തിരുപ്പല്ലാണ്ട്-ലളിതവ്യാഖ്യാനം

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

മുഥലായിരമ്

pallandu

ശ്രീമണവാള മാമുനികള്‍ എന്ന ശ്രീവൈഷ്ണവാചാര്യര്‍, തന്റെ ഉപദേശ രത്നമാല പാസുരം19-ല്‍ തിരുപ്പല്ലാണ്ടിന്റെ മഹത്വത്തെ മനോഹരമായി വെളിപ്പെടുത്തിയിട്ടുണ്ട്.

“കോദിലവാം ആഴ്വാര്‍കള്‍ കൂറു കലൈക്കെല്ലാം ആദി തിരുപ്പല്ലാണ്ട് ആനദുവും വേദത്തുക്കു ഓം എന്നും അതുപോല്‍ ഉള്ളദുക്കെല്ലാം സുരുക്കയ്ത്താന്‍ മംഗലം ആദലാല്‍”

മണവാള മാമുനികളുടെ തീര്‍പ്പ് ഇപ്രകാരമാണ്, അദ്ദേഹത്തിന്റെ ദിവ്യദൃഷ്ടിയില്‍, പ്രണവം എപ്രകാരം വേദങ്ങളുടെ ആദിയും സാരഭൂതവുമാകുന്നുവോ, അതേപോലെ തിരുപ്പല്ലാണ്ട് ആഴ്വാര്‍മാരുടെ എല്ലാ അരുളിച്ചെയ്യലുകളുടെയും(ദിവ്യപ്രബന്ധോച്ചാരണത്തിന്റെയും) ആവിര്‍ഭാവവും സാരവും ആകുന്നു.

ശ്രീമന്നാരായണന്റെ പരമോന്നത പദവി പാണ്ഡ്യരാജധാനിയില്‍ സ്ഥാപിച്ച പെരിയാഴ്വാരോടുള്ള ആദരസൂചകമായി പാണ്ഡ്യ രാജാവ് അദ്ദേഹത്തെ പട്ടണത്തില്‍ ആനപ്പുറത്ത് അത്യാദരപൂര്‍വ്വം എഴുന്നള്ളിച്ചു. ഈ മഹത്തായ കാഴ്ച കാണുവാനായി ഭഗവാന്‍ തന്നെ ഗരുഡവാഹനത്തില്‍ ദിവ്യപത്നിമാരോടൊപ്പം(ശ്രീദേവീ ഭൂദേവീ സമേതനായി) പ്രത്യക്ഷപ്പെട്ടു. ശ്രീവൈകുണ്ഠത്തില്‍(പരമപദത്തില്‍ അഥവാ ദിവ്യലോകത്തില്‍) വസിക്കുന്ന ഭഗവാന്‍,‍ സംസാരത്തിലേക്ക്(ഭൗതികലോകത്തേക്ക്) ഇറങ്ങിവന്നതിലുള്ള ആശ്ചര്യവും ഭഗവാന് ദൃഷ്ടിദോഷമേല്‍ക്കുമോ എന്ന വാത്സല്യ-ഭക്തിപുരസ്സരമായ ഭയത്തോടെയും, പെരിയാഴ്വാര്‍(വിഷ്ണുചിത്തന്‍) രചിച്ച ഭഗവദ് സ്തുതിപരങ്ങളായ വരികളാണ്(പാസുരങ്ങള്‍) തിരുപ്പല്ലാണ്ട്. സ്വയം മംഗളാശംസ നടത്തിയതിന് പുറമേ എല്ലാ സംസാരികള്‍ക്കും (ഭൗതികലോകത്ത് വസിക്കുന്ന നമുക്കു്) മേലിലും ഭഗവാന് മംഗളാശംസ നടത്തുന്നതിന് അനുവദിച്ചു കൊണ്ട് തിരുപ്പല്ലാണ്ടിന്റെ രചന നടത്തിയെന്നത് പെരിയാഴ്വാരുടെ പ്രത്യേകമായ മഹത്വത്തിന്റെ നിദര്‍ശനമാണ്.

ഈ ലളിതമായ പരിഭാഷ പെരിയവാച്ചാന്‍ പിള്ളയുടെ തിരുപ്പല്ലാണ്ട് വ്യാഖ്യാനത്തെ അവലംബിച്ചുള്ളതാണ്.

