരുന്ന ആ ധവളശംഖത്തിന്റെ ധ്വനി നീ കേള്‍ക്കുന്നില്ലേ? 

പുതുമക്കാരിയായ പെണ്‍കൊടിയേ! ഉണര്‍ന്നാട്ടെ! ഭഗവാന്‍ അമ്മയുടെ ഭാവത്തിലെത്തിയ രാക്ഷസിയായ പൂതനയുടെ ജീവനും വിഷവും ഒരുമിച്ച് കുടിച്ചവനാണ്!  ചതിയനായ ശകടാസുരനെ തകര്‍ക്കും വിധം കാലുകള്‍ അകത്തിയവനാണ്. അവന്‍ തിരുപ്പാല്‍ക്കടലില്‍ ആദിശേഷനില്‍ പള്ളിയമരുന്നു. ഈ പ്രപഞ്ചത്തിന്റെ കാരണഭൂതനാണ് ഭഗവാന്‍.  ആ ഭഗവാനെ ധ്യാനിക്കുന്ന മുനികളും സേവിക്കുന്ന യോഗികളും ഭഗവാനെ ധ്യാനിച്ചുകൊണ്ട് പ്രഭാതത്തിലുണര്‍ന്ന് തങ്ങളില്‍ അന്തര്യാമിയായ ഭഗവാന് ബുദ്ധിമുട്ടു് വരാത്ത വിധം ‘ഹരി ഹരി’ എന്ന് ജപിക്കുന്നു.  ആ ശബ്ദം നമ്മുടെ ഉള്ളിലും പ്രവേശിച്ച് ഉള്ളുതണുപ്പിക്കുന്നു. 

ഏഴാം പാസുരം. ഇവിടെ കൃഷ്ണാനുഭവത്തില്‍ പരിചിതയായ ആയപ്പെണ്‍കൊടിയെയാണ് ഉണര്‍ത്തുന്നത്. ഈ പെണ്‍കുട്ടിയാകട്ടെ, ആണ്ടാളുടെയും കൂട്ടുകാരികളുടെയും ശബ്ദം പ്രതീക്ഷിച്ച് സ്വഗൃഹത്തില്‍ ഇരിക്കുകയാണ്.  

7.കീശു കീശെന്റു എങ്കും ആനൈച്ചാത്തന്‍ കലന്തു പേശിന പേച്ചരവം കേട്ടിലൈയോ പേയ്പ്പെണ്ണേ കാശും പിറപ്പും കലകലപ്പക്കൈപേര്‍ത്തു വാസനറുങ്കുഴല്‍ ആയ്ച്ചിയര്‍ മത്തിനാല്‍ ഓസൈപ്പടുത്ത തയിരരവം കേട്ടിലൈയോ നായകപ്പെൺപിള്ളായ് നാരായണന്‍ മൂര്‍ത്തി കേശവനൈപ്പാടവും നീ കേട്ടേ കിടത്തിയോ തേസമുടൈയായ് തിറ ഏലോര്‍ എമ്പാവായ്

അറിവില്ലാത്തവളേ (കണ്ണനോട് തനിക്ക് ഭക്തിയുണ്ടെങ്കിലും അതുള്ളതായി അറിയാത്തവളേ), കീശു കീശു എന്ന് ഉച്ചത്തില്‍ പാടിപ്പറക്കുന്ന കിളിയുടെ നാദം എല്ലാ ദിക്കിലും നിനക്ക് കേള്‍ക്കാനാകുന്നില്ലയോ? മനോഹരവും സുഗന്ധം നിറഞ്ഞതുമായ ആടയലങ്കാരങ്ങളണിഞ്ഞ ഗോപാലികമാര്‍ വെണ്ണ കടയുമ്പോളുയരുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ കിലുക്കം നിനക്ക് കേള്‍ക്കാനാകുന്നില്ലേ‍? ആയപ്പെണ്‍കൊടികളുടെ നായികേ, നാരായണന്റെ അവതാരമായ കണ്ണനെക്കുറിച്ച് ഞങ്ങള്‍ പാടവെ നിനക്ക് എങ്ങനെ ഇങ്ങനെ കിടക്കാനാകും? വാതില്‍ തുറക്കുക.  

എട്ടാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്തുന്നത് കണ്ണനാല്‍ ഏറെ പ്രണയിക്കപ്പെടുന്നവളായ ഗോപികയെയാണ്, അവള്‍ അതിന്റെ പേരില്‍ അല്പം അഹന്തയുള്ളവളുമാണ്!  

8.കീഴ്വാനം വെള്ളെന്റു എരുമൈ ചിറു വീടു മേയ്വാന്‍ പരന്തന കാണ്‍ മിക്കുള്ള പിള്ളൈകളും പോവാന്‍ പോകിന്റാരൈപ്പോകാമല്‍കാത്തു ഉന്നൈക് കുവുവാന്‍ വന്തു നിന്റോം കോതുകലമുടൈയ പാവായ് എഴുന്തിരായ്പാടിപറൈ കൊണ്ടു മാവായ് പിളന്താനൈ മല്ലരൈ മാട്ടിയ ദേവാധി ദേവനൈച്ചെന്റു നാം സേവിത്താല്‍ ആവാ എന്റു ആരായ്ന്തു അരുള്‍ എലോര്‍ എമ്പാവായ്

കണ്ണന് പ്രീയപ്പെട്ടവളേ! കിഴക്കന്‍ ചക്രവാളം തെളിഞ്ഞിരിക്കുന്നു. കാളകളെ മേയാന്‍ വിട്ടുകഴിഞ്ഞു, അവ മേയല്‍ തുടങ്ങി. ഞങ്ങളിതാ നിന്റെ വീട്ടുപടിക്കലെത്തി, പരമാര്‍ത്ഥം തേടി സ്നാനത്തിനെത്തിയ പെണ്‍കുട്ടികളിതാ കാത്തുനില്‍ക്കുന്നു. എഴുന്നേല്‍ക്കുക! കേശിയെ വായകീറിവധിച്ച ആ കണ്ണനെ, കംസന്റെ ധനുര്‍യാഗത്തില്‍ മല്ലരെ പോരാടി വധിച്ചവനെ, നിത്യസൂരികളുടെ നാഥനെ, നാം പോയി ആരാധിച്ചാല്‍ അവന്‍ നമ്മുടെ കുറവുകള്‍ വിലയിരുത്തി വേഗം അനുഗ്രഹിക്കും.  

ഒമ്പതാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്താനൊരുങ്ങുന്നത് ഭഗവാന്‍ തന്നെയാണ് ഭഗവദ് പ്രാപ്തിക്കുള്ള ഉപായവും എന്ന ബോധ്യമുള്ളവളായ ഗോപികയെയാണ്. അവള്‍ ഭഗവാനൊത്ത് ആസ്വദിക്കുന്നവളുമാണ്. ഈ പെണ്‍കൊടി സീതാദേവി ഹനുമാനോട്, “ശ്രീരാമന്‍ തന്നെ വരും എന്നെ രക്ഷിക്കാനായി” എന്ന് പറഞ്ഞത് പോലെയുള്ള മനസ്ഥിതിക്കാരിയുമാണ്. 

9.തൂമണി മാടത്തുച്ചുറ്റും വിളക്കെരിയ ധൂപം കമഴത്തുയില്‍ അണൈ മേല്‍ കണ്‍ വളരും മാമാന്‍‍ മകളേ മണിക്കതവം താള്‍ തിറവായ് മാമീര്‍ അവളൈ എഴുപ്പീരോ? ഉന്മകൾ താന്‍ ഊമൈയോ അന്റിച്ചെവിടോ അനന്തലോ ഏമപ്പെരുന്തുയില്‍ മന്തിരപ്പട്ടാളോ? മാമായന്‍ മാതവന്‍ വൈകുന്തന്‍ എന്റെന്റു് നാമം പലവും നവിന്റു ഏലോര്‍ എമ്പാവായ്

മാമന്റെ മകളേ! പ്രശോഭിതരത്നങ്ങളാലും ദീപ ധൂമങ്ങളാലും അലങ്കൃതമായ കൊട്ടാരത്തില്‍ മനോഹര തല്പത്തില്‍ ശയിക്കുന്നവളെ, രത്നാലങ്കൃതമായ കമാനങ്ങളുടെ കുറ്റിമാറ്റി തുറക്കുക. അമ്മായീ, അവിടുത്തെ മകളെ ഉണര്‍ത്തണേ!  അവള്‍ എന്താ മൂകയാണോ? കേള്‍ക്കാനാകാത്തവളോ? അതോ പരിക്ഷീണയോ?  അവള്‍ സുരക്ഷിതയല്ലയോ? അതോ ബന്ധിതയായി ഉറക്കം നിന്ന് ക്ഷീണിച്ചവളോ? മാമായാ (മഹത്തായ മായയ്ക്ക് ഉയയോന്‍).. മാധവാ..വൈകുണ്ഠാ.. എന്നിങ്ങനെ ഭഗവാന്റെ പല തിരുനാമങ്ങളും ഞങ്ങള്‍ ജപിച്ചിട്ടും അവള്‍ എഴുന്നേറ്റില്ലേ?  

പത്താം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്തുന്നത് കണ്ണന് പ്രീയങ്കരിയായ ഗോപികയെയാണ്. ഭഗവാന്‍ തന്നെയാണ് ഭഗവദ് പ്രാപ്തിക്കുള്ള വഴിയെന്ന് ബോധ്യമുള്ളവളാണ് അവള്‍ അങ്ങനെ അവള്‍ ഭഗവാന് പ്രീയങ്കരി(പ്രീയം ചെയ്യുന്നവള്‍)യായിരിക്കുന്നു.

10.നോറ്റു ചുവര്‌ക്കം പുകുകിന്റ അമ്മനായ് മാറ്റമും താരാരോ വാസല്‍ തിറവാതാര്‍ നാറ്റത്തുഴായ് മുടി നാരായണന്‍ നമ്മാല്‍ പോറ്റപ്പറൈ തരും പുണ്ണിയനാല്‍ പണ്ടു ഒരു നാള്‍ കൂറ്റത്തിന്‍ വായ് വീഴ്ന്ത കുംഭകരുണനും തോറ്റു മുനക്കേ പെരുന്തുയില്‍താന്‍ തന്താനോ? ആറ്റ അനന്തലുടൈയായ് അരുങ്കലമേ തേറ്റമായ് വന്തു തിറ ഏലോര്‍ എമ്പാവായ്

സ്വര്‍ലോകപ്രാപ്തിക്കായുള്ള തപശ്ചര്യകള്‍ പാലിക്കുന്നവളേ, വാതില്‍ തുറന്നില്ലെന്ന് തന്നെയിരിക്കട്ടെ, ഉള്ളിലുള്ളവര്‍ക്ക് എന്തെങ്കിലും പറഞ്ഞുകൂടയോ? എന്ത് പറ്റി, നാം വാഴ്ത്തുന്ന നാരായണനാല്‍ മുമ്പേ തന്നെ കാലന്റെ വായിലേക്ക് വീണവനായ കുംഭകര്‍ണ്ണന്‍ നിങ്ങള്‍ക്ക് അവന്റെ ദീര്‍ഘനിദ്രപകര്‍ന്ന് തന്നോ? മനോഹരമായി ഉറങ്ങുന്നവളേ, അപൂര്‍വ്വമായ അലങ്കാരമായവളേ,  ഉറക്കം വിട്ടെണീല്‍ക്കുക, വാതില്‍ തുറക്കുക. 

പതിനൊന്നാം പാസുരം. ഇവിടെ വൃന്ദാവനത്തില്‍ കണ്ണനെയെന്ന വണ്ണം ഏവരും ഇഷ്ടപ്പെടുന്നവളായ ഗോപികയെയാണ് ഉണര്‍ത്തുന്നത്. വര്‍ണ്ണാശ്രമധര്‍മം പാലിക്കേണ്ടതിന്റെ (അവനവന്റെ അവസ്ഥയില്‍ നിലനിന്ന് ഭഗവദ്സേവനം നടത്തേണ്ടതിന്റെ) പ്രാധാന്യവും വെളിപ്പെടുത്തുന്നു. 

11.കറ്റു കറവൈക്കണങ്കള്‍‌ പല കറന്തു ചെറ്റാര്‍ തിറല്‍ അഴിയച്ചെന്റു ചെരുച്ചെയ്യും കുറ്റമൊന്റില്ലാത കോവലര്‍ തം പൊറ്‍കൊടിയേ പുറ്റു അരവു അല്‍കുല്‍ പുനമയിലേ പോതരായ് ചുറ്റത്തുത്തോഴിമാര്‍ എല്ലാരും വന്തു നിന്‍ മുറ്റം പുകുന്തു മുകില്‍ വണ്ണന്‍ പേര്‍ പാട ചിറ്റാതേ പേശാതേ ചെല്‍വപ്പെണ്‍ടാട്ടി നീ എറ്റുക്കു ഉറങ്കും പൊരുള്‍ ഏലോര്‍ എമ്പാവായ്

സുവര്‍ണ്ണലതയേപ്പോലെയുള്ള സുന്ദരീ, ധാരാളം പശുക്കളെ കറക്കുന്നവരും ശത്രുക്കളെ പരാജയപ്പെടുത്തുന്നവരും കുറവില്ലാത്തവരുമായ ഗോപന്മാരുടെ കുലത്തില്‍ പിറന്നവളേ,  സര്‍പ്പഫണം പോലെ ആകൃതിയൊത്ത അരക്കെട്ടും മയിലിന്റെ അഴകുമുറ്റവളേ, പുറത്ത് വരൂ..നിന്റെ ബന്ധുക്കളും സഖിമാരുമായ ഞങ്ങളെല്ലാം ഇതാ നിന്റെ കൊട്ടാരമുറ്റത്തുണ്ട്. ഞങ്ങള്‍ നീലമേഘവര്‍ണ്ണനായ കണ്ണന്റെ ദിവ്യനാമങ്ങള്‍ ചൊല്ലുകയാണ്, ഞങ്ങളുടെ പ്രീയത്തിന് പാത്രമായവളായിട്ടും ഉണരാത്തൂ? ഒന്നും പറയാത്തൂ? 

പന്ത്രണ്ടാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്തുന്നത്, കണ്ണന്റെ ഉറ്റതോഴനായ ഗോപന്റെ സോദരിയായ ഗോപികയെയാണ്. അവള്‍ വര്‍ണ്ണാശ്രമധര്‍മം പാലിക്കുന്നവളല്ല.  ഭഗവദ് സേവനത്തില്‍ ആണ്ടു കഴിഞ്ഞാല്‍ ഒരുവന് വര്‍ണ്ണാശ്രമധര്‍മം പ്രധാനമല്ല. എങ്കിലും ജീവസന്ധാരണത്തിനായി താല്ക്കാലികമായി ഭഗവദ് സേവനത്തില്‍ നിന്ന് മാറി നില്‍ക്കുമ്പോഴെല്ലാം അവന് വര്‍ണ്ണാശ്രമാദികളായ സ്വധര്‍മങ്ങള്‍ (സ്വന്തം ഭൌതിക കടമകള്‍) പാലിക്കേണ്ടതുണ്ട്.  

12.കനൈത്തിളം കറ്റെരുമൈ കന്റുക്കിരങ്കി നിനൈത്തു മുലൈ വഴിയേ നിന്റു പാല്‍ ചോര നനൈത്തു ഇല്ലം ചേറാക്കും നര്‍ചെല്‌വന്‍‌ തങ്കായ് പനിത്തലൈ വീഴ നിന്‍ വാസല്‍ കടൈ പറ്റി ചിനത്തിനാല്‍ തെന്നിലങ്കൈക്കോമാനൈച്ചെറ്റ മനത്തുക്കു ഇനിയാനൈപ്പാടവും നീ വായ് തിറവായ് ഇനിത്താന്‍ എഴുന്തിരായ് ഈതെന്ന പേരുറക്കം അനൈത്തു ഇല്ലത്താരും അറിന്തു ഏലോർ എമ്പാവായ്

കന്നു് കുട്ടികളുള്ളതായ എരുമകള്‍ തങ്ങളുടെ കുട്ടികളെക്കുറിച്ച് ദയതോന്നുമ്പോള്‍ അവരെക്കുറിച്ച് ചിന്തിക്കുകയും കരയുകയും അപ്പോള്‍ അവരുടെ അകിട്ടില്‍ പാല് നിറയുകയും ചെയ്യുന്നു.  അധികമായി ചുരത്തപ്പെടുന്ന പാല് വീട്ടില്‍ ചെളിയാക്കുന്നു. അപ്രകാരമുള്ള വീട്ടില്‍ കഴിയുന്നവളും ക‍ൃഷ്ണ കൈങ്കര്യമായ സമ്പത്തുള്ള ഗോപന്റെ സോദരിയുമായവളേ, ഞങ്ങളിതാ നിന്റെ വീട്ടുമുറ്റത്തെത്തിയിരിക്കുന്നു. ‍ശിരസ്സില്‍ മഞ്ഞ്പൊഴിഞ്ഞു വീഴുമ്പോഴും, സുന്ദരമായ ലങ്കാപുരിയുടെ തലവനായ രാവണനെ സകോപം വധിച്ച ഭഗവാന്‍ ശ്രീരാമനെക്കുറിച്ച് സാനന്ദം ആലപിക്കെ, നീയെന്തേ മിണ്ടാത്തൂ? ഇപ്പോഴെങ്കിലും എഴുന്നേല്‍ക്കൂ. ഇത് എന്തൊരു ദീര്‍ഘ നിദ്രയാണ്! തിരുവായ്പ്പാടിയിലെ എല്ലാവരും നിന്റെയീ ഉറക്കത്തെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞു!!  

പതിമൂന്നാം പാസുരം. ഇവിടെ ആണ്ടാള്‍ ഉണര്‍ത്താന്‍ പോകുന്നത് തന്റെ നയനങ്ങളുടെ സൌന്ദര്യം സ്വയം ആസ്വദിക്കുന്നവളായ ഗോപികയെയാണ്. കണ്ണുകള്‍ പൊതുവെ ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നവയാണ്. ഇതില്‍ നിന്ന് ഭഗവദ്വിഷയത്തില്‍(ഭഗവാനെ സംബന്ധിച്ച കാര്യങ്ങളില്‍) സമഗ്രമായ ജ്ഞാനമുള്ളവളാണ് ഈ ഗോപികയെന്ന് അര്‍ത്ഥമാകുന്നു. കണ്ണന്‍ സ്വയം തോന്നി, തന്നെത്തേടി വരും എന്നതാണ് അവളുടെ നിലപാട്. അരവിന്ദലോചനനായ കണ്ണന് ചേരുന്നവളാണ് അവളും.  

