ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

ശ്രീ വൈഷ്ണവ സമ്പ്രദായത്തിലെ പ്രമുഖ ആചാര്യന്മാരിലൊരാളായ ശ്രീ മണവാള മാമുനികൾ തന്റെ ഉപദേശ രത്നമാല പാസുരം 11- ൽ തൊണ്ടരടിപ്പൊടി ആഴ്‌വാറിന്റെ മഹത്വം വളരെ മനോഹരമായി വെളിപ്പെടുത്തിയിരിക്കുന്നു.
മന്നിയ സീർ മാർഗഴിയിൽ കേട്ടൈ ഇന്റു മാനിലത്തീർ എന്നിദന്ക്കു ഏട്രം എനിൽ ഉരൈക്കേൻ - തുന്നു പുകഴ് മാമറൈയോൻ തൊണ്ടരടിപ്പൊടി ആഴ്വാർ പിറപ്പാൽ നാൻമറൈയോർ കൊണ്ടാടും നാൾ.
ശ്രീവൈഷ്ണവ മാസമെന്ന് സവിശേഷ പ്രാധാന്യമുള്ള മാർഗഴി മാസത്തിലെ കേട്ടൈ (തൃക്കേട്ട) ദിനത്തിന്റെ മഹത്വത്തെക്കുറിച്ച് ഞാൻ വിവരിക്കാം, ഈ സംസാരത്തിലുള്ള ഏവരും ശ്രവിച്ചുകൊള്ളുവിൻ! വേദോപനിഷത്തുക്കളുടെ സാരം അറിയുകയും അതിന്റെ വിഷയങ്ങളിൽ പൂർണ്ണമായും മുഴുകി, ശ്രീരംഗനാഥന്റെ ഭക്തരുടെ മാത്രം ദാസനായിരുന്ന തൊണ്ടരടിപ്പൊടി ആഴ്വാർ ജനിച്ച ദിവസമായാണ് വേദജ്ഞാനികളായ എംബരുമാനാർ (ശ്രീ രാമാനുജൻ) മുതലായവർ ഈ ദിനത്തെ കൊണ്ടാടുന്നത്.
നമ്മുടെ പൂർവ്വാചാര്യന്മാരിലൊരാളായ ശ്രീ അഴകിയ മണവാളപ്പെരുമാൾ നായനാർ, ആചാര്യ ഹൃദ്യത്തിന്റെ 85-ാമത് ചൂർണ്ണികയിൽ, പെരിയ പെരുമാളിനെ യോഗനിദ്രയിൽ നിന്നുണർത്താൻ സുപ്രഭാതം പാടിയവരിൽ, തൊണ്ടരടിപ്പൊടി ആഴ്വാറിനെ പ്രത്യേകമായി “തുളസിഭൃത്യർ” (തുളസികൊണ്ട് എന്നും ഭഗവാനെ സേവിക്കാൻ വളരെ ഇഷ്ടപ്പെടുന്ന ഒരാൾ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. തൊണ്ടരടിപ്പൊടി ആഴ്വാർ തന്നെ, തന്റെ തിരുമാലൈ പ്രബന്ധത്തിൽ സ്വയം ഇപ്രകാരം സംബോധന ചെയ്തിട്ടുള്ളതാണ്. “തുളബത്തൊണ്ഡായ തൊൽ സീർത്ത് തൊണ്ടരടിപ്പൊടി എന്നും അടിയനായ്” (തുളസിയുമായി സേവനം ചെയ്യുന്ന സേവകൻ). തന്റെ യോഗനിദ്രയിൽ നിന്ന് ഭഗവാനെ ഉണർത്തുന്ന വലിയൊരു സവിശേഷ പ്രബന്ധമാണ് തിരുപ്പള്ളിയെഴുച്ചി.
ഈ പ്രബന്ധത്തിന്റെ ലളിതമായ വിശദീകരണം പൂർവാചാര്യന്മാരുടെ വ്യാഖ്യാനങ്ങളെ അവലംബിച്ചുള്ളതാണ്.
