പൊതു തനിയന് – ധ്യാന ശ്ലോകങ്ങള്‍

ശ്രീഃ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ

തനിയന്‍ എന്നറിയപ്പെടുന്നത് ക്ഷേത്രങ്ങളിലും മഠങ്ങളിലും വീടുകളിലും നാം പൂജാദികള്‍ക്ക് മുമ്പായി ജപിക്കുന്ന ധ്യാനശ്ലോകങ്ങളാണ്. ദിവ്യപ്രബന്ധങ്ങളുടെ പ്രാരംഭ ഭാഗത്തും ഇതുപോലെ ധ്യാന ശ്ലോകങ്ങള്‍ കാണാമെന്നിരിക്കെത്തന്നെ, എല്ലായ്പോഴും ജപിക്കാനുപയോഗിക്കുന്ന പൊതുധ്യാനശ്ലോകങ്ങളുമുണ്ട്. അവ ലളിതമായി അര്‍ത്ഥസഹിതം പരിചയപ്പെടാം.

ശ്രീവൈഷ്ണവ ഗുരുപരമ്പര

മണനവാള മാമുനികളുടെ ധ്യാനശ്ലോകം – നമ്പെരുമാള്‍ (ശ്രീരംഗനാഥന്‍) തന്നെ രചിച്ചത്ഃ

ശ്രീശൈലേശ ദയാപാത്രം ധീഭക്ത്യാദി ഗുണാര്‍ണ്ണവം
യതീന്ദ്രപ്രവണം വന്ദേ രമ്യജാമാതരം മുനിം

തിരുമലൈയാഴ്വാറുടെ സവിശേഷ ദയയ്ക്ക് പാത്രീഭൂതനായ അഴകിയ മണവാള മാമുനികളെ ഞാന്‍ വണങ്ങുന്നു. ജ്ഞാനം ഭക്തി മുതലായ മംഗളകരമായ ഗുണങ്ങളുടെ സാഗരമാണ് അവിടുന്നു്. യതീന്ദ്രനോട് (ശ്രീരാമാനുജനോട്‍) ഏറെ ആഭിമുഖ്യമുള്ളവനും. “ഈഭുവിയില്‍ അരംഗേശര്‍ക്ക് ഈടളിത്താന്‍ വാഴിയേ” എന്ന് അദ്ദേഹം വാഴ്ത്തപ്പെടുന്നു. ഈ ഭൂമിയില്‍ ശ്രീരംഗനാഥന് ഈട് വ്യാഖ്യാനം നല്കിയവന്‍ എന്ന് അര്‍ത്ഥം. മണവാള മാമുനികള്‍ തിരുവായ്മൊഴിയുടെ ഈട് വ്യാഖ്യാനം എന്ന പ്രസിദ്ധമായ വ്യാഖ്യാനം ശ്രീരംഗനാഥ സന്നിധിയില്‍ വച്ച് നടത്തി. സമാപന ദിനം(ചാറ്റുമുറൈ) ശ്രീരംഗനാഥന്‍ തന്നെ ഒരു ബാലകവേഷത്തില്‍ സഭയില്‍ പ്രത്യക്ഷനായി. അവിടുന്ന് തന്നെയാണ് ശ്രീശൈലേശ ദയാപാത്രമെന്ന് തുടങ്ങുന്ന ധ്യാനശ്ലോകം അവിടെ ചൊല്ലിയത്. സംസ്കൃത വേദത്തിന് മുമ്പും ശേഷവും പ്രണവമെന്നപോലെ ദ്രാവിഡവേദമായ ദിവ്യപ്രബന്ധപാരായണത്തിന്റെ പാരായണത്തിന് മുമ്പും ശേഷവും എല്ലാ ശ്രീവൈഷ്ണവരും ഈ ധ്യാനശ്ലോകം ചൊല്ലണമെന്നും ഭഗവാന്‍ അരുള്‍ചെയ്തു, മണവാള മാമുനികളുടെ ആചാര്യനായ തിരുവായ്മൊഴിപ്പിള്ളയെ ശ്രീശൈലനാഥ(തിരുമലൈയാഴ്വാര്‍), ശ്രീശൈലേശന്‍ എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.