13.പുള്ളിന്‍ വായ് കീണ്ടാനൈപ്പൊല്ലാ അരക്കനൈ കിള്ളിക്കളൈന്താനൈക്കീർത്തിമൈ പാടിപ്പോയ് പിള്ളൈകള്‍ എല്ലാരും പാവൈക്കളം പുക്കാര്‍ വെള്ളി എഴുന്തു വിയാഴം ഉറങ്കിറ്റു പുള്ളും ചിലമ്പിന കാണ്‍ പോതു അരിക്കണ്ണിനായ് കുള്ളക്കുളിരക്കുടൈന്തു നീരാടാതേ പള്ളിക്കിടത്തിയോ പാവായ് നീ നന്നാളാല്‍ കള്ളം തവിര്‍ന്തു കലന്തു ഏലോര്‍ എമ്പാവായ്

ബകാസുരന്റെ വായ്പിളര്‍ത്തി വധിച്ചവനും സര്‍വ്വോപദ്രവകാരിയായ  രാവണനെ നി‍ഷ്‍പ്രയാസം വധിച്ചവനുമായ ഭഗവാന്റെ ധീരോദാത്ത ചരിത്രങ്ങളെപ്പാടിസ്തുതിച്ചുകൊണ്ട് നോമ്പുകാരികളായ എല്ലാ പെണ്‍കൊടികളും നിശ്ചിതസ്ഥലത്ത് എത്തിച്ചേര്‍ന്ന് കഴിഞ്ഞു. ശുക്രഗ്രഹം ആകാശത്ത് ഉദിച്ചുയര്‍ന്നു, വ്യാഴം മങ്ങിപ്പോയിരിക്കുന്നു.  പക്ഷികള്‍ പലയിടത്തേക്കായി തീറ്റതേടി ചിതറി പറന്നുകഴിഞ്ഞു. പൂച്ചയെപ്പോലെയും മാന്‍പേടയെപ്പോലെയും തിളങ്ങുന്ന കണ്ണുകളുള്ളവളേ, അഴകു് ഉടലായവളേ, ഈ ശുഭതിഥിയില്‍ നീ നിന്റെ ശയ്യയില്‍ ഉറങ്ങുകയോ! സ്വയം ഭഗവാനെ രഹസ്യമായി ധ്യാനിച്ചുകൊണ്ട് ‍ഞങ്ങളെ വഞ്ചിക്കുകയാണോ? ഞങ്ങള്‍ക്കൊപ്പം ചേരാതെ,തണുത്ത വെള്ളത്തില്‍ കുളിക്കാതെ?  

പതിനാലാം പാസുരം. ഇവിടെ എഴുന്നേല്‍പ്പിക്കാന്‍ പോകുന്നത് മറ്റെല്ലാവരെയും എഴുന്നേല്‍പ്പിക്കാമെന്ന് മുൻപു വാക്കു നൽകി സ്വയം തന്റെ ഗൃഹത്തില്‍ കിടന്ന് ഉറങ്ങുന്നവളെയാണ്! 

14.ഉങ്കള്‍ പുഴൈക്കടൈത്തോട്ടത്തു വാവിയുള്‍ സെങ്കഴുനീര്‍ വായ് നെകിഴ്ന്തു ആമ്പല്‍ വായ് കൂമ്പിന കാണ്‍‌ ചെങ്കല്‍ പൊടിക്കൂറൈ വെണ്‍പല്‍ തവത്തവര്‍ തങ്കള്‍ തിരുക്കോയില്‍ സങ്കിടുവാന്‍ പോതന്താർ എങ്കളൈ മുന്നം എഴുപ്പുവാന്‍ വായ് പേശും നങ്കായ് എഴുന്തിരായ് നാണാതായ് നാവുടൈയായ് സങ്കൊടു ചക്രം ഏന്തും തടക്കൈയന്‍ പങ്കയക്കണ്ണാനൈപ്പാടു ഏലോര്‍ എമ്പാവായ് 

ഹേ ഗുണങ്ങള്‍ നിറഞ്ഞവളേ, ഞങ്ങളെയെല്ലാം ഉണര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തവളേ, നിനക്ക് ലജ്ജയില്ലല്ലോ! ആരെക്കുറിച്ചാണ് ഇത്രയും നല്ലത് പറയാവുന്നത് എന്നിട്ടും! നിന്റെ വസതിക്ക് പിന്നിലുള്ള തടാകത്തില്‍ ചുവന്ന ആമ്പലുകള്‍ വിടര്‍ന്നു, നീലാമ്പലുകള്‍ ഇതളടഞ്ഞു (പ്രഭാതത്തിന്റെ വരവോടെ) വെളുത്ത മനോഹരമായ ദന്തങ്ങളുള്ളവരും കാവിവസ്ത്രമണിഞ്ഞവരുമായ സന്യാസിമാര്‍ ക്ഷേത്രത്തിലേക്ക് ശംഖമൂതുവാന്‍ (ക്ഷേത്രകവാടം തുറക്കുന്നതിലേക്ക്) പോകുകയാണ്. സുന്ദരമായ കരങ്ങളില്‍ ദിവ്യശംഖചക്രങ്ങളേന്തിയ ചെന്താമരക്കണ്ണനായ പരമപുരുഷനെക്കുറിച്ച് പാടുവാനായി എഴുന്നേല്‍ക്കുക.  

പതിനഞ്ചാം പാസുരം. ആണ്ടാളും സഖിമാരും തന്റെ ഗൃഹത്തിലേക്ക്   വരുന്നത് കാണുവാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന പെണ്‍കുട്ടിയെയാണ് ഇവിടെ ആണ്ടാള്‍ വിളിക്കുന്നത്. 

15.എല്ലേ ഇളങ്കിളിയേ ഇന്നം ഉറങ്കുതിയോ ചില്ലെന്റ് അഴൈയേന്‍ മിന്‍ നങ്കൈമീര്‍ പോതര്കിന്റേന്‍ വല്ലൈ ഉന്‍ കട്ടുരൈകള്‍ പണ്ടേ ഉന്‍ വായ് അറിതും വല്ലീര്കള്‍ നീങ്കളേ നാന്‍ താന്‍ ആയീടുക ഒല്ലൈ നീ പോതായ് ഉനക്കു എന്ന വേറു ഉടൈയൈ എല്ലാരും പോന്താരോ പോന്താര്‍ പോന്തു എണ്ണിക്കൊള്‍ വല്ലാനൈ കൊന്റാനൈ മാറ്റാരൈ മാറ്റു അഴിക്ക വല്ലാനൈ മായനൈപ്പാടു എലോർ എമ്പാവായ്

[ഇതിന്റെ വിശദീകരണം, വന്ന് പുറത്ത് കാത്തുനില്‍ക്കുന്നവരായ പെണ്‍കൊടിമാരും വീട്ടില്‍ പ്രതീക്ഷിച്ച് നിന്ന പെണ്‍കുട്ടിയുമായി നടത്തുന്ന ഒരു സംഭാഷണമായി നല്കുന്നു.]

പുറത്ത് നില്‍ക്കുന്ന പെണ്‍കുട്ടികള്‍ഃ ഇളംതത്തേ, നിന്റെ സംസാരം കേള്‍ക്കാന്‍ എത്ര മധുരമാണ്! ഞങ്ങളെല്ലാം വന്നിട്ടും നീ ഉറങ്ങുകയാണോ? 

അകത്തുള്ള പെണ്‍കുട്ടിഃ പരിപൂര്‍ണ്ണകളായ പെണ്‍കൊടിമാരേ, എന്നോട് ഇങ്ങനെ കോപിക്കരുതേ. ഞാനിതാ വേഗം വന്നുകഴിഞ്ഞു.  

പുറത്തുള്ളവര്‍ഃ നീ സംസാരിക്കുവാന്‍ ചാതുര്യമുള്ളവളാണ്. നിന്റെ കടുത്ത വചനങ്ങളും ഞങ്ങള്‍ക്ക് ചിരപരിചിതമാണ്.

അകത്തുള്ളവള്‍ഃ നിങ്ങള്‍ ഇങ്ങനെ സംസാരിക്കാന്‍ കഴിവുറ്റവരാണ്. ഞാന്‍ ചെയ്തത് തെറ്റാണെന്നിരിക്കട്ടെ, ഇപ്പോളെന്താണ് ഞാന്‍ ചെയ്യേണ്ടുന്നത്? 

പുറത്തുള്ളവര്‍ഃ നീ വേഗം എണീറ്റാട്ടെ, നിനക്ക് എന്തെങ്കിലും പ്രത്യേക കാര്യമുണ്ടോ‍? 

അകത്തുള്ളവള്‍ഃ അതെല്ലാം ഇരിക്കട്ടെ, ആരെല്ലാമാണ് വന്നത്? 

പുറത്തുള്ളവര്‍ഃ ഞങ്ങളെല്ലാം. നീ തന്നെ പുറത്ത് വന്ന് എണ്ണിക്കോളൂ..

അകത്തുള്ളവള്‍ഃ പുറത്ത് വന്ന് ഇപ്പോഴെന്താണ് ചെയ്യേണ്ടത്?  

പുറത്തുള്ളവര്‍ഃ പുറത്ത് വന്ന് നീ കണ്ണനെക്കുറിച്ച് പാടണം. കരുത്തനായ ഗജത്തെ വധിച്ചവനെക്കുറിച്ച്, എതിരാളികളുടെ ശക്തി ചോര്‍ത്തിക്കളയുന്നവനെക്കുറിച്ച്, അത്ഭുതകാരിയായവനെക്കുറിച്ച്..

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-6-15-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 1 മുതൽ 5 വരെ

Published by:

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തിരുപ്പാവൈ

ആദ്യപാസുരം. ആണ്ടാള്‍, കൃഷ്ണാനുഭവത്തിനായി  മാര്‍കഴി നോമ്പു (തമിഴ് മാസമായ മാര്‍കഴിയില്‍ നോക്കുന്ന മതപരമായ വ്രതം) നോക്കുവാന്‍ തീരുമാനിക്കുന്നു.  

1.മാര്‍കഴിത്തിങ്കള്‍ മതി നിറൈന്ത നന്നാളാല്‍ നീരാട പോതുവീര്‍ പോതുമിനോ നേരിഴൈയീര്‍ ശീര്‍മല്‍കുമായ്പ്പാടി ചെല്‍വച്ചിറുമീര്‍കാള്‍ കൂര്‍വേൽ കൊടുന്തൊഴിലന്‍ നന്ദഗോപന്‍ കുമരന്‍ ഏരാന്ത കണ്ണി യശോദൈ ഇളഞ്ചിങ്കം കാര്‍മേനിച്ചെങ്കണ്‍ കതിര്‍ മതിയം പോല്‍ മുഖത്താന്‍ നാരായണനേ നമക്കേ പറൈ തരുവാന്‍ പാരോര്‍ പുകഴ്പ്പടിന്തു് ഏലോര്‍ എമ്പാവായ്

വ്രതസന്നദ്ധതയുള്ളവരെ സൂര്യോദയത്തിന് മുമ്പായി നീരാടുന്നതിലേക്ക് വിളിക്കുന്നുഃ കൃഷ്ണകൈങ്കര്യമാകുന്ന (ഭഗവദ് സേവനമായ) സമ്പത്തുള്ളവരായ തിരുവമ്പാടിയിലെ (ആയ്പ്പാടി/ ഗോകുലം) യുവതീജനങ്ങളേ, മനോഹരമായ ഭൂഷണങ്ങള്‍ ധരിച്ചവരേ, ഇത് മാര്‍കഴിയിലെ പൗര്‍ണമിയെന്ന വിശേഷ ദിനമാണ്. തന്റെ കണ്ണനെ സംരക്ഷിക്കാനായി കൂര്‍ത്ത വേലും ഏന്തി നടക്കുന്ന നന്ദഗോപരുടെ അനുസരണയുള്ള മകനാണ് കണ്ണന്‍! മനോഹരമായ കണ്ണുകളുള്ള യശോദാറാണിയുടെ (യശോദപിരാട്ടി) സിംഹക്കുട്ടിയുമാണ് അവന്‍!    കണ്ണന്റെ രൂപം അതിദിവ്യമാണ്, കാറൊളിവര്‍ണ്ണന്‍, ചുവന്ന കണ്ണുകള്‍, സൂര്യചന്ദ്രന്മാരെപ്പോലെ തേജസ്സുറ്റ മുഖം! അവന്‍ നാരായണനാണ്, സാക്ഷാല്‍ ഭഗവാന്‍ (എമ്പെരുമാന്‍ എന്ന് തമിഴ്)! ദാസ്യം തേടുന്ന നമുക്കെല്ലാം അവന്‍ അത് നല്കും. ഒരുമിച്ച് വരൂ.

രണ്ടാം പാസുരം. കൃഷ്ണാനുഭവത്തില്‍ ഏര്‍‌പ്പെടുമ്പോഴുള്ള വിധിവിലക്കുകള്‍ (ചെയ്യേണ്ടതും പാടില്ലാത്തതും) ആണ്ടാള്‍ പറയുന്നു. ഭഗവാന് കീഴ്പ്പെട്ടവരെന്ന നിലയ്ക്ക് നമുക്ക് പൂര്‍വ്വാചാര്യന്മാരുടെ ശിഷ‍്ടാചാരങ്ങളാണ് വഴികാട്ടി.  

2.വയ്യത്തു വാഴ്വീര്‍കാള്‍ നാമും നം പാവൈക്കു ച്ചെയ്യും കിരിചൈകള്‍ കേളീരോ പാര്‍കടലുള്‍ പൈയത്തുയിന്റ പരമനടി പാടി നെയ്യുണ്ണോം പാലുണ്ണോം നാട്കാലേ നീരാടി മൈയിട്ടു എഴുതോം മലരിട്ടു നാം മുടിയോം ചെയ്യാതന ചെയ്യോം തീക്കുറളൈച്ചെന്റു ഓതോം അയ്യമും പിച്ചൈയും ആന്തനൈയും കൈകാട്ടി ഉയ്യുമാറു എണ്ണി ഉകന്തു ഏലോര്‍ എമ്പാവായ്

ഈ ലോകത്ത് ജീവിക്കാനായി ജനിച്ചവരേ! നമ്മുടെ അഭ്യുദയത്തിനായി ഈ വ്രതത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ സന്തോഷപൂര്‍വ്വം കേട്ടാലും. തിരുപ്പാല്‍ക്കടലില്‍ പള്ളികൊള്ളുന്ന പരമപുരുഷനെ നാം സ്തുതിക്കുക. നെയ്യും പാലും കുടിക്കരുത്. അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.  എന്നാല്‍, കണ്‍മഷിയിടരുത്, പൂക്കള്‍ ചൂടരുത്. പൂര്‍വ്വികര്‍ നിഷേധിച്ചിട്ടുള്ളതൊന്നുമേ ചെയ്യരുത്. ആരെയും കുറ്റപ്പെടുത്തരുത്. അര്‍ഹതയുള്ളവര്‍ക്ക് ദാനം ചെയ്യണം, സഹായം വേണ്ടവര്‍ക്ക് നമുക്കാകുന്നത് പോലെ സഹായം നല്കണം. 

മൂന്നാം പാസുരം. കൃഷ്ണാനുഭവത്തിനായി തനിക്ക് അനുമതിയേകിയ വൃന്ദാവനത്തിലെ എല്ലാവരുടെയും നന്മയ്ക്കായി ആണ്ടാള്‍ പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും കൃഷ്ണാനുഭവം, അതിലൂടെ ശ്രീ, വിളയാടട്ടെ  എന്നതാണ് ഈ പ്രാര്‍ത്ഥനയുടെ സാരം.

3.ഓങ്കി ഉലകളന്ത ഉത്തമന്‍ പേര്‍ പാടി നാങ്കള്‍ നമ്പാവൈക്കുച്ചാറ്റി നീരാടിനാല്‍ തീങ്കിന്റി നാടെല്ലാം തിങ്കള്‍ മുമ്മാരി പെയ്തു ഓങ്കു പെരുഞ്ചെന്നെലൂടു കയല്‍ ഉകള പൂങ്കുവളൈപ്പോതില്‍ പൊറിവണ്ടു് കണ്‍‍പടുപ്പ തേങ്കാതേ പുക്കിരുന്തു ചീര്‍ത്ത മുലൈ പറ്റി വാങ്കക്കുടം നിറൈക്കും വള്ളല്‍ പെരും പശുക്കള്‍ നീങ്കാത സെല്‍വം നിറൈന്തു എലോർ എമ്പാവായ്

വലുതായി വളര്‍ന്ന് മൂവുലകും അളന്ന പരമപുരുഷന്റെ ദിവ്യനാമങ്ങളെ നാം ജപിക്കും. നോമ്പിനായി നാം ആദ്യം സ്നാനം ചെയ്യണം. ഇപ്രകാരം നാം വ്രതമെടുക്കുന്ന പക്ഷം, മാസം മൂന്ന് തവണ ഈ നാടു് മുഴുവനും മഴ ലഭിക്കും, നല്ലതായി ആര്‍ക്കും ഉപദ്രവം ഇല്ലാത്ത വിധം! ഉയര്‍ന്ന, ചുവന്ന നെല്‍കതിരുകളുള്ള പാടത്ത് മത്സ്യങ്ങള്‍ സന്തോഷത്തോടെ നീന്തും. നീലാമ്പല്‍പ്പൂക്കളില്‍ വണ്ടുകള്‍ ഉണ്ടാകും. പാല്‍പ്പാത്രങ്ങളില്‍ പാല്‍ ചുരത്തുന്ന നന്മയുള്ള, നല്ലയിനം ഗോക്കള്‍ ധാരാളം ഉണ്ടാകും. ഇങ്ങനെ നാടിന് പ്രകടമായ അഭിവൃദ്ധിയുണ്ടാകും.   

നാലാം പാസുരം. വൃന്ദാവനത്തിലെ ഏവര്‍ക്കും, ബ്രാഹ്മണര്‍ക്കും രാജാക്കന്മാര്‍ക്കും പതിവ്രതകള്‍ക്കും എല്ലാം, ഐശ്വര്യത്തോടെ കൃഷ്ണാനുഭവം പുലര്‍ത്താനാകുമാറ് യഥാകാലം മഴയുണ്ടാകാനായി ആണ്ടാള്‍ വരുണനോട്, പര്‍ജ്ജന്യദേവനോട്(മഴയുടെ ദേവന്‍) കല്പിക്കുന്നു. 