ധ്യാനശ്ലോകങ്ങള്‍(തനിയന്‍)
തമേവ മത്വാ പരവാസുദേവം രംഗേശയം രാജവദർഹണീയം പ്രാബോധികീം യോകൃത സൂക്തിമാലാം ഭക്താങ്ഘൃരേണും ഭഗവന്തമീഡേ
ശ്രീ വൈകുണ്ഠത്തിലെ പരവാസുദേവന് തത്തുല്യനായ, ജ്ഞാനാദികളായ കല്ല്യാണഗുണങ്ങൾ നിറഞ്ഞ, ആദിശേഷനെ പള്ളിമെത്തയാക്കിയ, രാജതുല്യമായി ആരാധിക്കപ്പെടുന്ന, ശ്രീരംഗം പെരിയ പെരുമാളിനെ (ശ്രീരംഗത്തെ ആർച്ചാവതാരത്തെ) ഉണർത്തുന്ന ശ്ലോകങ്ങളുടെ മാല കരുണാപൂർവ്വം ഞങ്ങൾക്ക് നൽകിയ ജ്ഞാന സമ്പന്നനും മറ്റു സവിശേഷ ഗുണങ്ങളോടു കൂടിയവനുമായ തൊണ്ടരടിപ്പൊടി ആഴ്വാറിനെ ഞാൻ സ്തുതിക്കുന്നു,
മണ്ഡങ്കുടി എൻബർ മാമറൈയോർ മന്നിയ സീർ തൊണ്ടരടിപ്പൊടി തൊന്നഗരം വണ്ടു തിണർത്ത വയൽ തെന്നരങ്കത്തു അമ്മാനൈപ്പള്ളി ഉണർത്തും പിരാൻ ഉദിത്ത ഊർ
ധാരാളം വണ്ടുകളാൽ നിറഞ്ഞ, മനോഹരമായ ഫലഭൂയിഷ്ഠമായ വയലുകളാൽ ചുറ്റപ്പെട്ട, ശ്രീരംഗത്തിൽ ശയിക്കുന്ന പെരിയ പെരുമാളിനെ പാസുരം പാടി ഉണർത്തുക എന്ന ദിവ്യ കർമ്മം നിർവഹിച്ച ആഴ്വാറാണ് തൊണ്ടരടിപ്പൊടി ആഴ്വാർ. അദ്ദേഹത്തിന്റെ അവതാരസ്ഥലമായാണു മണ്ഡങ്കുടി വേദജ്ഞർക്കിടയിൽ അറിയപെടുന്നത്.
ആദ്യ പാസുരം – പെരിയ പെരുമാളിനെ ഉണർത്താൻ എല്ലാ ദേവഗണങ്ങളും ശ്രീരംഗം സന്നിധിയിൽ എത്തിച്ചേരുന്നതായി ആദ്യ പാസുരത്തിൽ ആഴ്‌വാർ പരാമർശിക്കുന്നു. ഇതിൽ നിന്നും, ശ്രീമൻ നാരായണൻ മാത്രമാണ് സർവ്വലോകാരാധ്യനായ പരമോന്നതനായ ഭഗവാൻ, മറ്റെല്ലാ ദേവഗണങ്ങളും ദിവൃസൃഷ്ടികളും, ആ ഭഗവാന്റെ ഭക്തർ മാത്രമെന്നും വ്യക്തമാണ്.