ധ്യാനശ്ലോകങ്ങള്‍(തനിയന്‍)

ഗുരുമുഖമനധീത്യ പ്രാഹ വേദാനശേഷാന്‍
നരപതിപരിക്ലുപ്തം ശുല്കാമാദാതുകാമഃ |
ശ്വശുരമമരവന്ദ്യം രംഗനാഥസ്യ സാക്ഷാത്
ദ്വിജകുലതിലകം തം വിഷ്ണുചിത്തം നമാമി ||

വിഷ്ണുചിത്തനെന്നും അറിയപ്പെടുന്ന പെരിയാഴ്വാര്‍‍‍‍ ഒരു ഗുരുവിൽ നിന്നും സവിശേഷമായി പഠിച്ചിട്ടില്ലെങ്കിലും ഭഗവാനില്‍ നിന്ന് തന്നെ അഗാധമായ വേദ ജ്ഞാനവും അതേപോലെ ഭക്തിയും വരമായി നേടി. ഭഗവദ് നിയുക്തനായി,  പാണ്ഡ്യരാജാവ് ശ്രീവല്ലഭ ദേവന്റെ തെന്‍- മധുരയിലെ(തമിഴകത്തെ മധുര) രാജസഭയില്‍ നടന്ന വിദ്വത്സദസ്സില്‍ പങ്കെടുത്തു. ജേതാവാകുന്ന പക്ഷം തനിക്ക് ലഭിക്കുന്ന സ്വര്‍ണ്ണനാണയ സമ്മാനങ്ങള്‍ ശ്രീവില്ലിപുത്തുര്‍ ദിവ്യക്ഷേത്രത്തിന്റെ നവീകരണത്തിന് സമര്‍പ്പിക്കുകയായിരുന്നു അവിടുത്തെ ഉദ്ദേശ്യം.  വേദങ്ങള്‍ ഉദ്ധരിച്ച് ഭഗവദ് മഹിമ സ്ഥാപിച്ചുകൊണ്ട് വേദമത്സരത്തില്‍ ആഴ്വാര്‍ വിജയശ്രീലാളിതനായി. പിന്നീട്, തന്റെ ദിവ്യപുത്രി ആണ്ടാളിനെ ശ്രീ രംഗനാഥയുമായി വിവാഹം കഴിപ്പിച്ചതിലൂടെ, നിത്യസൂരികളാല്‍(വൈകുണ്ഠവാസികളാല്‍) ഭഗവാന്റെ  ശ്വശുരനായി (ഭാര്യാപിതാവായി) വരെ ബഹുമാനിക്കപ്പെട്ടു. ബ്രാഹ്മണ(വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെയിടയില്‍) കുല തിലകമായും അദ്ദേഹത്തെ ഗണിക്കപ്പെടുന്നു. ആ പെരിയാഴ്വാരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

മിന്നാര്‍ തടമതിള്‍ ചൂഴ് വില്ലിപുത്തൂര്‍ എന്റു ഒരുകാല്‍
ചൊന്നാര്‍ കഴറ്‍കമലം ചൂടിനോം മുന്നാള്‍
കിഴിയറുത്താന്‍ എന്റുരൈത്തോം കീഴ്മയിനിറ്ചേരും
വഴിയറുത്തോം നെഞ്ചമേ വന്തു് 

മിന്നല്‍ പോലെ ശോഭിക്കുന്ന ശ്രീവില്ലിപുത്തൂരിന്റെ ചുറ്റുമുള്ള വമ്പിച്ച മതിലകത്ത് രേഖപ്പെടുത്തപ്പെട്ട ശ്രീചരണങ്ങളെ നാം ആഭരണങ്ങള്‍ പോലെ ശിരസ്സില്‍ ധരിക്കുന്നു. രാജസഭയിലെത്തി തന്റെ വാദത്തിലൂടെ സ്വര്‍ണ്ണനാണയങ്ങളുടെ ശേഖരം തന്നെ നേടിയ പെരിയാഴ്വാരുടെ മഹിമയെ സ്മരിച്ചും ഉരച്ചും നാം അധഃപതനത്തില്‍ നിന്ന് സ്വയം രക്ഷിക്കുകയാണ്.

പാണ്ഡിയന്‍ കൊണ്ടാടപ്പട്ടര്‍പിരാന്‍ വന്താന്‍ എന്റു
ഈണ്ടിയ സംഗം എടുത്തൂത വേണ്ടിയ
വേദങ്കളോതി വിരൈന്തു കിഴിയറുത്താന്‍
പാദങ്ങള്‍ യാമുടൈയ പറ്റു

പാണ്ഡ്യ രാജാവായ ശ്രീവല്ലഭ ദേവന്‍ പരമനായവന്റെ പരത്വത്തെ സ്ഥാപിക്കാന്‍ വേണ്ടി ഭട്ടര്‍പിരാന്‍ വന്നു എന്ന് സ്തുതിച്ചു, ആ സദസ്സ് വിജയഭേരിയായി ശംഖധ്വനിയുണര്‍ത്തി, വേദങ്ങളില്‍ നിന്ന് തെളിവുകളുദ്ധരിച്ച് പെരിയാഴ്വാരെന്ന ഭട്ടര്‍പിരാന്‍ ശ്രീമന്നാരായണന്റെ പരത്വം ഇപ്രകാരം സ്ഥാപിച്ചു. ആ പെരിയാഴ്വാരുടെ ദിവ്യപാദങ്ങളാണ് നമുക്ക് ശരണം.