4.ആഴി മഴൈക്കണ്ണാ ഒന്റു നീ കൈകരവേല്‍ ആഴിയുള്‍ പുക്കു മുകന്തു കൊടാര്‍ത്തേറി ഊഴി മുതല്‍വന്‍ ഉരുവം പോല്‍ മെയ് കറുത്തു ‍പാഴിയം ്തോളുടൈപ്പത്മനാഭൻ കൈയിൽ ആഴിപോല്‍ മിന്നി വലംപുരിപോല്‍ നിന്റു അതിര്‍ന്തു താഴാതേ സാര്‍ങ്ക മുതൈത്ത സരമഴൈ പോല്‍ വാഴ ഉലകിനില്‍ പെയ്തിടായ് നാങ്കളും മാര്‍കഴി നീരാട മകിഴ്ന്തു ഏലോര്‍ എമ്പാവായ്

പര്‍ജ്ജന്യ ദേവതയായ വരുണാ, ആഴിക്കൊപ്പം ഗുണങ്ങള്‍ നിറഞ്ഞവനേ, ഒന്നും മറയ്ക്കരുതേ, ആഴിയിലേക്ക് പ്രവേശിച്ച് അവിടുത്തെ ജലം സ്വീകരിച്ച് ഇടിമുഴക്കമുണ്ടാക്കിക്കൊണ്ട് നീ വാനത്തിലേറുക. കാലാദികളായ അസ്തിത്വങ്ങളുടെ നാഥനായ ഭഗവാന്റെ നിറം പോലെ കറുത്ത് കൊണ്ട്, പത്മനാഭനായ ആ ഭഗവാന്റെ തൃക്കരങ്ങളിലെ തിരുച്ചക്രത്തെപ്പോലെ ഗംഭീരനാകുക! 

മറ്റേ തൃക്കരത്തിലമരുന്ന ദിവ്യശംഖത്തെപ്പോലെ നേരെ  ഊതുക (വീശുക). താമസമന്യെ, ഭഗവാന്റെ ദിവ്യവില്ലായ ശാരങ്ഗം, ശരങ്ങളെയെന്ന പോലെ, മഴയെ വര്‍ഷിക്കുക. അങ്ങനെ ലോകത്തിന് ഉയര്‍ച്ചവരട്ടെ, നോമ്പെടുക്കുന്നവര്‍ക്ക് മാര്‍കഴിയില്‍ സന്തോഷത്തോടെ സ്നാനം ചെയ്യാനാകട്ടെ.  

അഞ്ചാം പാസുരം. ഭഗവാന്റെ ദിവ്യനാമങ്ങളെ ഇടവിടാതെ ജപിക്കുന്നവര്‍ക്ക് സകല കര്‍മങ്ങളും (പുണ്യവും ,പാപവും) അറ്റു പോകുമെന്ന് ആണ്ടാള്‍ കാട്ടിത്തരുന്നു.  ഭൂതകാലത്ത് ചെയ്ത് പോയ കര്‍മങ്ങള്‍ അഗ്നിയില്‍ പഞ്ഞിപോലെ കത്തിയമരും. ഭാവികാലത്തേക്കുള്ള കര്‍മങ്ങളോ താമരയിലയിലെ വെള്ളം പോലെ വാര്‍ന്ന് പോകും. ഭഗവാന്‍ ചെയ്തു് പോയ കര്‍മങ്ങളുടെ ഫലവും ഇല്ലായ്മ ചെയ്യുമെന്നത് വളരെ ശ്രദ്ധേയമാണ്. ഭാവിയിലും അറിയാതെ ചെയ്ത് പോകുന്ന തെറ്റുകള്‍ ഭഗവാന്‍ പൊറുത്തുതരും, എന്നാല്‍ ഭാവിയില്‍ അറി‍ഞ്ഞ് ചെയ്യുന്ന അപരാധ ഫലം നാം അനുഭവിക്കേണ്ടതുണ്ട്. 

5.മായനൈ മന്നു വടമതുരൈ മൈയ്ന്തനൈത് തൂയപ്പെരുനീര്‍ യമുനൈത്തുറൈവനൈ ആയര്‍ കുലത്തിനില്‍ തോന്റും അണി വിളക്കൈ തായൈക്കുടല്വിളക്കഞ്ചെയ്ത ദാമോതരനൈ തൂയോമായ് വന്തു നാം തൂമലര്‍ തൂവിത്തൊഴുതു വായിനാല്‍ പാടി മനത്തിനാല്‍ സിന്തിക്ക പോയ പിഴൈയും പുകുതരുവാന്‍ നിന്റനവും തീയിനില്‍ തൂശാകും ചെപ്പു് എലോര്‍ എമ്പാവായ്

ദാമോദരന്റെ ലീലകള്‍ അത്ഭുതകരമാണ്. ശ്രേഷ്ഠമായ വടമഥുരയിലെ നായകനാണ് അവിടുന്നു്. ആഴമുള്ള യമുനാനദീതീരത്ത് അവന്‍ വിഹരിക്കുന്നു, ആയര്‍കുലത്തിന് മണിവിളക്കായ അവന്‍ യശോദയ്ക്ക് പ്രസിദ്ധിയേകുന്നു.  അവനെ വിശുദ്ധിയോടെ സമീപിച്ച് പൂക്കളാല്‍ ആരാധിച്ച്, സദാ മനസ്സില്‍ ധ്യാനിച്ച് ജപിച്ചാല്‍ (ശരീര വാങ് മനസ്സുകളാല്‍ ആരാധിച്ചാല്‍) അഗ്നിയില്‍ പഞ്ഞികണക്കെ നമ്മുടെ കര്‍മങ്ങള്‍ കത്തിയമരുന്നു.  അതിനാല്‍ അവനെ സ്തുതിക്കുക.

ഇങ്ങനെ ആദ്യ അഞ്ച് പാസുരത്താല്‍ ഭഗവാന്റെ പര(വൈകുണ്ഠത്തിലെ ശ്രീമന്നാരായണ ഭാവം), വ്യൂഹ (തിരുപ്പാല്‍ക്കടലിലെ രൂപം), വിഭവ (ത്രിവിക്രമാവതാരം), അന്തര്യാമി (വരുണദേവതയില്‍ അന്തര്യാമിയായ വിഷ്ണു), അര്‍ച്ചാ (വടമഥുരയിലെ ഭഗവദ് മൂര്‍ത്തി) ഭാവങ്ങളെ സൂചിപ്പിച്ചിരിക്കുന്നു. 

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-1-5-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുപ്പാവൈ – ലളിത വ്യാഖ്യാനം

Published by:

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

മുഥലായിരമ്

ആണ്ടാള്‍ എന്ന ഗോദാ ദേവി, ശ്രീവൈഷ്ണവരുടെ പന്ത്രണ്ട് ആഴ്വാർമാരിലെ  ഏക സ്ത്രീ രത്നം ആണ്. പെരിയാഴ്വാരുടെ  വളര്‍ത്തുപുത്രി!  ഭൂദേവിയുടെ അവതാരമായി  ഭക്തര്‍  വിശ്വസിക്കുന്നു!  

ശ്രീ വൈഷ്ണവ സമ്പ്രദായത്തിലെ പ്രമുഖ ആചാര്യന്മാരിലൊരാളായ ശ്രീ മണവാള മാമുനികൾ തന്റെ ഉപദേശ രത്നമാല പാസുരം 22- ൽ ആണ്ടാൾ നാച്ചിയാരുടെ മഹത്വം വളരെ മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു.

ഇന്റോ തിരുവാടിപ്പൂരം എമക്കാഗ
അന്റോ ഇങ്കു ആണ്ടാൾ അവതരിത്താൾ കുന്റാധ
വാഴ്വാന വൈകുണ്ഠ വാൻ ഭോഗം തന്നൈ ഇഗഴ്ന്തു
ആഴ്വാർ തിരുമകളാരായ്

ആടി മാസത്തിലെ പൂരം നാളല്ലേ ഇന്ന്? വൈകുണ്ഠത്തിലെ പരിധിയില്ലാത്ത ആനന്ദത്തെ മാറ്റിവച്ച് ആണ്ടാള്‍ നാച്ചിയാരായി പെരിയാഴ്വാരുടെ തിരുമകളായി, അവിടുന്ന് അടിയനെ രക്ഷിക്കാനായി അവതരിച്ചു. കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ കൂടെ ചാടുന്നത് പോലെയാണ് ഇത്. ശ്രീവരാഹപ്പെരുമാളുടെ വചനം കാട്ടിത്തരുന്നതിനാണ് ദേവി അവതരിച്ചത്. ഭൂമിദേവിയോട് വരാഹാവതാരത്തില്‍ ഭഗവാന്‍ പറഞ്ഞല്ലോ, ജീവാത്മാക്കള്‍ക്ക് എന്നെ സ്തുതിച്ചും ചിന്തിച്ചും പൂക്കളാല്‍ അര്‍ച്ചിച്ചും മാത്രം പ്രാപിക്കാമെന്നത്. എത്ര അതിശയകരമാണ്, ദയാപൂര്‍ണ്ണമാണ് ഈ വാഗ്ദാനം.

ആണ്ടാളുടെ കൃതികള്‍  തിരുപ്പാവൈയും  നാച്ചിയാര്‍ തിരുമൊഴിയുമാണ്.  തിരുപ്പാവൈ  എന്ന  ഈ  സ്തുതി മാർകഴി മാസത്തിൽ  പൊതുവെ  തമിഴകത്ത് ഭക്തര്‍ ആലപിക്കുന്ന  പതിവുണ്ട്.  ഭക്തരുടെ നിത്യപാരായണഗ്രന്ഥങ്ങളില്‍  ഒന്നുമത്രേ ഇത്.

ധ്യാന ശ്ലോകങ്ങൾ (തനിയൻ)

നീളാ തുംഗ സ്തനഗിരി തടീസുപ്തം ഉദ്ബോദ്ധ്യ കൃഷ്ണം
പാരാർത്ഥ്യം സ്വം ശ്രുതി ശത ശിരസ്സിദ്ധമദ്ധ്യാപയന്തീ |
സ്വോച്ചിഷ്ടായാം സ്രജി നിഗളിതം യാ ബലാത് കൃത്യ ഭുംഗ്തേ
ഗോദാ തസ്യൈ നമ ഇതം ഇതം ഭൂയ ഏവ’സ്തു ഭൂയഃ ||

നീളാ ദേവിയുടെ അവതാരമായ ശ്രീമതി നപ്പിന്നൈ ദേവിയുടെ മലഞ്ചെരിവിന് സദൃശമായ വലിയ മാറിടത്തിൽ മയങ്ങുന്ന ശ്രീ കൃഷ്ണനെ ഉണർത്തി, വേദാന്തങ്ങളിൽ (വേദങ്ങളുടെ അവസാന ഭാഗം)  വ്യക്തമാക്കിയിരിക്കുന്ന പാരതന്ത്ര്യം (പൂർണമായും ഭഗവാന് ആശ്രിതരായിരിക്കുക) എന്ന തത്ത്വം ഭഗവാനെ ഓർമ്മപ്പെടുത്തിയ; സ്വയം ധരിച്ച പുഷ്പഹാരത്താൽ ഭഗവാനെ ബന്ധിതനാക്കി ബലവത്തായി (അവകാശപൂർവ്വം) അനുഭവിച്ച ആണ്ടാളിന് വീണ്ടും വീണ്ടും, എന്നേക്കും പ്രണാമം. 

അന്നവയൽ പുതുവൈ ആണ്ടാൾ അരംഗർക്കു
പണ്ണു തിരുപ്പാവൈപ്പൽപതിയം ഇന്നിസൈയാൽ
പാടിക്കൊടുത്താൾ നർപാമാലൈ പൂമാലൈ
സൂടി കൊടുത്താളൈച്ചൊല്ലു

അരയന്നങ്ങൾ അലയുന്ന വയലുകളാൽ ചുറ്റപ്പെട്ട ശ്രീ വില്ലിപുത്തൂരിൽ അവതരിച്ച ആണ്ടാൾ, കരുണാപൂർവ്വം മധുരമായ സ്വരത്തിൽ തിരുപ്പാവൈ എന്ന പ്രബന്ധം രചിച്ച്, ആ ശ്ലോകങ്ങളുടെ മാല ശ്രീ രംഗനാഥനായി സമർപ്പിച്ചു. പുഷ്പങ്ങളുടെ ഹാരം സ്വയം ധരിച്ച ശേഷം ഭഗവാനായ്‌ അർപ്പിക്കുകയും ചെയ്ത ആണ്ടാളിനെ സ്തുതിക്കുവിൻ. 

സൂടിക്കൊടുത്ത സുടർക്കൊടിയേ തൊൽപാവൈ
പാടി അരുള വല്ല പൽ വളൈയായ് നാടി നീ
വേങ്കടവർക്കു എന്നൈ വിധി എന്റ ഇമ്മാറ്റം 
നാം കടവാ വണ്ണമേ നൽകു 

സ്വയം അണിഞ്ഞ പുഷ്പഹാരങ്ങൾ ഭഗവാന് സമർപ്പിച്ച; ശോഭയുളള ലത പോലുള്ള, ദിവ്യമായ കൈകളിൽ വളകളണിഞ്ഞ് ദയാപൂർവ്വം വളരെ പുരാതനമായ പാവൈ വ്രതത്തെപ്പറ്റി പാടിയ; വെങ്കടനാഥന്റെ സേവനത്തിനായി മന്മഥനോടായി അഭ്യർത്ഥിച്ചവളായ ആണ്ടാൾ, ഭഗവാനോടായി ഒന്നും ആവശ്യപെടേണ്ടി വരാത്ത തരത്തിൽ ഞങ്ങളുടെ മേൽ ദയാപൂർവ്വം കൃപചൊരിയേണം എന്നു പ്രാർത്ഥിക്കുന്നു. 

ശ്രീ വില്ലിപുത്തൂരിനെ ഗോകുലമായും, തന്നെയും തന്റെ സഖികളെയും ഗോപികമാരായും, വടപെരും കോയിൽ നന്ദഗോപരുടെ ഭവനമായും അതിൽ വിരാജിക്കുന്ന അർച്ചാ വിഗ്രഹത്തെ കണ്ണനായും കണ്ട്, ആണ്ടാൾ മാർകഴി നോമ്പ് നോറ്റു പാടിയ മുപ്പതു പാസുരങ്ങളുടെ ലഘു വ്യാഖ്യാനം ഇവിടെ ചേർക്കുന്നു. ആണ്ടാളുടെ ഈ കൃതിയിൽ വേദങ്ങളുടെയെല്ലാം സാരാംശം സംക്ഷിപ്ത രൂപത്തിൽ ഉൾകൊണ്ടിരിക്കുന്നു.

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppavai-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുപ്പള്ളിയെഴുച്ചി – ലളിത വ്യാഖ്യാനം

Published by:

ശ്രീ ശ്രീമതേ ശഠകോപായ നമഃ  ശ്രീമതേ രാമാനുജായ നമഃ  ശ്രീമത് വരവരമുനയേ നമഃ

മുഥലായിരമ്

ശ്രീ വൈഷ്ണവ സമ്പ്രദായത്തിലെ പ്രമുഖ ആചാര്യന്മാരിലൊരാളായ ശ്രീ മണവാള മാമുനികൾ തന്റെ ഉപദേശ രത്നമാല പാസുരം 11- ൽ തൊണ്ടരടിപ്പൊടി ആഴ്‌വാറിന്റെ മഹത്വം വളരെ മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു.

മന്നിയ സീർ മാർഗഴിയിൽ കേട്ടൈ ഇന്റു മാനിലത്തീർ                                          എന്നിദന്ക്കു ഏട്രം എനിൽ ഉരൈക്കേൻ - തുന്നു പുകഴ്                             മാമറൈയോൻ തൊണ്ടരടിപ്പൊടി ആഴ്വാർ പിറപ്പാൽ                                  നാൻമറൈയോർ കൊണ്ടാടും നാൾ.                                                            

ശ്രീവൈഷ്ണവ മാസമെന്ന് സവിശേഷ പ്രാധാന്യമുള്ള മാർഗഴി മാസത്തിലെ കേട്ടൈ (തൃക്കേട്ട) ദിനത്തിന്റെ മഹത്വത്തെക്കുറിച്ച് ഞാൻ വിവരിക്കാം, ഈ സംസാരത്തിലുള്ള ഏവരും ശ്രവിച്ചുകൊള്ളുവിൻ!  വേദോപനിഷത്തുക്കളുടെ സാരം അറിയുകയും അതിന്റെ വിഷയങ്ങളിൽ പൂർണ്ണമായും മുഴുകി, ശ്രീരംഗനാഥന്റെ ഭക്തരുടെ മാത്രം ദാസനായിരുന്ന തൊണ്ടരടിപ്പൊടി ആഴ്വാർ ജനിച്ച ദിവസമായാണ് വേദജ്ഞാനികളായ എംബരുമാനാർ (ശ്രീ രാമാനുജൻ) മുതലായവർ ഈ ദിനത്തെ കൊണ്ടാടുന്നത്.

നമ്മുടെ പൂർവ്വാചാര്യന്മാരിലൊരാളായ ശ്രീ അഴകിയ മണവാളപ്പെരുമാൾ നായനാർ, ആചാര്യ ഹൃദ്യത്തിന്റെ 85-ാമത് ചൂർണ്ണികയിൽ, പെരിയ പെരുമാളിനെ യോഗനിദ്രയിൽ നിന്നുണർത്താൻ സുപ്രഭാതം പാടിയവരിൽ, തൊണ്ടരടിപ്പൊടി ആഴ്വാറിനെ പ്രത്യേകമായി “തുളസിഭൃത്യർ”  (തുളസികൊണ്ട് എന്നും ഭഗവാനെ സേവിക്കാൻ വളരെ ഇഷ്ടപ്പെടുന്ന ഒരാൾ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. തൊണ്ടരടിപ്പൊടി ആഴ്വാർ തന്നെ, തന്റെ തിരുമാലൈ പ്രബന്ധത്തിൽ സ്വയം ഇപ്രകാരം സംബോധന ചെയ്തിട്ടുള്ളതാണ്. “തുളബത്തൊണ്ഡായ തൊൽ സീർത്ത് തൊണ്ടരടിപ്പൊടി എന്നും അടിയനായ്” (തുളസിയുമായി സേവനം ചെയ്യുന്ന സേവകൻ). തന്റെ യോഗനിദ്രയിൽ നിന്ന് ഭഗവാനെ ഉണർത്തുന്ന വലിയൊരു സവിശേഷ പ്രബന്ധമാണ് തിരുപ്പള്ളിയെഴുച്ചി.