1. കതിരവൻ ഗുണദിശൈച്ചികരം വന്തണൈന്താൻ കന ഇരുൾ അകന്റതു കാലൈ അം പൊഴുതായ് മധു വിരിന്തു ഒഴുകിന മാമലർ എല്ലാം വാനവർ അരചർഗൾ വന്തു വന്തു ഈണ്ടി എതിർ ദിശൈ നിറൈന്തനർ ഇവരൊടും പുകുന്ത ഇരുങ്കളിറ്റ് ഈട്ടമും പിടിയൊടു മുരശും അതിർതലിൽ അലൈ കടൽ പോന്റുളത് എങ്കും അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
തിരു അരംഗം വാഴും ഭഗവാനേ! രാത്രിയുടെ കനത്ത ഇരുളിനെ അകറ്റി സൂര്യൻ കിഴക്കൻ പർവതത്തിന്റെ മുകളിലേക്കായി ഉദിച്ചുയർന്നിരിക്കുന്നു. പ്രഭാതത്തിന്റെ വരവോടെ വിരിയുന്ന പുഷ്പങ്ങളെല്ലാം തേനൊലി തൂകുന്നു. ഭഗവദ് ദർശന പ്രസാദം കാംക്ഷിച്ചു കൊണ്ട് ദേവന്മാരും രാജാക്കന്മാരും സംഘങ്ങളായി വന്നെത്തി അങ്ങയുടെ ദിവ്യദർശനം ആദ്യം പതിയുന്ന സന്നിധിയുടെ തെക്ക് ഭാഗത്ത് തിങ്ങി നിറഞ്ഞിരിക്കുകയാണ്. തങ്ങളാണ് ആദ്യം ഭഗവദ് ദർശനത്തിന് സന്നിഹിതരായതെന്ന് അവർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. അവരോടൊപ്പം, വാഹനങ്ങളായ ആൺ-പെൺ ആനകളും, വിവിധ സംഗീതോപകരണ വിദ്വാന്മാരും എത്തിയിട്ടുണ്ട്. അവിടുന്ന് നിദ്ര വിട്ടുണരുന്നത് കാണുന്നതിലുള്ള ആവേശത്താലുള്ള അവരുടെ കരഘോഷങ്ങൾ, കഠിനമായ തിരമാലകളുള്ള സമുദ്രത്തിന്റെ ഇരമ്പലിനു സമാനമായി, എല്ലാ ദിക്കുകളിലും പ്രതിധ്വനിക്കുന്നു. അതിനാൽ, ശ്രീരംഗ വിരാജിതനായ പ്രഭോ! അങ്ങ് പള്ളിയെഴുന്നേറ്റാലും.
രണ്ടാം പാസുരം – അരയന്നങ്ങളെ തൊട്ടുണർത്തി കിഴക്കൻ കാറ്റ് പ്രഭാതത്തിന്റെ വരവറിയിച്ചിരിക്കുന്നു. അതിനാൽ ഭക്തവത്സലനായ ഭഗവാൻ പള്ളിയുറക്കത്തിൽ നിന്നുണരണമെന്ന് ആഴ്വാർ അഭ്യർത്ഥിക്കുകയാണ്.
2. കൊഴുങ്കൊടി മുല്ലൈയിൻ കൊഴു മലരണവി കൂർന്തദു ഗുണദിശൈ മാരുതം ഇതുവോ എഴുന്തന മലരണൈപ് പള്ളി കൊൾ അന്നം ഈൻപണി നനൈന്ത തം ഇരും ചിറക് ഉതറി വിഴുങ്കിയ മുതലൈയിൻ പിലമ്പുരൈ പേഴ്വായ് വെള്ളുയിർ ഉറ അതൻ വിടത്തിനുക്കു അനുങ്കി അഴുങ്കിയ ആനൈയിൻ അരുന്തുയർ കെടുത്ത അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
കിഴക്കൻ കാറ്റ് ഇതാ സമൃദ്ധമായുള്ള നറുമുല്ല വള്ളികളെ തൊട്ടുതലോടി വീശികൊണ്ടിരിക്കുന്നു. മലർമെത്തയിൽ ഉറങ്ങിയിരുന്ന അരയന്നങ്ങൾ മൂടൽ മഞ്ഞ് വീണു നനഞ്ഞ മനോഹരമായ ചിറകുകൾ മഴയെന്ന പോലെ കുടഞ്ഞ് കൊണ്ടെഴുന്നേൽക്കുന്നു. വലിയ ഗുഹപോലുള്ള വായ ഉപയോഗിച്ച് മുതല, ഗജേന്ദ്രന്റെ (ആന) കാൽ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ മൂർച്ചയുള്ള പല്ലുകളിൽ നിന്നുള്ള വിഷം മൂലം വളരെയധികം കഷ്ടതകൾ അനുഭവിച്ച ഗജേന്ദ്രന്റെ സങ്കടങ്ങൾ നീക്കിയതു ഭവാനാണ്. മുതലയെ വധിച്ചു ഗജേന്ദ്രനെ മോചിപ്പിച്ച ശ്രീരംഗ വിരാജിതനായ പ്രഭോ! അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക.
മൂന്നാം പാസുരം – സൂര്യകിരണങ്ങൾ നക്ഷത്രങ്ങളുടെ തിളക്കത്തെ മറച്ചിരിക്കുന്നു. മൂന്നാം പാസുരത്തിൽ ആഴ്വാർ, എംബെരുമാന്റെ സുദർശന ചക്രമേന്തുന്ന തൃക്കരങ്ങളെ പൂജിക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്.
