ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ
ആദ്യപാസുരം. ആണ്ടാള്‍, കൃഷ്ണാനുഭവത്തിനായി മാര്‍കഴി നോമ്പു (തമിഴ് മാസമായ മാര്‍കഴിയില്‍ നോക്കുന്ന മതപരമായ വ്രതം) നോക്കുവാന്‍ തീരുമാനിക്കുന്നു.
1.മാര്‍കഴിത്തിങ്കള്‍ മതി നിറൈന്ത നന്നാളാല്‍ നീരാട പോതുവീര്‍ പോതുമിനോ നേരിഴൈയീര്‍ ശീര്‍മല്‍കുമായ്പ്പാടി ചെല്‍വച്ചിറുമീര്‍കാള്‍ കൂര്‍വേൽ കൊടുന്തൊഴിലന്‍ നന്ദഗോപന്‍ കുമരന്‍ ഏരാന്ത കണ്ണി യശോദൈ ഇളഞ്ചിങ്കം കാര്‍മേനിച്ചെങ്കണ്‍ കതിര്‍ മതിയം പോല്‍ മുഖത്താന്‍ നാരായണനേ നമക്കേ പറൈ തരുവാന്‍ പാരോര്‍ പുകഴ്പ്പടിന്തു് ഏലോര്‍ എമ്പാവായ്
വ്രതസന്നദ്ധതയുള്ളവരെ സൂര്യോദയത്തിന് മുമ്പായി നീരാടുന്നതിലേക്ക് വിളിക്കുന്നുഃ കൃഷ്ണകൈങ്കര്യമാകുന്ന (ഭഗവദ് സേവനമായ) സമ്പത്തുള്ളവരായ തിരുവമ്പാടിയിലെ (ആയ്പ്പാടി/ ഗോകുലം) യുവതീജനങ്ങളേ, മനോഹരമായ ഭൂഷണങ്ങള്‍ ധരിച്ചവരേ, ഇത് മാര്‍കഴിയിലെ പൗര്‍ണമിയെന്ന വിശേഷ ദിനമാണ്. തന്റെ കണ്ണനെ സംരക്ഷിക്കാനായി കൂര്‍ത്ത വേലും ഏന്തി നടക്കുന്ന നന്ദഗോപരുടെ അനുസരണയുള്ള മകനാണ് കണ്ണന്‍! മനോഹരമായ കണ്ണുകളുള്ള യശോദാറാണിയുടെ (യശോദപിരാട്ടി) സിംഹക്കുട്ടിയുമാണ് അവന്‍! കണ്ണന്റെ രൂപം അതിദിവ്യമാണ്, കാറൊളിവര്‍ണ്ണന്‍, ചുവന്ന കണ്ണുകള്‍, സൂര്യചന്ദ്രന്മാരെപ്പോലെ തേജസ്സുറ്റ മുഖം! അവന്‍ നാരായണനാണ്, സാക്ഷാല്‍ ഭഗവാന്‍ (എമ്പെരുമാന്‍ എന്ന് തമിഴ്)! ദാസ്യം തേടുന്ന നമുക്കെല്ലാം അവന്‍ അത് നല്കും. ഒരുമിച്ച് വരൂ.
രണ്ടാം പാസുരം. കൃഷ്ണാനുഭവത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള വിധിവിലക്കുകള്‍ (ചെയ്യേണ്ടതും പാടില്ലാത്തതും) ആണ്ടാള്‍ പറയുന്നു. ഭഗവാന് കീഴ്പ്പെട്ടവരെന്ന നിലയ്ക്ക് നമുക്ക് പൂര്‍വ്വാചാര്യന്മാരുടെ ശിഷ‍്ടാചാരങ്ങളാണ് വഴികാട്ടി.