ഈ പ്രബന്ധത്തിന്റെ ലളിതമായ വിശദീകരണം പൂർവാചാര്യന്മാരുടെ വ്യാഖ്യാനങ്ങളെ അവലംബിച്ചുള്ളതാണ്.

ധ്യാനശ്ലോകങ്ങള്‍(തനിയന്‍)

തമേവ മത്വാ പരവാസുദേവം                                                                                                                                         രംഗേശയം രാജവദർഹണീയം                                                                         പ്രാബോധികീം യോകൃത സൂക്തിമാലാം                                                     ഭക്താങ്ഘൃരേണും ഭഗവന്തമീഡേ                                                     

ശ്രീ വൈകുണ്ഠത്തിലെ പരവാസുദേവന് തത്തുല്യനായ, ജ്ഞാനാദികളായ കല്ല്യാണഗുണങ്ങൾ നിറഞ്ഞ, ആദിശേഷനെ പള്ളിമെത്തയാക്കിയ, രാജതുല്യമായി ആരാധിക്കപ്പെടുന്ന, ശ്രീരംഗം പെരിയ പെരുമാളിനെ (ശ്രീരംഗത്തെ ആർച്ചാവതാരത്തെ) ഉണർത്തുന്ന ശ്ലോകങ്ങളുടെ മാല കരുണാപൂർവ്വം ഞങ്ങൾക്ക് നൽകിയ ജ്ഞാന സമ്പന്നനും മറ്റു സവിശേഷ ഗുണങ്ങളോടു കൂടിയവനുമായ തൊണ്ടരടിപ്പൊടി ആഴ്വാറിനെ ഞാൻ സ്തുതിക്കുന്നു, 

മണ്ഡങ്കുടി എൻബർ മാമറൈയോർ മന്നിയ സീർ തൊണ്ടരടിപ്പൊടി തൊന്നഗരം വണ്ടു                                                                                                                                       തിണർത്ത വയൽ തെന്നരങ്കത്തു അമ്മാനൈപ്പള്ളി ഉണർത്തും പിരാൻ ഉദിത്ത ഊർ      

ധാരാളം വണ്ടുകളാൽ നിറഞ്ഞ, മനോഹരമായ ഫലഭൂയിഷ്ഠമായ വയലുകളാൽ ചുറ്റപ്പെട്ട, ശ്രീരംഗത്തിൽ ശയിക്കുന്ന പെരിയ പെരുമാളിനെ പാസുരം പാടി ഉണർത്തുക എന്ന ദിവ്യ കർമ്മം നിർവഹിച്ച ആഴ്വാറാണ് തൊണ്ടരടിപ്പൊടി ആഴ്വാർ. അദ്ദേഹത്തിന്റെ അവതാരസ്ഥലമായാണു മണ്ഡങ്കുടി വേദജ്ഞർക്കിടയിൽ അറിയപെടുന്നത്. 

ആദ്യ പാസുരം – പെരിയ പെരുമാളിനെ ഉണർത്താൻ എല്ലാ ദേവഗണങ്ങളും ശ്രീരംഗം സന്നിധിയിൽ എത്തിച്ചേരുന്നതായി ആദ്യ പാസുരത്തിൽ ആഴ്‌വാർ പരാമർശിക്കുന്നു. ഇതിൽ നിന്നും, ശ്രീമൻ നാരായണൻ മാത്രമാണ് സർവ്വലോകാരാധ്യനായ പരമോന്നതനായ ഭഗവാൻ, മറ്റെല്ലാ ദേവഗണങ്ങളും ദിവൃസൃഷ്ടികളും,  ആ ഭഗവാന്റെ ഭക്തർ മാത്രമെന്നും വ്യക്തമാണ്.

1. കതിരവൻ ഗുണദിശൈച്ചികരം വന്തണൈന്താൻ                                   കന ഇരുൾ അകന്റതു കാലൈ അം പൊഴുതായ്  ധു വിരിന്തു ഒഴുകിന മാമലർ എല്ലാം                                                       വാനവർ അരചർഗൾ വന്തു വന്തു ഈണ്ടി                                                 എതിർ ദിശൈ നിറൈന്തനർ ഇവരൊടും പുകുന്ത                                   ഇരുങ്കളിറ്റ് ഈട്ടമും പിടിയൊടു മുരശും                                                     അതിർതലിൽ അലൈ കടൽ പോന്റുളത് എങ്കും                                     അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ 

തിരു അരംഗം വാഴും ഭഗവാനേ! രാത്രിയുടെ കനത്ത ഇരുളിനെ അകറ്റി സൂര്യൻ കിഴക്കൻ പർവതത്തിന്റെ മുകളിലേക്കായി ഉദിച്ചുയർന്നിരിക്കുന്നു. പ്രഭാതത്തിന്റെ വരവോടെ വിരിയുന്ന പുഷ്പങ്ങളെല്ലാം തേനൊലി തൂകുന്നു. ഭഗവദ് ദർശന പ്രസാദം കാംക്ഷിച്ചു കൊണ്ട് ദേവന്മാരും രാജാക്കന്മാരും സംഘങ്ങളായി വന്നെത്തി അങ്ങയുടെ ദിവ്യദർശനം ആദ്യം പതിയുന്ന സന്നിധിയുടെ തെക്ക് ഭാഗത്ത് തിങ്ങി നിറഞ്ഞിരിക്കുകയാണ്. തങ്ങളാണ് ആദ്യം ഭഗവദ് ദർശനത്തിന് സന്നിഹിതരായതെന്ന് അവർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. അവരോടൊപ്പം, വാഹനങ്ങളായ ആൺ-പെൺ ആനകളും, വിവിധ സംഗീതോപകരണ വിദ്വാന്മാരും എത്തിയിട്ടുണ്ട്. അവിടുന്ന് നിദ്ര വിട്ടുണരുന്നത് കാണുന്നതിലുള്ള ആവേശത്താലുള്ള അവരുടെ കരഘോഷങ്ങൾ, കഠിനമായ തിരമാലകളുള്ള സമുദ്രത്തിന്റെ ഇരമ്പലിനു സമാനമായി, എല്ലാ ദിക്കുകളിലും പ്രതിധ്വനിക്കുന്നു.  അതിനാൽ, ശ്രീരംഗ വിരാജിതനായ പ്രഭോ! അങ്ങ് പള്ളിയെഴുന്നേറ്റാലും. 

രണ്ടാം പാസുരം – അരയന്നങ്ങളെ തൊട്ടുണർത്തി കിഴക്കൻ കാറ്റ് പ്രഭാതത്തിന്റെ വരവറിയിച്ചിരിക്കുന്നു. അതിനാൽ ഭക്തവത്സലനായ ഭഗവാൻ പള്ളിയുറക്കത്തിൽ നിന്നുണരണമെന്ന് ആഴ്വാർ അഭ്യർത്ഥിക്കുകയാണ്.

 2. കൊഴുങ്കൊടി മുല്ലൈയിൻ കൊഴു മലരണവി                                        കൂർന്തദു ഗുണദിശൈ മാരുതം ഇതുവോ                                                     എഴുന്തന മലരണൈപ് പള്ളി കൊൾ അന്നം                                               ഈൻപണി നനൈന്ത തം ഇരും ചിറക് ഉതറി                                             വിഴുങ്കിയ മുതലൈയിൻ പിലമ്പുരൈ പേഴ്വായ്                                        വെള്ളുയിർ ഉറ അതൻ വിടത്തിനുക്കു അനുങ്കി                                         അഴുങ്കിയ ആനൈയിൻ അരുന്തുയർ കെടുത്ത                                          അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ

കിഴക്കൻ കാറ്റ് ഇതാ സമൃദ്ധമായുള്ള നറുമുല്ല വള്ളികളെ തൊട്ടുതലോടി വീശികൊണ്ടിരിക്കുന്നു. മലർമെത്തയിൽ ഉറങ്ങിയിരുന്ന അരയന്നങ്ങൾ മൂടൽ മഞ്ഞ് വീണു നനഞ്ഞ മനോഹരമായ ചിറകുകൾ മഴയെന്ന പോലെ കുടഞ്ഞ് കൊണ്ടെഴുന്നേൽക്കുന്നു. വലിയ ഗുഹപോലുള്ള വായ ഉപയോഗിച്ച് മുതല, ഗജേന്ദ്രന്റെ (ആന) കാൽ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ മൂർച്ചയുള്ള പല്ലുകളിൽ നിന്നുള്ള വിഷം മൂലം വളരെയധികം കഷ്ടതകൾ അനുഭവിച്ച ഗജേന്ദ്രന്റെ  സങ്കടങ്ങൾ നീക്കിയതു ഭവാനാണ്‌. മുതലയെ വധിച്ചു ഗജേന്ദ്രനെ മോചിപ്പിച്ച ശ്രീരംഗ വിരാജിതനായ പ്രഭോ! അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക. 

മൂന്നാം പാസുരം – സൂര്യകിരണങ്ങൾ നക്ഷത്രങ്ങളുടെ തിളക്കത്തെ മറച്ചിരിക്കുന്നു. മൂന്നാം പാസുരത്തിൽ ആഴ്വാർ, എംബെരുമാന്റെ സുദർശന ചക്രമേന്തുന്ന തൃക്കരങ്ങളെ പൂജിക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്.

3. ചുടരൊളി പരന്തന ചൂഴ് ദിശൈ എല്ലാം                                                    തുന്നിയ താരകൈ മിന്നൊളി സുരുങ്കിപ്                                                       പടരൊളി പശുത്തനൻ പനിമതി ഇവനോ                                                 പായിരുൾ അകന്റതു പൈമ്പൊഴിൽ കമുകിൻ                                       മടലിടൈക്കീറി വൺ പാളൈകൾ നാറ                                                                        വൈകറൈ കൂർന്തതു മാരുതം ഇതുവോ                                                     അടലൊളി തികഴ് തരു തിഗിരി അന്തടക്കൈ                                              അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ

സൂര്യരശ്മികൾ എല്ലാ ദിക്കുകളിലേക്കും ഇപ്പോൾ വ്യാപിച്ചിരിക്കുന്നു. എങ്ങും പടർന്നിരുന്ന നക്ഷത്ര കൂട്ടങ്ങളുടെ തിളക്കം സൂര്യ പ്രഭയിൽ മറഞ്ഞുപോയി. ചന്ദ്രന്റെ ശീതള പ്രകാശ രശ്മികളും മങ്ങിയിരിക്കുന്നു. രാത്രിയിലെങ്ങും പരന്നിരുന്ന കനത്ത ഇരുൾ ഇതാ പൂർണമായും അകന്നിരിക്കുന്നു. ഹരിതനിർഭരമായ കവുങ്ങിൻ തോപ്പുകളിലെ പാളകളിൽ തട്ടി സുഗന്ധവാഹിനിയായി കാറ്റ് വീശുന്നു. തിളങ്ങുന്നതും ശക്തവുമായ സുദർശന ചക്രം കൈയ്യിലേന്തിയ ഭഗവാനെ, ശ്രീരംഗത്തിൽ പള്ളികൊള്ളും പ്രഭു! അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക. 

നാലാം പാസുരം – രാമാവതാരത്തെ പറ്റിയാണ് ആഴ്വാർ ഇവിടെ പരാമർശിക്കുന്നത്. ഭഗവദ് അനുഭവത്തിന് തടസമായി വരുന്ന വിഘ്നങ്ങളെന്ന ശത്രുക്കളെയെല്ലാം രാമാവതാരത്തിലെന്ന പോലെ ശത്രുസംഹാരം നിറവേറ്റാൻ അദ്ദേഹം രംഗനാഥനോട് ആവശ്യപെടുകയാണ്.

4. മേട്ടു ഇള മേദികൾ തളൈ വിടും ആയർകൾ                                           വേയ്ങ്കുഴൽ ഓസൈയും വിടൈ മനിക് കുരലും                                      ഈട്ടിയ ഇസൈ ദിശൈ പരന്തന വയലുൾ                                                    ഇരിന്ദിന സുരുമ്പിനം ഇലങ്കൈയർ കുലത്തൈ                                          വാട്ടിയ വരി സിലൈ വാനവർ ഏറേ                                                          മാമുനി വേളവിയൈക് കാത്തു അവബിരതം                                           ആട്ടിയ അഡുതിറൽ അയോദ്ദി എം അരസേ!                                             അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ

കന്നുകാലികളുടെ കഴുത്തിൽ തൂക്കിയിരിക്കുന്ന മണികളിൽ നിന്നുള്ള ധ്വനിയും, അവയെ മേയ്ക്കുന്ന ഇടയരുടെ പുല്ലാങ്കുഴൽ നാദവും എല്ലാ ദിശകളിലേക്കും സമ്മിശ്രമായി വ്യാപിക്കുന്നു. പച്ചപുൽപ്പരപ്പിൽ വണ്ടുകൾ ഉത്സാഹത്തോടെ ശബ്ദം മുഴക്കാൻ തുടങ്ങി. ഓ ശ്രീ രാമ! ശത്രുക്കളെ ചുട്ടെരിക്കുന്ന ദിവ്യമായ  ശാര്ങ്ഗം വില്ല് കയ്യിലേന്തിയ ദേവാധിദേവനേ! അങ്ങ് രാക്ഷസന്മാരെ നിഗ്രഹിച്ച് വിശ്വാമിത്ര മുനിയുടെ യാഗം പൂർത്തിയാക്കി അവഭ്രൂത സ്നാനം ചെയ്തവനാണ്. ശത്രുക്കളെ ജയിക്കാൻ പ്രാപ്തമായിരുന്ന സുശക്തമായ അയോദ്ധ്യ സാമ്രാജ്യത്തിന്റെ നാഥനായവനെ! തിരുവരംഗത്തിൽ വിശ്രമം കൊള്ളുന്ന ഭഗവാനേ!  അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക. 

അഞ്ചാം പാസുരം – ശ്രീ രംഗനാഥൻ്റെ പാദസേവനത്തിനായി എല്ലാ ദേവഗണങ്ങളും പുഷ്പങ്ങളുമായി സന്നിധാനത്ത് അണി നിരന്നിരിക്കുന്നു. ഭക്തരെയെല്ലാം സമദൃഷ്ടിയോടെ വീക്ഷിക്കുന്നവനാകയാൽ, ഭഗവാൻ വേഗം ഉണർന്ന് എല്ലാവരുടെയും സേവനങ്ങൾ സ്വീകരിക്കണം എന്നു ആഴ്വാർ അഭ്യർത്ഥിക്കുന്നു.

5. പുലമ്പിന പുട്കളും പൂമ്പൊഴികളിൻ വായ്                                                                              പോയിട്രുക് കങ്കുൽ പുഗുന്തതു പുലരി                                                         കലന്തതു ഗുണ ദിസൈക് കനൈകടൽ അരവം                                            കളി വണ്ടു മിഴട്രിയ കലംബഗമം പുനൈന്ത                                               അലങ്കൽ അമ് തൊടൈയൽ കൊണ്ടു അടിയിണൈ പണിവാൻ           അമരർകൾ പുകുന്തനർ ആദലിൽ അമ്മാ!                                                     ഇലങ്കൈയർ കോൻ വഴിപാടു സെയ് കോയിൽ                                              എംബെരുമാൻ! പള്ളി എഴുന്തരുളായേ

പൂത്തുലഞ്ഞ പൂന്തോപ്പുകളിൽ പക്ഷികൾ സന്തോഷഭരിതരായി കളകൂജനങ്ങളുമായി ഉല്ലസിക്കുന്നു. രാത്രി പൂർണമായും വിടവാങ്ങി പ്രഭാതരശ്മികൾ ശക്തമായിരിക്കുകയാണ്. കിഴക്കുഭാഗത്തുള്ള സമുദ്രത്തിന്റെ ആരവങ്ങൾ എല്ലാ ദിക്കുകളിലും മുഴങ്ങുന്നത് കേൾക്കാൻ സാധിക്കും. അങ്ങയുടെ ഉപാസനക്കായി ദേവഗണങ്ങളെല്ലാം വലിയ ഹാരങ്ങളുമായി വന്നെത്തിയിട്ടുണ്ട്.  ആ പുഷ്പഹാരങ്ങളിലെ  തേൻ നുകരാനായി വണ്ടുകൾ അതിനെ ചുറ്റിപറ്റി പറക്കുന്നു. തിരുവരംഗത്തിൽ  ദിവ്യ വിശ്രമിത്തിലാഴുന്നവനെ, അങ്ങ് ലങ്കയുടെ രാജാവായ വിഭീഷണനാൽ ആരാധിക്കപ്പെടുന്നവനായ ഭഗവാനാണ്! അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക.

ആറാം പാസുരം – ഭഗവാനാൽ നിയുക്തനായ, ദേവഗണങ്ങളുടെ സൈന്യാധിപനായി വർത്തിക്കുന്ന സുബ്രഹ്മണ്യനും, മറ്റു ദേവതകളും അവരുടെ ഭാര്യമാർക്കും വാഹനങ്ങൾക്കും അനുയായികൾക്കുമൊപ്പം സന്നിധാനത്തായി വന്നെത്തിയിരിക്കുന്നു. ആയതിനാൽ ഭഗവാൻ തന്റെ യോഗനിദ്രയിൽ നിന്നുണർന്നു അവരുടെ സർവാഭിലാഷങ്ങൾ നിറവേറ്റികൊടുക്കണമെന്ന് ആഴ്വാർ അഭ്യർത്ഥിക്കുകയാണ്.