3. ചുടരൊളി പരന്തന ചൂഴ് ദിശൈ എല്ലാം തുന്നിയ താരകൈ മിന്നൊളി സുരുങ്കിപ് പടരൊളി പശുത്തനൻ പനിമതി ഇവനോ പായിരുൾ അകന്റതു പൈമ്പൊഴിൽ കമുകിൻ മടലിടൈക്കീറി വൺ പാളൈകൾ നാറ വൈകറൈ കൂർന്തതു മാരുതം ഇതുവോ അടലൊളി തികഴ് തരു തിഗിരി അന്തടക്കൈ അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
സൂര്യരശ്മികൾ എല്ലാ ദിക്കുകളിലേക്കും ഇപ്പോൾ വ്യാപിച്ചിരിക്കുന്നു. എങ്ങും പടർന്നിരുന്ന നക്ഷത്ര കൂട്ടങ്ങളുടെ തിളക്കം സൂര്യ പ്രഭയിൽ മറഞ്ഞുപോയി. ചന്ദ്രന്റെ ശീതള പ്രകാശ രശ്മികളും മങ്ങിയിരിക്കുന്നു. രാത്രിയിലെങ്ങും പരന്നിരുന്ന കനത്ത ഇരുൾ ഇതാ പൂർണമായും അകന്നിരിക്കുന്നു. ഹരിതനിർഭരമായ കവുങ്ങിൻ തോപ്പുകളിലെ പാളകളിൽ തട്ടി സുഗന്ധവാഹിനിയായി കാറ്റ് വീശുന്നു. തിളങ്ങുന്നതും ശക്തവുമായ സുദർശന ചക്രം കൈയ്യിലേന്തിയ ഭഗവാനെ, ശ്രീരംഗത്തിൽ പള്ളികൊള്ളും പ്രഭു! അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക.
നാലാം പാസുരം – രാമാവതാരത്തെ പറ്റിയാണ് ആഴ്വാർ ഇവിടെ പരാമർശിക്കുന്നത്. ഭഗവദ് അനുഭവത്തിന് തടസമായി വരുന്ന വിഘ്നങ്ങളെന്ന ശത്രുക്കളെയെല്ലാം രാമാവതാരത്തിലെന്ന പോലെ ശത്രുസംഹാരം നിറവേറ്റാൻ അദ്ദേഹം രംഗനാഥനോട് ആവശ്യപെടുകയാണ്.
4. മേട്ടു ഇള മേദികൾ തളൈ വിടും ആയർകൾ വേയ്ങ്കുഴൽ ഓസൈയും വിടൈ മനിക് കുരലും ഈട്ടിയ ഇസൈ ദിശൈ പരന്തന വയലുൾ ഇരിന്ദിന സുരുമ്പിനം ഇലങ്കൈയർ കുലത്തൈ വാട്ടിയ വരി സിലൈ വാനവർ ഏറേ മാമുനി വേളവിയൈക് കാത്തു അവബിരതം ആട്ടിയ അഡുതിറൽ അയോദ്ദി എം അരസേ! അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
കന്നുകാലികളുടെ കഴുത്തിൽ തൂക്കിയിരിക്കുന്ന മണികളിൽ നിന്നുള്ള ധ്വനിയും, അവയെ മേയ്ക്കുന്ന ഇടയരുടെ പുല്ലാങ്കുഴൽ നാദവും എല്ലാ ദിശകളിലേക്കും സമ്മിശ്രമായി വ്യാപിക്കുന്നു. പച്ചപുൽപ്പരപ്പിൽ വണ്ടുകൾ ഉത്സാഹത്തോടെ ശബ്ദം മുഴക്കാൻ തുടങ്ങി. ഓ ശ്രീ രാമ! ശത്രുക്കളെ ചുട്ടെരിക്കുന്ന ദിവ്യമായ ശാര്ങ്ഗം വില്ല് കയ്യിലേന്തിയ ദേവാധിദേവനേ! അങ്ങ് രാക്ഷസന്മാരെ നിഗ്രഹിച്ച് വിശ്വാമിത്ര മുനിയുടെ യാഗം പൂർത്തിയാക്കി അവഭ്രൂത സ്നാനം ചെയ്തവനാണ്. ശത്രുക്കളെ ജയിക്കാൻ പ്രാപ്തമായിരുന്ന സുശക്തമായ അയോദ്ധ്യ സാമ്രാജ്യത്തിന്റെ നാഥനായവനെ! തിരുവരംഗത്തിൽ വിശ്രമം കൊള്ളുന്ന ഭഗവാനേ! അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക.