ഗുരുപരമ്പരാ ധ്യാനശ്ലോകം – കൂറത്താഴ്വാന്‍ രചിച്ചത്ഃ

ലക്ഷ്മീനാഥ സമാരംഭാം നാഥയാമുന മധ്യമാം
അസ്മദാചാര്യ പര്യന്താം വന്ദേ ഗുരുപരമ്പരാം

ശ്രീമന്നാരായണനില്‍ ആരംഭിക്കുന്നതും നാഥമുനികള്‍, യാമുനാചാര്യര്‍ എന്നിവര്‍ മധ്യത്തിലുള്ളതും, എന്റെ ഗുരുവായ ശ്രീരാമാനുജാചാര്യരില്‍ അവസാനിക്കുന്നതുമായ മഹത്തായ ഗുരുപരമ്പരയെ ഞാന്‍ വന്ദിക്കുന്നു.

എംപെരുമാനാരുടെ (ശ്രീരാമാനുജരുടെ) ധ്യാനശ്ലോകം – കൂറത്താഴ്വാന്‍ രചിച്ചത്ഃ

യോനിത്യമച്യുത പദാംബുജ യുഗ്മരുക്മ 
വ്യാമോഹതസ്തദിതരാണി തൃണായ മേനേ 
അസ്മദ് ഗുരോര്‍ ഭഗവതോസ്യ ദയൈക സിന്ധോഃ 
രാമാനുജസ്യ ചരണൗ ശരണം പ്രപദ്യേ

ശ്രീമന്നാരായണന്റെ തൃപ്പാദ‍കമലങ്ങളില്‍ അത്യന്തം മോഹിതനായിരിക്കുന്ന, മറ്റെല്ലാത്തിനെയും തൃണമായി ഗണിക്കുന്ന, എന്റെ ആചാര്യന്‍- ദയാദി ഗുണങ്ങളുടെ സാഗരമായ, ശ്രീരാമാനുജരുടെ തിരുവടികളെ ഞാന്‍ ശരണം പ്രാപിക്കുന്നു.

നമ്മാഴ്വാറുടെ ധ്യാനശ്ലോകം-ആളവന്താര്‍ രചിച്ചത്ഃ

മാതാപിതാ യുവതയസ്തനയാ വിഭൂതി 
സര്‍വ്വം യദേവ നിയമേന മദന്വയാനാം 
ആദ്യസ്യ നഃ കുലപതേര്‍ വകുളാഭിരാമം 
ശ്രീമദ് തദംഘ്രിയുഗളം പ്രണമാമി മൂര്‍ധ്നാ

ഞാന്‍ നമ്മാഴ്വാരുടെ പദകലമങ്ങളില്‍ ശിരസ്സ് നമിച്ച് വണങ്ങുന്നു. അവിടുത്തെ തൃപ്പദങ്ങളാണ് എന്റെ മാതാവും പിതാവും പുത്രനും ധനവും മറ്റെല്ലാം, അവിടുന്നാണ് ശ്രീവൈഷ്ണവ കുലത്തിന്റെ അധിപതി, വകുളപുഷ്പങ്ങളാല്‍ അലങ്കൃതമായ, പ്രശോഭിതമായവയാണ് അവിടുത്തെ തിരുവടികള്‍.

ആഴ്വാര്‍മാരെയും എംപെരുമാനാരെയും സ്തുതിക്കുന്ന ധ്യാനശ്ലോകം – പരാശര ഭട്ടര്‍ രചിച്ചത്ഃ

ഭൂതം സരസ്യ മഹദാഹ്വയ ഭട്ടനാഥ 
ശ്രീഭക്തിസാര കുലശേഖര യോഗിവാഹാന്‍ 
ഭക്താംഘ്രിരേണു പരകാല യതീന്ദ്രമിശ്രാന്‍ 
ശ്രീമദ് പരാങ്കുശമുനിം പ്രണതോസ്മിനിത്യം