6. ഇരവിയർ മണി നെടും തേരൊടും ഇവരോ                                                            ഇറൈയവർ പതിനൊരു വിടൈയരും ഇവരോ                                       മരുവിയ മയിലിനൻ അറുമുഖൻ ഇവനോ                                               മരുതരും വസുക്കളും വന്തു വന്ത് ഈണ്ടി                                                 പുരവിയോട് ആടലും പാടലും തേരും                                                         കുമരദണ്ഡം പുകുന്തു ഈണ്ടിയ വെള്ളം                                                    അരുവരൈ അനൈയ നിൻ കോയിൽ മുൻ ഇവരോ                               അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ

പന്ത്രണ്ട് ആദിത്യന്മാർ (സൂര്യദേവന്മാർ) അവരുടെ വലിയ രഥങ്ങളിൽ വന്നിറങ്ങി. ലോകപാലകരായ പതിനൊന്ന് രുദ്രന്മാരും വന്നെത്തിയിരിക്കുന്നു. അറുമുഖനായ സുബ്രഹ്മണ്യൻ തന്റെ സവിശേഷ മയിൽ വാഹനത്തിൽ എത്തി. നാൽപത്തിയൊമ്പത് മരുത്തുക്കളും എട്ട് വസുക്കളും (വിവിധ ദേവഗണങ്ങൾ)  അങ്ങയുടെ ദർശന സൗഭാഗ്യത്തിനായുള്ള നിരയിൽ ഉന്തും തള്ളുമായി നിറഞ്ഞിരിക്കുന്നു. രഥങ്ങളോടും കുതിരകളോടും കൂടി അടുത്തടുത്തായി അണിനിരന്ന ദേവഗണങ്ങളെല്ലാം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. അങ്ങയുടെ ദിവ്യ ദർശനത്തിനായി സുബ്രഹ്മണ്യൻ  ഉൾപ്പെടെയുള്ള എല്ലാ ദേവതകളും ഒരു വലിയ പർവ്വതം പോലെ തിരുവരംഗത്തിന് മുന്നിലായി ഒത്തുകൂടിയിരിക്കുന്നു. തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.

ഏഴാമത്തെ പാസുരം. ഇന്ദ്രനും സപ്തർഷികളും ഉൾപ്പെടെയുള്ള ദേവഗണങ്ങളെല്ലാം ആകാശത്ത് നിറഞ്ഞുകൂടി ഭഗവാനെ സ്തുതിക്കുകയാണ്. ആയതിനാൽ തന്റെ ദിവ്യനിദ്രയിൽ  നിന്ന് ഉണർന്ന് അവർക്കെല്ലാം ദർശനം നൽകാൻ ആഴ്വാർ ശ്രീ രംഗനാഥനോടായി ഉണർത്തിക്കുന്നു. 

7. അന്തരത്തു അമരർകൾ കൂട്ടങ്കൾ ഇവൈയോ                                         അരുന്തവ മുനിവരും മരുതരും ഇവരോ                                                    ഇന്ദിരൻ ആനൈയും താനും വന്തിവനോ                                                    എംബെരുമാൻ ഉന കോയിലിൻ വാസൽ                                                    സുന്ദരർ നെരുക്ക വിച്ചാദരർ നൂക്ക                                                               ഇയക്കരും മയങ്കിനർ തിരുവടി തൊഴുവാൻ                                             അന്ദരം പാരിടം ഇല്ലൈ മട്രിദുവോ                                                               അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ

പ്രഭോ! ഇന്ദ്രൻ തന്റെ വാഹനമായ ഐരാവതത്തിൽ വന്നിറങ്ങി അങ്ങയുടെ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ കാത്തിരിക്കുന്നു. അദ്ദേഹത്തെ കൂടാതെ സ്വർ‌ഗലോകത്തു നിന്നും മറ്റു ദേവഗണങ്ങളും അവരുടെ അനുയായികൾ‌, സനക മഹർഷി തുടങ്ങിയ ഋഷിമാർ, മരുത്തുകൾ‌, അവരുടെ സഹായികൾ‌, യക്ഷ ഗന്ധർ‌വന്മാർ, വിദ്യാധരന്മാർ‌ (വിവിധ ദിവ്യസൃഷ്ടികൾ) എന്നിവരെല്ലാം വന്നെത്തി ഇവിടം തിങ്ങി കൂടിയിരിക്കുന്നു. അങ്ങയുടെ ദിവ്യ പാദസേവനാഭിലാഷത്തിൽ മുഴുകിയവരാൽ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു. തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.

എട്ടാമത്തെ പാസുരം – ശ്രീ രംഗനാഥൻ്റെ ആരാധനക്കായി ഏറ്റവും അനുയോജ്യമായ സമയമായ പ്രഭാതം സമാഗതമായിരിക്കുന്നു. ശ്രീ രംഗനാഥനല്ലാതെ മറ്റൊരു വിഷയങ്ങളിൽ തത്പരരല്ലാത്ത ഋഷിമാരും മറ്റും പൂജാ ദ്രവ്യങ്ങളുമായി സന്നിഹിതരായിരിക്കുന്നു. ദയവായി ഭഗവാൻ ദിവ്യനിദ്രയിൽ നിന്ന് ഉണർന്ന് അവർക്ക് ദർശനം നൽകണമെന്ന് ആഴ്വാർ അഭ്യർത്ഥിക്കുകയാണ്.

8. വമ്ബവിഴ് വാനവർ വായുറൈ വഴങ്ക                                                    മാനിധി കപിലൈ ഒൺ കണ്ണാടി മുതലാ                                                        എംബെരുമാൻ പടിമൈക്കലം കാണ്ടാർകു                                                 ഏറ്പന ആയിന കൊണ്ടു നന്മുനിവർ                                                          തുംബുരു നാരദർ പുകുന്തനർ ഇവരോ                                                        തോന്റിനൻ ഇരവിയും തുലങ്കൊളി പരപ്പി                                               അംബര തലത്തി നിന്റു അഗൽകിന്റതു ഇരുൾ പോയ്                              അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ

ഓ സ്വാമി! എന്റെ പ്രഭോ,  പ്രമുഖരായ തുംബുരു, നാരദർ തുടങ്ങിയ ഋഷിവര്യന്മാർ സ്വർഗത്തിൽ വസിക്കുന്ന ദേവഗണങ്ങൾ, കാമധേനു എന്നിവർ അങ്ങയുടെ അനുഗ്രഹത്തിനായി, തിരുവാരാധനം നടത്തുന്നതിന് ആവശ്യമായ സുഗന്ധമുള്ള ദിവ്യമായ ഇലകൾ, ധന ധാന്യങ്ങൾ, തിളക്കമുള്ള കണ്ണാടി തുടങ്ങിയ വസ്തുക്കളുമായി എത്തിയിരിക്കുന്നു. സൂര്യൻ ഉദിച്ചു പ്രകാശകിരണങ്ങൾ എല്ലായിടത്തും വ്യാപിച്ചതോടെ അംബരത്തിലെ ഇരുൾ മാഞ്ഞുപോയി! തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.

ഒൻപതാം പാസുരം – അങ്ങയെ ഉണർത്താനും സേവനം അനുഷ്ഠിക്കാനും പ്രമുഖ സംഗീതജ്ഞരും നർത്തകരും ഒത്തുകൂടിയിരിക്കുന്നു. അതിനാൽ ശ്രീ രംഗനാഥൻ പള്ളിയുണർന്ന് അവരുടെ സേവനം സ്വീകരിക്കാൻ ആഴ്വാർ ആവശ്യപ്പെടുകയാണ്.

9. ഏധമിൽ തണ്ണുമൈ എക്കം മത്തളി                                                              യാഴ് കുഴൽ മുഴവമോട് ഇസൈ തിശൈ കെഴുമി                                     ഗീതങ്കൾ പാടിനർ കിന്നരർ കെരുഡർഗൾ                                                    ഗന്ധരുവർ അവർ കങ്കുലുൾ എല്ലാം                                                             മാധവർ വാനവർ സാരണർ ഇയക്കർ                                                           സിത്തരും മയങ്കിനർ തിരുവടി തൊഴുവാൻ                                              ആദലിൽ അവർക്കു നാളോലക്കം അരുള                                                    അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ

കിന്നരന്മാർ, ഗരുഡന്മാർ, ഗന്ധർവന്മാർ തുടങ്ങിയ ദേവഗണങ്ങളെല്ലാം ഇടക്ക, മദ്ദളം, വീണ, ഓടക്കുഴൽ തുടങ്ങിയ സംഗീത ഉപകാരണങ്ങൾ വായിച്ചും, ഗീതങ്ങൾ ആലപിച്ചും എല്ലാ ദിശകളിലേക്കും സംഗീതം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.  അവരിൽ പലരും രാത്രിയിൽ വന്നെത്തിയവരാണ് ചിലർ പ്രഭാതസമയത്തും. പ്രഗൽഭരായ ഋഷിമാർ, ദേവന്മാർ, ചാരണർ, യക്ഷന്മാർ, സിദ്ധന്മാർ തുടങ്ങിയവർ അങ്ങയുടെ ദിവ്യ പാദങ്ങളുടെ സേവനത്തിനായി  എത്തിയിരിക്കുന്നു. അങ്ങയുടെ വിശാലമായ സദസ്സിലേക്ക് അവരെ ചേർത്തുകൊണ്ട്, തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.

പത്താം പാസുരം – ആദ്യത്തെ ഒൻപത് പാസുരങ്ങളിൽ ആഴ്വാർ മറ്റുള്ളവരുടെ മേൽ കൃപ ചൊരിയാനാണ് ഭഗവാനോട് ആവശ്യപെടുന്നത്. പത്താം പാസുരത്തിൽ, പെരിയ പെരുമാളല്ലാതെ മറ്റൊരു ദൈവത്തെയും അറിയാത്ത തന്റെ മേൽ കൃപ ചൊരിയണം എന്ന് അഴ്വാർ ആഭൃർത്ഥിക്കുന്നു.

10. കടി മലർക്കമലങ്കൾ മലർന്തന ഇവൈയോ                                              കതിരവൻ കനൈകടൽ മുളൈത്തനൻ ഇവനോ                                        തുഡി ഇഡൈയാർ സുരി കുഴൽ പിഴിന്ദു ഉതറിത്                                   തുഗിൽ ഉടുത്തു ഏറിനർ സൂഴ് പുനൽ അരംഗാ                                        തൊടൈ ഒത്ത തുളവമും കൂടൈയും പൊലിന്തു                                        തോന്റിയ തോൾ തൊണ്ടരടിപ്പൊടി എന്നും                                                  അടിയനൈ അളിയൻ എന്റു അരുളി ഉൻ അടിയാർക്കു                       ആട്പടുത്തായ് പള്ളി എഴുന്തരുളായേ

ശ്രീ രംഗനാഥാ! വിശുദ്ധവും ദിവ്യവുമായ കാവേരി നദിയാൽ  ചുറ്റപ്പെട്ടിരിക്കുന്ന തിരുവരംഗത്തിൽ ദിവ്യ നിദ്രയിൽ വിരാജിക്കും പ്രഭോ! ഇരമ്പി മറിയുന്ന സമുദ്രത്തിൽ നിന്ന് ഉദിച്ചുയരുന്ന സൂര്യനെ നോക്കി സുഗന്ധമുള്ള താമരപ്പൂക്കൾ വിരിയുന്നു. നേർത്ത അരക്കെട്ടുള്ള സ്ത്രീ ജങ്ങളെല്ലാം തന്നെ പ്രഭാത സ്നാനം കഴിഞ്ഞ് നനഞ്ഞുണങ്ങിയ ചുരുണ്ട കാർക്കൂന്തലുമായി പുതുവസ്ത്രങ്ങളുമണിഞ്ഞ് തീരത്തെത്തിയിരിക്കുന്നു. ബാഹുമൂലങ്ങളിൽ തുളസി മാലകളുള്ള കൊട്ടയുമേന്തി നിൽക്കുന്ന, തൊണ്ടരടിപ്പൊടി എന്ന് നാമധേയമുള്ള ഈ സേവകനെ അങ്ങ് ദയവായി അംഗീകരിക്കുകയും അങ്ങയുടെ അനുയായികൾക്ക് എന്നെ സേവകനാക്കുകയും ചെയ്യുക. അതിനായി ഭവാൻ അങ്ങയുടെ ദിവ്യമായ നിദ്രയിൽ നിന്ന് ഉണർന്ന് എന്നിൽ കൃപ ചൊരിയേണം.  

ഉറവിടം – http://divyaprabandham.koyil.org/index.php/2020/05/thiruppalliyezhuchchi-simple/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

കണ്ണിനുണ് ചിറുത്താമ്പു – ലളിത വ്യാഖ്യാനം

Published by:

ശ്രീഃ ശ്രീമതേ ശഠകോപായ നമഃ  ശ്രീമതേ രാമാനുജായ നമഃ  ശ്രീമത് വരവരമുനയേ നമഃ

മുഥലായിരമ്

ശ്രീ മണവാള മാമുനികള്‍ ‘കണ്ണിനുണ്‍ ചിറുത്താമ്പു’ വിന്റെ മഹത്വത്തെ ഉപദേശ രത്നമാലയിലെ 26-മത് പാസുരത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

“വായ്ത്ത തിരുമന്തിരത്തിന്‍ മധ്ധിമമാം പദംപോൽ ചീർ‍ത്ത മധുരകവി ചെയ് കലൈയായ് ആര്‍ത്ഥ പുകഴ് ആറിയര്‍കള്‍ താങ്ങള്‍ അരുളിച്ചെയൽ‍ നടുവേ ചേര്‍ത്താര്‍ താര്‍പര്യം തേര്‍ന്തു് “

തിരുമന്ത്രം എന്നും അറിയപ്പെടുന്ന പദത്താലും അര്‍ത്ഥത്താലും പരിപൂര്‍ണ്ണമായ അഷ്ടാക്ഷരത്തില്‍ മധ്യമ പദമായ ‘നമഃ’ ശബ്ദത്തിന് പ്രത്യേക മഹിമയുണ്ട്. മധുരകവി ആഴ്വാരുടെ അതിശയകരമായ രചനയായ കണ്ണിനുണ്‍ ചിറുത്താമ്പുവിനും ഇതേ മഹത്വമുണ്ട്. ഇതിന്റെ അര്‍ത്ഥം ഗ്രഹിച്ചതിനാല്‍ നമ്മുടെ സമാദരണീയരായ (സമ്പ്രദായ പൂര്‍വ്വസൂരികള്‍) ഇതിനെ അരുളിച്ചെയലുകളുടെ (നാലായിരം ദിവ്യപ്രബന്ധ പാഠത്തിന്റെ) കൂടെ ചൊല്ലുന്നതിലേക്ക് ഉള്‍പ്പെടുത്തി.

മധുരകവി ആഴ്വാര്‍ നമ്മാഴ്വാരല്ലാതെ മറ്റൊരു ദേവതയെ അറിയാത്ത വിധം നമ്മാഴ്വാരുടെ പ്രധാന ഭക്തനും ശിഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ് കണ്ണിനുണ്‍ ചിറുത്താമ്പു എന്ന രചന. ഈ പ്രബന്ധം നമ്മുടെ സമ്പ്രദായത്തിന്റെ പ്രധാന തത്വമായ, ആചാര്യന്‍ ഈശ്വരന്‍ തന്നെ എന്നത് വ്യക്തമായി വെളിപ്പെടുത്തുന്നു.  നമ്മാഴ്വാരുടെ മഹത്വത്തെ വെളിപ്പെടുത്തുന്ന ഈ പ്രബന്ധം,  നമ്മുടെ സമ്പ്രദായത്തെ സംബന്ധിച്ച് സവിശേഷ സ്ഥാനമുള്ളതാണ്.

ഈ പ്രബന്ധത്തിന്റെ ലളിത പരിഭാഷ നമ്മുടെ പൂര്‍വ്വാചാര്യന്മാരുടെ ഭാഷ്യത്തെ അവലംബിച്ചുള്ളതാണ്. 

ധ്യാനശ്ലോകങ്ങള്‍ (തനിയന്‍)

അവിദിത വിഷ്യാന്തരഃ ശഠാരേര്‍ ഉപനിഷദാം ഉപഗാനമാത്രഭോഗഃ /  അപി ച ഗുണവശാത് തദേക ശേഷി മധുരകവൈര്‍ ഹൃദയേ മമാവിരസ്തു //

ആരാണോ നമ്മാഴ്വാരെ മാത്രം അറിയുന്നവനും, നമ്മാഴ്വാരുടെ ദിവ്യ കാവ്യങ്ങളുടെ മഹിമയെ പ്രകീർത്തിക്കുന്നതിൽ മാത്രം ആനന്ദിച്ചവനും, നമ്മാഴ്വാരുടെ ഗുണങ്ങളിൽ മുഴുകിയതിനാൽ നമ്മാഴ്വാരെ മാത്രം യജമാനൻ ആയി കണ്ടിരുന്നവനുമായിരുന്നോ, ആ മധുരകവി ആഴ്വാർ എന്റെ ഹൃദയത്തിൽ എന്നും വസിക്കട്ടെ.

വേറൊന്റും നാന്‍ അറിയേന്‍ വേദം തമിഴ് ചെയ്ത മാറന്‍ ശഠകോപന്‍ വണ്‍ കുരുകൂര്‍ ഏറു എങ്കള്‍                                      വാഴ്വാം എന്റേത്തും മധുരകവിയാര്‍ എമ്മൈ ആള്‍വാര്‍ അവരേ അരൺ

“ വേദാർത്ഥങ്ങൾ ദയാപൂര്‍വ്വം തമിഴില്‍ രചിച്ച, കുരുകൂര്‍ എന്ന മനോഹര ദേശത്തെ നായകനും നമ്മുടെ എല്ലാം ഉദ്ധാരകനുമായ നമ്മാഴ്വാരെയല്ലാതെ, ഒന്നും എനിക്ക് അറിയില്ല “എന്ന് പ്രഖ്യാപിച്ച മധുരകവി ആഴ്വാര്‍ മാത്രമാണ് പ്രപന്നരായ നമുക്ക് ശരണം.  

ആദ്യപാസുരത്തില്‍ മധുരകവി ആഴ്വാര്‍, നമ്മാഴ്വാരെക്കുറിച്ച് പാടവെ നമ്മാഴ്വാര്‍ക്ക് പ്രാണപ്രിയനായ ഭഗവാന്‍ കണ്ണന്റെ(ശ്രീകൃഷ്ണന്റെ) മഹിമയെയും സ്മരിക്കുന്നു.

1.കണ്ണിനുൺ ചിറുത്താമ്പിനാല്‍ കട്ടു ഉണ്ണപ്പണ്ണിയ പെരുമായന്‍‍ എന്‍ അപ്പനില്‍                                                                                                  നണ്ണിത്തെന്‍ കുരുകൂര്‍ നമ്പി എന്റക്കാല്‍ അണ്ണിക്കും അമുതു ഊറും എന്‍ നാവുക്കേ

കണ്ണന്‍ എന്ന എന്റെ സ്വാമിയും സര്‍വ്വേശ്വരനുമായ ഭഗവാന്‍, (ഭക്തവാത്സല്യം മൂലം) യശോദാമ്മയാല്‍ കെട്ടപ്പെടുവാന്‍ അനുവദിച്ചു, തീരെ ചെറിയ കണ്ണികളുള്ള കയറിനാല്‍! – ആ ഭഗവാന്റെ മാധുര്യലീലകളെ വര്‍ണ്ണിക്കുന്നതിന് തുല്യമാണ് ദക്ഷിണ ദിശയിലുള്ള തിരുക്കുരുകൂറിലെ നമ്മാഴ്വാരുടെ നാമം സ്മരിക്കുന്നതിലൂടെ  നാവിന് ലഭിക്കുന്ന മധുരാമൃതം. 