അഞ്ചാം പാസുരം – ശ്രീ രംഗനാഥൻ്റെ പാദസേവനത്തിനായി എല്ലാ ദേവഗണങ്ങളും പുഷ്പങ്ങളുമായി സന്നിധാനത്ത് അണി നിരന്നിരിക്കുന്നു. ഭക്തരെയെല്ലാം സമദൃഷ്ടിയോടെ വീക്ഷിക്കുന്നവനാകയാൽ, ഭഗവാൻ വേഗം ഉണർന്ന് എല്ലാവരുടെയും സേവനങ്ങൾ സ്വീകരിക്കണം എന്നു ആഴ്വാർ അഭ്യർത്ഥിക്കുന്നു.
5. പുലമ്പിന പുട്കളും പൂമ്പൊഴികളിൻ വായ് പോയിട്രുക് കങ്കുൽ പുഗുന്തതു പുലരി കലന്തതു ഗുണ ദിസൈക് കനൈകടൽ അരവം കളി വണ്ടു മിഴട്രിയ കലംബഗമം പുനൈന്ത അലങ്കൽ അമ് തൊടൈയൽ കൊണ്ടു അടിയിണൈ പണിവാൻ അമരർകൾ പുകുന്തനർ ആദലിൽ അമ്മാ! ഇലങ്കൈയർ കോൻ വഴിപാടു സെയ് കോയിൽ എംബെരുമാൻ! പള്ളി എഴുന്തരുളായേ
പൂത്തുലഞ്ഞ പൂന്തോപ്പുകളിൽ പക്ഷികൾ സന്തോഷഭരിതരായി കളകൂജനങ്ങളുമായി ഉല്ലസിക്കുന്നു. രാത്രി പൂർണമായും വിടവാങ്ങി പ്രഭാതരശ്മികൾ ശക്തമായിരിക്കുകയാണ്. കിഴക്കുഭാഗത്തുള്ള സമുദ്രത്തിന്റെ ആരവങ്ങൾ എല്ലാ ദിക്കുകളിലും മുഴങ്ങുന്നത് കേൾക്കാൻ സാധിക്കും. അങ്ങയുടെ ഉപാസനക്കായി ദേവഗണങ്ങളെല്ലാം വലിയ ഹാരങ്ങളുമായി വന്നെത്തിയിട്ടുണ്ട്. ആ പുഷ്പഹാരങ്ങളിലെ തേൻ നുകരാനായി വണ്ടുകൾ അതിനെ ചുറ്റിപറ്റി പറക്കുന്നു. തിരുവരംഗത്തിൽ ദിവ്യ വിശ്രമിത്തിലാഴുന്നവനെ, അങ്ങ് ലങ്കയുടെ രാജാവായ വിഭീഷണനാൽ ആരാധിക്കപ്പെടുന്നവനായ ഭഗവാനാണ്! അങ്ങ് ദയവായി ഉണർന്ന് എല്ലാവർക്കും അനുഗ്രഹം നൽകുക.
ആറാം പാസുരം – ഭഗവാനാൽ നിയുക്തനായ, ദേവഗണങ്ങളുടെ സൈന്യാധിപനായി വർത്തിക്കുന്ന സുബ്രഹ്മണ്യനും, മറ്റു ദേവതകളും അവരുടെ ഭാര്യമാർക്കും വാഹനങ്ങൾക്കും അനുയായികൾക്കുമൊപ്പം സന്നിധാനത്തായി വന്നെത്തിയിരിക്കുന്നു. ആയതിനാൽ ഭഗവാൻ തന്റെ യോഗനിദ്രയിൽ നിന്നുണർന്നു അവരുടെ സർവാഭിലാഷങ്ങൾ നിറവേറ്റികൊടുക്കണമെന്ന് ആഴ്വാർ അഭ്യർത്ഥിക്കുകയാണ്.