2.വയ്യത്തു വാഴ്വീര്‍കാള്‍ നാമും നം പാവൈക്കു ച്ചെയ്യും കിരിചൈകള്‍ കേളീരോ പാര്‍കടലുള്‍ പൈയത്തുയിന്റ പരമനടി പാടി നെയ്യുണ്ണോം പാലുണ്ണോം നാട്കാലേ നീരാടി മൈയിട്ടു എഴുതോം മലരിട്ടു നാം മുടിയോം ചെയ്യാതന ചെയ്യോം തീക്കുറളൈച്ചെന്റു ഓതോം അയ്യമും പിച്ചൈയും ആന്തനൈയും കൈകാട്ടി ഉയ്യുമാറു എണ്ണി ഉകന്തു ഏലോര്‍ എമ്പാവായ്
ഈ ലോകത്ത് ജീവിക്കാനായി ജനിച്ചവരേ! നമ്മുടെ അഭ്യുദയത്തിനായി ഈ വ്രതത്തില്‍ നാം ചെയ്യേണ്ട കാര്യങ്ങള്‍ സന്തോഷപൂര്‍വ്വം കേട്ടാലും. തിരുപ്പാല്‍ക്കടലില്‍ പള്ളികൊള്ളുന്ന പരമപുരുഷനെ നാം സ്തുതിക്കുക. നെയ്യും പാലും കുടിക്കരുത്. അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. എന്നാല്‍, കണ്‍മഷിയിടരുത്, പൂക്കള്‍ ചൂടരുത്. പൂര്‍വ്വികര്‍ നിഷേധിച്ചിട്ടുള്ളതൊന്നുമേ ചെയ്യരുത്. ആരെയും കുറ്റപ്പെടുത്തരുത്. അര്‍ഹതയുള്ളവര്‍ക്ക് ദാനം ചെയ്യണം, സഹായം വേണ്ടവര്‍ക്ക് നമുക്കാകുന്നത് പോലെ സഹായം നല്കണം.
മൂന്നാം പാസുരം. കൃഷ്ണാനുഭവത്തിനായി തനിക്ക് അനുമതിയേകിയ വൃന്ദാവനത്തിലെ എല്ലാവരുടെയും നന്മയ്ക്കായി ആണ്ടാള്‍ പ്രാര്‍ത്ഥിക്കുന്നു. ഏവര്‍ക്കും കൃഷ്ണാനുഭവം, അതിലൂടെ ശ്രീ, വിളയാടട്ടെ എന്നതാണ് ഈ പ്രാര്‍ത്ഥനയുടെ സാരം.
3.ഓങ്കി ഉലകളന്ത ഉത്തമന്‍ പേര്‍ പാടി നാങ്കള്‍ നമ്പാവൈക്കുച്ചാറ്റി നീരാടിനാല്‍ തീങ്കിന്റി നാടെല്ലാം തിങ്കള്‍ മുമ്മാരി പെയ്തു ഓങ്കു പെരുഞ്ചെന്നെലൂടു കയല്‍ ഉകള പൂങ്കുവളൈപ്പോതില്‍ പൊറിവണ്ടു് കണ്‍പടുപ്പ തേങ്കാതേ പുക്കിരുന്തു ചീര്‍ത്ത മുലൈ പറ്റി വാങ്കക്കുടം നിറൈക്കും വള്ളല്‍ പെരും പശുക്കള്‍ നീങ്കാത സെല്‍വം നിറൈന്തു എലോർ എമ്പാവായ്
വലുതായി വളര്‍ന്ന് മൂവുലകും അളന്ന പരമപുരുഷന്റെ ദിവ്യനാമങ്ങളെ നാം ജപിക്കും. നോമ്പിനായി നാം ആദ്യം സ്നാനം ചെയ്യണം. ഇപ്രകാരം നാം വ്രതമെടുക്കുന്ന പക്ഷം, മാസം മൂന്ന് തവണ ഈ നാടു് മുഴുവനും മഴ ലഭിക്കും, നല്ലതായി ആര്‍ക്കും ഉപദ്രവം ഇല്ലാത്ത വിധം! ഉയര്‍ന്ന, ചുവന്ന നെല്‍കതിരുകളുള്ള പാടത്ത് മത്സ്യങ്ങള്‍ സന്തോഷത്തോടെ നീന്തും. നീലാമ്പല്‍പ്പൂക്കളില്‍ വണ്ടുകള്‍ ഉണ്ടാകും. പാല്‍പ്പാത്രങ്ങളില്‍ പാല്‍ ചുരത്തുന്ന നന്മയുള്ള, നല്ലയിനം ഗോക്കള്‍ ധാരാളം ഉണ്ടാകും. ഇങ്ങനെ നാടിന് പ്രകടമായ അഭിവൃദ്ധിയുണ്ടാകും.