ഒന്നാം പാസുരത്തില്‍, ഭഗവാന്റെ സൗന്ദര്യവും മംഗള ഗുണങ്ങളും സംസാരത്തില്‍ പ്രകടമായി കണ്ടപ്പോള്‍ പെരിയാഴ്വാര്‍ ഭഗവാന് ദൃഷ്ടിദോഷം വരുമോ എന്ന് ഭയന്ന് എക്കാലവും ഭഗവാന്റെ ഐശ്വര്യം ഇതേപടി നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.       

1.പല്ലാണ്ട് പല്ലാണ്ട് പല്ലായിരത്താണ്ട് 
പലകോടി നൂറായിരം
മല്ലാണ്ട തിണ്‍തോള്‍ മണിവണ്ണാ! ഉന്‍
ചെവ്വടി ചെവ്വി തിരുക്കാപ്പ്

മല്ലരെ വെന്ന് വധിച്ച ശക്തമായ ദിവ്യബാഹുമൂലങ്ങളുള്ള ഭഗവാനെ, മരതക മണിവര്‍ണ്ണാ, അവിടുത്തെ ദിവ്യ ചേവടികളും എക്കാലവും നിലനില്‍ക്കട്ടെ. ആഴ്വാര്‍ ഭഗവാന് മാനുഷ കാലഗണനയിലും ദേവന്മാരുടെ കാലഗണനയിലും തുടര്‍ന്ന് ബ്രഹ്മാവിന്റെ കാലഗണനയിലും പല കാലം വാഴുക എന്ന് ആവര്‍ത്തിച്ച് ആശംസിക്കുന്നു.

രണ്ടാം പാസുരത്തില്‍ ആഴ്വാര്‍ ഭഗവാനെ അവിടുത്തെ ഉന്നത പദവിയെപ്രതി വാഴ്ത്തുന്നു. പരമപദത്തില്‍ നിത്യവിഭൂതികളോടെയും സംസാരത്തില്‍ ലീലാവിഭൂതികളോടെയും.

2.അടിയോമോടുംനിന്നോടും പിരിവിന്റി ആയിരം പല്ലാണ്ട് വടിവായ്നിന്‍വലമാര്‍പിനില്‍ വാഴ്കിന്റമങ്കയുംപല്ലാണ്ട് വടിവാര്‍ചോതിവലന്തുറൈയും ചുടരാഴിയുംപല്ലാണ്ട് പടൈപോര്‍‍പുക്കുമുഴങ്കും അപ്പാഞ്ചജന്യമുംപല്ലാണ്ടേ

നമുക്കിടയിലുള്ള സേവ്യ സേവക ബന്ധം എക്കാലവും നിലനില്‍ക്കട്ടെ. സൗന്ദര്യവും ആഭരണാദിഭൂഷകളും നിറയൗവ്വനവുമുള്ള ശ്രീമഹാലക്ഷ്മി, അവിടുത്തെ തിരുമാറില്‍ എന്നും നിലകൊള്ളട്ടെ. വലം കൈയിലെ ദിവ്യ സുന്ദര ചക്രവും എക്കാലവും നിലനില്ക്കട്ടെ. ഇടങ്കൈയിലെ പാഞ്ചജന്യശംഖം പടക്കളത്തില്‍ എത്തുന്ന ശത്രുക്കളുടെ ഹൃദയത്തില്‍ ഭീതിവിതച്ചുകൊണ്ട് ഉയര്‍ന്ന നാദം മുഴക്കി എക്കാലവും നിലകൊള്ളട്ടെ. ഭക്തരെ പരാമര്‍ശിച്ചുകൊണ്ട് ‍ സംസാരത്തെയും മഹാലക്ഷ്മി, ചക്ര, ശംഖങ്ങളെന്നിവയെ പരാമര്‍ശിച്ചുകൊണ്ട് പരമപദത്തെയും ആഴ്വാര്‍ ഉദ്ദേശിച്ചിരിക്കുന്നു.

മൂന്നാം പാസുരത്തിലും തുടര്‍ന്നുള്ള മൂന്ന് പാസുരങ്ങളിലും ആയിട്ട്,‍ ആഴ്വാര്‍ ഈ ലോകത്ത് സുഖങ്ങളാഗ്രഹിക്കുന്നവരെയും, കൈവല്യം അഥവാ ആത്മബോധാനുഭവം ആഗ്രഹിക്കുന്നവരെയും, ഭഗവാന് നിത്യസേവ ചെയ്യുവാനാഗ്രഹിക്കുന്നവരെയും ക്ഷണിക്കുകയാണ്, തനിക്കൊപ്പം ചേര്‍ന്ന് ഭഗവാനെ വാഴ്ത്തുന്നതിനായി. ഈ പാസുരത്തില്‍ അദ്ദേഹം ഭഗവാന് സേവ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെ അതിലേക്ക് ക്ഷണിക്കുകയാണ്.