രണ്ടാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍, നമ്മാഴ്വാരുടെ പാസുരങ്ങള്‍ മാത്രമാണ് തനിക്ക് മധുരപ്രദം എന്നും തന്റെ നിലനില്‍പ്പുപോലും അവയുടെ ആവര്‍ത്തനത്തിലാണ് എന്നും വിശദമാക്കുന്നു.

2.നാവിനാല്‍ നവിറ്റു ഇമ്പം എയ്തിനേന്‍ മേവിനേന്‍ അവന്‍ പൊന്നടി മെയ്മ്മൈയേ                                                                                                    തേവു മറ്റു അറിയേന്‍ കുരുകൂര്‍ നമ്പി പാവിന്‍ ഇന്നിസൈ പാടിത്തിരിവനേ

ഞാന്‍ ആഴ്വാരുടെ പാസുരങ്ങളെ നാവിനാല്‍ ആലപിച്ച് തന്നെ കൃതാര്‍ത്ഥനായി. ഞാനിതാ ആഴ്വാരുടെ തൃപ്പാദങ്ങളില്‍ ശരണം പ്രാപിച്ചിരിക്കുന്നു. ആഴ്വാരല്ലാതെ ഒരു ദേവതയെ എനിക്ക് അറിവില്ല, കല്യാണ ഗുണങ്ങളാല്‍ പരിപൂര്‍ണ്ണനും തിരുക്കുരുകൂറിന്റെ നാഥനുമാണ് അവിടുന്ന്. ആഴ്വാരുടെ പാസുരങ്ങള്‍ സംഗീതാത്മകമായി ആലപിച്ച് ഞാന്‍ ദേശാടനം നടത്തും. 

മൂന്നാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍, നമ്മാഴ്വാരുടെ ദാസനെന്ന യോഗ്യതമാത്രം പരിഗണിച്ച്, ഭഗവാന്‍ തനിക്ക് എപ്രകാരം തന്റെ ദര്‍ശനം(ദിവ്യരൂപത്തില്‍) നല്കി എന്നത് ആനന്ദപൂര്‍വ്വം വര്‍ണ്ണിക്കുന്നു.

3.തിരിതന്തു ആകിലും തേവപിരാന്‍ ഉടൈ കരിയ കോലത്തിരുവുരുക്കാണ്പന്‍ നാന്‍                                                      പെരിയ വണ്‍ കുരുകൂര്‍ നഗര്‍ നമ്പിക്കു ആള്‍ ഉരിയനായ് അടിയേന്‍ പെറ്റ നന്മൈയേ

ആഴ്വാരുടെ ദാസന്‍ മാത്രമായ ഞാന്‍ ആ പദത്തില്‍ നിന്ന് ഭ്രംശനം വന്ന് ഭഗവാന്‍ ശ്രീമന്നാരായണനെ ദര്‍ശിച്ചു. ആഴ്വാരാണ് ശ്യാമവര്‍ണ്ണനും നിത്യസൂരികളുടെ നാഥനുമായ ഭഗവാനെ കാട്ടിത്തന്നത്. തിരുക്കുരുകൂറില്‍ അവതരിച്ച ദയാനിധിയായ ആഴ്വാരുടെ ദാസ്യത്താല്‍ മാത്രം എനിക്ക് ലഭിച്ച മഹാഭാഗ്യം കാണുക. 

നാലാം പാസുരത്തില്‍, നമ്മാഴ്വാര്‍ തനിക്ക് മേല്‍ ചൊരിഞ്ഞ ദയാവായ്പിനെ കണ്ടുകൊണ്ട് മധുരകവി ആഴ്വാര്‍ പറയുന്നു, താന്‍ നമ്മാഴ്വാര്‍ എന്ത് ആശിക്കുന്നുവോ അതേ ആശിക്കുന്നുള്ളൂ, തുടര്‍ന്ന്, തന്റെ നിസ്സാരതയും തന്നെ എപ്രകാരം നമ്മാഴ്വാര്‍ കൈക്കൊണ്ടു എന്നതും വെളിപ്പെടുത്തുന്നു. 

4.നന്മൈയാല്‍ മിക്ക നാന്‍മറൈയാളര്‍കള്‍ പുന്‍മൈ ആകക്കരുതുവര്‍ ആതലിന്‍                                                                                               അന്നൈയായ് അത്തനായ് എന്നൈ ആണ്ടിടും തന്മൈയാന്‍ ശഠകോപന്‍ എന്‍ നമ്പിയേ

നാലുവേദങ്ങളിലും പ്രവീണരായവര്‍ ജ്ഞാനമാര്‍ഗ്ഗികള്‍ എന്നെ ഉപേക്ഷിച്ചു, കാരണം ഞാന്‍ അങ്ങേയറ്റം താഴ്ന്നവനായിരുന്നു. എന്നാല്‍ നമ്മാഴ്വാര്‍ എന്നെ കൈക്കൊണ്ട് അഭയം നല്കി. എനിക്ക് മാതാവും പിതാവുമായി. അവിടുന്നാണ് എന്റെ സ്വാമി.

അഞ്ചാം പാസുരത്തില്‍ മുന്‍ പാസുരത്തില്‍ വെളിപ്പെടുത്തിയ തന്റെ താഴ്മയെ വിശദീകരിച്ചുകൊണ്ട് താന്‍ ഇപ്പോള്‍ എങ്ങനെ നമ്മാഴ്വാരുടെ അഹൈതുക കൃപയാല്‍ തിരുത്തപ്പെട്ടു എന്ന് വിശദീകരിച്ചുകൊണ്ട് ആഴ്വാരോടുള്ള നന്ദി പ്രദര്‍ശിപ്പിക്കുന്നു.

5.നമ്പിനേന്‍ പിറര്‍ നന്‍പൊരുള്‍ തന്നൈയും നമ്പിനേന്‍ മടവാരൈയും മുന്‍ എലാം                                                                                                ചെമ്പൊന്‍ മാടത്തിരുക്കുരുകൂര്‍ നമ്പിക്കു അന്‍പനായ് അടിയേന്‍ സതിര്‍ത്തേന്‍ ഇന്റേ

കഴിഞ്ഞ നാളുകളില്‍ ഞാന്‍ മറ്റുള്ളവരുടെ സ്വത്തിനെയും സ്ത്രീകളെയും ആശിച്ചവനായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മാഴ്വാരുടെ ദയയാല്‍ തിരുത്തപ്പെട്ടു, അവിടുത്തെ സേവകനായതോടെ ഞാന്‍ അവയില്‍ നിന്ന് മുക്തനായിരിക്കുന്നു. ആ നമ്മാഴ്വാരാണ് സ്വര്‍ണ്ണഗോപുരങ്ങളുള്ള തിരുക്കുരുകൂറിന്റെ നാഥന്‍.

ആറാം പാസുരത്തില്‍ എങ്ങനെ താന്‍ വിമുക്തനായി എന്നതിന്റെ ഉത്തരമായി അത് നമ്മാഴ്വാരുടെ ദയയാല്‍ മാത്രമാണെന്നും നമ്മാഴ്വാരുടെ ദയയെ ആശ്രയിച്ചു കഴിഞ്ഞാല്‍ പതനത്തിന് ഇനി സാധ്യതയേയില്ല എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.

6.ഇന്റു തൊട്ടും എഴുമൈയും എമ്പിരാന്‍ നിന്റു തന്‍ പുകഴ് ഏത്ത അരുളിനാന്‍                                                                                                      കുന്റ മാടത്തിരുക്കുരുകൂര്‍ നമ്പി എന്റും എന്നൈ ഇകഴ്വു ഇലന്‍ കാണ്മിനേ

തിരുക്കുരുകൂറിന്റെ നാഥനെന്ന നിലയില്‍ എന്റെ സ്വാമി നമ്മാഴ്വാര്‍ തന്റെ ദയ എന്നില്‍ ചൊരിഞ്ഞു, അങ്ങനെ ഞാന്‍ അവിടുത്തെ മഹത്വത്തെ വാഴ്ത്തുവാന്‍ പ്രാപ്തനായി. അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയേയില്ല എന്ന് നിങ്ങള്‍ക്കും കാണാനാകും. 

ഏഴാം പാസുരത്തില്‍, മധുരകവി ആഴ്വാര്‍ പറയുന്നു, നമ്മാഴ്വാരുടെ കൃപ ലഭിച്ചതോടെ താന്‍ ലൗകിക ദുഃഖങ്ങളില്‍ മുഴുകിയവരോടെല്ലാം നമ്മാഴ്വാരുടെ മഹിമയെ പ്രചരിപ്പിക്കുന്നതാണ്, കാരണം അവര്‍ അദ്ദേഹത്തിന്റെ മഹിമ അറിയാത്തതും അവിടുത്തെ കൃപ ലഭിക്കാത്തതുമാണ് അവരുടെ ഐശ്വര്യ ഹീനതയുടെ കാരണം.

7.കണ്ടുകൊണ്ടു എന്നൈക്കാരിമാറപ്പിരാന്‍ പണ്ടൈ വല്വിനൈ പാറ്റി അരുളിനാന്‍                                                                                                        എണ്‍ തിശൈയും അറിയ ഇയമ്പുകേന്‍ ഒണ്‍ തമിഴ്ച്ചഠകോപന്‍ അരുളൈയേ

പൊര്‍കാരിയുടെ പുത്രനാകയാല്‍ കാരിമാറന്‍ എന്നും അറിയപ്പെടുന്ന നമ്മാഴ്‌വാര്‍ എന്നില്‍ ദയ ചൊരിഞ്ഞു, എന്നെ അവിടുത്തെ ദാസനാക്കി. അദ്ദേഹം എന്റെ അനാദി കാലം മുതല്‍ക്കേയുള്ള പാപങ്ങള്‍ നീക്കി. എട്ടുദിക്കിലുമുള്ള ജനങ്ങളോട് മനോഹരമായ തമിഴ് പാസുരങ്ങളെ അരുളിയ ആ നമ്മാഴ്വാരുടെ മഹത്വം ഞാന്‍ ഉദ്ഘോഷിക്കും. 

എട്ടാം പാസുരത്തില്‍ അദ്ദേഹം ആഴ്വാരുടെ ദയ ഭഗവാന്റെ ദയയേക്കാള്‍ അധികമെന്ന് വിശദീകരിക്കുന്നു. ഭഗവാന്‍ ദയയാല്‍ അരുള്‍ ചെയ്ത് ഭഗവദ് ഗീത നല്കി. അതിലും ദയയോടെയാണ് ആഴ്വാര്‍ തിരുവായ്മൊഴി അരുളിയിട്ടുള്ളത്.

8.അരുള്‍ കൊണ്‍ടാടും അടിയവര്‍ ഇന്‍പുറ അരുളിനാന്‍ അവ് അരു മറൈയിന്‍ പൊരുള്‍                                                                                       അരുള്‍ കൊണ്ടു ആയിരം ഇന്‍ തമിഴ് പാടിനാന്‍ അരുള്‍ കണ്ടീര്‍ ഇവ്വുലകിനില്‍ മിക്കതേ

നമ്മാഴ്വാര്‍ ദയയോടെ ആയിരം പാസുരമുള്ള തിരുവായ്മൊഴി വേദസാരമായി രചിച്ചു. അങ്ങനെ ഭഗവദ് ഭക്തര്‍ക്ക് സാനന്ദം ഭഗവാനെ സ്തുതിക്കാന്‍ അത് സഹായിക്കുന്നു. നമ്മാഴ്വാരുടെ ഈ കൃപയേക്കാള്‍ മികച്ചത്  ഒന്നുമില്ല (ഗീതയില്‍ ഭഗവദ് സ്തുതികള്‍ ഇല്ലല്ലോ എന്നതാകാം)

ഒമ്പതാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍ വ്യക്തമാക്കുന്നത്, തന്റെ താഴ്മയെ പരിഗണിക്കാതെ വേദസാരമായ തത്വത്തെ, അതായത് ഭക്തരുടെ ദാസനാകുക എന്നതിനെ നമ്മാഴ്വാര്‍ തനിക്ക് വെളിപ്പെടുത്തി എന്നതാണ്. ഈ അറിവിന് താന്‍ എന്നേക്കും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം വിശദമാക്കുന്നു.

9. മിക്ക വേദിയര്‍ വേദത്തിന്‍ ഉട്പൊരുള്‍ നിര്‍കപ്പാടി എന്‍ നെഞ്ചുള്‍ നിറുത്തിനാന്‍                                                                                                      തക്ക ചീര്‍ച്ചഠകോപന്‍ എന്‍ നമ്പിക്കു ആട്പുക്ക കാതല്‍ അടിമൈപ്പയന്‍ അന്റേ

നമ്മാഴ്വാര്‍ ദയയോടെ എനിക്ക് മഹാജ്ഞാനികള്‍  ജപിക്കുന്ന വേദത്തിന്റെ സാരതത്വം അറിയിച്ചു. ആ അറിവ് ഉള്ളില്‍ ഉറയ്ക്കും വിധം ബോധ്യപ്പെടുത്തി. അങ്ങനെ അദ്ദേഹത്തിന്റെ ദാസ്യമെന്ന മഹത്തായ പദത്തിന്റെ മഹിമ എനിക്ക് വെളിപ്പെട്ടു. 

പത്താം പാസുരത്തിൽ മധുരകവി ആഴ്വാർ, നമ്മാഴ്വാര്‍ തനിക്ക് മേല്‍ ചൊരിഞ്ഞ വരങ്ങള്‍ക്ക് തിരിച്ചൊന്നും നല്കാന്‍ താന്‍ പ്രാപ്തനല്ലെന്നത് വ്യക്തമാക്കുന്നു. നമ്മാഴ്വാരുടെ ദിവ്യപാദങ്ങളോടുള്ള ഭക്തി വെളിപ്പെടുത്തുന്നു.

10. പയന്‍ അന്റു ആകിലും പാങ്കു അല്ലര്‍ ആകിലും ചെയല്‍ നന്‍റാകത്തിരുത്തിപ്പണി കൊള്‍വാന്‍                                                     കുയില്‍ നിന്റു ആര്‍ പൊഴില്‍ ചൂഴ് കുരുകൂര്‍ നമ്പി മുയല്‍കിന്റേൻ ഉൻ തൻ മൊയ് കഴറ്കു അന്‍പൈയേ

പൂന്തോട്ടങ്ങളും കിളികളുടെ കൂജനവും നിറയുന്ന തിരുക്കുരുകൂര്‍ വാസിയായ നമ്മാഴ്വാരെ, അങ്ങ് ജനങ്ങളെ ഭഗവദ് ദാസ്യത്തിലേക്ക് നിയോഗിക്കുന്നു. അവരെ തന്റെ ജ്ഞാനത്താല്‍ തിരുത്തുകയും നേര്‍വഴികാട്ടിക്കൊടുക്കുയും ചെയ്യുന്നു. അവരില്‍ നിന്ന് അങ്ങേയ്ക്ക് തിരിച്ചൊന്നും ലഭിക്കാനില്ല. അവിടുത്തെപ്പോലുള്ള ഭഗവദ് ഭക്തരില്‍ പ്രേമം ജനിക്കുന്നതിനാണ് ഞാന്‍ പരിശ്രമിക്കുന്നത്.  

പതിനൊന്നാം പാസുരത്തില്‍ മധുരകവി ആഴ്വാര്‍, തന്റെ ഈ പ്രബന്ധം പഠിക്കുന്നവര്‍ നമ്മാഴ്വാരുടെ(അദ്ദേഹം ഭഗവദ് ദൂതരില്‍ പ്രധാനിയായ വിഷ്വക്സേനാംശമാണല്ലോ) നിയന്ത്രണമുള്ളതായ വൈകുണ്ഠം പ്രാപിക്കുമെന്നും അവിടെ വസിക്കുമെന്നും വ്യക്തമാക്കുന്നു. ഇതിന്റെ അര്‍ത്ഥം, ആഴ്വാര്‍ തിരുനഗരിയിലെ ക്ഷേത്രത്തില്‍ ആദിനാഥരും(അവിടുത്തെ ഭഗവാന്‍‍) നമ്മാഴ്വാരും മുഖ്യന്മാരാണെങ്കിലും ശ്രീവൈകുണ്ഠത്തില്‍ (ഭക്തവത്സലനായ ഭഗവാന്റെ ഭക്താഗ്രേസരനായ) നമ്മാഴ്വാര്‍ തന്നെയായിരിക്കും നേതാവ് എന്നാണ്. 

11.അന്‍പന്‍ തന്നൈ അടൈന്തവര്‍കട്കു എല്ലാം അന്‍പന്‍ തെന്‍ കുരുകൂര്‍ നഗര്‍ നമ്പിക്കു                                                                   അന്‍പനായ് മധുരകവി ചൊന്ന ചൊല്‍ നമ്പുവാര്‍ പതി വൈകുന്തം കാണ്‍മിനേ

എല്ലാവരിലും കൃപാലുവാണ് ഭഗവാന്‍ (വിശേഷിച്ചും തന്റെ ദാസന്മാരില്‍). നമ്മാഴ്വാരാകട്ടെ, ഭഗവദ് ഭക്തന്മാരിലാണ് അധികവും പ്രേമബന്ധിതനായിട്ടുള്ളത്. ഈ ഞാനോ(മധുരകവി ആഴ്വാര്‍) ആ നമ്മാഴ്വാരിലാണ് പ്രേമബന്ധിതനായിട്ടുള്ളത്. അതിനാല്‍ ആരാണോ ഈ പാസുരങ്ങള്‍ ഭക്തിയോടെ ജപിക്കുന്നത് അവര്‍ ദിവ്യലോകമായ ശ്രീവൈകുണ്ഠം പ്രാപിക്കുക തന്നെ ചെയ്യും.