നാലാം പാസുരം. വൃന്ദാവനത്തിലെ ഏവര്‍ക്കും, ബ്രാഹ്മണര്‍ക്കും രാജാക്കന്മാര്‍ക്കും പതിവ്രതകള്‍ക്കും എല്ലാം, ഐശ്വര്യത്തോടെ കൃഷ്ണാനുഭവം പുലര്‍ത്താനാകുമാറ് യഥാകാലം മഴയുണ്ടാകാനായി ആണ്ടാള്‍ വരുണനോട്, പര്‍ജ്ജന്യദേവനോട്(മഴയുടെ ദേവന്‍) കല്പിക്കുന്നു.
4.ആഴി മഴൈക്കണ്ണാ ഒന്റു നീ കൈകരവേല്‍ ആഴിയുള്‍ പുക്കു മുകന്തു കൊടാര്‍ത്തേറി ഊഴി മുതല്‍വന്‍ ഉരുവം പോല്‍ മെയ് കറുത്തു പാഴിയം ്തോളുടൈപ്പത്മനാഭൻ കൈയിൽ ആഴിപോല്‍ മിന്നി വലംപുരിപോല്‍ നിന്റു അതിര്‍ന്തു താഴാതേ സാര്‍ങ്ക മുതൈത്ത സരമഴൈ പോല്‍ വാഴ ഉലകിനില്‍ പെയ്തിടായ് നാങ്കളും മാര്‍കഴി നീരാട മകിഴ്ന്തു ഏലോര്‍ എമ്പാവായ്
പര്‍ജ്ജന്യ ദേവതയായ വരുണാ, ആഴിക്കൊപ്പം ഗുണങ്ങള്‍ നിറഞ്ഞവനേ, ഒന്നും മറയ്ക്കരുതേ, ആഴിയിലേക്ക് പ്രവേശിച്ച് അവിടുത്തെ ജലം സ്വീകരിച്ച് ഇടിമുഴക്കമുണ്ടാക്കിക്കൊണ്ട് നീ വാനത്തിലേറുക. കാലാദികളായ അസ്തിത്വങ്ങളുടെ നാഥനായ ഭഗവാന്റെ നിറം പോലെ കറുത്ത് കൊണ്ട്, പത്മനാഭനായ ആ ഭഗവാന്റെ തൃക്കരങ്ങളിലെ തിരുച്ചക്രത്തെപ്പോലെ ഗംഭീരനാകുക!
മറ്റേ തൃക്കരത്തിലമരുന്ന ദിവ്യശംഖത്തെപ്പോലെ നേരെ ഊതുക (വീശുക). താമസമന്യെ, ഭഗവാന്റെ ദിവ്യവില്ലായ ശാരങ്ഗം, ശരങ്ങളെയെന്ന പോലെ, മഴയെ വര്‍ഷിക്കുക. അങ്ങനെ ലോകത്തിന് ഉയര്‍ച്ചവരട്ടെ, നോമ്പെടുക്കുന്നവര്‍ക്ക് മാര്‍കഴിയില്‍ സന്തോഷത്തോടെ സ്നാനം ചെയ്യാനാകട്ടെ.