3.വാഴാട്പട്ടുനിന്റീര്‍ ഉള്ളീരേല്‍ വന്തുമണ്ണുംമണമുംകൊണ്‍മിന്‍ കൂഴാട്പട്ടുനിന്റീര്‍കളൈ എങ്കള്‍കുഴുവിനില്‍പുകുതലൊട്ടോം ഏഴാട്കാലുംപഴിപ്പിലോംനാങ്കള്‍ ഇരാക്കതര്‍വാഴ്ഇലങ്കൈ പാഴാളാകപ്പടൈപൊരുതാനുക്കുപ്പല്ലാണ്ടു കൂറുതുമേ

നിങ്ങള്‍ക്ക് സേവനമെന്ന ധനമാണ് ആഗ്രഹമെങ്കില്‍ വേഗം വരിക, തിരുമണ്ണും സുഗന്ധവും ഏറ്റു വാങ്ങുക (തിരുമണ്ണ് ധരിച്ച് വൈഷ്ണവകുലത്തില്‍ ചേരുക) ഭഗവാന് വേണ്ടിയുള്ള എന്ത് സേവനത്തിനും തയ്യാറായിക്കൊള്ളുക. ഭക്ഷണം മാത്രം ആഗ്രഹിക്കുന്നവരെ ഞങ്ങള്‍ കൂട്ടത്തില്‍ ചേരാന്‍ അനുവദിക്കുകയില്ല. ഏഴ് തലമുറകളായി ഞങ്ങള്‍ ഭഗവാന് നിഷ്കപടമായുള്ള സേവനഭാവത്തോടെ, ലങ്കയിലെ അസുരര്‍ക്കെതിരായി വില്ലുയര്‍ത്തിയ ആ കോദണ്ഡരാമസ്വാമിയായ ഭഗവാനെ സ്തുതിക്കുകയാണ്, നിങ്ങളും അതിനായി ഞങ്ങള്‍ക്കൊപ്പം ചേരുക.

നാലാം പാസുരം. ഇവിടെ അദ്ദേഹം ആത്മാനുഭൂതി അഭിലഷിക്കുന്നവരെ ക്ഷണിക്കുകയാണ്. സേവനത്തിനാഗ്രഹിക്കുന്നവരെ മാത്രം വിളിച്ചതില്‍ തൃപ്തിപോരാതെ, ഈ ലോകത്തിലുള്ള ഭൗതിക ധനം ആഗ്രഹിക്കുന്നവരെയും ആത്മാനുഭൂതി മാത്രം(അതായത് കൈവല്യം എന്ന ആത്മാവാണ് താനെന്ന ബോധം മാത്രം) ആഗ്രഹിക്കുന്നവരെയും കൂടി ഭഗവദ് സ്തുതിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു. ഇവര്‍ ഇരുകൂട്ടരില്‍ ഈ ലോകത്തെ ധനം മാത്രമിച്ഛിക്കുന്നവര്‍ ഏതെങ്കിലും കാലത്ത് ഭഗവദ് സേവയില്‍ മാത്രം താല്പര്യമുള്ളവരായി മാറിയേക്കാം. എന്നാല്‍ കൈവല്യാര്‍ത്ഥികളോ(ആത്മാവാണ് താനെന്ന അനുഭൂതി മാത്രമാഗ്രഹിക്കുന്നവര്‍) അവര്‍ക്ക് ഒരിക്കലും കൈവല്യമോക്ഷമെന്ന ചിന്തയ്ക്ക് പുറത്തേക്ക് ചിന്തയുണ്ടാകാന്‍, ‍ സാധ്യതയില്ലെന്ന് കരുതിക്കൊണ്ട് അവരെയാണ് ഭഗവദ് സേവനമെന്ന ലക്ഷ്യത്തിലേക്ക് ആഴ്വാര്‍ ആദ്യം ക്ഷണിക്കുന്നത്.