ഞാൻ സദാ, നമ്മാഴ്വാരെയും അതോടൊപ്പം ഭൂതത്താഴ്വാര്‍, പൊയ്കൈയാഴ്വാര്‍, പേയാഴ്വാര്‍, പെരിയാഴ്വാര്‍, തിരുമഴിസൈയാഴ്വാര്‍, കുലശേഖര ആഴ്വാര്‍, തിരുപ്പാണാഴ്വാര്‍, തൊണ്ടരടിപ്പൊടി ആഴ്വാര്‍, തിരുമങ്കൈയാഴ്വാര്‍, എംപെരുമാനാര്‍ എന്നിവരെയും പ്രണമിക്കുന്നു. പത്ത് ആഴ്വാര്മാരെയും നമ്മുടെ ആചാര്യപരമ്പരയെ സംബന്ധിച്ച് വളരെ പ്രധാനസ്ഥാനത്തുള്ള എമ്പെരുമാനാരെയും(രാമാനുജര്‍) വാഴ്ത്തുന്ന ഈ ശ്ലോകം എല്ലാ ദിവസവും ജപിക്കപ്പെടുന്നു. എന്നാല്‍ ഈ ശ്ലോകത്തില്‍ ആഴ്വാര്‍മാരുടെ സ്ഥാനം നിര്‍ണ്ണയിച്ചത് ക്രമരഹിതമാണ് എന്ന് തോന്നിയേക്കാം, പൊയ്കൈയാഴ്വാര്‍, ഭൂതത്താഴ്വാര്‍, പേയാഴ്വാര്‍ എന്നിങ്ങനെയാണല്ലോ ക്രമം. എന്നാല്‍ ഇത് അപ്രകാരം കാരണം കൂടാതെയല്ല, കാരണം, “കാസാരഭൂതമദാഹ്വയ ഭക്തിസാരാന്‍ ശ്രീമത്ശഠാരി കുലശേഖര ഭട്ടനാഥാന്‍ ഭക്താംഘ്രിരേണു മുനിവാഹന കാര്‍ത്തികേയാന്‍ രാമാനുജാംച യമിനാം പ്രണതോസ്മി നിത്യം” എന്നോ മറ്റോ, അത്ര ശ്രവണസുഖകരമായിരിക്കില്ലെങ്കിലും എഴുതാവുന്നതായിരുന്നുവെങ്കിലും ഇപ്രകാരം ഭൂതത്താഴ്വാരില്‍ തുടങ്ങി നമ്മാഴ്വാരില്‍ അവസാനിക്കുന്ന വിധം ഭട്ടര്‍ ശ്ലോകം രചിച്ചതിന് തക്കതായ കാരണമുണ്ട്. അത് ഇപ്രകാരമാണ്ഃ നമ്മാഴ്വാരെ നമ്മുടെ പൂര്‍വ്വാചാര്യന്മാര്‍ എല്ലാ ആഴ്വാര്‍മാരിലും പ്രധാനിയായി കണ്ടിരുന്നു. ചില ശ്ലോകങ്ങളില്‍ അദ്ദേഹത്തെ അവയവി (പൂര്‍ണ്ണരൂപം) ആയും, മറ്റ് ആഴ്വാര്‍മാരെ അദ്ദേഹത്തിന്റെ ശിരസ്സ്, കണ്ണുകള്‍ മുതലായ അവയവങ്ങളായും ചിത്രീകരിച്ചിട്ടുണ്ട്. അപ്രകാരമുള്ള ശ്ലോകങ്ങളില്‍ ഭൂതത്താഴ്വാരെ ശിരസ്സായും, പൊയ്കൈആഴ്വാര്‍, പേയാഴ്വാര്‍ എന്നിവരെ നേത്രങ്ങളായും, പെരിയാഴ്വാരെ മുഖമായും തിരുമഴിസൈ ആഴ്വാരെ കണ്ഠമായും കുലശേഖരാഴ്വാര്‍-തിരുപ്പാണാഴ്വാര്‍ എന്നിവരെ കരങ്ങളായും തൊണ്ടരടിപ്പൊടി ആഴ്വാരെ ഹൃദയമായും തിരുമങ്കൈയാഴ്വാരെ നാഭിയായും യതിരാജനെ (രാമാനുജന്‍) പദകമലങ്ങളായുമാണ് ചിത്രീകരിക്കുന്നത്. അതിനോട് യോജിക്കുന്ന വിധമാണ് ഈ ധ്യാനശ്ലോകമെന്നത് സ്മരിക്കേണ്ടതുണ്ട് . അതിനാല്‍ മറ്റ് ആഴ്വാര്‍മാരെയും എമ്പെരുമാനാരെയും (രാമാനുജര്‍) അവയവങ്ങളായി ആദ്യം ചിത്രീകരിച്ചുകൊണ്ട് പരിപൂര്‍ണ്ണരൂപമായ, പ്രപന്നജനകൂടസ്ഥരായ (പ്രപന്ന ജനങ്ങളുടെ പ്രധാനി) നമ്മാഴ്വാരെ ശ്ലോകാവസാനം വന്ദിക്കുന്നു. ഈ ശ്ലോകം, തിരുക്കോഷ്ടിയൂര്‍ വസിക്കവെ, നഞ്ജീയരുടെ അപേക്ഷ പ്രകാരമാണ് ഭട്ടര്‍ രചിച്ചത്. വേദിക് ഫൗണ്ടേഷനും ഗ്രന്ഥമാല ഓഫീസും(ട്രിപ്ലിക്കേന്‍) പ്രസിദ്ധീകരിച്ച നിത്യാനുസന്ധാനം പുസ്തകത്തില്‍ കാഞ്ചീപുരം പ്രതിവാദി ഭയങ്കരം അണ്ണങ്കരാചാര്യര്‍ സ്വാമികള്‍ വിശദീകരിച്ചിട്ടുള്ളതിന്‍ പ്രകാരമാണ് പരിഭാഷ നടത്തിയിട്ടുള്ളത്.