അഞ്ചാം പാസുരം. ഭഗവാന്റെ ദിവ്യനാമങ്ങളെ ഇടവിടാതെ ജപിക്കുന്നവര്‍ക്ക് സകല കര്‍മങ്ങളും (പുണ്യവും ,പാപവും) അറ്റു പോകുമെന്ന് ആണ്ടാള്‍ കാട്ടിത്തരുന്നു. ഭൂതകാലത്ത് ചെയ്ത് പോയ കര്‍മങ്ങള്‍ അഗ്നിയില്‍ പഞ്ഞിപോലെ കത്തിയമരും. ഭാവികാലത്തേക്കുള്ള കര്‍മങ്ങളോ താമരയിലയിലെ വെള്ളം പോലെ വാര്‍ന്ന് പോകും. ഭഗവാന്‍ ചെയ്തു് പോയ കര്‍മങ്ങളുടെ ഫലവും ഇല്ലായ്മ ചെയ്യുമെന്നത് വളരെ ശ്രദ്ധേയമാണ്. ഭാവിയിലും അറിയാതെ ചെയ്ത് പോകുന്ന തെറ്റുകള്‍ ഭഗവാന്‍ പൊറുത്തുതരും, എന്നാല്‍ ഭാവിയില്‍ അറിഞ്ഞ് ചെയ്യുന്ന അപരാധ ഫലം നാം അനുഭവിക്കേണ്ടതുണ്ട്.
5.മായനൈ മന്നു വടമതുരൈ മൈയ്ന്തനൈത് തൂയപ്പെരുനീര്‍ യമുനൈത്തുറൈവനൈ ആയര്‍ കുലത്തിനില്‍ തോന്റും അണി വിളക്കൈ തായൈക്കുടല്വിളക്കഞ്ചെയ്ത ദാമോതരനൈ തൂയോമായ് വന്തു നാം തൂമലര്‍ തൂവിത്തൊഴുതു വായിനാല്‍ പാടി മനത്തിനാല്‍ സിന്തിക്ക പോയ പിഴൈയും പുകുതരുവാന്‍ നിന്റനവും തീയിനില്‍ തൂശാകും ചെപ്പു് എലോര്‍ എമ്പാവായ്
ദാമോദരന്റെ ലീലകള്‍ അത്ഭുതകരമാണ്. ശ്രേഷ്ഠമായ വടമഥുരയിലെ നായകനാണ് അവിടുന്നു്. ആഴമുള്ള യമുനാനദീതീരത്ത് അവന്‍ വിഹരിക്കുന്നു, ആയര്‍കുലത്തിന് മണിവിളക്കായ അവന്‍ യശോദയ്ക്ക് പ്രസിദ്ധിയേകുന്നു. അവനെ വിശുദ്ധിയോടെ സമീപിച്ച് പൂക്കളാല്‍ ആരാധിച്ച്, സദാ മനസ്സില്‍ ധ്യാനിച്ച് ജപിച്ചാല്‍ (ശരീര വാങ് മനസ്സുകളാല്‍ ആരാധിച്ചാല്‍) അഗ്നിയില്‍ പഞ്ഞികണക്കെ നമ്മുടെ കര്‍മങ്ങള്‍ കത്തിയമരുന്നു. അതിനാല്‍ അവനെ സ്തുതിക്കുക.
ഇങ്ങനെ ആദ്യ അഞ്ച് പാസുരത്താല്‍ ഭഗവാന്റെ പര(വൈകുണ്ഠത്തിലെ ശ്രീമന്നാരായണ ഭാവം), വ്യൂഹ (തിരുപ്പാല്‍ക്കടലിലെ രൂപം), വിഭവ (ത്രിവിക്രമാവതാരം), അന്തര്യാമി (വരുണദേവതയില്‍ അന്തര്യാമിയായ വിഷ്ണു), അര്‍ച്ചാ (വടമഥുരയിലെ ഭഗവദ് മൂര്‍ത്തി) ഭാവങ്ങളെ സൂചിപ്പിച്ചിരിക്കുന്നു.
ഉറവിടം – https://divyaprabandham.koyil.org/index.php/2020/05/thiruppavai-pasurams-1-5-simple/
അടിയേന്‍ ജയകൃഷ്ണ രാമാനുജദാസന്‍
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org