ഉറവിടം – http://divyaprabandham.koyil.org/index.php/2020/04/kanninun-chiruth-thambu-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുപ്പല്ലാണ്ട്-ലളിതവ്യാഖ്യാനം

Published by:

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

മുഥലായിരമ്

pallandu

ശ്രീമണവാള മാമുനികള്‍ എന്ന ശ്രീവൈഷ്ണവാചാര്യര്‍, തന്റെ ഉപദേശ രത്നമാല പാസുരം19-ല്‍ തിരുപ്പല്ലാണ്ടിന്റെ മഹത്വത്തെ മനോഹരമായി വെളിപ്പെടുത്തിയിട്ടുണ്ട്.

“കോദിലവാം ആഴ്വാര്‍കള്‍ കൂറു കലൈക്കെല്ലാം ആദി തിരുപ്പല്ലാണ്ട് ആനദുവും വേദത്തുക്കു ഓം എന്നും അതുപോല്‍ ഉള്ളദുക്കെല്ലാം സുരുക്കയ്ത്താന്‍ മംഗലം ആദലാല്‍”

മണവാള മാമുനികളുടെ തീര്‍പ്പ് ഇപ്രകാരമാണ്, അദ്ദേഹത്തിന്റെ ദിവ്യദൃഷ്ടിയില്‍, പ്രണവം എപ്രകാരം വേദങ്ങളുടെ ആദിയും സാരഭൂതവുമാകുന്നുവോ, അതേപോലെ തിരുപ്പല്ലാണ്ട് ആഴ്വാര്‍മാരുടെ എല്ലാ അരുളിച്ചെയ്യലുകളുടെയും(ദിവ്യപ്രബന്ധോച്ചാരണത്തിന്റെയും) ആവിര്‍ഭാവവും സാരവും ആകുന്നു.

ശ്രീമന്നാരായണന്റെ പരമോന്നത പദവി പാണ്ഡ്യരാജധാനിയില്‍ സ്ഥാപിച്ച പെരിയാഴ്വാരോടുള്ള ആദരസൂചകമായി പാണ്ഡ്യ രാജാവ് അദ്ദേഹത്തെ പട്ടണത്തില്‍ ആനപ്പുറത്ത് അത്യാദരപൂര്‍വ്വം എഴുന്നള്ളിച്ചു. ഈ മഹത്തായ കാഴ്ച കാണുവാനായി ഭഗവാന്‍ തന്നെ ഗരുഡവാഹനത്തില്‍ ദിവ്യപത്നിമാരോടൊപ്പം(ശ്രീദേവീ ഭൂദേവീ സമേതനായി) പ്രത്യക്ഷപ്പെട്ടു. ശ്രീവൈകുണ്ഠത്തില്‍(പരമപദത്തില്‍ അഥവാ ദിവ്യലോകത്തില്‍) വസിക്കുന്ന ഭഗവാന്‍,‍ സംസാരത്തിലേക്ക്(ഭൗതികലോകത്തേക്ക്) ഇറങ്ങിവന്നതിലുള്ള ആശ്ചര്യവും ഭഗവാന് ദൃഷ്ടിദോഷമേല്‍ക്കുമോ എന്ന വാത്സല്യ-ഭക്തിപുരസ്സരമായ ഭയത്തോടെയും, പെരിയാഴ്വാര്‍(വിഷ്ണുചിത്തന്‍) രചിച്ച ഭഗവദ് സ്തുതിപരങ്ങളായ വരികളാണ്(പാസുരങ്ങള്‍) തിരുപ്പല്ലാണ്ട്. സ്വയം മംഗളാശംസ നടത്തിയതിന് പുറമേ എല്ലാ സംസാരികള്‍ക്കും (ഭൗതികലോകത്ത് വസിക്കുന്ന നമുക്കു്) മേലിലും ഭഗവാന് മംഗളാശംസ നടത്തുന്നതിന് അനുവദിച്ചു കൊണ്ട് തിരുപ്പല്ലാണ്ടിന്റെ രചന നടത്തിയെന്നത് പെരിയാഴ്വാരുടെ പ്രത്യേകമായ മഹത്വത്തിന്റെ നിദര്‍ശനമാണ്.

ഈ ലളിതമായ പരിഭാഷ പെരിയവാച്ചാന്‍ പിള്ളയുടെ തിരുപ്പല്ലാണ്ട് വ്യാഖ്യാനത്തെ അവലംബിച്ചുള്ളതാണ്.

ധ്യാനശ്ലോകങ്ങള്‍(തനിയന്‍)

ഗുരുമുഖമനധീത്യ പ്രാഹ വേദാനശേഷാന്‍
നരപതിപരിക്ലുപ്തം ശുല്കാമാദാതുകാമഃ |
ശ്വശുരമമരവന്ദ്യം രംഗനാഥസ്യ സാക്ഷാത്
ദ്വിജകുലതിലകം തം വിഷ്ണുചിത്തം നമാമി ||

വിഷ്ണുചിത്തനെന്നും അറിയപ്പെടുന്ന പെരിയാഴ്വാര്‍‍‍‍ ഒരു ഗുരുവിൽ നിന്നും സവിശേഷമായി പഠിച്ചിട്ടില്ലെങ്കിലും ഭഗവാനില്‍ നിന്ന് തന്നെ അഗാധമായ വേദ ജ്ഞാനവും അതേപോലെ ഭക്തിയും വരമായി നേടി. ഭഗവദ് നിയുക്തനായി,  പാണ്ഡ്യരാജാവ് ശ്രീവല്ലഭ ദേവന്റെ തെന്‍- മധുരയിലെ(തമിഴകത്തെ മധുര) രാജസഭയില്‍ നടന്ന വിദ്വത്സദസ്സില്‍ പങ്കെടുത്തു. ജേതാവാകുന്ന പക്ഷം തനിക്ക് ലഭിക്കുന്ന സ്വര്‍ണ്ണനാണയ സമ്മാനങ്ങള്‍ ശ്രീവില്ലിപുത്തുര്‍ ദിവ്യക്ഷേത്രത്തിന്റെ നവീകരണത്തിന് സമര്‍പ്പിക്കുകയായിരുന്നു അവിടുത്തെ ഉദ്ദേശ്യം.  വേദങ്ങള്‍ ഉദ്ധരിച്ച് ഭഗവദ് മഹിമ സ്ഥാപിച്ചുകൊണ്ട് വേദമത്സരത്തില്‍ ആഴ്വാര്‍ വിജയശ്രീലാളിതനായി. പിന്നീട്, തന്റെ ദിവ്യപുത്രി ആണ്ടാളിനെ ശ്രീ രംഗനാഥയുമായി വിവാഹം കഴിപ്പിച്ചതിലൂടെ, നിത്യസൂരികളാല്‍(വൈകുണ്ഠവാസികളാല്‍) ഭഗവാന്റെ  ശ്വശുരനായി (ഭാര്യാപിതാവായി) വരെ ബഹുമാനിക്കപ്പെട്ടു. ബ്രാഹ്മണ(വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെയിടയില്‍) കുല തിലകമായും അദ്ദേഹത്തെ ഗണിക്കപ്പെടുന്നു. ആ പെരിയാഴ്വാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

മിന്നാര്‍ തടമതിള്‍ ചൂഴ് വില്ലിപുത്തൂര്‍ എന്റു ഒരുകാല്‍
ചൊന്നാര്‍ കഴറ്‍കമലം ചൂടിനോം മുന്നാള്‍
കിഴിയറുത്താന്‍ എന്റുരൈത്തോം കീഴ്മയിനിറ്ചേരും
വഴിയറുത്തോം നെഞ്ചമേ വന്തു് 

മിന്നല്‍ പോലെ ശോഭിക്കുന്ന ശ്രീവില്ലിപുത്തൂരിന്റെ ചുറ്റുമുള്ള വമ്പിച്ച മതിലകത്ത് രേഖപ്പെടുത്തപ്പെട്ട ശ്രീചരണങ്ങളെ നാം ആഭരണങ്ങള്‍ പോലെ ശിരസ്സില്‍ ധരിക്കുന്നു. രാജസഭയിലെത്തി തന്റെ വാദത്തിലൂടെ സ്വര്‍ണ്ണനാണയങ്ങളുടെ ശേഖരം തന്നെ നേടിയ പെരിയാഴ്വാരുടെ മഹിമയെ സ്മരിച്ചും ഉരച്ചും നാം അധഃപതനത്തില്‍ നിന്ന് സ്വയം രക്ഷിക്കുകയാണ്.

പാണ്ഡിയന്‍ കൊണ്ടാടപ്പട്ടര്‍പിരാന്‍ വന്താന്‍ എന്റു
ഈണ്ടിയ സംഗം എടുത്തൂത വേണ്ടിയ
വേദങ്കളോതി വിരൈന്തു കിഴിയറുത്താന്‍
പാദങ്ങള്‍ യാമുടൈയ പറ്റു

പാണ്ഡ്യ രാജാവായ ശ്രീവല്ലഭ ദേവന്‍ പരമനായവന്റെ പരത്വത്തെ സ്ഥാപിക്കാന്‍ വേണ്ടി ഭട്ടര്‍പിരാന്‍ വന്നു എന്ന് സ്തുതിച്ചു, ആ സദസ്സ് വിജയഭേരിയായി ശംഖധ്വനിയുണര്‍ത്തി, വേദങ്ങളില്‍ നിന്ന് തെളിവുകളുദ്ധരിച്ച് പെരിയാഴ്വാരെന്ന ഭട്ടര്‍പിരാന്‍ ശ്രീമന്നാരായണന്റെ പരത്വം ഇപ്രകാരം സ്ഥാപിച്ചു. ആ പെരിയാഴ്വാരുടെ ദിവ്യപാദങ്ങളാണ് നമുക്ക് ശരണം.

ഒന്നാം പാസുരത്തില്‍, ഭഗവാന്റെ സൗന്ദര്യവും മംഗള ഗുണങ്ങളും സംസാരത്തില്‍ പ്രകടമായി കണ്ടപ്പോള്‍ പെരിയാഴ്വാര്‍ ഭഗവാന് ദൃഷ്ടിദോഷം വരുമോ എന്ന് ഭയന്ന് എക്കാലവും ഭഗവാന്റെ ഐശ്വര്യം ഇതേപടി നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.       

1.പല്ലാണ്ട് പല്ലാണ്ട് പല്ലായിരത്താണ്ട് 
പലകോടി നൂറായിരം
മല്ലാണ്ട തിണ്‍തോള്‍ മണിവണ്ണാ! ഉന്‍
ചെവ്വടി ചെവ്വി തിരുക്കാപ്പ്

മല്ലരെ വെന്ന് വധിച്ച ശക്തമായ ദിവ്യബാഹുമൂലങ്ങളുള്ള ഭഗവാനെ, മരതക മണിവര്‍ണ്ണാ, അവിടുത്തെ ദിവ്യ ചേവടികളും എക്കാലവും നിലനില്‍ക്കട്ടെ. ആഴ്വാര്‍ ഭഗവാന് മാനുഷ കാലഗണനയിലും ദേവന്മാരുടെ കാലഗണനയിലും തുടര്‍ന്ന് ബ്രഹ്മാവിന്റെ കാലഗണനയിലും പല കാലം വാഴുക എന്ന് ആവര്‍ത്തിച്ച് ആശംസിക്കുന്നു.

രണ്ടാം പാസുരത്തില്‍ ആഴ്വാര്‍ ഭഗവാനെ അവിടുത്തെ ഉന്നത പദവിയെപ്രതി വാഴ്ത്തുന്നു. പരമപദത്തില്‍ നിത്യവിഭൂതികളോടെയും സംസാരത്തില്‍ ലീലാവിഭൂതികളോടെയും.

2.അടിയോമോടുംനിന്നോടും പിരിവിന്റി ആയിരം പല്ലാണ്ട് വടിവായ്നിന്‍വലമാര്‍പിനില്‍ വാഴ്കിന്റമങ്കയുംപല്ലാണ്ട് വടിവാര്‍ചോതിവലന്തുറൈയും ചുടരാഴിയുംപല്ലാണ്ട് പടൈപോര്‍‍പുക്കുമുഴങ്കും അപ്പാഞ്ചജന്യമുംപല്ലാണ്ടേ

നമുക്കിടയിലുള്ള സേവ്യ സേവക ബന്ധം എക്കാലവും നിലനില്‍ക്കട്ടെ. സൗന്ദര്യവും ആഭരണാദിഭൂഷകളും നിറയൗവ്വനവുമുള്ള ശ്രീമഹാലക്ഷ്മി, അവിടുത്തെ തിരുമാറില്‍ എന്നും നിലകൊള്ളട്ടെ. വലം കൈയിലെ ദിവ്യ സുന്ദര ചക്രവും എക്കാലവും നിലനില്ക്കട്ടെ. ഇടങ്കൈയിലെ പാഞ്ചജന്യശംഖം പടക്കളത്തില്‍ എത്തുന്ന ശത്രുക്കളുടെ ഹൃദയത്തില്‍ ഭീതിവിതച്ചുകൊണ്ട് ഉയര്‍ന്ന നാദം മുഴക്കി എക്കാലവും നിലകൊള്ളട്ടെ. ഭക്തരെ പരാമര്‍ശിച്ചുകൊണ്ട് ‍ സംസാരത്തെയും മഹാലക്ഷ്മി, ചക്ര, ശംഖങ്ങളെന്നിവയെ പരാമര്‍ശിച്ചുകൊണ്ട് പരമപദത്തെയും ആഴ്വാര്‍ ഉദ്ദേശിച്ചിരിക്കുന്നു.

മൂന്നാം പാസുരത്തിലും തുടര്‍ന്നുള്ള മൂന്ന് പാസുരങ്ങളിലും ആയിട്ട്,‍ ആഴ്വാര്‍ ഈ ലോകത്ത് സുഖങ്ങളാഗ്രഹിക്കുന്നവരെയും, കൈവല്യം അഥവാ ആത്മബോധാനുഭവം ആഗ്രഹിക്കുന്നവരെയും, ഭഗവാന് നിത്യസേവ ചെയ്യുവാനാഗ്രഹിക്കുന്നവരെയും ക്ഷണിക്കുകയാണ്, തനിക്കൊപ്പം ചേര്‍ന്ന് ഭഗവാനെ വാഴ്ത്തുന്നതിനായി. ഈ പാസുരത്തില്‍ അദ്ദേഹം ഭഗവാന് സേവ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെ അതിലേക്ക് ക്ഷണിക്കുകയാണ്.

3.വാഴാട്പട്ടുനിന്റീര്‍ ഉള്ളീരേല്‍ വന്തുമണ്ണുംമണമുംകൊണ്‍മിന്‍ കൂഴാട്പട്ടുനിന്റീര്‍കളൈ എങ്കള്‍കുഴുവിനില്‍പുകുതലൊട്ടോം ഏഴാട്കാലുംപഴിപ്പിലോംനാങ്കള്‍ ഇരാക്കതര്‍വാഴ്ഇലങ്കൈ പാഴാളാകപ്പടൈപൊരുതാനുക്കുപ്പല്ലാണ്ടു കൂറുതുമേ

നിങ്ങള്‍ക്ക് സേവനമെന്ന ധനമാണ് ആഗ്രഹമെങ്കില്‍ വേഗം വരിക, തിരുമണ്ണും സുഗന്ധവും ഏറ്റു വാങ്ങുക (തിരുമണ്ണ് ധരിച്ച് വൈഷ്ണവകുലത്തില്‍ ചേരുക) ഭഗവാന് വേണ്ടിയുള്ള എന്ത് സേവനത്തിനും തയ്യാറായിക്കൊള്ളുക. ഭക്ഷണം മാത്രം ആഗ്രഹിക്കുന്നവരെ ഞങ്ങള്‍ കൂട്ടത്തില്‍ ചേരാന്‍ അനുവദിക്കുകയില്ല. ഏഴ് തലമുറകളായി ഞങ്ങള്‍ ഭഗവാന് നിഷ്കപടമായുള്ള സേവനഭാവത്തോടെ, ലങ്കയിലെ അസുരര്‍ക്കെതിരായി വില്ലുയര്‍ത്തിയ ആ കോദണ്ഡരാമസ്വാമിയായ ഭഗവാനെ സ്തുതിക്കുകയാണ്, നിങ്ങളും അതിനായി ഞങ്ങള്‍ക്കൊപ്പം ചേരുക.

നാലാം പാസുരം. ഇവിടെ അദ്ദേഹം ആത്മാനുഭൂതി അഭിലഷിക്കുന്നവരെ ക്ഷണിക്കുകയാണ്. സേവനത്തിനാഗ്രഹിക്കുന്നവരെ മാത്രം വിളിച്ചതില്‍ തൃപ്തിപോരാതെ, ഈ ലോകത്തിലുള്ള ഭൗതിക ധനം ആഗ്രഹിക്കുന്നവരെയും ആത്മാനുഭൂതി മാത്രം(അതായത് കൈവല്യം എന്ന ആത്മാവാണ് താനെന്ന ബോധം മാത്രം) ആഗ്രഹിക്കുന്നവരെയും കൂടി ഭഗവദ് സ്തുതിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു. ഇവര്‍ ഇരുകൂട്ടരില്‍ ഈ ലോകത്തെ ധനം മാത്രമിച്ഛിക്കുന്നവര്‍ ഏതെങ്കിലും കാലത്ത് ഭഗവദ് സേവയില്‍ മാത്രം താല്പര്യമുള്ളവരായി മാറിയേക്കാം. എന്നാല്‍ കൈവല്യാര്‍ത്ഥികളോ(ആത്മാവാണ് താനെന്ന അനുഭൂതി മാത്രമാഗ്രഹിക്കുന്നവര്‍) അവര്‍ക്ക് ഒരിക്കലും കൈവല്യമോക്ഷമെന്ന ചിന്തയ്ക്ക് പുറത്തേക്ക് ചിന്തയുണ്ടാകാന്‍, ‍ സാധ്യതയില്ലെന്ന് കരുതിക്കൊണ്ട് അവരെയാണ് ഭഗവദ് സേവനമെന്ന ലക്ഷ്യത്തിലേക്ക് ആഴ്വാര്‍ ആദ്യം ക്ഷണിക്കുന്നത്.