6. ഇരവിയർ മണി നെടും തേരൊടും ഇവരോ ഇറൈയവർ പതിനൊരു വിടൈയരും ഇവരോ മരുവിയ മയിലിനൻ അറുമുഖൻ ഇവനോ മരുതരും വസുക്കളും വന്തു വന്ത് ഈണ്ടി പുരവിയോട് ആടലും പാടലും തേരും കുമരദണ്ഡം പുകുന്തു ഈണ്ടിയ വെള്ളം അരുവരൈ അനൈയ നിൻ കോയിൽ മുൻ ഇവരോ അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
പന്ത്രണ്ട് ആദിത്യന്മാർ (സൂര്യദേവന്മാർ) അവരുടെ വലിയ രഥങ്ങളിൽ വന്നിറങ്ങി. ലോകപാലകരായ പതിനൊന്ന് രുദ്രന്മാരും വന്നെത്തിയിരിക്കുന്നു. അറുമുഖനായ സുബ്രഹ്മണ്യൻ തന്റെ സവിശേഷ മയിൽ വാഹനത്തിൽ എത്തി. നാൽപത്തിയൊമ്പത് മരുത്തുക്കളും എട്ട് വസുക്കളും (വിവിധ ദേവഗണങ്ങൾ) അങ്ങയുടെ ദർശന സൗഭാഗ്യത്തിനായുള്ള നിരയിൽ ഉന്തും തള്ളുമായി നിറഞ്ഞിരിക്കുന്നു. രഥങ്ങളോടും കുതിരകളോടും കൂടി അടുത്തടുത്തായി അണിനിരന്ന ദേവഗണങ്ങളെല്ലാം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. അങ്ങയുടെ ദിവ്യ ദർശനത്തിനായി സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ള എല്ലാ ദേവതകളും ഒരു വലിയ പർവ്വതം പോലെ തിരുവരംഗത്തിന് മുന്നിലായി ഒത്തുകൂടിയിരിക്കുന്നു. തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.
ഏഴാമത്തെ പാസുരം. ഇന്ദ്രനും സപ്തർഷികളും ഉൾപ്പെടെയുള്ള ദേവഗണങ്ങളെല്ലാം ആകാശത്ത് നിറഞ്ഞുകൂടി ഭഗവാനെ സ്തുതിക്കുകയാണ്. ആയതിനാൽ തന്റെ ദിവ്യനിദ്രയിൽ നിന്ന് ഉണർന്ന് അവർക്കെല്ലാം ദർശനം നൽകാൻ ആഴ്വാർ ശ്രീ രംഗനാഥനോടായി ഉണർത്തിക്കുന്നു.
7. അന്തരത്തു അമരർകൾ കൂട്ടങ്കൾ ഇവൈയോ അരുന്തവ മുനിവരും മരുതരും ഇവരോ ഇന്ദിരൻ ആനൈയും താനും വന്തിവനോ എംബെരുമാൻ ഉന കോയിലിൻ വാസൽ സുന്ദരർ നെരുക്ക വിച്ചാദരർ നൂക്ക ഇയക്കരും മയങ്കിനർ തിരുവടി തൊഴുവാൻ അന്ദരം പാരിടം ഇല്ലൈ മട്രിദുവോ അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
പ്രഭോ! ഇന്ദ്രൻ തന്റെ വാഹനമായ ഐരാവതത്തിൽ വന്നിറങ്ങി അങ്ങയുടെ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ കാത്തിരിക്കുന്നു. അദ്ദേഹത്തെ കൂടാതെ സ്വർഗലോകത്തു നിന്നും മറ്റു ദേവഗണങ്ങളും അവരുടെ അനുയായികൾ, സനക മഹർഷി തുടങ്ങിയ ഋഷിമാർ, മരുത്തുകൾ, അവരുടെ സഹായികൾ, യക്ഷ ഗന്ധർവന്മാർ, വിദ്യാധരന്മാർ (വിവിധ ദിവ്യസൃഷ്ടികൾ) എന്നിവരെല്ലാം വന്നെത്തി ഇവിടം തിങ്ങി കൂടിയിരിക്കുന്നു. അങ്ങയുടെ ദിവ്യ പാദസേവനാഭിലാഷത്തിൽ മുഴുകിയവരാൽ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നു. തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.