4.ഏടുനിലത്തിൽഇടുവതന്‍മുന്നംവന്തു എങ്കള്‍‍കുഴാംപുകുന്തു കൂടുമനമുടൈയീര്‍കള്‍ വരംപൊഴിവന്തുഒല്ലൈക്കൂടുമിനോ നാടുനകരമുംനന്‍കറിയ നമോനാരായണായവെന്റു പാടുമനമുടൈപ്പത്തരുള്ളീര്‍! വന്ത്പല്ലാണ്ടുകൂറുമിനേ

നിങ്ങള്‍ ശരീരം ശവപ്പറമ്പില്‍ ഉപേക്ഷിക്കുന്നതിന് മുമ്പ്, ആത്മാനുഭൂതി മാത്രമെന്ന ലക്ഷ്യത്തില്‍ നിന്ന് ഉയര്‍ന്നു ചിന്തിച്ച് ഞങ്ങള്‍ക്കൊപ്പം ചേരുക(മരണം എപ്പോഴും ആസന്നമായതിനാല്‍ എത്രയും വേഗം ഭക്തര്‍ക്കൊപ്പം കൂടുക എന്ന് താല്പര്യം), ഗ്രാമീണരായ സാധാരണക്കാരും നാഗരികരായ ജ്ഞാനികളും ജപിച്ച് ഭഗവദ് പ്രാപ്തി നേടുന്നതിനു് ഉതകുന്ന ദിവ്യ അഷ്ടാക്ഷര മന്ത്രം (ഭഗവാനെ നമിക്കുന്ന അഷ്ടാക്ഷരയുക്തമായ ദിവ്യമന്ത്രം) ജപിക്കുന്നതിനുള്ള ഭക്തിയുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭഗവാനെ വാഴ്ത്തുക.

അഞ്ചാം പാസുരത്തില്‍ ആഴ്വാര്‍ ഭൗതിക ലോകത്തെ സുഖാസ്വാദനം മാത്രം ലക്ഷ്യമാക്കുന്നവരെ ക്ഷണിക്കുന്നു.

5.അണ്ടക്കുലത്തുക്കതിപതിയാകി അസുരരിരാക്കതരൈ ഇണ്ടൈക്കുലത്തൈഎടുത്തുക്കളൈന്ത ഇരുടീകേശന്‍തനക്കു തൊണ്ടക്കുലത്തിലുള്ളീര്‍! വന്തടിതൊഴുതു് ആയിരനാമംചൊല്ലി പണ്ടൈക്കുലത്തൈത്തവിര്‍ത്തു പല്ലാണ്ടുപല്ലായിരത്താണ്ടെന്മിനേ

നിങ്ങള്‍ കൂടിയിരിക്കുന്നത് അസുരകുലാരിയായ ഹൃഷീകേശന് സേവകരായിരിക്കുന്നവര്‍ക്കൊപ്പമാണ് എന്ന ബോധ്യം ഉണ്ടാകട്ടെ. ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഭഗവാന്റെ ദിവ്യപാദങ്ങളില്‍ വണങ്ങി, സഹസ്രനാമം ഭക്തിപുരസ്സരം ജപിക്കുക, ജനനചക്രത്തില്‍ നിന്ന് അങ്ങനെ മുക്തി നേടുക, ജന്മാന്തരങ്ങളില്‍ നിങ്ങള്‍ ഓരോ തവണയും ആഗ്രഹിച്ച ഭൗതികവരങ്ങളെല്ലാം ഭഗവാനില്‍ നിന്ന് അകലുന്നതിനുള്ള വരങ്ങള്‍ മാത്രമായിരുന്നു എന്ന് അറിയുക (ഓരോ ജന്മങ്ങളിലും തുച്ഛമായ കാര്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചതിലൂടെ നിങ്ങള്‍ക്ക് പറ്റിയ അബദ്ധം നിങ്ങള്‍ അങ്ങനെ ഭഗവാനില്‍ നിന്ന് അകന്നു് മറ്റ് ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോയതാണെന്ന് തിരിച്ചറിയുക) അതിനാല്‍ഭഗവാനെ ആവര്‍ത്തിച്ച് സ്തുതിക്കുക.

ആറാം പാസുരത്തില്‍, ഈ മൂന്ന് കൂട്ടരെയും ക്ഷണിച്ച ശേഷം ആഴ്വാര്‍, ഭഗവദ് സേവനത്തില്‍ മാത്രം ആഗ്രഹിച്ച് വരുന്നവരുടെ ഗുണകര്‍മ്മങ്ങളെ വിവരിച്ച് അവരെ സ്വീകരിക്കുന്നു.