4.ഏടുനിലത്തിൽഇടുവതന്‍മുന്നംവന്തു എങ്കള്‍‍കുഴാംപുകുന്തു കൂടുമനമുടൈയീര്‍കള്‍ വരംപൊഴിവന്തുഒല്ലൈക്കൂടുമിനോ നാടുനകരമുംനന്‍കറിയ നമോനാരായണായവെന്റു പാടുമനമുടൈപ്പത്തരുള്ളീര്‍! വന്ത്പല്ലാണ്ടുകൂറുമിനേ

നിങ്ങള്‍ ശരീരം ശവപ്പറമ്പില്‍ ഉപേക്ഷിക്കുന്നതിന് മുമ്പ്, ആത്മാനുഭൂതി മാത്രമെന്ന ലക്ഷ്യത്തില്‍ നിന്ന് ഉയര്‍ന്നു ചിന്തിച്ച് ഞങ്ങള്‍ക്കൊപ്പം ചേരുക(മരണം എപ്പോഴും ആസന്നമായതിനാല്‍ എത്രയും വേഗം ഭക്തര്‍ക്കൊപ്പം കൂടുക എന്ന് താല്പര്യം), ഗ്രാമീണരായ സാധാരണക്കാരും നാഗരികരായ ജ്ഞാനികളും ജപിച്ച് ഭഗവദ് പ്രാപ്തി നേടുന്നതിനു് ഉതകുന്ന ദിവ്യ അഷ്ടാക്ഷര മന്ത്രം (ഭഗവാനെ നമിക്കുന്ന അഷ്ടാക്ഷരയുക്തമായ ദിവ്യമന്ത്രം) ജപിക്കുന്നതിനുള്ള ഭക്തിയുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭഗവാനെ വാഴ്ത്തുക.

അഞ്ചാം പാസുരത്തില്‍ ആഴ്വാര്‍ ഭൗതിക ലോകത്തെ സുഖാസ്വാദനം മാത്രം ലക്ഷ്യമാക്കുന്നവരെ ക്ഷണിക്കുന്നു.

5.അണ്ടക്കുലത്തുക്കതിപതിയാകി അസുരരിരാക്കതരൈ ഇണ്ടൈക്കുലത്തൈഎടുത്തുക്കളൈന്ത ഇരുടീകേശന്‍തനക്കു തൊണ്ടക്കുലത്തിലുള്ളീര്‍! വന്തടിതൊഴുതു് ആയിരനാമംചൊല്ലി പണ്ടൈക്കുലത്തൈത്തവിര്‍ത്തു പല്ലാണ്ടുപല്ലായിരത്താണ്ടെന്മിനേ

നിങ്ങള്‍ കൂടിയിരിക്കുന്നത് അസുരകുലാരിയായ ഹൃഷീകേശന് സേവകരായിരിക്കുന്നവര്‍ക്കൊപ്പമാണ് എന്ന ബോധ്യം ഉണ്ടാകട്ടെ. ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭഗവാന്റെ ദിവ്യപാദങ്ങളില്‍ വണങ്ങി, സഹസ്രനാമം ഭക്തിപുരസ്സരം ജപിക്കുക, ജനനചക്രത്തില്‍ നിന്ന് അങ്ങനെ മുക്തി നേടുക, ജന്മാന്തരങ്ങളില്‍ നിങ്ങള്‍ ഓരോ തവണയും ആഗ്രഹിച്ച ഭൗതികവരങ്ങളെല്ലാം ഭഗവാനില്‍ നിന്ന് അകലുന്നതിനുള്ള വരങ്ങള്‍ മാത്രമായിരുന്നു എന്ന് അറിയുക (ഓരോ ജന്മങ്ങളിലും തുച്ഛമായ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചതിലൂടെ നിങ്ങള്‍ക്ക് പറ്റിയ അബദ്ധം നിങ്ങള്‍ അങ്ങനെ ഭഗവാനില്‍ നിന്ന് അകന്നു് മറ്റ് ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോയതാണെന്ന് തിരിച്ചറിയുക) അതിനാല്‍ഭഗവാനെ ആവര്‍ത്തിച്ച് സ്തുതിക്കുക.

ആറാം പാസുരത്തില്‍, ഈ മൂന്ന് കൂട്ടരെയും ക്ഷണിച്ച ശേഷം ആഴ്വാര്‍, ഭഗവദ് സേവനത്തില്‍ മാത്രം ആഗ്രഹിച്ച് വരുന്നവരുടെ ഗുണകര്‍മ്മങ്ങളെ വിവരിച്ച് അവരെ സ്വീകരിക്കുന്നു.

6.എന്തൈതന്തൈതന്തൈതന്തൈതംമൂത്തപ്പന്‍ ഏഴ്പടികാല്‍തൊടങ്കി
വന്തു വഴിവഴിആട്ചെയ്കിന്റോം തിരുവോണത്തിരുവിഴവില്‍
അന്തിയംപോതിലരിയുരുവാകി അരിയൈയഴിത്തവനൈ
പന്തനൈ തീരപ്പല്ലാണ്ടു പല്ലായിരത്താണ്ടെന്റുപാടുതുമേ

ഏഴ് തലമുറകളായി ഞാനും എന്റെ പിതാവും അദ്ദേഹത്തിന്റെ പിതാവും ഇങ്ങനെ തലമുറകളായി, ഞങ്ങള്‍ ഭഗവാന് വേദവിധിപ്രകാരം കൈങ്കര്യം ചെയ്തു വരികയാണ്. ഒരു തിരുവോണദിനത്തില്‍ സന്ധ്യാനേരത്ത് നരഹരി രൂപം സ്വീകരിച്ച് ശത്രുവായ ഹിരണ്യനെ വധിച്ച ആ ഭഗവാനോട് ഭഗവദ്സേവനത്തിലുണ്ടാകാവുന്ന തടസ്സങ്ങള്‍ നീങ്ങാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ക്കൊപ്പം കൂടുക.

ഏഴാം പാസുരത്തില്‍ ആഴ്വാര്‍ കൈവല്യാര്‍ത്ഥികളെ സ്വീകരിക്കുന്നു. ഏടു നിലത്തിലെന്ന് തുടങ്ങുന്ന പാസുരത്തില്‍ പരാമര്‍ശിക്കപ്പെട്ടവരാണ് അവര്‍. അവരുടെ ഗുണങ്ങളെ വിവരിക്കുന്നു.

7.തീയീറ്പൊലികിന്റചെഞ്ചുടരാഴി തികഴ്തിരുച്ചക്കരത്തിന്‍
കോയിറ്പൊറിയാലേഒറ്റുണ്ടുനിന്റു കുടികുടിആട്ചെയ്കിന്റോം
മായപ്പൊരുപടൈവാണനൈ ആയിരന്തോളും പൊഴി കുരുതി
പായ ചുഴറ്റിയആഴിവല്ലാനുക്കു പ്പല്ലാണ്ടുകൂറുതുമേ

എക്കാലവും കൈങ്കര്യം അനുഷ്ഠിക്കുന്നതിനായാണ് നാം വന്നിട്ടുള്ളത്, വരും തലമുറകളിലേക്കും ഈ പാരമ്പര്യം തുടരുന്നതിനും. നമ്മുടെ ശരീരത്തില്‍ ഭഗവാന്റെ ചുവന്ന അഗ്നി തേജസ്സാര്‍ന്ന ചക്രമുദ്രയെ ധരിച്ച് (തപ്തമുദ്രാധാരണം സൂചിതം), ബാണാസുരന്റെ ആയിരം കൈകളെ അറുത്ത് രക്തപ്രളയം വരുത്തിയ ചക്രത്താഴ്വാരെ(സുദര്‍ശനചക്രത്തെ)ധരിക്കുന്ന ആ ഭഗവാനെയാണ് സ്തുതിക്കുന്നത്.

എട്ടാം പാസുരം. ആഴ്വാര്‍ ഐശ്വര്യാര്‍ത്ഥികളെ സ്വീകരിക്കുന്നു. അണ്ടകുലത്തുക്കെന്ന പാസുരത്തിലെ പരാമര്‍ശിക്കപ്പെട്ടവരെ, ക്ഷണം സ്വീകരിച്ച് ഭഗവാന് സ്തുതിചെയ്യാനാഗതരായവരെ.

8.നെയ്യിടൈ നല്ലതോര്‍ ചോറും നിയതമുംഅത്താണിച്ചേവകമും
കൈയടൈക്കായുംകഴുത്തുക്കുപ്പൂണൊട് കാതുക്ക്ക്കുണ്ടലമും
മെയ്യിടനല്ലതോര്‍ചാന്തമുംതന്ത് എന്നൈവെള്ളുയിരാക്കവല്ല
പൈയുടൈനാകപ്പകൈക്കൊടിയാനുക്കു പ്പല്ലാണ്ട് കൂറുവനേ

(ഐശ്വര്യാര്‍ത്ഥികള്‍ പറയുന്നു) ഞാന്‍ ആ ഭഗവാനെ സ്തുതിക്കും, ആരാണോ എനിക്ക് ശുദ്ധവും സ്വാദിഷ്ടവുമായ പ്രസാദം(ഭഗവദ് നിവേദ്യം) നല്കിയത്, നെയ്യും, അതേപോലെ സേവകരെയും, താംബൂലവും നല്കിയത്, കണ്ഠാഭരണവും, കുണ്ഡലവും ചന്ദനക്കുഴമ്പും തന്ന് ആദരിച്ചത്, എനിക്ക് സമാധാനപൂര്‍ണ്ണമായ മനസ്സ് തരാന്‍ പ്രാപ്തനായത്, പത്തിവിടര്‍ത്തിയ നാഗങ്ങളുടെ ശത്രുവായ ഗരുഡനെ ധ്വജമാക്കിയ ആ ഭഗവാനെ.

ഒമ്പതാം പാസുരം. ആഴ്വാര്‍ ഭക്തരോടും കൈങ്കര്യാര്‍ത്ഥികളോടും, അതിലേക്ക് ക്ഷണിക്കപ്പെട്ടവരോടുമൊപ്പം-വാഴാട് പട്ട് എന്ന മൂന്നാം പാസുരത്തിലൂടെ ക്ഷണിക്കപ്പെട്ടവരും, എന്തൈ തന്തൈ എന്ന ആറാം പാസുരത്തിലൂടെ അദ്ദേഹത്തിനൊപ്പം കൂടിയവരോടുമൊപ്പം, ഭഗവാനെ സ്തുതിക്കുന്നു.

9.ഉടുത്ത്ക്കളൈന്ത നിന്‍പീതകവാടൈയുടുത്തു ക്കലത്തതുണ്ടു
തൊടുത്തതുഴായ്മലര്‍ചൂടിക്കളൈന്തന ചൂടുംഇത്തൊണ്ടര്‍കളോം
വിടുത്തതിശൈക്കരുമംതിരുത്തി ത്തിരുവോണത്തിരുവിഴവില്‍
പടുത്തപൈന്നാകണൈപ്പള്ളികൊണ്ടാനുക്ക് പ്പല്ലാണ്ട്കൂറുതുമേ

ഞങ്ങള്‍ അവിടുത്തെ സേവകരായിരിക്കും. അവിടുന്ന് ഉടുത്ത് മാറ്റിയ പീത വസ്ത്രങ്ങള്‍ ധരിച്ചും അവിടുത്തെ പ്രസാദം മാത്രം ഭുജിച്ചും അവിടുന്ന് ചൂടിയ തുളസിമാലകള്‍ ധരിച്ചും വസിക്കും. തിരുവോണനാളില്‍ സന്ധ്യാകാലത്ത് പ്രത്യക്ഷനായ, ആദിശേഷനെ തിരുമെത്തയാക്കിയ അങ്ങയ്ക്ക് പല്ലാണ്ട് ആശംസിച്ച് സ്തുതിക്കും.

പത്താം പാസുരം. ഇവിടെ ആഴ്വാര്‍ കൈവല്യനിഷ്ഠര്‍ക്കൊപ്പം(ആത്മാനുഭവത്തില്‍ തല്പരരായവര്‍) കൂടുന്നു. ഏടുനിലത്തിലെന്ന പാസുരത്തില്‍ അദ്ദേഹം ക്ഷണിച്ചിരുന്ന, തീയില്‍ പൊലികിന്റ പാസുരത്തില്‍ അദ്ദേഹത്തിനൊപ്പം കൂടിയവരാണ് അവര്‍.

10.എന്നാള്‍എമ്പെരുമാന്‍ ഉന്തനക്കടിയോമെന്റെഴുത്തപ്പട്ട
അന്നാളേ അടിയോങ്കളടിക്കുടിൽ വീടുപെറ്റുയന്തതുകാണ്‍
ചെന്നാള്‍ തോറ്റി ത്തിരുമതുരൈയുള്‍ ചിലൈകുനിത്ത് ഐന്തലൈയ
പൈന്നാകത്തലൈപ്പായ്ന്തവനേ! ഉന്നൈപ്പല്ലാണ്ടു കൂറുതുമേ

ഞങ്ങളുടെ സ്വാമി! അങ്ങയുടെ ദാസരായി ഞങ്ങള്‍ എഴുതിയ(ദൃഢനിശ്ചയത്തോടെ ശരണാഗതരായ) ദിവസം, ഞങ്ങളുടെ വംശം എല്ലാ പിന്‍ഗാമികളോടെയും, കൈവല്യമെന്ന താഴ്ന്ന പദത്തില്‍ നിന്നും ഉദ്ധൃതരായിരിക്കുന്നു (ആത്മാവാണ് താനെന്ന അവബോധം ആത്മീയതയുടെ താഴ്ന്ന തലവും ഭഗവദ് സേവനാഭിമുഖ്യം അതിലുമുയര്‍ന്ന പദവുമാണെന്ന കാഴ്ചപ്പാട് ഇവിടെ സൂചിതം). മംഗളകരമായ നാളില്‍ അവതരിച്ച്, വടമധുരയിലെ കംസന്റെ ചാപോത്സവത്തില്‍ ചാപഭഞ്ജനം ചെയ്ത, കാളിയനാഗത്തിന്റെ അഞ്ച് പത്തികളിലും ചാടിക്കളിച്ച ഭഗവാനെ, ഞങ്ങളിതാ അങ്ങയ്ക്ക് പല്ലാണ്ട് നേരാനായി കൂടിയിരിക്കുന്നു.

പതിനൊന്നാം പാസുരം. ഇവിടെ ആഴ്വാര്‍ ഐശ്വര്യാര്‍ത്ഥികള്‍ക്കൊപ്പം കൂടുന്നു. അണ്ടകുലമെന്ന പാസുരത്തില്‍ ക്ഷണിക്കപ്പെട്ടവരും നെയ്യിടൈപാസുരത്തില്‍ ഒപ്പം ചേര്‍ന്നവരുമാണ് അവര്‍.

11.അല്‍വഴക്കൊന്റുമില്ലാ അണികോട്ടിയര്‍കോന്‍ അപിമാനതുങ്കന്‍
ചെല്‍വനൈപ്പോല ത്തിരുമാലേ! നാനുമുനക്ക്പ്പഴവടിയേന്‍
നല്‍‍വകൈയാല്‍നമോനാരായണാവെന്റു നാമംപലപരവി
പല്‍വകൈയാലും പവിത്തിരനേ! ഉന്നൈപ്പല്ലാണ്ടു കൂറുവനേ

മഹാലക്ഷ്മീപതിയായ ഭഗവാനെ, ഭൂലോകതിലകമായ തിരുക്കോട്ടിയൂര്‍ ദിവ്യദേശത്തെ പ്രമുഖനും സ്വയം അങ്ങയുടെ മാത്രം അടിമയാണ് താനെന്ന് ആത്മസമര്‍പ്പണം ചെയ്ത, കറയറ്റ ഭക്തനുമായ ചെല്‍വനമ്പിയെപ്പോലെ, അടിയനും കാലങ്ങളായി അവിടുത്തെ സേവകനാണ്. സ്വന്തം പ്രകൃതത്താലും സ്വരൂപത്താലും ഗുണങ്ങളാലും ധനങ്ങളാലും ഞങ്ങളെ പരിശുദ്ധരാക്കി മാറ്റുന്ന, അവിടുത്തെ, അഷ്ടാക്ഷര മന്ത്രം ധ്യാനിച്ചും സഹസ്രനാമം ജപിച്ചും ഞാന്‍ ആരാധിക്കും.

പന്ത്രണ്ടാം പാസുരം. അവസാന ഭാഗത്ത്, ആഴ്വാര്‍ ഈ പ്രബന്ധം പഠിക്കുന്നവര്‍ക്കുള്ള ഫലശ്രുതിയായി, പ്രേമത്തോടെ ഭഗവാനെ സ്തുതിക്കുന്നവര്‍ എക്കാലവും ഭഗവദ് സാമീപ്യം നേടുമെന്നും അതേപോലെ ഭഗവാന് എക്കാലവും മംഗളാശാസനം ചെയ്യുന്നതിന് അവര്‍ ഭാഗ്യം നേടുമെന്നും അരുള്‍ചെയ്തിരിക്കുന്നു.

12.പല്ലാണ്ടെന്റുപവിത്തിരനൈപ്പരമേട്ടിയൈ ചാര്‍ങ്കമെന്നും
വില്ലാണ്ടാന്‍തന്നൈ വില്ലിപുത്തുര്‍വിട്ടുചിത്തന്‍വിരുമ്പിയചൊല്‍
നല്ലാണ്ടെന്റുനവിന്റുരൈപ്പാര്‍ നമോനാരായണായവെന്റു
പല്ലാണ്ടും പരമാത്മനൈച്ചൂഴ്‍ന്തിരുന്തേത്തുവര്‍‍ പല്ലാണ്ടേ

ഈ പ്രബന്ധം, ശ്രീവില്ലിപുത്തൂര് പിറന്ന വിഷ്ണുചിത്തന്‍ (പെരിയാഴ്വാര്) പരമപവിത്രനും പരമപദത്തില്‍ നിലകൊള്ളുന്നവനുമായ ശാര്‍ങ്ഗപാണിയായ ഭഗവാന്‍ ‍എക്കാലവും സമംഗളം വാഴട്ടെ എന്ന് ആശംസിച്ച് രചിച്ചതാണ്. ആരാണോ ഈ പ്രബന്ധം ഇതിന്റെ ജപത്താല്‍‍ തന്നെ നല്ലകാലം വന്നിരിക്കുന്നു എന്ന ബോദ്ധ്യത്തോടെ ജപിക്കുന്നത്, അവര്‍ അഷ്ടാക്ഷര മന്ത്രം ധ്യാനിച്ചുകൊണ്ടും, ഭഗവാന് പല്ലാണ്ട് ആശംസിച്ച് കൊണ്ടും പരമപദത്തില്‍ ശ്രീമന്നാരായണ സവിധം വസിക്കുന്നതാണ്.

ഉറവിടം – http://divyaprabandham.koyil.org/index.php/2020/04/thiruppallandu-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org