എട്ടാമത്തെ പാസുരം – ശ്രീ രംഗനാഥൻ്റെ ആരാധനക്കായി ഏറ്റവും അനുയോജ്യമായ സമയമായ പ്രഭാതം സമാഗതമായിരിക്കുന്നു. ശ്രീ രംഗനാഥനല്ലാതെ മറ്റൊരു വിഷയങ്ങളിൽ തത്പരരല്ലാത്ത ഋഷിമാരും മറ്റും പൂജാ ദ്രവ്യങ്ങളുമായി സന്നിഹിതരായിരിക്കുന്നു. ദയവായി ഭഗവാൻ ദിവ്യനിദ്രയിൽ നിന്ന് ഉണർന്ന് അവർക്ക് ദർശനം നൽകണമെന്ന് ആഴ്വാർ അഭ്യർത്ഥിക്കുകയാണ്.
8. വമ്ബവിഴ് വാനവർ വായുറൈ വഴങ്ക മാനിധി കപിലൈ ഒൺ കണ്ണാടി മുതലാ എംബെരുമാൻ പടിമൈക്കലം കാണ്ടാർകു ഏറ്പന ആയിന കൊണ്ടു നന്മുനിവർ തുംബുരു നാരദർ പുകുന്തനർ ഇവരോ തോന്റിനൻ ഇരവിയും തുലങ്കൊളി പരപ്പി അംബര തലത്തി നിന്റു അഗൽകിന്റതു ഇരുൾ പോയ് അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
ഓ സ്വാമി! എന്റെ പ്രഭോ, പ്രമുഖരായ തുംബുരു, നാരദർ തുടങ്ങിയ ഋഷിവര്യന്മാർ സ്വർഗത്തിൽ വസിക്കുന്ന ദേവഗണങ്ങൾ, കാമധേനു എന്നിവർ അങ്ങയുടെ അനുഗ്രഹത്തിനായി, തിരുവാരാധനം നടത്തുന്നതിന് ആവശ്യമായ സുഗന്ധമുള്ള ദിവ്യമായ ഇലകൾ, ധന ധാന്യങ്ങൾ, തിളക്കമുള്ള കണ്ണാടി തുടങ്ങിയ വസ്തുക്കളുമായി എത്തിയിരിക്കുന്നു. സൂര്യൻ ഉദിച്ചു പ്രകാശകിരണങ്ങൾ എല്ലായിടത്തും വ്യാപിച്ചതോടെ അംബരത്തിലെ ഇരുൾ മാഞ്ഞുപോയി! തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.
ഒൻപതാം പാസുരം – അങ്ങയെ ഉണർത്താനും സേവനം അനുഷ്ഠിക്കാനും പ്രമുഖ സംഗീതജ്ഞരും നർത്തകരും ഒത്തുകൂടിയിരിക്കുന്നു. അതിനാൽ ശ്രീ രംഗനാഥൻ പള്ളിയുണർന്ന് അവരുടെ സേവനം സ്വീകരിക്കാൻ ആഴ്വാർ ആവശ്യപ്പെടുകയാണ്.
9. ഏധമിൽ തണ്ണുമൈ എക്കം മത്തളി യാഴ് കുഴൽ മുഴവമോട് ഇസൈ തിശൈ കെഴുമി ഗീതങ്കൾ പാടിനർ കിന്നരർ കെരുഡർഗൾ ഗന്ധരുവർ അവർ കങ്കുലുൾ എല്ലാം മാധവർ വാനവർ സാരണർ ഇയക്കർ സിത്തരും മയങ്കിനർ തിരുവടി തൊഴുവാൻ ആദലിൽ അവർക്കു നാളോലക്കം അരുള അരംഗത്തമ്മാ! പള്ളി എഴുന്തരുളായേ
കിന്നരന്മാർ, ഗരുഡന്മാർ, ഗന്ധർവന്മാർ തുടങ്ങിയ ദേവഗണങ്ങളെല്ലാം ഇടക്ക, മദ്ദളം, വീണ, ഓടക്കുഴൽ തുടങ്ങിയ സംഗീത ഉപകാരണങ്ങൾ വായിച്ചും, ഗീതങ്ങൾ ആലപിച്ചും എല്ലാ ദിശകളിലേക്കും സംഗീതം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. അവരിൽ പലരും രാത്രിയിൽ വന്നെത്തിയവരാണ് ചിലർ പ്രഭാതസമയത്തും. പ്രഗൽഭരായ ഋഷിമാർ, ദേവന്മാർ, ചാരണർ, യക്ഷന്മാർ, സിദ്ധന്മാർ തുടങ്ങിയവർ അങ്ങയുടെ ദിവ്യ പാദങ്ങളുടെ സേവനത്തിനായി എത്തിയിരിക്കുന്നു. അങ്ങയുടെ വിശാലമായ സദസ്സിലേക്ക് അവരെ ചേർത്തുകൊണ്ട്, തിരുവരംഗത്തിൽ പള്ളി കൊള്ളും ഭഗവാനേ! അങ്ങ് ഉണർന്ന് എല്ലാവരെയും അനുഗ്രഹിക്കണം.