6.എന്തൈതന്തൈതന്തൈതന്തൈതംമൂത്തപ്പന്‍ ഏഴ്പടികാല്‍തൊടങ്കി
വന്തു വഴിവഴിആട്ചെയ്കിന്റോം തിരുവോണത്തിരുവിഴവില്‍
അന്തിയംപോതിലരിയുരുവാകി അരിയൈയഴിത്തവനൈ
പന്തനൈ തീരപ്പല്ലാണ്ടു പല്ലായിരത്താണ്ടെന്റുപാടുതുമേ

ഏഴ് തലമുറകളായി ഞാനും എന്റെ പിതാവും അദ്ദേഹത്തിന്റെ പിതാവും ഇങ്ങനെ തലമുറകളായി, ഞങ്ങള്‍ ഭഗവാന് വേദവിധിപ്രകാരം കൈങ്കര്യം ചെയ്തു വരികയാണ്. ഒരു തിരുവോണദിനത്തില്‍ സന്ധ്യാനേരത്ത് നരഹരി രൂപം സ്വീകരിച്ച് ശത്രുവായ ഹിരണ്യനെ വധിച്ച ആ ഭഗവാനോട് ഭഗവദ്സേവനത്തിലുണ്ടാകാവുന്ന തടസ്സങ്ങള്‍ നീങ്ങാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ക്കൊപ്പം കൂടുക.

ഏഴാം പാസുരത്തില്‍ ആഴ്വാര്‍ കൈവല്യാര്‍ത്ഥികളെ സ്വീകരിക്കുന്നു. ഏടു നിലത്തിലെന്ന് തുടങ്ങുന്ന പാസുരത്തില്‍ പരാമര്‍ശിക്കപ്പെട്ടവരാണ് അവര്‍. അവരുടെ ഗുണങ്ങളെ വിവരിക്കുന്നു.

7.തീയീറ്പൊലികിന്റചെഞ്ചുടരാഴി തികഴ്തിരുച്ചക്കരത്തിന്‍
കോയിറ്പൊറിയാലേഒറ്റുണ്ടുനിന്റു കുടികുടിആട്ചെയ്കിന്റോം
മായപ്പൊരുപടൈവാണനൈ ആയിരന്തോളും പൊഴി കുരുതി
പായ ചുഴറ്റിയആഴിവല്ലാനുക്കു പ്പല്ലാണ്ടുകൂറുതുമേ

എക്കാലവും കൈങ്കര്യം അനുഷ്ഠിക്കുന്നതിനായാണ് നാം വന്നിട്ടുള്ളത്, വരും തലമുറകളിലേക്കും ഈ പാരമ്പര്യം തുടരുന്നതിനും. നമ്മുടെ ശരീരത്തില്‍ ഭഗവാന്റെ ചുവന്ന അഗ്നി തേജസ്സാര്‍ന്ന ചക്രമുദ്രയെ ധരിച്ച് (തപ്തമുദ്രാധാരണം സൂചിതം), ബാണാസുരന്റെ ആയിരം കൈകളെ അറുത്ത് രക്തപ്രളയം വരുത്തിയ ചക്രത്താഴ്വാരെ(സുദര്‍ശനചക്രത്തെ)ധരിക്കുന്ന ആ ഭഗവാനെയാണ് സ്തുതിക്കുന്നത്.

എട്ടാം പാസുരം. ആഴ്വാര്‍ ഐശ്വര്യാര്‍ത്ഥികളെ സ്വീകരിക്കുന്നു. അണ്ടകുലത്തുക്കെന്ന പാസുരത്തിലെ പരാമര്‍ശിക്കപ്പെട്ടവരെ, ക്ഷണം സ്വീകരിച്ച് ഭഗവാന് സ്തുതിചെയ്യാനാഗതരായവരെ.

8.നെയ്യിടൈ നല്ലതോര്‍ ചോറും നിയതമുംഅത്താണിച്ചേവകമും
കൈയടൈക്കായുംകഴുത്തുക്കുപ്പൂണൊട് കാതുക്ക്ക്കുണ്ടലമും
മെയ്യിടനല്ലതോര്‍ചാന്തമുംതന്ത് എന്നൈവെള്ളുയിരാക്കവല്ല
പൈയുടൈനാകപ്പകൈക്കൊടിയാനുക്കു പ്പല്ലാണ്ട് കൂറുവനേ

(ഐശ്വര്യാര്‍ത്ഥികള്‍ പറയുന്നു) ഞാന്‍ ആ ഭഗവാനെ സ്തുതിക്കും, ആരാണോ എനിക്ക് ശുദ്ധവും സ്വാദിഷ്ടവുമായ പ്രസാദം(ഭഗവദ് നിവേദ്യം) നല്കിയത്, നെയ്യും, അതേപോലെ സേവകരെയും, താംബൂലവും നല്കിയത്, കണ്ഠാഭരണവും, കുണ്ഡലവും ചന്ദനക്കുഴമ്പും തന്ന് ആദരിച്ചത്, എനിക്ക് സമാധാനപൂര്‍ണ്ണമായ മനസ്സ് തരാന്‍ പ്രാപ്തനായത്, പത്തിവിടര്‍ത്തിയ നാഗങ്ങളുടെ ശത്രുവായ ഗരുഡനെ ധ്വജമാക്കിയ ആ ഭഗവാനെ.