പൊന്നടിക്കാല്‍ ജീയറുടെ ധ്യാനശ്ലോകം – ദൊഢൈയങ്കാര്‍ അപ്പൈ രചിച്ചത് (അദ്ദേഹം പൊന്നടിക്കാല്‍ ജീയറുടെ അഷ്ടദിഗ്ഗജങ്ങളെന്നറിയപ്പെടുന്ന എട്ട് മുഖ്യ ശിഷ്യരില്‍ ഒരുവനായിരുന്നു)

രമ്യജാമാതൃയോഗീന്ദ്ര പാദരേഖാമയംസദാ 
തഥായത്താത്മസത്താദിം രാമാനുജ മുനിം ഭജേ

മണവാളമാമുനികളുടെ തൃപ്പാദങ്ങളുടെ രേഖപോലെ, തന്റെ യഥാര്‍ത്ഥ നിലയ്ക്കായി (മാമുനികളുടെ സേവകനെന്ന നിലയില്‍) നിലനില്‍പ്പിലും പ്രവര്‍ത്തിയിലും മാമുനികളെ പൂര്‍ണ്ണമായും ആശ്രയിച്ചിരുന്ന,വാനമാമല ജീയറെ (പൊന്നടിക്കാല്‍ ജീയര്‍) ഞാന്‍ വണങ്ങുന്നു. പൊന്നടിക്കാല്‍ ജീയറുടെ (മാമുനികളുടെ പ്രഥമ ശിഷ്യനായ ഇദ്ദേഹമാണ് ശ്രീരംഗനാഥന്റെയും മാമുനികളുടെയും നിര്‍ദ്ദേശപ്രകാരം വാനമാമല/തോതാദ്രി മഠം സ്ഥാപിച്ചത്) ധ്യാനശ്ലോകം, വാനമാമല ദിവ്യദേശത്തിലും, നവതിരുപ്പതി മേഖലയിലുള്ള ദിവ്യദേശങ്ങളിലും, വാനമാമല മഠത്തിലും, വാനമാമല മഠ ശിഷ്യരുടെ ഭവനങ്ങളിലും ജപിക്കപ്പെടുന്നു. ഈ ധ്യാനശ്ലോകം ശ്രീശൈലേശ ദയാപാത്രമെന്ന ധ്യാനശ്ലോകത്തിന് തൊട്ടുപിന്നാലെയാണ് ജപിക്കേണ്ടത്. ഈ തനിയന്‍ (ധ്യാനശ്ലോകം) ആത്താന്‍ തിരുമാളിക (ആഴ്വാര്‍ തിരുനഗരി), മുതലിയാണ്ടാന്‍ തിരുമാളിക (അപ്പാച്ചിയാരണ്ണ-അണ്ണാവിലപ്പന് പിന്തുടര്‍ച്ചക്കാര്‍‍) മുതലായ തിരുമാളികകളിലും (ആചാര്യപുരുഷന്മാരുടെ ഭവനങ്ങള്‍) ജപിക്കപ്പെടുന്നുണ്ട്. ഇവിടങ്ങളിലെ ആദ്യ ആചാര്യന്മാര്‍ പൊന്നടിക്കാല്‍ ജീയറുടെ ശിഷ്യരായിരുന്നതാണ് കാരണം.

-അടിയന്‍ ജയകൃഷ്ണ രാമാനുജദാസന്‍)

ഉറവിടം :  https://divyaprabandham.koyil.org/index.php/thaniyans-invocation/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ക്ക് – http://pillai.koyil.org