പത്താം പാസുരം – ആദ്യത്തെ ഒൻപത് പാസുരങ്ങളിൽ ആഴ്വാർ മറ്റുള്ളവരുടെ മേൽ കൃപ ചൊരിയാനാണ് ഭഗവാനോട് ആവശ്യപെടുന്നത്. പത്താം പാസുരത്തിൽ, പെരിയ പെരുമാളല്ലാതെ മറ്റൊരു ദൈവത്തെയും അറിയാത്ത തന്റെ മേൽ കൃപ ചൊരിയണം എന്ന് അഴ്വാർ ആഭൃർത്ഥിക്കുന്നു.
10. കടി മലർക്കമലങ്കൾ മലർന്തന ഇവൈയോ കതിരവൻ കനൈകടൽ മുളൈത്തനൻ ഇവനോ തുഡി ഇഡൈയാർ സുരി കുഴൽ പിഴിന്ദു ഉതറിത് തുഗിൽ ഉടുത്തു ഏറിനർ സൂഴ് പുനൽ അരംഗാ തൊടൈ ഒത്ത തുളവമും കൂടൈയും പൊലിന്തു തോന്റിയ തോൾ തൊണ്ടരടിപ്പൊടി എന്നും അടിയനൈ അളിയൻ എന്റു അരുളി ഉൻ അടിയാർക്കു ആട്പടുത്തായ് പള്ളി എഴുന്തരുളായേ
ശ്രീ രംഗനാഥാ! വിശുദ്ധവും ദിവ്യവുമായ കാവേരി നദിയാൽ ചുറ്റപ്പെട്ടിരിക്കുന്ന തിരുവരംഗത്തിൽ ദിവ്യ നിദ്രയിൽ വിരാജിക്കും പ്രഭോ! ഇരമ്പി മറിയുന്ന സമുദ്രത്തിൽ നിന്ന് ഉദിച്ചുയരുന്ന സൂര്യനെ നോക്കി സുഗന്ധമുള്ള താമരപ്പൂക്കൾ വിരിയുന്നു. നേർത്ത അരക്കെട്ടുള്ള സ്ത്രീ ജങ്ങളെല്ലാം തന്നെ പ്രഭാത സ്നാനം കഴിഞ്ഞ് നനഞ്ഞുണങ്ങിയ ചുരുണ്ട കാർക്കൂന്തലുമായി പുതുവസ്ത്രങ്ങളുമണിഞ്ഞ് തീരത്തെത്തിയിരിക്കുന്നു. ബാഹുമൂലങ്ങളിൽ തുളസി മാലകളുള്ള കൊട്ടയുമേന്തി നിൽക്കുന്ന, തൊണ്ടരടിപ്പൊടി എന്ന് നാമധേയമുള്ള ഈ സേവകനെ അങ്ങ് ദയവായി അംഗീകരിക്കുകയും അങ്ങയുടെ അനുയായികൾക്ക് എന്നെ സേവകനാക്കുകയും ചെയ്യുക. അതിനായി ഭവാൻ അങ്ങയുടെ ദിവ്യമായ നിദ്രയിൽ നിന്ന് ഉണർന്ന് എന്നിൽ കൃപ ചൊരിയേണം.
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruppalliyezhuchchi-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org
In many temples Srirangam, for example the chanting of the Divya Prabandham forms a major part of the daily service.