ഒമ്പതാം പാസുരം. ആഴ്വാര്‍ ഭക്തരോടും കൈങ്കര്യാര്‍ത്ഥികളോടും, അതിലേക്ക് ക്ഷണിക്കപ്പെട്ടവരോടുമൊപ്പം-വാഴാട് പട്ട് എന്ന മൂന്നാം പാസുരത്തിലൂടെ ക്ഷണിക്കപ്പെട്ടവരും, എന്തൈ തന്തൈ എന്ന ആറാം പാസുരത്തിലൂടെ അദ്ദേഹത്തിനൊപ്പം കൂടിയവരോടുമൊപ്പം, ഭഗവാനെ സ്തുതിക്കുന്നു.

9.ഉടുത്ത്ക്കളൈന്ത നിന്‍പീതകവാടൈയുടുത്തു ക്കലത്തതുണ്ടു
തൊടുത്തതുഴായ്മലര്‍ചൂടിക്കളൈന്തന ചൂടുംഇത്തൊണ്ടര്‍കളോം
വിടുത്തതിശൈക്കരുമംതിരുത്തി ത്തിരുവോണത്തിരുവിഴവില്‍
പടുത്തപൈന്നാകണൈപ്പള്ളികൊണ്ടാനുക്ക് പ്പല്ലാണ്ട്കൂറുതുമേ

ഞങ്ങള്‍ അവിടുത്തെ സേവകരായിരിക്കും. അവിടുന്ന് ഉടുത്ത് മാറ്റിയ പീത വസ്ത്രങ്ങള്‍ ധരിച്ചും അവിടുത്തെ പ്രസാദം മാത്രം ഭുജിച്ചും അവിടുന്ന് ചൂടിയ തുളസിമാലകള്‍ ധരിച്ചും വസിക്കും. തിരുവോണനാളില്‍ സന്ധ്യാകാലത്ത് പ്രത്യക്ഷനായ, ആദിശേഷനെ തിരുമെത്തയാക്കിയ അങ്ങയ്ക്ക് പല്ലാണ്ട് ആശംസിച്ച് സ്തുതിക്കും.

പത്താം പാസുരം. ഇവിടെ ആഴ്വാര്‍ കൈവല്യനിഷ്ഠര്‍ക്കൊപ്പം(ആത്മാനുഭവത്തില്‍ തല്പരരായവര്‍) കൂടുന്നു. ഏടുനിലത്തിലെന്ന പാസുരത്തില്‍ അദ്ദേഹം ക്ഷണിച്ചിരുന്ന, തീയില്‍ പൊലികിന്റ പാസുരത്തില്‍ അദ്ദേഹത്തിനൊപ്പം കൂടിയവരാണ് അവര്‍.

10.എന്നാള്‍എമ്പെരുമാന്‍ ഉന്തനക്കടിയോമെന്റെഴുത്തപ്പട്ട
അന്നാളേ അടിയോങ്കളടിക്കുടിൽ വീടുപെറ്റുയന്തതുകാണ്‍
ചെന്നാള്‍ തോറ്റി ത്തിരുമതുരൈയുള്‍ ചിലൈകുനിത്ത് ഐന്തലൈയ
പൈന്നാകത്തലൈപ്പായ്ന്തവനേ! ഉന്നൈപ്പല്ലാണ്ടു കൂറുതുമേ

ഞങ്ങളുടെ സ്വാമി! അങ്ങയുടെ ദാസരായി ഞങ്ങള്‍ എഴുതിയ(ദൃഢനിശ്ചയത്തോടെ ശരണാഗതരായ) ദിവസം, ഞങ്ങളുടെ വംശം എല്ലാ പിന്‍ഗാമികളോടെയും, കൈവല്യമെന്ന താഴ്ന്ന പദത്തില്‍ നിന്നും ഉദ്ധൃതരായിരിക്കുന്നു (ആത്മാവാണ് താനെന്ന അവബോധം ആത്മീയതയുടെ താഴ്ന്ന തലവും ഭഗവദ് സേവനാഭിമുഖ്യം അതിലുമുയര്‍ന്ന പദവുമാണെന്ന കാഴ്ചപ്പാട് ഇവിടെ സൂചിതം). മംഗളകരമായ നാളില്‍ അവതരിച്ച്, വടമധുരയിലെ കംസന്റെ ചാപോത്സവത്തില്‍ ചാപഭഞ്ജനം ചെയ്ത, കാളിയനാഗത്തിന്റെ അഞ്ച് പത്തികളിലും ചാടിക്കളിച്ച ഭഗവാനെ, ഞങ്ങളിതാ അങ്ങയ്ക്ക് പല്ലാണ്ട് നേരാനായി കൂടിയിരിക്കുന്നു.

പതിനൊന്നാം പാസുരം. ഇവിടെ ആഴ്വാര്‍ ഐശ്വര്യാര്‍ത്ഥികള്‍ക്കൊപ്പം കൂടുന്നു. അണ്ടകുലമെന്ന പാസുരത്തില്‍ ക്ഷണിക്കപ്പെട്ടവരും നെയ്യിടൈപാസുരത്തില്‍ ഒപ്പം ചേര്‍ന്നവരുമാണ് അവര്‍.

11.അല്‍വഴക്കൊന്റുമില്ലാ അണികോട്ടിയര്‍കോന്‍ അപിമാനതുങ്കന്‍
ചെല്‍വനൈപ്പോല ത്തിരുമാലേ! നാനുമുനക്ക്പ്പഴവടിയേന്‍
നല്‍‍വകൈയാല്‍നമോനാരായണാവെന്റു നാമംപലപരവി
പല്‍വകൈയാലും പവിത്തിരനേ! ഉന്നൈപ്പല്ലാണ്ടു കൂറുവനേ

മഹാലക്ഷ്മീപതിയായ ഭഗവാനെ, ഭൂലോകതിലകമായ തിരുക്കോട്ടിയൂര്‍ ദിവ്യദേശത്തെ പ്രമുഖനും സ്വയം അങ്ങയുടെ മാത്രം അടിമയാണ് താനെന്ന് ആത്മസമര്‍പ്പണം ചെയ്ത, കറയറ്റ ഭക്തനുമായ ചെല്‍വനമ്പിയെപ്പോലെ, അടിയനും കാലങ്ങളായി അവിടുത്തെ സേവകനാണ്. സ്വന്തം പ്രകൃതത്താലും സ്വരൂപത്താലും ഗുണങ്ങളാലും ധനങ്ങളാലും ഞങ്ങളെ പരിശുദ്ധരാക്കി മാറ്റുന്ന, അവിടുത്തെ, അഷ്ടാക്ഷര മന്ത്രം ധ്യാനിച്ചും സഹസ്രനാമം ജപിച്ചും ഞാന്‍ ആരാധിക്കും.

പന്ത്രണ്ടാം പാസുരം. അവസാന ഭാഗത്ത്, ആഴ്വാര്‍ ഈ പ്രബന്ധം പഠിക്കുന്നവര്‍ക്കുള്ള ഫലശ്രുതിയായി, പ്രേമത്തോടെ ഭഗവാനെ സ്തുതിക്കുന്നവര്‍ എക്കാലവും ഭഗവദ് സാമീപ്യം നേടുമെന്നും അതേപോലെ ഭഗവാന് എക്കാലവും മംഗളാശാസനം ചെയ്യുന്നതിന് അവര്‍ ഭാഗ്യം നേടുമെന്നും അരുള്‍ചെയ്തിരിക്കുന്നു.

12.പല്ലാണ്ടെന്റുപവിത്തിരനൈപ്പരമേട്ടിയൈ ചാര്‍ങ്കമെന്നും
വില്ലാണ്ടാന്‍തന്നൈ വില്ലിപുത്തുര്‍വിട്ടുചിത്തന്‍വിരുമ്പിയചൊല്‍
നല്ലാണ്ടെന്റുനവിന്റുരൈപ്പാര്‍ നമോനാരായണായവെന്റു
പല്ലാണ്ടും പരമാത്മനൈച്ചൂഴ്‍ന്തിരുന്തേത്തുവര്‍‍ പല്ലാണ്ടേ

ഈ പ്രബന്ധം, ശ്രീവില്ലിപുത്തൂര് പിറന്ന വിഷ്ണുചിത്തന്‍ (പെരിയാഴ്വാര്) പരമപവിത്രനും പരമപദത്തില്‍ നിലകൊള്ളുന്നവനുമായ ശാര്‍ങ്ഗപാണിയായ ഭഗവാന്‍ ‍എക്കാലവും സമംഗളം വാഴട്ടെ എന്ന് ആശംസിച്ച് രചിച്ചതാണ്. ആരാണോ ഈ പ്രബന്ധം ഇതിന്റെ ജപത്താല്‍‍ തന്നെ നല്ലകാലം വന്നിരിക്കുന്നു എന്ന ബോദ്ധ്യത്തോടെ ജപിക്കുന്നത്, അവര്‍ അഷ്ടാക്ഷര മന്ത്രം ധ്യാനിച്ചുകൊണ്ടും, ഭഗവാന് പല്ലാണ്ട് ആശംസിച്ച് കൊണ്ടും പരമപദത്തില്‍ ശ്രീമന്നാരായണ സവിധം വസിക്കുന്നതാണ്.

ഉറവിടം – http://divyaprabandham.koyil.org/index.php/2020/04/thiruppallandu-simple/

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

0 thoughts on “തിരുപ്പല്ലാണ്ട്-ലളിതവ്യാഖ്യാനം”

Leave a Comment